മുന്നയുടെ പാവ

രജിസ്റ്റർ ചെയ്ത അവസാനത്തെ രോഗിയും പോയപ്പോൾ ഡോ; ഹരികൃഷ്ണൻ മുറി

പൂട്ടിയിറങ്ങി. ഉറക്കച്ചടവ്‌ ഭാരിച്ച കൺപോളകൾ തിരുമ്മിയുണർത്തി ഇടനാഴിയിലൂടെ താമസ

സ്ഥലത്തേക്ക്‌ നടന്ന അദ്ദേഹം പെട്ടെന്നെന്തോ മുന്നിൽ തടഞ്ഞു നടുക്കത്തോടെ നിന്നു. തൂണിന്റെ

മറവിൽ നിന്ന്‌ അടർന്ന്‌ മാറിയ ഇരുട്ടിന്റെ ഒരു പാളി! വൈദ്യുതാഘാതമേറ്റപോലൊരു തരിപ്പിൽ

അദ്ദേഹം നോക്കിനിൽക്കുമ്പോൾ ഇടനാഴിയിലെ വെളിച്ചം അതിൽ ഒരു മനുഷ്യ രൂപത്തെ ചിന്തേരിട്ടു.

മുൻകൂട്ടി അപ്പോയ്‌മെന്റ്‌ വാങ്ങിയിരുന്നവരെല്ലാം വന്ന്‌ പോയിരുന്നില്ലേ എന്നദ്ദേഹം ശങ്കിച്ചു.

ലിസ്റ്റിലെ അവസാനത്തെ പേരുകാരൻ ചെന്നിക്കുത്തിന്റെ അസ്‌കിതയുമായെത്തിയ ഒരു

ചെറുപ്പക്കാരൻ. രാജേഷ്‌ എന്ന അയാളുടെ ബൈക്കിന്റെ ശബ്ദം അൽപം മുമ്പാണ്‌ അർദ്ധ

രാത്രിയുടെ നിശബ്ദതയിൽ അലിഞ്ഞത്‌.

മുന്നിലെ മനുഷ്യരൂപത്തെ അദ്ദേഹം സംശയത്തോടെ നോക്കി. മുഷിഞ്ഞ ജീൻസ്‌ പാൻസിലും

ഷർട്ടിലും ദയനീയ വർണത്തിലൊരു ചിത്രം. അയാളുടെ തോളിൽ ഒരു കുഞ്ഞ്‌ തലചായ്‌ച്ച്‌

തളർന്നുറങ്ങുന്നുണ്ടെന്ന്‌ അപ്പോൾ മാത്രം അദ്ദേഹം വ്യക്തമായും കണ്ടു. നാലഞ്ച്‌ വയസ്‌

തോന്നിക്കുന്ന ഒരാൺകുട്ടി. മുന്തിയതെങ്കിലും അയാളുടേത്‌ പോലെ മുഷിഞ്ഞ വേഷം. കുളിച്ചിട്ടൊ

ഉറങ്ങിയിട്ടോ നാലഞ്ച്‌ ദിവസമായത്‌ പോലെ അലങ്കോലപ്പെട്ട അയാളുടെ ശരീരത്തിൽ നിന്ന്‌

ചെടിപ്പിക്കുന്ന ഒരു വിയർപ്പ്‌ മണം അന്തരീക്ഷത്തിൽ പടർന്നു.

തൊണ്ടയിലുണർന്ന്‌ വന്ന ഒരു കോട്ടുവായുടെ വൈരസ്യത്തെ കൈപ്പടം കൊണ്ടടക്കി അദ്ദേഹം

ചോദിച്ചു.

ആരാണ്‌?

മറുപടിക്ക്‌ പകരം ദയനീയമായ ഒരു നോട്ടം അദ്ദേഹത്തെ തുറിച്ചുനോക്കി.

രജിസ്റ്റർ ചെയ്തിരുന്നില്ല അല്ലേ, സാരമില്ല വരൂ…

കൺസൾട്ടിംഗ്‌ റൂമിൽ നിന്ന്‌ പുറത്തേക്ക്‌ പരന്ന വെളിച്ചത്തിൽ ഒറ്റപ്പെട്ടുപോയ ഒരു നിഴൽച്ചീളു

പോലെ അയാൾ. തന്റെ കസേരയിലേക്കിരുന്ന ഡോക്ടർ പതറുന്ന കാലടികളോടെ വാതിൽ

കടക്കുന്ന അയാളെ സാകൂതം നോക്കി. അദ്ദേഹം നീക്കിയിട്ട സ്റ്റൂളിലേക്കിരുന്നു. തോളിൽ അപ്പോഴും

തളർന്നുറങ്ങുന്ന കുട്ടിയെ അയാൾ നെഞ്ചത്തേക്കിറക്കിയിരുത്തി. കുട്ടിയുടെ ദേഹത്ത്‌ കൈ

വെച്ചുനോക്കിയ ഡോക്ടർ ഒന്നു നടുങ്ങി, പൊള്ളുന്ന ചൂട്‌.

നല്ല പനിയുണ്ടല്ലോ, എന്നാണ്‌ തുടങ്ങിയത്‌?

രണ്ട്‌ ദിവസമായി… ചുണ്ടനങ്ങാതെ വന്ന ശബ്ദത്തിന്‌ പ്രാകൃതമായ സ്വരസ്ഥായി.

ഡോക്ടർമാരെയൊന്നും കാണിച്ചില്ലേ?

ഇല്ല, പറ്റിയ സാഹചര്യമുണ്ടായില്ല.

സാഹചര്യം?

ഡോക്ടറുടെ പുരികം വളഞ്ഞു

അയാളുടെ മുഖം പെട്ടെന്ന്‌ നിഴലിലാണ്ടു, പിന്നെ ഒരു നിലവിളിയായി ഡോക്ടറുടെ വലതു കൈപ്പടത്തിലേക്കമർന്നു.

എന്റെ കുട്ടിയെ രക്ഷിക്കണം ഡോക്ടർ…, അവൻ മരിച്ചു പോകും…

അയാളുടെ ഉച്ഛാസത്തിനും ശരീരത്തിനും പൊള്ളുന്ന ചൂട്‌.

നിങ്ങളെയും പനിക്കുന്നുണ്ടല്ലോ..

അയാളൊന്നും മിണ്ടിയില്ല, കണ്ണുകളിൽ ഈർപ്പം തിളങ്ങി.

ഡ്യൂട്ടി നേഴ്സിനെ വിളിച്ച്‌ ഒബ്സർവേറ്ററിയിൽ ബെഡ്‌ സജ്ജമാക്കാൻ ഏൽപിച്ച്‌ ഡോക്ടർ

രാത്രിയിലെ തന്റെ അവസാനത്തെ സന്ദർശകരുടെ പനിക്കുന്ന ശ്വാസതാളങ്ങളിലേക്ക്‌ മടങ്ങി.

അബ്ദുൽ അസീസ്‌ (40) എന്നും മുന്ന (4) എന്നും ശീർഷകമെഴുതിയ ചീട്ടുകൾ സഹിതം ആ

രോഗാതുരരെ ഒബ്സർവേറ്ററിയിലേക്ക്‌ മാറ്റിയ ശേഷം ഡോക്ടർ തന്റെ കസേരയിലേക്ക്‌ ചാഞ്ഞു.

ഒന്നു മയങ്ങിപ്പോയ അദ്ദേഹത്തെ പിന്നീടെപ്പോഴൊ നേഴ്സ്‌ വിളിച്ചുണർത്തി.

അവർ ശാന്തമായുറങ്ങുന്നു എന്ന്‌ അവളറിയിച്ചപ്പോൾ അദ്ദേഹം മുറിപൂട്ടി ഇടനാഴിയിലേക്കിറങ്ങി.

അടുത്ത പകലിൽ ജ്വരമൂർച്ഛയുടെ വിഭ്രാന്തിയിൽ അബ്ദുൽ അസീസ്‌ പിച്ചും പേയും പറഞ്ഞു.

അവ്യക്തമായ അയാളുടെ പുലമ്പലുകളിലേക്ക്‌ ഡോക്ടർ ചെവി ചേർത്തുപിടിച്ചു. അയാളെ

ചൂഴ്‌ന്നുനിൽക്കുന്ന ദുരൂഹത അദ്ദേഹത്തെ തലേരാത്രിയിൽ തന്നെ അസ്വസ്ഥനാക്കിയിരുന്നു.

താൻ ജോലി ചെയ്യുന്ന നഗരത്തിലെ മിഷൻ ആശുപത്രിയിലേക്ക്‌ വൈകുന്നേരം ഒരു

ആംബുലൻസ്‌ വരുത്തി അവരെ മാറ്റി. മൂന്നാം നാൾ ഇരുവരുടെയും നില മെച്ചപ്പെട്ടു. പകൽ

വെളിച്ചത്തിലേക്ക്‌ കണ്ണ്‌ തുറന്ന അബ്ദുൽ അസീസ്‌ ഒരു എലിക്കുഞ്ഞിനെ പോലെ ഭയം കൊണ്ട്‌

ചുരുങ്ങിപ്പോകുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചു. വേവലാതിയോടെ ഡോക്ടറുടെ കൈയ്യിൽ കടന്ന്‌ പിടിച്ച

അയാളുടെ കണ്ണുകളിൽ ഭീതിയുടെ ഇരുൾ കനത്തു. പേടിച്ചരണ്ട നോട്ടം ചുറ്റുപാടും പതറി പടർന്നു.

ചുണ്ടുകൾ പതിയെ ഇളകി.

എവിടെ എന്റെ കുട്ടി?

ഡോക്ടർ അടുത്ത ബെഡിലേക്ക്‌ വിരൽ ചുണ്ടി.

മുന്ന അവിടെ ഒരു അരണ്ട മയക്കത്തിൽ കിടന്നിരുന്നു.

കൈയ്യിലെ അയാളുടെ പിടിമുറുകി. ആ കൈവിരലുകൾ വിറയ്‌ക്കുന്നുണ്ടായിരുന്നു.

അയാൾ നിലവിളിയുടെ തൊഴുകൈയ്യായി.

ഞങ്ങളെ ഇവിടെ നിന്ന്‌ മാറ്റൂ ഡോക്ടർ

എന്തിന്‌?

എനിക്ക്‌ പേടിയാകുന്നു?

അതേ…..എന്തിന്‌?

ഡോക്ടറുടെ ശബ്ദം കനത്തു.

അയാളുടെ നോട്ടം വാർഡിലുള്ളവരെ ചുറ്റിപടരുന്നതും പെട്ടെന്ന്‌ പിൻവലിഞ്ഞ മുഖം

തലയണയിലേക്ക്‌ അമരുന്നതും അദ്ദേഹം ശ്രദ്ധിച്ചു.

അസുഖം ഭേദമായെന്ന്‌ തോന്നിയപ്പോൾ പോകാൻ ധൃതികൂട്ടിയ അയാളെ അതിനനുവദിക്കാതെ

ഡോക്ടർ നിർബന്ധപൂർവം തന്റെ കൺസൾട്ടിംഗ്‌ ക്ലിനിക്കിലേക്ക്‌ മടക്കികൊണ്ടുവന്നത്‌

മനസിലുടലെടുത്ത ചില സംശയങ്ങളുടെ ബലത്തിലാണ്‌. പനിക്കിടക്കയിലെ അയാളുടെ

പുലമ്പലുകളിൽ നിന്ന്‌ അസുഖകരമായതെന്തോ അദ്ദേഹം തെരഞ്ഞുപിടിച്ചിരുന്നു.

അയാളുടെ മകനല്ല ആ കുട്ടിയെന്ന്‌ മനസിലാക്കാൻ അദ്ദേഹത്തിന്‌ ഏറെ പ്രയാസപ്പെടേണ്ടി

വന്നില്ല. കൂടുതൽ സമയവും അർദ്ധമയക്കത്തിലായ കുട്ടി അബോധത്തിലും അയാളെ ചുറ്റിവരിഞ്ഞ്‌

തന്നെ കിടന്നതും വേർപ്പെടുത്താൻ ശ്രമിക്കുമ്പോഴൊക്കെ വേദന കൊണ്ട്‌ ഇരുവരും പുളഞ്ഞതുമാണ്‌

പക്ഷെ അദ്ദേഹത്തിന്റെ ബുദ്ധിയെ പരീക്ഷിച്ചത്‌. വൈദ്യ ശാസ്ര്തത്തിന്‌ പെട്ടെന്നുത്തരം

കണ്ടെത്താൻ കഴിയാത്ത എന്തോ ഒന്ന്‌ അവർക്കിടയിൽ പ്രവർത്തിക്കുന്നതായി അദ്ദേഹത്തിന്‌

തോന്നി.

നാലാംനാൾ മുതൽ അബ്ദുൽ അസീസും മുന്നയും ഡോക്ടറുടെ ബന്ധനത്തിലായി. ആ

ബാന്ധവത്തെ ഭേദിച്ചുപോകാൻ തക്ക ആരോഗ്യം വീണ്ടെടുത്തിട്ടും ഡോക്ടറെ ഭയചകിതനായ ഒരു

കുട്ടിയെപോലെ അയാൾ അനുസരിച്ചു. ആ മുറിയിലെ ഇരുട്ടിൽ അയാൾ സ്വസ്ഥനായി…

അയാളെ ചൂഴ്‌ന്നു നിൽക്കുന്ന നിഗൂഢതക്ക്‌ മുറിക്കുള്ളിലെ ഇരുട്ടിനെക്കാൾ കാഠിന്യം

തോന്നിയപ്പോൾ പക്ഷെ അസ്വസ്ഥനായത്‌ ഡോക്ടറാണ്‌.

ആറാം ദിവസം ഒട്ടൊരു ബലപ്രയോഗത്തിലൂടെ നിഗൂഢത തകർത്ത്‌ അയാളുടെ കഥയിലേക്ക്‌

കടക്കാൻ അദ്ദേഹത്തിനായത്‌ അയാളുടെ പാന്റീസിന്റെ പോക്കറ്റിൽ നിന്ന്‌ കിട്ടിയ ഒരു

കീറക്കടലാസിലൂടെയാണ്‌. വിയർപ്പിൽ നനഞ്ഞ്‌ പിഞ്ഞിത്തുടങ്ങിയ അത്‌ കൃത്യമായും കുറച്ചു

ദിവസം മുമ്പ്‌ ഒരു വലിയ ഇന്ത്യൻ നഗരത്തിൽ സംഭവിച്ച ബോംബ്‌ സ്‌ഫോടനത്തിന്റെ തുടർ

വാർത്തകളിലൊന്നായിരുന്നു. സ്‌ഫോടനത്തിലെ പ്രതിയെന്ന്‌ സംശയിക്കുന്ന ഒരാളുടെ രേഖാ ചിത്രം

ഉൾച്ചിത്രമായ ആ വാർത്ത പോലീസധികൃതരെ ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നു. തന്റെ

തോന്നലുകൾ ശരിപ്പെടുന്നത്‌ പോലൊരു തോന്നൽ ആഹ്ലാദമായി മനസിൽ നിറയുന്നത്‌

അദ്ദേഹമറിഞ്ഞു.

ആ കടലാസ്‌ ചീന്ത്‌ അദ്ദേഹം അയാളുടെ മുന്നിലേക്കിട്ടു.

എന്താണിത്‌?

മറുപടി പറയാതെ അയാൾ തുറിച്ചുനോക്കി.

ദേഷ്യമോ, ഭയമോ, നിസഹായതയോ, കൂസലില്ലായ്മയോ എന്താണെന്ന്‌ തിരിച്ചറിയാനാകാത്ത

ഭാവങ്ങൾ അയാളുടെ കണ്ണുകളിൽ ഇഴയുന്നത്‌ ഡോക്ടർ കണ്ടു.

നിങ്ങളുടെ പോക്കറ്റിൽ നിന്ന്‌ കിട്ടിയതാണ്‌, ഇതെന്തിനാണ്‌ നിങ്ങൾ സൂക്ഷിക്കുന്നത്‌?

ഡോക്ടർ അയാളുടെ മുഖത്തേക്ക്‌ തറപ്പിച്ചു നോക്കി. ഇപ്പോൾ ഒരു കൂസലില്ലായ്മയുടെ മിന്നലാട്ടം ആ കണ്ണുകളിൽ കണ്ടു.

എന്നെക്കുറിച്ചുള്ളതായതുകൊണ്ട്‌, പക്ഷെ നോക്കൂ ഡോക്ടർ, ആ ചിത്രത്തിന്‌ ഞാനുമായി

എന്തെങ്കിലും ബന്ധമുണ്ടോന്ന്‌, എന്നാൽ പോലീസുകാർ പറയുന്നത്‌ അത്‌ ഞാനാണെന്നല്ലേ.

ഡോക്ടർ നടുങ്ങിപ്പോയി.

ഞാനാണ്‌, ഞാൻ തന്നെയാണ്‌ ഡോക്ടർ ആ പാർക്കിൽ ബോംബ്‌ വെച്ചത്‌.

വേണ്ടിയിരുന്നില്ല എന്ന്‌ പിന്നീട്‌ തോന്നിയ ഒരു കൃത്യത്തിന്‌ ഡോക്ടർ മുതിർന്ന ഒരു

നിമിഷനേരത്തേക്ക്‌ അബ്ദുൽ അസീസിന്‌ പതറിപ്പോയെങ്കിലും കൂസലന്യേ അയാൾ

സമനിലയിലേക്ക്‌ മടങ്ങിവന്ന്‌ തന്റെ കഥ അടുക്കും ചിട്ടയോടെയും ഓർത്തെടുത്തു.

എല്ലാ തീവ്രവാദികളെയും കുറിച്ച്‌ സാധാരണ പറഞ്ഞു കേൾക്കുന്നത്‌ പോലൊരു കഥയാണ്‌

അയാളും പറഞ്ഞ്‌ തുടങ്ങിയത്‌. ബാബരി മസ്‌ജിദ്‌, കലാപങ്ങൾ, വംശഹത്യ, സാമൂഹ്യ നീതി

എന്നിങ്ങനെ അയാളതിന്‌ കാരണം നിരത്തുമ്പോൾ തൊണ്ടയിൽ നിറഞ്ഞ വൈരസ്യത്തിന്റെ കയ്പ്‌

രസം ഡോക്ടർ ജനൽവാതിൽ അൽപം തുറന്ന്‌ പുറത്തേക്ക്‌ നീട്ടിത്തുപ്പി.

നയിച്ചവർക്ക്‌ തന്നെ മടുത്തപ്പോൾ അല്ലെങ്കിൽ അവരിൽ ചിലർ തങ്ങൾ വെല്ലുവിളിച്ച

നിയമങ്ങളുടെ കുരുക്കിൽ തന്നെ പെട്ടുപോയപ്പോൾ തെരുവിൽ പൊടുന്നനെ അനാഥരായിപ്പോയ

അനേകം യുവാക്കളിലൊരാളായിരുന്നു അയാളും. തലയിൽ നിന്ന്‌ തീപിടിച്ച ചിന്തകൾ

കുടഞ്ഞെറിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങിയപ്പോൾ മാത്രമാണ്‌ ജീവിതം വല്ലാതെ കല്ലിച്ച്‌ ഭാരം വെച്ചതായി

തോന്നിത്തുടങ്ങിയത്‌. അളമുട്ടിയപ്പോൾ ചീറ്റിയ വിഷക്കാറ്റിൽ ഉലഞ്ഞുപോയ കുടുംബത്തിൽ നിന്ന്‌

തന്റെ വീതം വിറ്റ്‌ കിട്ടിയ വിസയിലാണ്‌ കടൽ കടക്കുന്നത്‌. ചെന്നെത്തിയ മരുഭൂമിയിൽ താൻ നേരിട്ട

ദുരന്തങ്ങളുടെ ചിത്രം പാപി ചെല്ലുന്നിടം പാതാളം എന്ന ഒരു പഴയ നാട്ടുചൊല്ലു കൊണ്ട്‌ അയാൾ

വരച്ചു. ഒടുവിൽ അബ്ദുൽ ഖാദർ മകൻ അബ്ദുൽ അസീസ്‌ എന്ന പേരിലുള്ള തന്റെ ഇന്ത്യൻ

പാസ്‌പ്പോർട്ട്‌ 700 റിയാലിന്‌ റിയാദിൽ ഒരാൾക്ക്‌ വിറ്റ്‌ ആ പണം കൊണ്ടാണ്‌ ഇന്ത്യയിലേക്ക്‌

മടങ്ങിയതെന്ന്‌ അയാൾ കഥ ചുരുക്കുമ്പോൾ അയാളുടെ കഥക്കിപ്പോൾ ഒരു താളാത്മകമായ

തുടർച്ചയുണ്ടെന്ന്‌ അദ്ദേഹത്തിന്‌ തോന്നി. കേട്ടിരിക്കാൻ താൽപര്യവും തോന്നി.

പാസ്‌പ്പോർട്ട്‌ വിറ്റ്‌ കിട്ടിയ പണത്തിന്‌ ഒരു ട്രൈയിലറിന്റെ ഇരുൾക്കൂട്ടിൽ ശ്വാസോച്ഛാസ

ത്തിലൂടെ മാത്രം തിരിച്ചറിയാവുന്ന നൂറോ നൂറ്റമ്പതോ ജീവിതങ്ങളിലൊന്നായി ജിദ്ദയിലേക്ക്‌

ഒളിച്ചുകടന്നാണ്‌ ഡിപ്പോർട്ടേഷൻ സെന്ററിലെത്തിയത്‌. ഏത്‌ രാജ്യക്കാരനായാലും കഷ്ടപ്പാടിൽ

പെടുന്നവന്റെ ശ്വാസോച്ഛാസത്തിന്‌ ഒരേ ദുർഗന്ധമാണെന്ന്‌ തിരിച്ചറിഞ്ഞത്‌ ആ നരകയാത്രയി

ലാണെന്ന്‌ പറയുമ്പോൾ ഒരു ഫിലോസഫറെന്ന പോലെ താടിയുഴിഞ്ഞു കണ്ണുകൾ താഴ്‌ത്തി അയാൾ

ചിരിച്ചു.

ഒരു ഔട്ട്‌ പാസിന്റെ കനിവിൽ ജിദ്ദയിൽ നിന്ന്‌ മുംബെയിലെത്തുമ്പോൾ നാട്ടിലേക്ക്‌ പോകാൻ

ഗതിയില്ലാതായ അവസ്ഥയിൽ അവിടുത്തെ നാറുന്ന ഗല്ലികളിൽ ജീവിക്കാൻ ആത്മവിശ്വാസം

നൽകിയത്‌ ഇതേ തിരിച്ചറിവായിരുന്നു.

അലഞ്ഞ്‌ തിരിയലിനിടയിൽ പഴയ പ്രവർത്തന വഴിയിലെ ഒരു സഹചാരിയെ, ഫിറോസിനെ

കണ്ടുമുട്ടാനിടയായത്‌ വഴിത്തിരിവായി. പട്ടിണിയിലായിരുന്ന ചിലദിവസങ്ങൾക്ക്‌ ശേഷം അവന്റെ

സാന്നിദ്ധ്യം വലിയ തണലായി മാറുകയായിരുന്നു. അവൻ ആഹാരം തന്നു, കിടക്കാനിടം തന്നു,

ചോദിക്കാതെ തന്നെ ചിലപ്പോഴൊക്കെയും പണം തന്നു. അവനാകെ മാറിയതുപോലെ തോന്നി.

എന്താണ്‌ അവന്റെ ജോലി, എവിടെ നിന്നാണ്‌ അവന്‌ പണം കിട്ടുന്നത്‌? ചോദ്യങ്ങൾ

മനസിലുണർന്നെങ്കിലും ചോദിക്കാനുള്ള ധൈര്യം കിട്ടിയില്ല. അവൻ വളരെ കുറച്ചു മാത്രമേ

സംസാരിച്ചിരുന്നുള്ളൂ. വളരെ കുറച്ചു സമയം മാത്രമേ അവൻ മുറിയിലെത്തിയിരുന്നുള്ളൂ. ആ കുറച്ചു

സമയത്തേക്ക്‌ പോലും ഫിറോസ്‌ സംസാരിച്ചതു അയാൾക്ക്‌ അത്ര വേഗം മനസിലാകുന്ന

രീതിയിലുമായിരുന്നില്ല.

അവൻ പറഞ്ഞു, അസീസ്‌, നമ്മൾ കരുതിയത്‌ പോലൊന്നുമല്ല കാര്യങ്ങൾ, സ്റ്റേറ്റിന്‌ നമ്മൾ

ശത്രുക്കളല്ല, അവർക്ക്‌ ചിലപ്പോൾ നമ്മളെക്കൊണ്ട്‌ പ്രയോജനം പോലുമുണ്ടെന്ന്‌ പറഞ്ഞാൽ നീ

വിശ്വസിക്കുമോ, ഇല്ലെന്ന്‌ എനിക്കറിയാം, പക്ഷെ നീ വിശ്വസിച്ചേ മതിയാകൂ. നിനക്ക്‌

താൽപര്യമുണ്ടെങ്കിൽ എന്നോടൊപ്പം നിൽക്കാം. കാര്യങ്ങൾ നിനക്ക്‌ പതിയെ മനസിലാകും. ഒപ്പം

കൂടാൻ താൽപര്യമില്ലെങ്കിൽ നീ വേഗം ഇവിടെ നിന്ന്‌ പോകണം.

അവൻ പറഞ്ഞതൊന്നും മനസിലായില്ലെങ്കിലും ഒപ്പം നിൽക്കാനാണ്‌ മനസ്‌ പറഞ്ഞത്‌.

എല്ലാം നഷ്ടപ്പെട്ടവന്റെ നിസംഗതക്ക്‌ ഒരു ചെറിയ പ്രലോഭനീയതയെ പോലും

പ്രതിരോധിക്കാനാവില്ലെന്ന നിസഹായതയിൽ അയാളങ്ങനെ ഫിറോസിന്റെ സംഘത്തിലോ

രാളായി.

ഫിറോസ്‌ പറഞ്ഞു, പണ്ടത്തെ നമ്മുടെ പരിശീലനങ്ങൾ, മുദ്രാവാക്യങ്ങൾ ഒന്നും നീ

മറന്നിട്ടില്ലല്ലോ. മുദ്രാവാക്യങ്ങൾക്ക്‌ ഒരു മാറ്റവുമില്ല. ജീവിക്കാൻ വേണ്ടിയുള്ള ഈ സമരവഴിയിൽ

നമ്മൾ ചാവേറുകൾ തന്നെയാണ്‌.

അബ്ദുൽ അസീസെന്ന പേര്‌ വിലമതിക്കുന്ന ഒരു വലിയ വിളിയടയാളമായി ഇനി നിനക്ക്‌

അനുഭവപ്പെടുമെന്ന്‌ അവൻ ഓർമ്മിപ്പിച്ചു.

മുറിയിൽ കിട്ടാവുന്ന മലയാള ചാനലുകൾക്ക്‌ മുമ്പിലിരുന്നു ഒരു പകൽ തീർക്കുമ്പോഴാണ്‌

ഓർക്കാപ്പുറത്ത്‌ ഫിറോസ്‌ കയറിവന്നത്‌. ആണവ കരാറിനെ ചൊല്ലി പാർലിമെന്റിലുയർന്ന ബഹളം

ഒരു വാർത്തയുടെ തുടർച്ചയായി അപ്പോഴും നിറഞ്ഞ്‌ നിന്ന സ്‌ക്രീനിലേക്ക്‌ നോക്കി റിമോട്ടിലെ

ബട്ടണമർത്തി അവൻ ടി.വി ഓഫ്‌ ചെയ്തു.

അവൻ ഒറ്റ വാചകമെ പറഞ്ഞുള്ളൂ, ഏൽപിക്കപ്പെടുന്ന ദൗത്യത്തിന്റെ ഗൗരവം നിനക്ക്‌ മനസിലാകുമല്ലോ.

അവനേൽപിച്ച പോളിത്തീൻ കവറിനുള്ളിൽ നിന്ന്‌ പുറത്തേക്ക്‌ നോക്കി ഒരു ബാർബി പാവക്കുട്ടി

നിഷ്‌ക്കളങ്കമായി ചിരിക്കുന്നുണ്ടായിരുന്നു.

കുട്ടികളും സ്ര്തീകളുമായി പാർക്ക്‌ നിറയെ കുടുംബങ്ങൾ സജീവമായ സന്ധ്യക്ക്‌ കൂട്ടത്തിൽ

നിന്നൊരു കുട്ടിയെ, ഇവനെ ആകർഷിക്കാൻ ആ പാവക്കുട്ടി ധാരാളമായിരുന്നു എന്നയാൾ

താഴ്‌ത്തിയ കണ്ണുകളോടെ പറയുമ്പോൾ മുന്നയെ കുറെക്കൂടി തന്റെ ശരീരത്തോട്‌ ചേർത്ത്‌ പിടിച്ചു.

പാർക്കിൽ കളിച്ചിരുന്ന മറ്റൊരു കുട്ടി ആ പാവക്കുട്ടിയെ തന്റെ കയ്യിൽ നിന്ന്‌ തട്ടിയെടുത്ത പരാതി

പറയാൻ മുന്ന മടങ്ങിയെത്തിയത്‌ മാത്രമേ ഓർമ്മയുള്ളൂ. സന്ധ്യയുടെ നഗര വെളിച്ചം ഒരു

ആർത്തനാദത്തോടെ കെട്ടുപോയി. ചിന്നിച്ചിതറി ഓടിയവർക്കിടയിൽ ഒരു നിലവിളിയായി

അലിയുമ്പോൾ ശരീരത്തിൽ അള്ളിപ്പിടിച്ച കുട്ടിയെ അയാൾ കണ്ടില്ല.

ഒരു മണിക്കൂറിന്‌ ശേഷം നഗരം വിടുന്ന ട്രെയിനിന്റെ ടിക്കറ്റ്‌ പോക്കറ്റിലുണ്ടല്ലോ എന്ന ജാഗ്രതയുടെ

പ്രകമ്പനം മാത്രമായിരുന്നു തലയിൽ.

ആ ഒരു നിമിഷത്തിലാണ്‌ ഡോക്ടർ ഹരികൃഷ്ണന്‌ തന്റെ നിലവിട്ടുപോയത്‌. എവിടെ നിന്നോ

നിലവിളികൾ കാതിൽ വന്നലക്കുന്നതുപോലെ തോന്നിയപ്പോൾ ഞരമ്പുകളിൽ ഇരമ്പിക്കയറിയ

തരിപ്പിൽ ആകെ ഉലഞ്ഞുപോയി… ആർത്തലക്കുന്ന കാറ്റുപോലെയാണ്‌ അയാളെ ചുറ്റിവരിഞ്ഞത്‌…

തലങ്ങും വിലങ്ങും തല്ലി നിവരുമ്പോൾ അയാളെ അള്ളിപിടിച്ച്‌ കിടന്ന മുന്നയുടെ നിശബ്ദമായ

കരച്ചിൽ അദേഹം കേട്ടില്ല… അപ്പോഴും തരിപ്പ്‌ വിടാത്ത തന്റെ കൈത്തലത്തിലേക്ക്‌ അദ്ദേഹം

നോക്കി. അതിലപ്പോഴും ചോര ഇരച്ചുകയറി തുടുത്ത്‌ തന്നെ നിന്നു.

ആരാണവർ?

അയാൾ മനസിലാകാത്തതുപോലെ ഡോക്ടറുടെ മുഖത്തേക്ക്‌ നോക്കി.

ഫിറോസിനെ കൊണ്ട്‌ ഇതൊക്കെ ചെയ്യിക്കുന്നവർ.

അറിയില്ല, നിർദേശങ്ങളും പണവും കൃത്യമായും എവിടെ നിന്നോ ഞങ്ങൾക്ക്‌ വന്നിരുന്നു.

ഫിറോസിനോട്‌ ഞാനത്‌ ചോദിച്ചിട്ടുണ്ട്‌. അറിയില്ല എന്ന ഭാവമായിരുന്നു അവന്റേത്‌.

കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ്‌ എത്തിക്കുമ്പോൾ അവൻ പറഞ്ഞത്‌, രക്ഷപ്പെടുന്നത്‌ നിന്റെ

മാത്രം കാര്യമാണ്‌. നീ പിടിക്കപ്പെട്ടാലും കുഴപ്പമില്ലെന്നാണ്‌ അവരുടെ നിലപാട്‌.

ഡോക്ടർ അയാളുടെ കഴുത്തിന്‌ പിടിച്ചു.

ആരുടെ നിലപാടെന്ന്‌ നീ അപ്പോഴും ചോദിച്ചില്ലേ.

അതെ, ചോദിച്ചു, പണം തരുന്നവരുടെ എന്നല്ലാതെ മറ്റൊന്നും അവൻ പറഞ്ഞില്ല.

സംഭവത്തിന്‌ ശേഷം കേരളത്തിലെത്തിയ അബ്ദുൽ അസീസ്‌ നഗരത്തിലെ ഒളിയിടങ്ങളിൽ

നിന്ന്‌ ജ്വരമൂർച്ഛയുടെ ഒരു വേലിയേറ്റത്തിലാണ്‌ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിന്റെ

ഇരുളിടത്തിലേക്ക്‌ ഒളിച്ചു കടന്നത്‌.

ശരീരത്തിൽ അള്ളിപ്പിടിച്ച കുട്ടി ആദ്യം അയാൾക്കൊരു ഭാരമായിരുന്നു, പിന്നീടത്‌ അയാളുടെ

വേദനിച്ച്‌ വിങ്ങുന്ന അവയവങ്ങളിലൊന്നായി മാറി. അയാൾ അവനെ മുന്നയെന്ന്‌ വെറുതെ വിളിച്ചു.

ഹൃദയവുമായി ധമനികളാൽ ബന്ധിക്കപ്പെട്ടതുപോലെ അവനെ വേർപ്പെടുത്താൻ

ശ്രമിച്ചപ്പോഴെല്ലാം അയാൾക്ക്‌ വേദനിച്ചു. ഒരുവേള നെഞ്ചിൻകൂടിനുള്ളിൽ നിന്ന്‌ പുറത്തേക്ക്‌

തള്ളിയ ഹൃദയമാണതെന്ന്‌ തന്നെ അയാൾക്ക്‌ തോന്നി.

ഡോക്ടർ അയാളുടെ അടുത്തിരുന്നു.

നിങ്ങളെ ഇന്ന്‌ രാത്രി ഞാൻ പോലീസിലേൽപിക്കും.

വേണ്ട ഡോക്ടർ അയാൾ നിലവിളി പോലെ ഡോക്ടറുടെ മുട്ടുകാലിൽ അമർത്തിപ്പിടിച്ചു.

അതവഗണിച്ച്‌ തിരിഞ്ഞ്‌ വാതിൽക്കലേക്ക്‌ നടക്കുമ്പോൾ അയാളുടെ നനഞ്ഞ ശബ്ദം ഡോക്ടർ

വീണ്ടും കേട്ടു.

അരുത്‌ ഡോക്ടർ, അത്‌ ചെയ്യരുത്‌.

ഡോക്ടർ തിരിഞ്ഞ്‌ രോഷാകുലനായി അയാളെ തുറിച്ചുനോക്കി.

നിന്നെ വെറുതെ വിടണോ?

എന്നെ കൊന്നോളൂ, എന്നാലും അവർക്ക്‌ വിട്ടുകൊടുക്കരുത്‌ ഡോക്ടർ.

എന്തുകൊണ്ട്‌?

അതിനയാൾ മറുപടി പറഞ്ഞില്ല.

മുന്നയെ കെട്ടിപ്പുണർന്ന്‌ നിലത്തേക്ക്‌ നോട്ടമുറപ്പിച്ചിരിക്കുക മാത്രം ചെയ്തു.

ഇടനാഴിയിൽ നിന്ന്‌ മുറിയിലേക്ക്‌ വീണുകിടന്ന അരണ്ട വെളിച്ചത്തിലേക്ക്‌ ഡോക്ടർ വാതിൽ

വലിച്ചടച്ച്‌ തന്റെ താമസസ്ഥലത്തേക്ക്‌ നടന്നു. പൂട്ടാത്ത വാതിൽ അലസമായി ചാരി നിവരുന്ന

ശബ്ദം അദ്ദേഹം പുറകിൽ കേട്ടു. അതവഗണിച്ച്‌ മുന്നോട്ട്‌ തന്നെ നടന്നു.

Generated from archived content: story3_sept25_08.html Author: fidhel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here