സത്യവാങ്ങ്‌

ആമുഖം

പൊട്ടിത്തെറിയ്‌ക്കയാണ്‌ രക്‌തത്തിൽ

അണുക്കളുടെ പർണ്ണശാലകൾ

വലിഞ്ഞുമുറുകുകയാണ്‌ ഭ്രാന്തിന്റെ

താളം പിഴച്ച പാരായണജപങ്ങൾ

ഇരുട്ടിന്റെ ശവത്തിന്‌

കൊളളിയാൻ ചിറകുകൾ മുളക്കുന്നില്ല

അത്‌ പിറവിയുടെ

ആകാശം തൊടുന്നില്ല.

എന്തുകൊണ്ട്‌

തൃഷ്‌ണകളുടെ ചെടിക്കെട്ടി-

ല്ലുയിരുകളുടെ കുടമാറ്റമില്ലീ, പ്രണയത്തി-

ലിണയുടെ സ്‌നേഹത്തിന്‌ ബാല്യത്തിലെ-

യുൽസവപ്പറമ്പിൻ ഗന്ധമില്ല.

കാലംപിരിഞ്ഞു, കൂട്‌ മറന്നെന്റെ-

കരളിലെ കലണ്ടറിന്നക്കച്ചുഴിയിൽ

കാലവും ചത്തുപൊന്തുന്നു.

വയ്യ,

ഒരു തുളളിക്കണ്ണീരടരുന്ന പോലെന്റെ

കാലടിയിലിനി മണ്ണിൻ നിലപിളരും.

ഇടമുറിഞ്ഞ താരാട്ടിൻ പതറിച്ചയാലെ

ഇടനെഞ്ച്‌ പൊട്ടിച്ച്‌ ഞാനൂർന്നുപോകും.

ഉപസംഹാരം

വാലാട്ടിക്കാലൻ കൂവുമീരാവിന്റെ

തുറുകണ്ണിൻ മുന്നിലിരു-

ന്നാത്മഹത്യാക്കുറിപ്പെഴുതട്ടെ ഞാൻ

മൃതിയുടെ തണുത്ത വിഷം കൊണ്ടീ-

വേനലിൻ മന്തുകാലിൽ ദംശിക്കട്ടെ.

Generated from archived content: poem-jan22.html Author: fijo-joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English