ഡിസംബർ 31&2002
-ലാലേ എഴുതുന്നു…
ലാദേൻ ഏതോ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു. ഞാൻ എന്താണ് എഴുതുന്നത് എന്ന് അവൾ ശ്രദ്ധിക്കാൻ പോകുന്നില്ല. എന്ത് തരം പുസ്തകമാണ് അവൾ വായിക്കുന്നത് എന്ന കൗതുകം എനിക്കുമില്ല. അങ്ങനെയായിരുന്നു ഞങ്ങളുടെ ജീവിതം. നാളെ പുതുവർഷം പിറക്കുമ്പോൾ അത് അങ്ങനെ അല്ലാതാവാൻ തരമില്ല.
ഈ പുതുവർഷത്തിൽ ഞങ്ങളെ വേർപ്പെടുത്താനുളള ശസ്‌ത്രക്രിയ നടക്കും. അടുത്ത പുതുവർഷം കാണാൻ ഞങ്ങൾ രണ്ടുപേരും ഉണ്ടാകാനുളള സാധ്യത നിങ്ങളുടേതിനേക്കാൾ കുറവുമാണ്. ഇപ്പോൾ ലോകം ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. ആളുകൾക്ക് ഞങ്ങളോട് ഒരു പൂർവ്വബന്ധം അനുഭവപ്പെടുന്നുവത്രേ. കൂടുതലാളുകൾ ലോകമാസകലം ഈ വർഷം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമായിരിക്കും. ഈ സയാമീസ് ഇരട്ടകളുടെ ജീവനെയോർത്ത് ആശങ്കാകുലരാകുമായിരിക്കും. തങ്ങളിൽനിന്ന് വിദൂരസ്ഥരായ, മാധ്യമങ്ങളിലൂടെയല്ലാതെ ഒരിക്കലും കണ്ടിട്ടില്ലാത്ത, രണ്ടുപേർക്കുവേണ്ടി ലോകർ ചകിതരാവാൻ തുടങ്ങുന്നു.
അജ്ഞാതരായ മനുഷ്യരുമായി എനിക്കു സാഹോദര്യം ഉണ്ടാകുന്നു എന്ന് നെരൂദ എഴുതിയിട്ടുണ്ട്. അതായിരിക്കാം 2003-ൽ ദൈവം ഞങ്ങൾക്ക് തരുന്ന പുതുവർഷ സമ്മാനം. ആരും ഒറ്റയ്‌ക്കായിരിക്കാൻ ഇഷ്‌ടപ്പെടുന്നില്ലല്ലോ. ഇന്നലെ ഡോക്‌ടർ പറഞ്ഞു, എല്ലാ മനുഷ്യരും തനിക്കൊരു ഇരട്ട സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കിലെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രഹിക്കുന്നു എന്ന്. ശരിയാണോ?
ലോകത്തിന്റെ കണ്ണിൽ ഞങ്ങളുടെ ജീവിതം സന്തോഷകരമാണ്. ശാരീരികമായി സാമ്യമുളളവരാണ്. ഒരേ ഇഷ്‌ടാനിഷ്ടങ്ങൾ പങ്കിടുന്നവരാണ്. ദുഃഖങ്ങൾ പകുത്തുപോകുന്നു. രഹസ്യങ്ങൾ ഒന്നുമില്ല. ഞങ്ങൾക്കിടയിൽ സ്വർഗ്ഗം നിലനില്‌ക്കുന്നു! അപ്പോൾ പിന്നെ ഒരു ഇരട്ട സാഹോദര്യമുണ്ടാകാൻ ആരും ആഗ്രഹിച്ചുപോകുന്നതിൽ എന്താണ് തെറ്റ്?
എനിക്കു തോന്നുന്നു ഇരട്ടസ്വഭാവം ഒരു സാർവ്വത്രിക പ്രതിഭാസമാണെന്ന്. എന്തിനേയും ഏതിനേയും അത് ബാധിക്കുന്നു. ഓരോ ചിന്തയ്‌ക്കും എതിരായി മറ്റൊരു ചിന്തയുണ്ടാകുന്നു. ഓരോ പ്രവൃത്തിക്കും തത്തുല്യമായ പ്രതിപ്രവർത്തനം ഉണ്ടാകുന്നു. ഓരോ തീരുമാനവും ഒരായിരം സാധ്യതകളുടെ നിഷേധമാണെന്ന സ്പിനോസയുടെ തത്വചിന്തയുണ്ടാകുന്നു. ഇവിടെയെല്ലാം ഒന്നിന് എതിരായാണ് മറ്റൊന്ന് നിലവിൽ വരുന്നത്. ഞങ്ങളുടെ കാര്യത്തിലും അതെ.
ഒരാളെപ്പോലെ മറ്റാരുമില്ല എന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുളളതല്ലേ? ആരുടെയും വിരലടയാളങ്ങൾ ഒരുപോലെയല്ലല്ലോ. എല്ലാവരുടേയും മുടിനാരുകൾകൂടി വ്യത്യസ്തങ്ങളാണ്. അറുന്നൂറ് കോടി മനുഷ്യർ അറുന്നൂറ് കോടി തരം മനുഷ്യരാണ്. ആരും ആർക്കും തുല്യമാകുന്നില്ല. പകരവും ആകുന്നില്ല.
ഒരുപോലിരിക്കുന്നു എന്ന് തോന്നുന്ന ഞങ്ങൾ ശ്രദ്ധാകേന്ദ്രങ്ങളാവുന്നു. സ്‌നേഹിക്കപ്പെടുന്നു. സത്യം, പക്ഷേ, കാഴ്‌ചയ്‌ക്കുമപ്പുറത്തെ യാഥാർത്ഥ്യമാണല്ലോ. ഞങ്ങൾ ഒരുപോലെയല്ല. രൂപത്തിലും ഭാവത്തിലും സ്വരത്തിലും സ്വഭാവത്തിലും ഞങ്ങൾ വ്യത്യസ്തരാണ്. എന്നിട്ടും പ്രകൃതി ഞങ്ങളെ ചേർത്തുവച്ചിരിക്കുന്നു. എന്തൊരു ക്രൂരത! വാസ്‌തവത്തിൽ വ്യത്യസ്തരായ രണ്ട് പൂർണ്ണവ്യക്തികളായിരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിന് ഞങ്ങളെ എല്ലാ അർത്ഥത്തിലും അനുവദിക്കുക എന്നുളളതാണ് ലോകത്തിന് ഈ പുതുവർഷത്തിൽ ഞങ്ങളോട് കാണിക്കാവുന്ന ഏറ്റവും വലിയ കാരുണ്യം.
ഓ, ലാദേൻ പുസ്തകമടച്ചുവച്ച് ഉറക്കമായിരിക്കുന്നു. ഉറങ്ങുകയല്ല എന്ന് എനിക്കറിയാം. ഞാൻ എഴുത്ത് നിറുത്തി എഴുന്നേല്‌ക്കാത്തതിലുളള അമർഷം ഉളളിലിട്ട് നീറ്റുകയാണ്. അവൾ പല്ലിറുമ്മുന്നത് എനിക്ക് കേൾക്കാം. ചിലപ്പോൾ പെട്ടെന്ന് കണ്ണ് തുറന്ന് കലി സഹിക്കാതെ എന്നെ ഇടിച്ചുവെന്ന് വരാം.
മൂന്നു പതിറ്റാണ്ടുകൾ ശരീരം ചേർന്നിരുന്നിട്ടും ഞങ്ങൾക്ക് പരസ്പരം ഉൾക്കൊളളാനായിട്ടില്ല. എനിക്ക് കമ്പ്യൂട്ടർ ഗെയിം ഇഷ്‌ടമാണ്. ലാദേന് കമ്പ്യൂട്ടറിനോട് തന്നെ വെറുപ്പാണ്. എനിക്ക് പത്രപ്രവർത്തകയാകാനായിരുന്നു ആഗ്രഹമെങ്കിൽ അവൾക്ക് വക്കീലാകണമെന്നായിരുന്നു. ലാദേന് കാറോട്ടം താൽപര്യമാണ്. ഞാനത് ഒഴിവാക്കാനാഗ്രഹിക്കുന്നു. ഞാനൊരു വിഷാദരോഗിയാണെന്ന് എല്ലാവരും പറയുന്നു. ലാദേനാകട്ടെ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ഇപ്പോഴും ഞങ്ങൾ ഒരുമിച്ചായിരിക്കുന്നു. മരണത്തേക്കാൾ ഭീകരമാണിത് എന്ന് അനുഭവിച്ചാലേ മനസ്സിലാവൂ.
ദേഷ്യം വരുമ്പോൾ രണ്ട് ദിശകളിലേക്ക് ഓടി വേദന സഹിക്കാതെ അലറിക്കരഞ്ഞ് ഞങ്ങൾ പകതീർക്കുന്നു. പരസ്പരം നുളളിനോവിക്കുന്നു. എപ്പോഴും കലഹിക്കുന്നു. എന്നിട്ടും ഞങ്ങൾ ഭാഗ്യവതികളാണെന്ന് ലോകം കരുതുന്നു. ഈ പുതുവൽസരത്തിൽ മരണം കൊണ്ടെങ്കിലും ഞങ്ങൾ വേർപ്പെടട്ടെ. ഞങ്ങളെ ഒരിക്കലും മനസ്സിലാകാത്ത ഒരു ലോകം ഞങ്ങളുടെ പിറകെയുണ്ട്.
ശസ്‌ത്രക്രിയയുടെ അപകടത്തെക്കുറിച്ച് പൂർണ്ണമായ അവബോധം നേടിയതിന് ശേഷം തന്നെയാണ് ഞങ്ങൾ ആ ചൂതാട്ടത്തിന് തയ്യാറാവുന്നത്. അതിനെ ഞങ്ങൾ നിസ്സാരമായി കാണുന്നു. ലോകത്തോട് രണ്ട് അഭിപ്രായങ്ങൾ പറയാനുണ്ട് ഞങ്ങൾക്ക്. രണ്ട് തരം സ്വപ്നങ്ങൾ കാണണം ഞങ്ങൾക്ക്. രണ്ട് തരം കഥകൾ പറയാനുണ്ട്. ഒന്നുമതി എന്ന് പറയാൻ ആർക്കും അവകാശമില്ല. ലോകം ഞങ്ങളെ രണ്ടായി കാണുന്ന ഒരു ദിവസത്തെ കുറിച്ചുളള സ്വപ്നമാണ് ജീവിച്ചിരുന്ന കാലമത്രയും ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിച്ചത്. എല്ലാവരും ഞങ്ങളുടെ ശരീരങ്ങളെയേ കാണുന്നുളളൂ. ആത്മാവുകളെ കാണുന്നില്ല.
ഞങ്ങളുടെ ജീവിതത്തിൽ അല്ല ജീവിതങ്ങളിൽ വസന്തം വിരിഞ്ഞിട്ടില്ല. ഞങ്ങളുടെ അനുരാഗങ്ങൾ മൂകങ്ങളായിരുന്നു. ഞങ്ങളുടെ തേങ്ങലുകൾ അടക്കിപ്പിടിച്ചവയായിരുന്നു. എന്നിട്ടും മറ്റെയാൾ എന്റെ സ്വന്തമാണെന്നുളള ഒബ്‌സഷൻ ഞങ്ങളെന്നും പരസ്പരം പ്രകടിപ്പിക്കുന്നു. അതിൽനിന്ന് കൂടിയാണ് ഞങ്ങൾ രക്ഷപ്പെടാൻ കൊതിക്കുന്നത്. ഒരാൾക്ക് മാത്രമായി കിട്ടുന്ന ചുംബനത്തെക്കുറിച്ച് ഞങ്ങൾക്ക് ചിന്തിക്കേണ്ടേ? ഒരാളുടേതുമാത്രമായ സ്വകാര്യതയിൽ ഒരാലിംഗനത്തെ ഞങ്ങൾക്ക് കിനാവ് കാണണ്ടേ? എന്നിട്ടും ഞങ്ങൾ പത്രങ്ങളോട് കിന്നാരം പറയുന്നു. ക്യാമറാക്കണ്ണുകളോട് ചിരിച്ച് കാട്ടുന്നു.
എല്ലാവരും ഒറ്റയ്‌ക്ക് ജനിക്കുന്നു. സഹിക്കുന്നു. മരിക്കുന്നു. ശരീരങ്ങൾ ചേർന്നിരുന്നെങ്കിലും ലാദേനും ലാലേയും ഒറ്റയ്‌ക്ക് ജനിച്ചു. ജീവിക്കുന്നു. ഇതാ ഒറ്റയ്‌ക്ക് ഒറ്റയ്‌ക്ക് മരിക്കാൻ പോകുന്നു. മനസ്സുകൊണ്ടെങ്കിലും എല്ലാ മനുഷ്യരും ഒറ്റയ്‌ക്കാണ്. ആയേ പറ്റൂ.
ഇതാ ലാദേൻ ദേഷ്യം കൂടി അവൾ വായിച്ചിരുന്ന പുസ്‌തകം ചുരുട്ടിക്കൂട്ടുന്നു. എന്നെ അടിക്കുവാൻ തന്നെയാണ്. നിറുത്താൻ സമയമായി.
ലോകത്തിന് മുഴുവൻ, ലാലേയുടെ പുതുവർഷാശംസകൾ. വേണമെങ്കിൽ ലാദേന്റെയും.
Generated from archived content: essay_dec31.html Author: fijo-joseph
Click this button or press Ctrl+G to toggle between Malayalam and English