സീൻ നമ്പർ 32-ൽ നിന്നും കണ്ണെടുക്കാനാവാതെ ക്യാമറ 70mm ആരിഫ്ലെക്‌സ് കരിമിഴിക്കു പിന്നിൽ ഒറ്റക്കണ്ണൻ ക്യാമറാ അസിസ്‌റ്റന്റ്. കണ്ണുകൾ രണ്ടും തുറന്നു പിടിച്ച്, കുഞ്ഞുവിന്റെ നീളൻ ഡയലോഗുകൾക്കൊപ്പം അക്ഷരത്തെറ്റില്ലാതെ ചുണ്ടുകളനക്കി, സംവിധായികക്കണ്ണട ഒന്നുകൂടി ഉറപ്പിച്ച്, നാവിൻതുമ്പത്തൊരു “കട്ട്”-ഉം കെട്ടിയിട്ട് രജനി.
സീൻ 32. INT.
പകൽ. ആശുപത്രി -കുഞ്ഞുവിന്റെ മുറി.
(കുഞ്ഞു, ദേവു, നാണിയമ്മ)
“സ്‌റ്റാർട്ട്. ക്യാമറ….ആക്ഷൻ”-ടേക് ഫോറിലേക്ക് കണ്ണ് തിരുമ്മിയുണരുന്ന ക്യാമറഃ
ദേവുവും നാണിയമ്മയും വന്നു കയറിയതേയുളളൂ. അവർ കാത്തിരിക്കുന്നു. വെളളം വീഴുന്ന ശബ്‌ദം ബാത്ത്‌റൂമിൽ നിന്നും കുളികഴിഞ്ഞ് റൂമിനുളളിലേക്ക് ഒഴുകിക്കയറുന്നു. കിടക്കവിരിപ്പ് നേരയാക്കിയിടുന്ന ദേവു. നാണിയമ്മ ഇപ്പോൾ ജനാലയിലൂടെ താഴെ തിരക്കിലേക്ക് നോക്കുന്നു. മേശപ്പുറത്തുനിന്നും ഓറഞ്ചു തൊലികളും ഒഴിഞ്ഞ പ്ലാസ്‌റ്റിക് കവറും ചവറ്റുകൊട്ടയിരിക്കുന്ന മൂലയിലേക്ക്-ദേവു. കുളികഴിഞ്ഞെത്തുന്ന കുഞ്ഞു. നിറവയറിന്മേൽ പിണങ്ങി നിൽക്കുന്ന ജായ്‌ക്കറ്റിന്റെ കൊളുത്തുകൾ.
കുഞ്ഞുഃ ഇതാര് നാണിയമ്മയോ? ഈ വയ്യാത്തപ്പോ ഇത്രടം വരണ്ട വല്ല കാര്യവുമുണ്ടോ?
നാ ഃ അത് നിന്റെ കാര്യം. ഒന്നിവിടെ വരെ വന്ന് നിന്നെയൊന്ന് കാണണംന്നുളളത് എന്റെ കാര്യം. എങ്ങനെയുണ്ട് കുഞ്ഞൂ നിനക്ക്…? എന്നത്തേക്കാ പറഞ്ഞിരിക്കുന്നെ?
കൈത്തണ്ടയിൽ ബാക്കിനിൽക്കുന്ന കുപ്പിവളകൾ എണ്ണിനോക്കി, കൈയ്യിലിരിക്കുന്ന വളത്തുണ്ടുകൾ ബെഡിനടിയിൽ നിന്നുമെടുത്ത ഡപ്പിയിലാക്കി തിരികെ വയ്‌ക്കുന്ന കുഃ ദേവൂ, താഴെ ചെന്ന്… നീ പോയി നാണിയമ്മയ്‌ക്കൊരു ചായ വാങ്ങിക്കോണ്ടുവാ. ഇവിടുത്തേക്കാണെന്നു പറഞ്ഞാ മതി, റൂം നമ്പർ ചോദിക്കും. അറിയില്ലേ നൂറ്റിയെട്ട്, കുഞ്ഞുലക്ഷ്‌മി.
കൈവിരലുകളിൽ തൂങ്ങി ഫ്രെയിമിനു പുറത്തേക്ക് നടക്കുന്ന ചായപ്പാത്രം. “കട്ട്” – കണ്ണ് ഇറുക്കിയടയ്‌ക്കുന്ന ക്യാമറ.
ത്രികോണാതിർത്തിക്കുളളിലെ നീലയും ചുവപ്പും വരകൾ പളളയിലൊട്ടിച്ചുവച്ച ഒരു ക്യാമറയ്‌ക്ക് അടുത്ത എപ്പിസോഡിലെ ‘ലൊക്കേഷൻ വിശേഷങ്ങളെ’ സ്‌പോൺസേർഡ് ഇടവേളകളില്ലാതെ, ‘സ്‌റ്റാർട്ട്-കട്ട്“ ഇല്ലാതെ തോളത്തിരുത്തി കാണിച്ചു കൊടുത്തും മൈക്രോഫോൺ നീട്ടി കേൾപ്പിച്ചു കൊടുത്തും ഒരു ഏഷ്യാനെറ്റ് ഒറ്റക്കണ്ണൻ. അവന്റെ കണ്ണ് എനിക്കുനേരെ കഴുത്തു തിരിക്കുമ്പോൾ ഓർമ്മകളുടെ സ്വകാര്യസ്‌ക്രീനിൽ നിർമ്മൽ സദാനന്ദൻ ക്ലോസ്-അപ് ചെയ്‌തുവന്ന് എന്നോട് ചോദിക്കുകയായിരുന്നുഃ
’ഞാനൊരു സത്യം പറയട്ടെ?‘
’ഉം?‘
’നിന്റെ രജനിയുടെ ഈ മക്‌മൽബഫും, മണിരത്്നവും ഷാജികരുണുമൊക്കെ ദിവസവും രാവിലെ എഴുന്നേറ്റ് കക്കൂസിൽ പോകുന്നവരാണ്…സത്യം!‘
ഹോസ്‌റ്റൽ മുറിയിലെ അവസാനത്തെ തരി പ്രകാശത്തേയും ഇരുൾ മോന്തിക്കഴിഞ്ഞ അന്നുരാത്രി, ’ഇനി എനിക്കും എന്നാണങ്ങനെയൊന്ന് പോവാൻ കഴിയുക?‘, രജനിയുടെ സ്വപ്നം ഇങ്ങനെ നീണ്ടുനിവർന്നു.
ഇപ്പോൾ ട്രെയിൻ മിസ്സാവാതിരിക്കാനുളള തത്രപ്പാടിനേയും കൂടി ബാഗിനുളളിൽ കുത്തിനിറച്ച് രജനി. തുടർന്ന് ഞങ്ങൾക്കൊപ്പം അനുസരണയോടെ പറന്നകന്ന് പുറംകാഴ്‌ചയുടെ അഴിയിട്ട ജാലകത്തുണ്ടുകൾ. അങ്ങനെ ട്രെയിൻയാത്രയുടെ നീളൻ പടിപ്പുരയും കടത്തി രജനി ഒരു തൊടിയുടെ പച്ചവിശാലതയിലേക്കെന്നെ വിളിച്ചിറക്കി കൊണ്ടുപോയി.
’ഈ പൊട്ടക്കിണറ്റിലെങ്ങാനും ആരെങ്കിലും വീണിട്ടുണ്ടോ?‘
’ഇതുവരെ ഇല്ല. അഥവാ ഇനി വീണാലും പേടിക്കണ്ട. പാതി ഞാൻ താഴേക്കിറങ്ങി ചെല്ലാം, പക്ഷേ മറുപാതി അവർ മുകളിലേക്ക് കയറേണ്ടി വരും.‘
അതിന്റെ അഗാധതയിൽ നിന്നും പച്ചയിരുട്ട് മുളച്ചു പൊന്തിയിരുന്നു. പൊട്ടിയടർന്ന മുകളിലത്തെ പടവുകളിലൊന്നിൽ വാടിത്തളർന്ന തമസ്സിന്റെ ഇളംതലപ്പുകൾ.
പുഴയിൽ കുളിക്കുമ്പോൾ കടവിറങ്ങി കൂടെ മഴയും. നനയാതിരിക്കാൻ ആൾ മൂക്കുംപൊത്തി ഒറ്റമുങ്ങൽ. എനിക്കുമേൽ ചാഞ്ഞുനിൽക്കുന്ന അർദ്ധകായ മഴ. അത് എന്റെ കുളി വെളളത്തിലാക്കി.
മഴ നനഞ്ഞൊഴുകുന്ന പുഴ.
പുഴ നിറഞ്ഞൊഴുകുന്ന മഴ.
രജനിയുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയതിന്റെ അടുത്ത ദിവസം-
മുബീനയെ പെണ്ണുകാണാൻ ഹോസ്‌റ്റലിൽ ആരോ എത്തുന്നതിന്റെ അന്നുച്ചയ്‌ക്ക്-
ഡൈനിംഗ് ടേബിളിൽ രജനി തുറന്നുവച്ച ചോദ്യപ്പൊതിയും ഉത്തരക്കൂട്ടാനുകളും കഴിച്ച് എല്ലാവരുടെയും വയറുകളിൽ ചിരി നിറഞ്ഞു പൊട്ടാറായി.
(വാതിൽക്കലേക്ക് നീണ്ട തന്റെ നോട്ടത്തെ, ചായയ്‌ക്കുപോയ ഈ ദേവു ഇതേവരെ എവിടെപ്പോയി കിടക്കുന്നു?, ക്യാമറക്കണ്ണിന്റെ കൈകളിൽ പറഞ്ഞേൽപ്പിച്ച് കുഞ്ഞു.
നാ ഃ കൊച്ച് നമ്മളെപ്പോലെ കറുത്തിട്ടാവുമോ കുഞ്ഞൂ, അതോ…?
അങ്ങനെയൊരു ചോദ്യമേ കേട്ടില്ലെന്നു നടിച്ച് മുറിവിട്ടിറങ്ങുന്ന ക്യാമറ.)
’ഓരോ വർഷം കഴിയുന്തോറും മുബീനയുടെ പ്രായം–? (A) കൂടുന്നു (B) കുറയുന്നു (C) ആദ്യം കൂടുന്നു, പിന്നെ കുറയുന്നു (D) ആദ്യം കുറയുന്നു, പിന്നെ കൂടുന്നു‘
-കോളജിലേക്ക് തിരികെ നടക്കുമ്പോൾ മുബീനഃ ’എന്നാ ഞാനൊരു സംഗതി പറയട്ടെ… എനിക്ക് ഇരുപത് വയസ്സുണ്ട്‘, ഒരു പരസ്യത്തെ രഹസ്യമാക്കി എന്റെ ചെവിയിൽ പിടിച്ചിട്ടു.
-ഞ്ഞാനും നിർമ്മലും ലൈബ്രറിമുക്കിൽ നിന്നും വലത്തോട്ടുളള മരക്കോണിയിറങ്ങി മാവിൻച്ചുവട്ടിലെ കൊടുംവേനൽ അതിരിടുന്ന തണൽവിരിപ്പിലേക്ക്. ദത്തെടുക്കപ്പെട്ടവനാണെന്ന സംശയത്തിന്റെ കാട്ടുതീ അവന്റെ മനസ്സിന്റെ പച്ചക്കാടുകളിൽ പുകഞ്ഞു കത്തുന്നു. കത്തിയൊഴിയുന്ന നറുംനിലാവ്.
ഏതോ ജനുവരിയിലേയും ഫെബ്രുവരിയിലേയും ഡേറ്റ് കഴിഞ്ഞ ചുവപ്പും കറുപ്പും അക്കങ്ങളിൽ പൊതിയിട്ട ലാബ് റെക്കോർഡിൽ നിന്നും ഒരു പാസ്‌പോർട്ട് സൈസ് തല എനിക്കുനേരെ നീണ്ടു.
’ഞാൻ പറയാറുളള കൊച്ചച്ചൻ.”
‘സിംഗപ്പൂരുളള… എവിടെ കാണട്ടെ? അമ്മയല്ലിയോ പറഞ്ഞെ നിന്നെക്കണ്ടാൽ ഇതേപോലിരിക്കുകയാണെന്ന്.’
‘ഉം’
ഫോട്ടോയ്‌ക്ക് പുറത്തേക്ക് നീളുന്ന ഒരു (റിട്ടയർഡ്) ഗസറ്റഡ് സാക്ഷ്യം.
‘ശരിക്കും നിന്നെപ്പോലെ തന്നെ. ഞാൻ ചുമ്മാ പറയുന്നതല്ല. നീ വെറുതേ ചിന്തിച്ചൂ കൂട്ടുന്നതാ ഒക്കെ. അമ്മയെങ്ങാനുമറിഞ്ഞാ എത്ര വിഷമിക്കും? പാവം’.
‘കഴിഞ്ഞ ദിവസം ഞാൻ ചോദിച്ചു’.
‘എന്ത്?!’
‘ദത്തെടുത്തതല്ലേന്ന് എന്നെ…’
‘എന്നിട്ട്?’
‘കുറേ കരഞ്ഞു. അതാണോ നിയെന്നെയിപ്പോ അമ്മേന്ന് കൂടി വിളിക്കാത്തതെന്ന് ചോദിച്ചു. പിന്നെ ഞാൻ ചെന്നു നോക്കുമ്പോഴും അമ്മ കരയുവായിരുന്നു.’
ഞങ്ങൾക്കു ചുറ്റിലും തണൽ കായാൻ കൈവിരലുകൾ താഴ്‌ത്തിയിറങ്ങുന്ന വേനൽ.
അന്നു രാത്രി.
ഹോസ്‌റ്റൽ – ഞങ്ങളുടെ മുറി.
(രജനി, മുബീന, ഞാൻ)
രജനി ഃ ‘(തുടർച്ച) ആകെയുളള എട്ട് പൊരുത്തങ്ങളിൽ ഒന്നാണ് നീയീ പറഞ്ഞ സാധനം. നിനക്കിപ്പോ ഇതെവിടുന്നു കിട്ടി മുബീനേ, അതായത് യോനിയുടെ ആഴമനുസരിച്ച് ഭൂമുഖത്ത് പെണ്ണുങ്ങൾ മൂന്നുതരം-മാൻ, പെൺകുതിര, പിടിയാന. മാനിന് ആറംഗുലം, പെൺകുതിരയ്‌ക്ക് ഒൻപത്, പിടിയാനയ്‌ക്ക് പന്ത്രണ്ട് എന്നിങ്ങനെ ആഴവും. പുരുഷന്മാരുമുണ്ടിങ്ങനെ-മുയൽ, കാള, കുതിര….’
എനിക്ക് ഫോൺ വന്നിരിക്കുന്നുവെന്ന് ആരോ വിളിച്ചു പറഞ്ഞതും കാതും പറിച്ചെടുത്ത് റിസീവറിൽ കൊണ്ടു ഫിറ്റു ചെയ്‌ത് ഞാൻ. അമ്മയുടെ ഐ.എസ്.ഡി. സ്‌നേഹത്തെ ക്രാഡിലിൽ തിരികെ വച്ച്, കട്ടിലിനടിയിലും അലമാരക്കുളളിലും മാത്രമായി പതുങ്ങി നിൽക്കുന്ന ഇരുട്ടിനെ കുറിച്ചാലോചിച്ച് ഞാൻ തിരിച്ചെത്തുമ്പോൾ രഃ‘അബ്‌ദുൾ കലാം എന്തേ കല്യാണം കഴിച്ചില്ല?’
മുഃ ‘ആ?’
ര ഃ ‘മെഡിസിനു കിട്ടിയ അഡ്‌മിഷൻ പോലും വേണ്ടെന്നു വച്ച് ഷാജി.എൻ.കരുൺ എന്തിനാ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ ചേർന്നെ?’
മുഃ ‘ഇതൊക്കെ എനിക്കെങ്ങനെ അറിയാം?’
ര ഃ ‘അല്ലെങ്കി, വേറൊന്നു ചോദിക്കാം; ഫിസിക്‌സ് കിട്ടുമായിരുന്നിട്ടും നീയെന്തിനാ കെമിസ്‌ട്രി മെയിനെടുത്തേ? ആ കെമിസ്‌ട്രിയെ വച്ചുകെട്ടി നീയിന്ന് ജീവിതത്തിലാദ്യമായി സാരിയുടുത്ത് ചെന്നു നിന്നില്ലേ. ജീവിതത്തിലുമുണ്ട് മുബീനേ നിന്റെയീ കെമിസ്‌ട്രിയും, എന്റെയീ ലിറ്ററേച്ചറുമൊക്കെപ്പോലെ ചിലത്.’
ഇരുട്ടിന്റെ പരിപൂർണ്ണ അധിനിവേശത്തിനുകീഴെ ഞങ്ങൾ. ഞാനോർക്കുകയായിരുന്നു അമ്മയുടെ ഒരു പഴയ ഐ.എസ്.ടി. അന്വേഷണം-നിനക്ക് സ്‌കേർട്ടിന്റെ നിറമിഷ്‌ടമായില്ലിയോ മോളെ? അപ്പോൾ ശക്തിയേറിയ ഏരിയൽ തരികൾ കളറ് ഒട്ടും തന്നെ നഷ്‌ടപ്പെടുത്താതെ എന്റെ പുതിയ സ്‌കേർട്ടിനെ ചുവന്ന അഴുക്കുതരികളിൽ നിന്നും വേർപ്പെടുത്തുകയായിരുന്നു. മേശപ്പുറത്ത് ‘ഡോക്‌ടറോടു ചോദിക്കാം’ പംക്‌തിയിലേക്കുളള കത്ത് ഉറക്കം പിടിച്ചു കഴിഞ്ഞിരിക്കണം-… കഴിഞ്ഞ മാസവും ഇങ്ങനെ വന്നു. ഞാനാരോടും പറഞ്ഞില്ല. എനിക്കാകെ പേടിയാകുന്നു ഡോക്‌ടർ….
മുബീനയുടെ ലിപ്‌സറ്റിക് പുരണ്ട സംശയം, ‘ഈ ഒരംഗുലം എന്നുവച്ചാ എങ്ങനെയാടീ അതിന്റെയൊരു കണക്ക്? ഓടി രജനീ…. പോത്തേ നീയുറങ്ങിയോ?’, ഇരുളിൽ തപ്പിത്തടഞ്ഞു നടക്കുന്നതും ഞാനെപ്പോഴോ കേട്ടു.
ഇപ്പോൾ നമ്മുടെ ക്യാമറ ഒരു തൂണിനു മറവിൽ നിന്നും (ദേവൂനെ കണ്ടെത്തിക്കഴിഞ്ഞു) ഒളികണ്ണിടുകയാണ്‌ഃ
ആശുപത്രിക്കു മുന്നിലെ പോസ്‌റ്റ് ബോക്‌സിനു സമീപം ദേവു. ചായ ഇനിയും മേടിച്ചിട്ടില്ല. അവളൊരു കവർ പോസ്‌റ്റ് ചെയ്യാനുളള ഒരുക്കത്തിലാണ്. കവറിനു പുറത്ത് ഏറ്റവും മുകളിലായി എഴുതിയിരുന്നത്, ‘ഡോക്‌ടറോടു ചോദിക്കാം’, ഒരു ഏഴാം ക്ലാസ്സുകാരിയുടെ അക്ഷരവടിവോടെ ക്യാമറ ശബ്‌ദമില്ലാതെ വായിക്കുന്നു.
അതേ സമയം ഇങ്ങിവിടെ ഏഷ്യാനെറ്റ് ക്യാമറയ്‌ക്കുമുന്നിൽ കുഞ്ഞു പറഞ്ഞു തുടങ്ങി- “എന്റെ പേര് സ്നേഹ. ആദ്യ സിനിമയാണ്, കുഞ്ഞുലക്ഷ്‌മി എന്ന ക്യാരക്‌ടർ ചെയ്യുന്നു. നിങ്ങളെല്ലാവരും സിനിമ കാണണം.”
ഈ സിനിമയിലേക്കുളള കടന്നു വരവ്…?
“ഞാൻ പറഞ്ഞില്ലേ അതൊക്കെ നിങ്ങൾ രജനിയോട് തന്നെ നേരിട്ട് ചോദിച്ചോളൂ. ഇനി നിങ്ങൾക്കു വേണ്ടതൊക്കെ ഡയറക്‌ടർ തന്നെ പറയും. അപ്പോ ശരി. പറയരുതെന്ന് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാനെങ്ങനെ പറയും. രജനി തന്നെ എല്ലാം നിങ്ങളോട് പറയും. അപ്പോ ശരി, താങ്ക്‌യൂ വെരിമച്ച്.”
ഓവർ ടു ഡയറക്‌ടർ ഃ “ആദ്യമിതൊരു നിശ്ശബ്‌ദ സിനിമയായിട്ടാണ് പ്ലാൻ ചെയ്തത്. അതനുസരിച്ച് നേരത്തെ തന്നെ ടൈറ്റിൽസ് വരെ ശരിയാക്കിയിരുന്നു. പിന്നീടിതിന് വായ കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഈ നിശ്ശബ്‌ദ സിനിമയെന്നാൽ കഥാപാത്രങ്ങൾ എപ്പോഴും കൈയിൽ ഒരു പാഡ് കൊണ്ടുനടക്കുകയും, സംഭാഷണങ്ങൾ പരസ്‌പരം എഴുതിക്കാണിക്കുകയും ചെയ്യുക എന്നതല്ലല്ലോ? പക്ഷേ, ആദ്യം തയ്യാറാക്കിയ അതേ ടൈറ്റിൽസ് തന്നെയാണിതിനും ഉപയോഗിക്കുന്നത്.”
“മേഡം ഷോട്ട് റെഡി.”
“റെഡി നോക്കാം. ഞാൻ ദാ വരുന്നു; ഒരു മിനിട്ട്.”
(ടൈറ്റിൽസ്…..
ഒരു റൈറ്റിംഗ് പാഡ് സ്‌ക്രീനിലേക്ക് വരുന്നു. കവർ പേജ് മറിഞ്ഞെത്തുന്ന പേജിൽ ഒരു പേന ഇങ്ങനെ എഴുതിത്തുടങ്ങുന്നു- ത്രിവേണി ഫിലിംസ് അവതരിപ്പിക്കുന്നു. അതുവെട്ടി പിന്നീട് അതിനുതാഴെ -THRIVENI FILMS PRESENTS. അടുത്ത പേജിൽ പാഡ് നീളത്തിൽ വച്ചിട്ട്-വളപ്പൊട്ടുകൾ. അങ്ങനെ സംവിധാനം വരെ കാണിച്ചതിനു ശേഷമുളള അടുത്ത പേജിൽ -വായ ഉണ്ടെങ്കിൽ ഇരയും കിട്ടും ഉപേക്ഷിച്ചേക്കൂ.
വായ ഇല്ല.
വായ ഇല്ലെങ്കിൽ ഇരയും വേണ്ടല്ലോ. ധാരാളമായി ഉപേക്ഷിച്ചേക്കൂ-രണ്ട് ഉദ്ധരണി ചിഹ്നങ്ങൾ കൂടി.)
സീൻ 35. INT.
ആശുപത്രി – കുഞ്ഞുവിന്റെ മുറി.
(കുഞ്ഞു, ദേവു)
“സ്‌റ്റാർട്ട്… ക്യാമറ… ആക്ഷൻ”- ഫസ്‌റ്റ് ടേക്കിലേക്ക് കണ്ണ് തിരുമ്മിയുണരുന്ന ക്യാമറഃ
കുഞ്ഞു ഃ എന്നിട്ടച്‌ഛൻ കരഞ്ഞു കാണണമല്ലോ?
ദേവു ഃ ഉം.
കു ഃ മോളോ?
ദേ ഃ ഉം
കുഞ്ഞുവിന്റെ കൺവിരൽത്തുമ്പുകളിൽ തൂങ്ങിയിറങ്ങുന്ന തുളളികളിൽ മിഴിതൊട്ട് ക്യാമറ.
ദേ ഃ അമ്മ കരയുവാണോ?
(അന്ന് ലോക എയ്‌ഡ്‌സ് ദിനം. താഴെ റോഡിന്റെ ആഴത്തിലേക്കു തുറന്നിട്ട ജനാലയ്‌ക്കരികിൽ ഞാനും രജനിയും. ഒരു മാഗസീനിൽ നിന്നും രജനി കീറിയെടുത്ത താളിൽ ലൈബ്രറി സീലിൽ അമർന്ന്, ‘ചുരത്താം നീ കരയാതുറങ്ങുവോളം’ എന്ന ക്യാപ്‌ഷനും, ഒരു തെരുവുവൃക്ഷത്തിനും കീഴെ, മാമ്പഴം ചപ്പിയുറങ്ങുന്ന ഒരു ബാല്യം. അവന്റെ കൈവെളളയിൽ വീണുകിട്ടിയ ഉച്ചയുറക്കത്തിന്റെ ഒരു നാണയത്തുട്ട്- എയ്‌ഡ്‌സ് രോഗികളെക്കുറിച്ച് മീരാനായരെടുക്കുന്ന പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിൽ നിന്നുമുളളതായിരുന്നു ആ സ്‌റ്റിൽ.
‘എയ്‌ഡ്‌സ് രോഗികളെ കുറിച്ചുളളതല്ല. അവർ തന്നെ കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം; അങ്ങനെയെന്താ ഒരു സിനിമ വരാത്തെ?’)
ക്യാമറ മാത്രമല്ല എച്ച്.എം.ഐ ലൈറ്റുകൾ വരെ സീൻ 35-നു നേരെ മിഴികൊട്ടിയടച്ചിരിക്കുന്നു – ‘ഓകെ’.
“ഞാൻ കെ.പി.എ.സി. ലളിത. വളപ്പൊട്ടുകൾ എന്ന സിനിമയുടെ സെറ്റിൽ നിന്നാണ് സംസാരിക്കുന്നത്. ഇതിൽ നാണിയമ്മ എന്നൊരു കഥാപാത്രം ചെയ്യുന്നു. രജനിയെന്നൊരു പുതിയ കുട്ടിയാണിതിന്റെ ഡയറക്‌ടർ. ഞങ്ങൾക്കെല്ലാവർക്കും ഈ സിനിമയെക്കുറിച്ച് നല്ല പ്രതീക്ഷയുണ്ട്. നിങ്ങളെല്ലാവരും കണ്ട് വിലയിരുത്തുക.”
കഥ….?
“കഥയെക്കുറിച്ച് എന്തെങ്കിലും പറയാൻ ഡയറക്‌ടർ അനുവാദം തന്നിട്ടില്ല. എന്നാലും പറയാം. കുട്ടികൾ ജനിക്കാനിടയില്ലാത്ത വിദേശദമ്പതികളുടെ ഭ്രൂണത്തെ ചുമക്കുന്ന ഒരമ്മ, അതാണ് കുഞ്ഞു. ആ കുഞ്ഞിനോട് അവൾക്കു തോന്നുന്ന വികാരം. ഒരു വേള അവൾ ഡോക്‌ടറോടു ചോദിക്കാൻപോലും ആലോചിക്കുന്നു; ആ കുഞ്ഞിനെ അവളെടുത്തോട്ടെ ഒരു ലക്ഷം രൂപ അവൾക്കു തന്നെ കൊടുത്തേര് അവർക്കു വേണ്ടാന്ന്…. പക്ഷേ അവൾ വിവേകം വീണ്ടെടുത്ത് കുഞ്ഞിനെ പ്രസവിക്കുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങാൻ ജർമ്മിനിയിൽ നിന്നുമെത്തുന്ന ദമ്പതികൾ വിമാനാപകടത്തിൽ മരിക്കുന്നു. ശേഷം വെളളിത്തിരയിൽ. എന്താ പോരെ? ശരി, ഇനി നമുക്ക് തീയറ്ററിൽ കാണാം. നമസ്‌കാരം.”
ഒരു ലോംഗ് ഷോട്ടിലുളളതല്ലാതെ മറ്റൊന്നും കണ്ടില്ലെന്നു നടിച്ച് ക്യാമറഃ
രാജൻ ഃ ഈ പൊട്ടിയ വളയൊക്കെ എടുത്തു വച്ചിട്ട് നിനക്കെന്തിനാ?
കുഃ അതൊക്കെ എനിക്കു വേണം. പത്തെണ്ണമുണ്ടായിരുന്നതി എട്ടും പൊട്ടി. ഒരു തുണ്ടുപോലും കളയാതെ എല്ലാം ഇതിലുണ്ട്. അവസാനം എണ്ണിനോക്കാനാ അപ്പോ അറിയാലോ?ഒറ്റയായിരിക്കുമോ, ഇരട്ടയായിരിക്കുമോ…? ഇരട്ട മതി. ഒറ്റ വന്നാ ദോഷമാ, അല്ലയോ?
രാഃ ഡോക്‌ടറ് പറഞ്ഞതൊന്നും മറക്കണ്ട. ആണോ പെണ്ണോന്നറിയാൻപോലും നമുക്കധികാരമില്ല. അതിനുളള കടലാസിലാ നീയും ഞാനും കൂടി ഒപ്പിട്ടു കൊടുത്തത്. ഇനിയുളള വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൂടി. അത്രതന്നെ. അതിനപ്പുറത്തേക്കൊന്നും പോവണ്ട നീയ്, അത് പിന്നെ വലിയ ബുദ്ധിമുട്ടാകും.
“ഓകെ. കട്ട്.”
“ശരിക്കും ഇതൊരു അമ്മയുടെ കഥയാണോ എന്നു ചോദിച്ചാ, അല്ല. Its a story of only a biological mother. പിന്നെ കഥ, കഥ പറയാൻ ലളിതേച്ചിയെ പറഞ്ഞേൽപ്പിച്ചിരുന്നല്ലോ; അത്രയും മതി. ഇനി സ്‌നേഹയെക്കുറിച്ച് പറയാനുളളത്… വരുന്ന ഡിസംബർ ഫസ്‌റ്റിന് കലാഭവനിൽ വച്ചിതിന്റെ പ്രിവ്യൂ നടത്താനാണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത്, കുറെ കാര്യങ്ങൾ അന്ന് പറയാനുണ്ട്; അതൊക്കെ പ്രിവ്യൂന് ശേഷം. ഓകെ. നന്ദി. സമസ്‌കാരം.”
കോളജ് ഡേയുടെ അന്ന് മഴ തകർത്തു പെയ്‌തു. ഇളം വയലറ്റു കുടയ്‌ക്കുകീഴെ നിന്നും എന്റെ പരിഭവം, ‘നീ ഇന്നും കുട മറന്നു അല്ലേ?’, മഴ നനയാതെ പനി പേടിച്ച് ഇടത്തേക്ക് നീങ്ങി നിന്നു. അവന്റെ മറുപടി. ‘എന്നു പറഞ്ഞാ തമാശയാണെന്നല്ലിയോ ഞാൻ കരുതിയേ, മഴ ഇങ്ങനെ കേറി സീരിയസാകുമെന്ന് ഞാൻ കരുതിയോ? അല്ലേലും പണ്ടേ ഈ മഴമാരൊക്കെ ഭയങ്കര സെൻസിറ്റീവാ കരച്ചിലും പിഴിച്ചിലും. പിന്നെ ഈ മഴക്കാലത്തേക്ക് നിന്റെ വലതുഭാഗം ഞാനെന്നേ ബുക്ക് ചെയ്‌തിരിക്കുകയല്ലേ, പിന്നെന്താ? നീ നാളെയും കുട കൊണ്ടുവരാൻ മറക്കണ്ട. ഞാൻ തീർച്ചയായും മറക്കും’, പാതി നനഞ്ഞ് എന്റെ വലതുഭാഗം ചേർന്നു നടക്കാൻ തുടങ്ങി.
‘നാളെ വീട്ടിപ്പോകുന്നില്ലേ?’
‘ഇല്ല, ശനിയാഴ്‌ച നെന്നയുടെ കല്യാണനിശ്‌ചയമാണ്.’
‘ങാഹാ! എന്നിട്ടതിപ്പോഴാണോ പറയുന്നത്? ചെറുക്കൻ എവിടുന്നാ?’
‘എനിക്കറിയില്ല.’
‘അറിയില്ലേ?’
‘എനിക്കറിയില്ലെന്ന് എന്റെ പെങ്ങളെ ആർക്കാണ് കെട്ടിച്ചു കൊടുക്കാൻ പോകുന്നതെന്ന്. വരുന്ന ശനിയാഴ്‌ച നമ്മുടെ നെന്നയുടെ കല്യാണനിശ്‌ചയമാണെടാ, വെളളിയാഴ്‌ച നീ എത്തില്ലേന്ന്. ആരുടെ നെന്ന?’
ബോക്‌സിലൂടെ പാട്ട് അരിച്ചെത്തുന്നു. അവന്റെ കൈവിരലുകൾ എന്റെ കൈവെളളയോട് പറ്റിച്ചുവച്ച് കാതിൽ ചിന്തകൾ തിരുകി ഞാനിരുന്നു. മെല്ലെ അവന്റെ കൈവിരലുകൾ അനങ്ങാൻ തുടങ്ങി. നിർമ്മൽ താളം പിടിക്കുകയായിരുന്നു.
രാത്രി രജനിയായിരുന്നു കതക് തുറന്നത്.
‘നീയെന്താ ഇതൊരു മണ്ടിയെപ്പോലെ? മറ്റുളളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കണ്ടാന്നല്ല, രാത്രി എട്ടു മണിവരെയൊക്കെ ശ്രദ്ധിക്കണോ? പിന്നെ ആ കഥാമത്സരത്തിന്റെ റിസൽട്ട് വന്നു, സെക്കൻഡുണ്ട്.’
‘അമ്മത്തൊട്ടിൽ?’
‘ഉം’
ആ കഥയെക്കുറിച്ച് അവനോട് പറയാൻ മറന്നുപോയ കാര്യം ഉളളതു പറഞ്ഞാൽ അപ്പോൾ മാത്രമാണ് ഞാനോർത്തത്. അതിൽ നവീൻ തന്റെ കാമുകിയോടാണ് അവന്റെ അച്‌ഛന്റെ ഫോട്ടോ കാട്ടി ചോദിക്കുന്നത് ‘സത്യം പറയണം, ഇയാളെ കണ്ടാൽ എന്നെപ്പോലെയുണ്ടോ?’ മാത്രവുമല്ല സിന്ദൂരരേഖയിൽ വൈധവ്യത്തിന്റെ കടുംവെളുപ്പ് ചിന്നിച്ചിതറി കിടന്നിരുന്ന നവീന്റെ അമ്മയ്‌ക്ക് അവന്റെ ജനനസർട്ടിഫിക്കറ്റും കാട്ടിക്കൊടുക്കാൻ കഴിയുന്നില്ല. അതെപ്പോഴോ കൈമോശം വന്നിരുന്നു.
ഉറക്കത്തിലെപ്പോഴോ ഒരു സ്വപ്നത്തിലേക്ക് കണ്ണ് തുറക്കുമ്പോൾ ഞാനൊരു പൊട്ടക്കിണറിനുളളിലെ പച്ചയിരുട്ടിന് മൂട്ടിലായിരുന്നു. പടവുകൾ പൊട്ടിയടർന്ന ഒരു കിണർ. എന്നെ കൂട്ടിക്കൊണ്ടുപോവാൻ പാതിവരെ വന്നുനിൽക്കുന്ന കയർത്തുമ്പു കണ്ടെത്താൻ തന്നെ പുലരും വരെ ഉറങ്ങേണ്ടി വന്നു.
സീൻ 40. INT.
ആശുപത്രി. കുഞ്ഞുവിന്റെ മുറി.
(കുഞ്ഞു)
“സ്‌റ്റാർട്ട്…ക്യാമറ…ആക്ഷൻ” – ഒരു ക്രെയിൻ ഷോട്ടിലേക്ക് ആറാമതും കണ്ണ് തുറന്ന് ക്യാമറഃ
കുഞ്ഞു ബോധരഹിതയായി താഴെ വീഴുന്നു.
“കൊളളാം. കുഞ്ഞു കണ്ടിന്യൂ… ഞാൻ പറയുന്നതുവരെ. ഷോട്ട് കണ്ടിന്യൂ.”
അയ്യോ! അവൾ അഭിനയിക്കുകയല്ല. അവൾ വേദന കടച്ചമർത്തുന്നു. അത് കുഞ്ഞുവല്ല! ഞാനിതാ അനുവാദമില്ലാതെ രണ്ട് ഫ്രെയിമുകളിലേക്ക് ഓടിക്കയറുന്നു; എന്തോ എനിക്കങ്ങനെയങ്ങ് തോന്നി. ആ തോന്നലിനു നേരെ കണ്ണ് ഇറുക്കിയടയ്‌ക്കുന്ന ക്യാമറ.
Generated from archived content: story-aug25.html Author: g-shibumon