മാന്ത്രികഭൂമിയിലെ മായികക്കാഴ്‌ചകൾ

“സിനിമ ഈസ്‌ എ മാജിക്‌ ആന്റ്‌ കേരള ഈസ്‌ മാജിക്കൽ” ഏഴാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്‌ഘാടനസമ്മേളനത്തിൽ ജൂറി ചെയർമാൻ മാർത്ത മെസറോസ്‌ പറഞ്ഞത്‌ ഈ വാക്കുകൾ മാത്രമാണ്‌. വരും നാളുകളിൽ തിരുവനന്തപുരം വേദിയാകാനൊരുങ്ങിയ കലയുടെ ഉത്സവത്തിന്‌ ഇതിലും നല്ലൊരാശംസയില്ല. നിശാഗന്ധിയിൽ കൂടിയ പ്രൗഢസദസ്സിനുമുന്നിൽ മലയാള സിനിമയിലെ “മുത്തശ്ശി” ആറന്മുള പൊന്നമ്മ ഉദ്‌ഘാടനം നിർവ്വഹിച്ച മേള അക്ഷരാർത്ഥത്തിൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ കലാവിസ്മയത്തിന്‌ ദീപക്കാഴ്‌ചയായി മാറി.

ചലച്ചിത്രമേളകൾ പ്രേക്ഷകനിൽ ജീവിതത്തെ സംബന്ധിച്ച പുതുമയുളള തിരിച്ചറിവുകൾ ഉണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്‌, ആ തിരിച്ചറിവ്‌ സൃഷ്‌ടിക്കുന്ന ആത്മ സംഘർഷങ്ങളിലേക്ക്‌ അവനെ ക്ഷണിക്കുകകൂടി ചെയ്യുന്നു. ലോകസിനിമയുടെ മാറുന്ന മുഖം, വ്യക്തമായി പറഞ്ഞാൽ 90-കൾക്ക്‌ ശേഷമുളള ലോകസിനിമയുടെ പരിഛേദം, പ്രകടമായ ഒന്നായിരുന്നു തിരുവനന്തപുരം മേള. ഉദ്‌ഘാടനചിത്രമായിരുന്ന “ബറാൻ” ഈ മാറുന്ന മുഖത്തിന്റെ സൂചനയാണ്‌ നൽകിയത്‌. സ്വന്തം ദേശത്തിനകത്ത്‌ ഒതുങ്ങുന്നതല്ല ഈ സിനിമയുടെ കാഴ്‌ച, അത്‌ അന്യദേശത്തിന്റെ നഷ്‌ടങ്ങളിലേക്ക്‌ കൂടി വ്യാപിക്കുന്നു. അഫ്‌ഗാൻ അഭയാർത്ഥി പ്രവാഹം മധ്യപൂർവ്വ ദേശത്തുണ്ടാക്കിയ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ, മജീദ്‌ മജീദി പറയുന്ന ലളിതസൗമ്യമായ ഈ പ്രണയകഥ നാട്യങ്ങളേതുമില്ലാതെ സിനിമയുണ്ടാക്കാം എന്ന ഇറാന്റെ പ്രഖ്യാപനമായി മാറി. ലളിതമായിരിക്കുമ്പോഴും, സംഭവബഹുലമായിരിക്കുമ്പോഴും ബറാൻ അതിഭാവുകത്വത്തിലേക്കോ പൈങ്കിളിയിലേക്കോ വഴുതി വീഴുന്നില്ല. ബറാൻ നൽകിയ കാഴ്‌ചയുടെ സുഖം വരും നാളുകളിലേക്കുളള ഹൃദയപൂർവ്വമായ ക്ഷണമായിതന്നെ പ്രതിനിധികൾക്ക്‌ അനുഭവപ്പെട്ടു.

വ്യത്യസ്ഥ വിഭാഗങ്ങൾ; മികച്ച സിനിമകൾ

ഇന്ത്യ, ശ്രീലങ്ക, ടുണീഷ്യ, സെനഗൽ, മൊറോക്കോ, ജപ്പാൻ, ചൈന, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിൽ നിന്നായി 12 ചിത്രങ്ങളാണ്‌ മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്‌. ലോകസിനിമ വിഭാഗത്തിൽ 47 ചിത്രങ്ങളാണ്‌ ഉൾപ്പെടുത്തിയിരുന്നത്‌. ഇതിനുപുറമെ സമകാലീന മലയാള സിനിമ, വർത്തമാന ഇന്ത്യൻ സിനിമ എന്നീ വിഭാഗങ്ങളിലായി 8 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഫ്രഞ്ച്‌ പാക്കേജിൽ 5 ചിത്രങ്ങൾ ഉണ്ടായിരുന്നു. ഇതിനുപുറമേ ഹ്രസ്വചിത്രവിഭാഗത്തിൽ 21 ചിത്രങ്ങളും ഡോക്യുമെന്ററികളും ഉണ്ടായിരുന്നു.

അക്കി കൗറിസ്‌മാക്കി, കെ.ജി.ജോർജ്‌ എന്നിവരുടെ ചിത്രങ്ങൾ ഡയറക്‌ടേഴ്‌സ്‌ ഇൻ ഫോക്കസ്‌ വിഭാഗത്തിലും പ്രദർശിപ്പിച്ചു. മേളയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്‌ ഓർസൺ വെല്ലസിന്റെ ക്ലാസിക്കുകളായിരുന്നു. ജൂറി ചെയർമാനും വിശ്രുത ഹംഗേറിയൻ ചലച്ചിത്രകാരിയുമായ മാർത്ത മെസറസിന്റെ ചിത്രങ്ങളും മേളയിൽ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റി.

മത്സരചിത്രങ്ങളിലൂടെ

അർജന്റീനിയൻ സംവിധായിക ഗബ്രിയേല ഡേവിഡിന്റെ “ടാക്‌സി ആൻ എൻകൗണ്ടർ”, ബ്രസീലിൽ നിന്നുളള ആൽഡ്രൂ കോളിസെല്ലിന്റെ “പോസ്‌തുമോസ്‌ മെമ്മറീസ്‌”, ബ്രസീലിൽ നിന്നുതന്നെയുളള ലൂയിസ്‌ ഫെർണാണ്ടോയുടെ “ടു ദ ലെഫ്‌റ്റ്‌ ഓഫ്‌ മൈ ഫാദർ”, ചൈനീസ്‌ സംവിധായകൻ വാങ്ങ്‌ ചാവോയുടെ “ദ ഓർഫൻ ഓഫ്‌ അനിയാങ്ങ്‌”, ഇന്ത്യയിൽ നിന്ന്‌ അനൂപ്‌ സിങ്ങിന്റെ “ഏക്‌ നാദിർ നാം”, രാജീവ്‌ കുമാറിന്റെ “ശേഷം”, ടി.വി.ചന്ദ്രന്റെ “ഡാനി”, ജപ്പാനിൽ നിന്നുളള അകിഹിതോ ഷോയ്‌റ്റയുടെ “ഹംഫുൾ ഇൻസെക്‌റ്റ്‌”, മൊറോക്കയിൽ നിന്ന്‌ സാദ്‌ ചരിബിയുടെ “തേസ്‌റ്റ്‌”, സെനഗലിൽ നിന്ന്‌ ജോസഫ്‌ ഗായ്‌ റെമാക്കയുടെ “കാർമെൻ ജയ്‌”, ശ്രീലങ്കൻ സംവിധായകൻ ലിന്റൺ സെമാഗിയുടെ “പിക്‌ പോക്കറ്റ്‌”, ടുണീഷ്യയിൽ നിന്ന്‌ ഖാലിദ്‌ ഖോർബലിന്റെ “ഫാത്‌മ” എന്നിവയാണ്‌ സുവർണ്ണചകോരത്തിനായി മത്സരിച്ച ചിത്രങ്ങൾ.

മത്സരചിത്രങ്ങളിൽ ആസ്വാദകരുടെ മുക്തകണ്‌ഠമായ പ്രശംസ പിടിച്ചു പറ്റിയത്‌ “ടാക്‌സി ആൻ എൻകൗണ്ടറാ‘യിരുന്നു. വ്യക്‌തിയുടെ അതിജീവനതയും സാമൂഹികതയും തമ്മിലുണ്ടാകുന്ന സംഘർഷത്തിന്റെ ദൃശ്യരൂപമായിരുന്നു ഈ ചിത്രം. ലളിതസുന്ദരമായ ഒരു കഥ പറയുകകൂടി ചെയ്യുന്നുണ്ട്‌ ഗബ്രിയേല ഡേവിഡ്‌.

മരണം ജീവിതവുമായി മുഖാമുഖം നിൽക്കുന്ന സന്ദർഭം ജീവിതത്തെ കുറിച്ച്‌ സൃഷ്‌ടിക്കുന്ന പുതിയ പാഠമാണ്‌ ബ്രസീലിൽ നിന്നും വന്ന ”പോസ്‌തുമസ്‌ മെമ്മറി“. ജീവിച്ചിരിക്കുന്നവന്റെ ലോകത്ത്‌ മരിച്ചവൻ അനുഭവിക്കുന്ന മഹാസ്വാതന്ത്ര്യത്തിന്റെ സമൃദ്ധിയിൽ തന്റെ കഥ പറയുന്ന ബ്രാസ്‌ ക്യൂബാസാണ്‌ ഈ ചിത്രത്തിന്റെ കേന്ദ്രബിന്ദു.

റുസ്വാൻ നാസറിന്റെ ”ലവോറ അർകെയ്‌ക“ എന്ന നോവലിനെ ആസ്പദമാക്കിയുളള ”ടു ദ ലെഫ്‌റ്റ്‌ ഓഫ്‌ മൈ ഫാദർ“ ബ്രസീലിലേക്ക്‌ കുടിയേറിപ്പാർത്ത ലബനീസ്‌ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ്‌. അഗമ്യഗമനവും സ്വവർഗ്ഗരതിയും നിറഞ്ഞ സാമൂഹിക പശ്‌ചാത്തലത്തിലാണ്‌ ഈ കഥ നടക്കുന്നത്‌.

ഇന്ത്യയിൽ നിന്നുളള മത്സരചിത്രങ്ങളിൽ നിന്ന്‌ മികവ്‌ പുലർത്തിയത്‌ ”ഡാനി“ മാത്രമാണ്‌. പ്രേക്ഷകരുടെ അവാർഡ്‌ ആ ചിത്രത്തിന്‌ ലഭിക്കുകയും ചെയ്‌തു. അനൂപ്‌ സിംഗിന്റെ ”ദ നെയിം ഓഫ്‌ എ റിവർ“ പരീക്ഷണസ്വഭാവമുളള ഒരു ചിത്രമാണ്‌. ആസ്വാദനത്തിൽ ഏൽപ്പിക്കുന്ന സങ്കീർണ്ണത ഈ ചിത്രത്തിന്റെ വമ്പിച്ച പോരായ്‌മയായി മാറി. ”ശേഷം“ നാട്യങ്ങളിലേക്ക്‌ വീണുപോയ ഒരു മികച്ച സിനിമയാണ്‌.

ജപ്പാനിൽ നിന്നുളള ”ഹാംഫുൾ ഇൻസെക്‌റ്റ്‌“ സിച്ചികോ എന്ന പതിമൂന്നുകാരി സ്‌കൂൾ വിദ്യാർത്ഥിനി എത്തിച്ചേരുന്ന വഴിത്തിരിവുകളുടെ കഥയാണ്‌. ശിഥിലമായി കൊണ്ടിരിക്കുന്ന ജാപ്പനീസ്‌ കുടുംബ ബന്ധങ്ങളുടെ പശ്‌ചാത്തലം ഈ സിനിമ ദൃശ്യവത്‌ക്കരിക്കുന്നുണ്ട്‌.

പരിവർത്തിത ചൈനീസ്‌ സാമൂഹ്യ ജീവിതത്തിന്റെ (സോവിയറ്റ്‌ പതനത്തിന്‌ ശേഷമുളള ചൈന എന്ന്‌ പറയാം) വഴിയോരക്കാഴ്‌ചകളാണ്‌ സുവർണ്ണചകോരം നേടിയ ”ദ ഓർഫൻ ഓഫ്‌ അനിയാങ്ങ്‌“ന്റെ ദൃശ്യാനുഭവം. മൂന്ന്‌ കാഴ്‌ചപ്പാടുകളിലൂടെ ജീവിതത്തെ സംബന്ധിക്കുന്ന ചില പുതിയ രേഖപ്പെടുത്തലുകൾ നടത്തുന്ന ഈ ചിത്രം ഹൃദയസ്പർശിയായ ഒരു കഥപറയുകയും ചെയ്യുന്നു.

ലോകത്തിലേക്ക്‌ തുറന്നിട്ട ചലച്ചിത്രജാലകം

വ്യത്യസ്ഥങ്ങളായ ഭൂപ്രദേശങ്ങളിലെ വ്യത്യസ്ഥരായ മനുഷ്യരുടെ ജീവിതം ഫ്രെയിമുകളിൽ നിന്ന്‌ ഫ്രെയിമുകളിലേക്ക്‌ മാറിമാറിയൊഴുകുന്ന കാഴ്‌ചയായിരുന്നു ചലച്ചിത്രമേളയിലെ ലോകസിനിമാവിഭാഗം സമ്മാനിച്ചത്‌. കലാനുഭവത്തെ സംബന്ധിച്ച വമ്പിച്ച പ്രലോഭനം തന്നെയാണിത്‌.

ഇറാനിൽ നിന്നുളള വർത്തമാനങ്ങൾ

ഉദ്‌ഘാടന ചിത്രമുൾപ്പെടെ ഇറാനിൽനിന്ന്‌ ഇക്കുറി 5 ചിത്രങ്ങളാണ്‌ മേളയ്‌ക്കെത്തിയത്‌. മേളയുടെ ഹൃദയം കവർന്നതും ഇറാൻ ചിത്രങ്ങൾ തന്നെ. സംഘർഷങ്ങളാൽ ശപിക്കപ്പെട്ട ഒരു ജനത, നാട്യങ്ങളേതുമില്ലാതെ നിഷ്‌കളങ്കമായി ലോകത്തോടു നടത്തുന്ന കലാപരമായ സംവാദത്തിന്റെ ദൃശ്യാനുഭവങ്ങളായിരുന്നു ഓരോ ഇറാൻ ചിത്രവും. യു.എസ്‌. അധിനിവേശ ചലച്ചിത്ര സംസ്‌കൃതിയോട്‌ ഇറാൻ സിനിമ നടത്തുന്ന പ്രതിരോധം മൂന്നാം ലോകത്തിൽ സിനിമയുണ്ടാക്കുന്നവർക്ക്‌ വഴികാട്ടിയാവേണ്ടതു തന്നെയാണ്‌.

മൂന്നാം ലോകത്തിന്റെ സിനിമ; പ്രതിരോധത്തിന്റെയും

വിയറ്റ്‌നാമിൽ നിന്നുളള പേരക്കകളുടെ വീട്‌ (ദ ഹൗസ്‌ ഓഫ്‌ ഗവാസ്‌), ടി.വി.ചന്ദ്രന്റെ ഡാനി, ബ്രസീലിൽ നിന്നുളള ലാറ്റിറ്റ്യൂഡ്‌ സീറോ, തുടങ്ങിയ ചിത്രങ്ങൾ എല്ലാം ഒരു പൊതു പ്രവണതയെന്നോണം അധിനിവേശാനന്തര ലോകക്രമത്തോട്‌ പ്രതിരോധിക്കുന്നുണ്ട്‌. ബൽഗേറിയയിൽ നിന്നും വന്ന ”ലെറ്റർ ടു അമേരിക്ക“ (സംവിധാനം ഇഗ്ലിക്ക ടിഫനോവ) നഷ്‌ടപാരമ്പര്യത്തെ വീണ്ടെടുക്കാനുളള യാത്രയാണ്‌. നാടോടി സംഗീതത്തിന്റെ വീണ്ടെടുക്കുക എന്നത്‌ ഈ ചിത്രത്തിൽ പ്രതിരോധത്തിന്റെ ഒരു രൂപകമായി മാറുന്നുണ്ട്‌. ഗവാഹൗസിലെ പേരക്ക അധിനിവേശ പൂർവ്വകാലത്തിന്റെ ഗൃഹാതുരമായ ഒരു രുചിയായി ആസ്വാദകനിൽ നിറയുന്നുമുണ്ട്‌. സിനിമ ഏറ്റവും ഫലപ്രദമായ ഓർമ്മപ്പെടുത്തലാണ്‌ എന്ന്‌ ഈ മേള പറഞ്ഞുതരുന്നു.

പെൺമയുടെ ശാക്തീകരണം

മേളയിലെ സിനിമകൾ സംവദിച്ച പ്രമേയങ്ങളാലല്ല തിരുവനന്തപുരം മേളയിൽ ”സ്‌ത്രീ“ നിറഞ്ഞത്‌ മറിച്ച്‌ വമ്പിച്ച സ്‌ത്രീ പങ്കാളിത്തം കൊണ്ടാണ്‌. കാഴ്‌ചക്കാരായും സംഘാടകരായും സിനിമയുണ്ടാക്കുന്നവരായും സ്‌ത്രീ മേളയിൽ നിറഞ്ഞുനിന്നു. ഏറ്റവുമേറെ ചർച്ചചെയ്യപ്പെട്ട ”ടാക്‌സി ആൻ എൻകൗണ്ടർ“, മോണ.ജെ.ഹോളിന്റെ (നോർവെ) കാബിൻ ഫീവർ എന്നിവ മേളയിൽ ഗരിമയാർന്ന സാന്നിദ്ധ്യങ്ങളായിരുന്നു.

നമ്മുടെ സിനിമ; അവരുടെ സിനിമ

സമീപനത്തിൽ ലാളിത്യം സൂക്ഷിക്കുമ്പോൾ തന്നെ അനുഭവതലത്തിൽ വമ്പിച്ച ആഘാതങ്ങൾ സൃഷ്‌ടിക്കുന്ന മികച്ച സിനിമകളുമായി വിദേശ രാജ്യങ്ങൾ മേളയിൽ നിറഞ്ഞുനിന്നപ്പോൾ നമ്മുടെ സിനിമ ഓപ്പൺ ഫോറത്തിലെ വില കുറഞ്ഞ ചർച്ചകളിൽ മാത്രം ഉയർന്നുകേട്ട നിലവിളിയായി. 100 കോടിയിൽപരം ജനങ്ങൾക്ക്‌ അഭിമാനത്തോടെ എടുത്തുകാട്ടാൻ ശരാശരിക്ക്‌ അൽപം മുകളിൽ മാത്രം നിൽക്കുന്ന ഒരു ഡാനി മാത്രം. റേയും ഘട്ടക്കും ഓർമ്മകൾ മാത്രമായി മാറുന്നു. ദുർബ്ബലവും നിറംകെട്ടതുമായ സിനിമാക്കാഴ്‌ചകൾ കൊണ്ടാണ്‌ കേരളം മേളയെ സ്വാഗതംചെയ്‌തത്‌ എന്നു തിരിച്ചറിയുമ്പോൾ വർത്തമാന ഇന്ത്യൻ സിനിമയുടെ വമ്പിച്ച പതനങ്ങൾ പൂർണ്ണമാവുന്നു. ലോകസിനിമ, വിശേഷിച്ചും മൂന്നാം ലോകത്തിന്റെ സിനിമ, ജീവിതത്തിന്റെ മധ്യത്തിലേക്ക്‌ ക്യാമറയുമായി ഇറങ്ങിച്ചെല്ലുമ്പോൾ, ഇന്ത്യൻ സിനിമ അരികുകളിലേക്ക്‌ മടങ്ങുകയാണ്‌. ഐ.എഫ്‌.എഫ്‌.കെ 2002 നൽകുന്ന ദുഃഖഭരിതമായ ഒരു പാഠം ഇതാണ്‌.

Generated from archived content: film_fes.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English