കീഴടങ്ങൽ

കവികളെ

ദൈവത്തിന്റെ കോടതി

പിടികിട്ടാപ്പുളളികളായി പ്രഖ്യാപിക്കുന്ന ഇന്ന്‌

ഞാൻ കീഴടങ്ങുകയാണ്‌

തൂലികവച്ച്‌…സ്വമേധയാ…

എല്ലാ മാനഭംഗത്തിലും

എന്റെ കവിതയുടെ ഭാഷ ഉരിയപ്പെട്ടതിന്‌

സർവ്വ കൊലപാതകത്തിന്റെയും

രഹസ്യവിജനതയിൽ

കയ്യീന്റെ നൃത്തം ചവുട്ടിയതിന്‌

പട്ടിണിയുടെ ഭിക്ഷാപാത്രത്തിൽ

വെന്തുമലർന്ന വാക്കിൻ-

മുളളുകളിട്ടതിന്‌.

രോഗങ്ങളുടെ പുറമ്പോക്കിൽ

ഭോഗികളുടെ

ഹരിതപതാക നാട്ടിയതിന്‌

ഭവനഭേദനങ്ങളുടെ കൂമ്പാരത്തിൽ

സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ

മറച്ചുപിടിച്ചതിന്‌.

എന്റെ ദൈവമേ….എന്റെ ദൈവമേ…

നീയെന്തുകൊണ്ട്‌ എന്നെ ശിക്ഷിക്കുന്നില്ല?

ഏറ്റവും നിന്ദ്യമായ മരണത്തിൽ

എന്നെ തറയ്‌ക്കുക

ചുട്ടുപഴുത്ത ഗർഭപാത്രങ്ങളാൽ

ശിരസ്സുമൂടുക

സർവ്വകാമുകിമാരുടെയും

പ്രണയം കൊണ്ടെൻ വിലാപം

ചരിത്രത്തിൻ മുഖകണ്ണാടിയിലേയ്‌ക്ക്‌

എന്നേയ്‌ക്കും പിളർന്നിട്ടേയ്‌ക്കുക.

കവിതയിൽ ഹിമപാതമായിരിക്കുന്നു

ഇറങ്ങിപ്പോകാനാരും ശേഷിക്കുന്നില്ല-

കയറിവരുന്നവർ വഴിതെറ്റിയവരും!

ഉയിർത്തെഴുന്നേൽപ്പിന്റെ

വിശ്വാസപ്രമാണത്തിൽ

എന്നെ അവിശ്വസിക്കാനനുവദിക്കുക

നന്ദി;

മറവിയുടെ ഊഴമിനി

Generated from archived content: poem-feb25.html Author: fijo-joseph

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here