ഒരു നോവൽ എഴുത്തുകാരനായ ഞാനാണ് ഈ കഥയ്‌ക്കു രൂപം കൊടുത്തതെന്നു ഞാൻ വിശ്വസിക്കുന്നു. “ഞാൻ വിശ്വസിക്കുന്നു” എന്നു ഞാൻ പറയുമ്പോൾ ഞാനതു കെട്ടിച്ചമച്ചു എന്നെനിക്കുറപ്പുണ്ട്. എന്നാൽ യഥാർത്ഥത്തിൽ എവിടെയെങ്കിലും ഇതു സംഭവിച്ചിരിക്കാമെന്നു തോന്നാതിരിക്കുവാൻ എനിക്കു കഴിയുന്നില്ല. ഘോരമായി മഞ്ഞുപൊഴിയുന്ന ഒരു ദിനത്തിൽ ഒരു മഹാനഗരത്തിൽ, ഒരു ക്രിസ്‌തുമസ് സന്ധ്യയിൽ ഇതു സംഭവിച്ചിരിക്കാം.
എനിക്കൊരു ആൺകുട്ടിയെ കാണാം, ആറോ അഥവാ അതിൽ കുറവോ പ്രായം വരുന്ന ഒരു കൊച്ചുബാലനെ. കൊടും തണുപ്പും ഈർപ്പവും നിറഞ്ഞുനിന്ന ഒരു നിലവറയിൽ, ആ പ്രഭാത്തിൽ ഈ ആൺകുഞ്ഞ് ഉറക്കമുണർന്നു. ഒരുതരം അയഞ്ഞ പുറങ്കുപ്പായം ധരിച്ചിരുന്നതിനാൽ അവൻ തണുപ്പുകൊണ്ട് വിറച്ചു. ഒരു പെട്ടിയുടെ അറ്റത്തിരുന്ന്, വെളുത്ത ആവിപോലെ തന്റെ ശ്വാസം വായിൽക്കൂടി പുറത്തേക്കു വമിക്കുന്നതും നോക്കിക്കൊണ്ടിരിക്കുന്നത് അവനു രസകരമായി തോന്നി. എന്നാൽ അവനു ഭയങ്കര വിശപ്പനുഭവപ്പെട്ടു. ഒരു ചപ്പാത്തിയുടെ കനം പോലുമില്ലാത്ത ഒരു പായയിൽ, ഒരുതരം ഭാണ്ഡക്കെട്ട് തലയിണയായി വെച്ച്, അവിടെ, രോഗിയായ അവന്റെ അമ്മ കിടന്നിരുന്ന കട്ടിലിനരികെ, ആ പ്രഭാതത്തിൽ പലവട്ടം അവൻ പോയി നോക്കി. എങ്ങനെയാണ് അവൾ അവിടെ എത്തപ്പെട്ടത്? മിക്കവാറും ഏതോ പ്രവശ്യയിലുളള നഗരത്തിൽ നിന്ന് തന്റെ കുഞ്ഞുമായി വന്നപാടെ, പൊടുന്നനെ രോഗം ബാധിച്ചതായിരിക്കും, അവൾക്ക്.
വാടകക്കാർക്ക് “മൂലകൾ” വാടകയ്‌ക്കു കൊടുത്തിരുന്ന ഗൃഹനാഥയെ രണ്ടുദിവസം മുൻപ് പോലീസ് സ്‌റ്റേഷനിലേയ്‌ക്ക് പിടിച്ചുകൊണ്ടുപോയി. വാടകക്കാരെല്ലാം അവരവരുടെ തൊഴിലുകളന്വേഷിച്ചു പോയ്‌ക്കഴിഞ്ഞിരുന്നു. ഒഴിവുദിനം നേരത്തെ മുൻകൂട്ടി കണ്ട, അവശേഷിച്ചിരുന്ന ഒരാൾ മാത്രം, കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറായി മരണതുല്യം മദ്യപിച്ചു കിടന്നിരുന്നവിടെ. വാതരോഗബാധയാൽ പീഡനമേറ്റു ഞരങ്ങിക്കൊണ്ടിരുന്ന എൺപതോളം പ്രായമുളള ഒരു കിഴവിയെ മരിക്കാൻ തനിച്ചു വിട്ടിരിക്കുകയാണ്, മറ്റൊരു മൂലയിൽ. കിളവി കുഞ്ഞിനെ ചീത്ത വിളിക്കുകയും മുറുമുറുക്കുകയും ചെയ്‌തിരുന്നതിനാൽ അവർ കിടന്നിരുന്ന മൂലയിലേക്കു പോകാൻ അവൻ ഭയപ്പെട്ടു. പുറത്തെ ഹാളിൽ കുടിവെളളം കണ്ടെത്തിയെങ്കിലും, ഭക്ഷിക്കുവാൻ ആഹാരത്തിന്റെ ഒരു പൊട്ടുപോലും അവനു കണ്ടെത്താനായില്ല. തന്റെ അമ്മയെ ഉണർത്തുവാൻ അനവധി വട്ടം ആ കൊച്ചുകുഞ്ഞ് ശ്രമിച്ചു നോക്കി. ഒടുവിൽ അവൻ ഇരുളിനെ ഭയപ്പെടാൻ തുടങ്ങി. മൂവന്തിയാകാൻ തുടങ്ങിയിരുന്നെങ്കിലും ആരും വന്നു വിളക്കു തെളിയിച്ചില്ല. അമ്മയുടെ മുഖം അവന്റെ കുഞ്ഞുമനസ്സിൽ നിറഞ്ഞുനിന്നു. അവൾ അനങ്ങാത്തത് എന്താണെന്നും, ചുവരിനെപ്പോലെ തണുത്തുറഞ്ഞിരിക്കുന്നതെന്തെന്നും ഓർത്ത് അവൻ അത്ഭുതപ്പെട്ടു. അവിടം ഭയാനകമാംവിധം തണുത്തുറഞ്ഞ് മരവിച്ചിരിക്കുന്നതായി അവനോർത്തു. മരിച്ച സ്‌ത്രീയുടെ തോളിൽ നിന്ന് തന്റെ കൈകൾ മാറ്റാൻ മറന്നുകൊണ്ട് അവൻ എഴുന്നേറ്റു നിന്നു. പിന്നെ തന്റെ ഇളംവിരലുകളിൽ ശ്വാസമൂതി അവയിൽ ചൂടുപകർന്ന്, തന്റെ മുഷിഞ്ഞ തൊപ്പിക്കായി കട്ടിലിൽ പരതിയശേഷം, നിലവറയുടെ പുറത്തേയ്‌ക്കുളള വഴിയ്‌ക്കുവേണ്ടി മൃദുവായി അവൻ തപ്പിത്തടഞ്ഞു. ഇതിനകം പെട്ടെന്നുതന്നെ അവൻ പൊയ്‌ക്കഴിഞ്ഞിരുന്നേനെ, എന്നാൽ കോവണിപ്പടിയുടെ തലപ്പത്ത്, പുറത്ത് അയൽക്കാരന്റെ പടിവാതുക്കൽ, പകൽ മുഴുവനും ഒരു കൂറ്റൻ പട്ടി ഓരിയിട്ടിരുന്നതുകൊണ്ട് പുറത്തുപോകാൻ അവൻ ഭയപ്പെട്ടിരുന്നു. ആ പട്ടി ഇപ്പോൾ അവിടം വിട്ടുപോയിരുന്നതിനാൽ അവൻ തെരുവിലേയ്‌ക്കു പോയി.
ദൈവമേ, എന്തൊരു നഗരം! ഇതിനുമുൻപൊരിക്കലും ഇതുപോലെയൊന്ന് അവൻ കണ്ടിരുന്നില്ല. എല്ലായ്‌പ്പോഴും, അത്ര കൂരാകൂരിരുട്ടോടെയായിരുന്നു, അവൻ വിട്ടുപോന്ന നഗരത്തിലെ രാത്രികൾ. ഒരേയൊരു വിളക്കുമാത്രമേ ഉണ്ടായിരുന്നുളളു, മുഴുവൻ തെരുവിലേയ്‌ക്കും കൂടി. ഇരുട്ടിക്കഴിഞ്ഞാൽ തെരുവുകൾ ശൂന്യമാകുകയായി. തടിയിൽ തീർത്ത, ഉയരം കുറഞ്ഞ തങ്ങളുടെ വീടുകളിൽ കയറി ആളുകൾ വാതിൽ കൊട്ടിയടച്ചിരിക്കുകയും; നൂറുക്കണക്കിന്, ആയിരക്കണക്കിന് പട്ടിക്കൂട്ടങ്ങൾ കുരച്ചും ഓരിയിട്ടും തെരുവുനീളെ അഹോരാത്രം അലഞ്ഞുനടക്കുകയും പതിവായിരുന്നു. എങ്കിലും ചൂടാർന്ന ഒരിടവും കഴിക്കാൻ വേണ്ടത്ര ഭക്ഷണവും അവനു ലഭിച്ചിരുന്നു….. എന്നാൽ ഇവിടെ…. ദൈവമേ! അവനു ഭക്ഷിക്കാൻ മാത്രം എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ! എന്തൊരു കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം! ജനങ്ങളുടെ എന്തൊരു തിരക്ക്! കുതിരകൾ… കുതിരവണ്ടികൾ….തണുപ്പ്, കൊടും തണുപ്പ്! ചൂടുനിശ്വാസമുതിരുന്ന കുതിരകളുടെ വായിലൂടെയും മൂക്കിലൂടെയും തണുത്തുറഞ്ഞ ആവി ധൂമപടലമായി ഉയരുന്നു; ഹിമപാളികളിലൂടെ അവറ്റകളുടെ കുളമ്പുകൾ കല്ലുകളിൽ തട്ടി ശബ്‌ദമുണ്ടാക്കി. അവിടെ എന്തു തിക്കും തിരക്കും… ഓ ദൈവമേ! ശകലമെന്തെങ്കിലും തിന്നാൻ അവൻ ഭയങ്കരമായി കൊതിച്ചു! പൊടുന്നനെ അവന്റെ കുഞ്ഞുവിരലുകൾ അവനെ അത്രകണ്ടു വ്രണപ്പെടുത്താൻ തുടങ്ങി. അവനെ കടന്നുപോയ ഒരു പോലീസുകാരൻ, അവനെ കാണുന്നതു ഒഴിവാക്കുന്ന രീതിയിൽ വഴിമാറിപ്പോയി.
ഇപ്പോൾ മറ്റൊരു തെരുവ്! എന്തുമാത്രം വിസ്‌താരമേറിയ ഒന്ന്! തീർച്ചയായും ഇവിടെ ആളുകളെന്നെ ചവിട്ടിയരക്കും. എങ്ങനെയാണ് ഈ ആളുകൾ ഓടുന്നത്, ഓട്ടമത്സരവും ഒച്ചപ്പാടും! വെളിച്ചം- കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം! ഓ! എന്താണിത്? ഒരു വലിയ ജാലകം. ചില്ലുജാലകത്തിനു പുറകിൽ-വളരെ ഉയരത്തിൽ ഒരുമരം-മച്ചിൽ മുട്ടുന്നത്ര ഉയരം. ഒരു ക്രിസ്‌മസ് മരമാണ് അത്. അതിൽ കണ്ടമാനം കൊച്ചുവിളക്കുകൾ, വർണ്ണകടലാസുതൊങ്ങലുകൾ, ആപ്പിളുകൾ, ചെറുപാവകൾ, കുഞ്ഞു കളിക്കുതിരകൾ. മുറിയിൽ, ഓടിച്ചാടിയും, കളിച്ചും ചിരിച്ചും, തിന്നും കുടിച്ചും ഉല്ലസിക്കുന്ന മനോഹരവേഷങ്ങൾ ധരിച്ച വൃത്തിയുളള കുട്ടികൾ. ഇപ്പോൾ ഒരു കൊച്ചുപെൺകുട്ടി ഒരു കൊച്ചു ആൺകുട്ടിയോടൊപ്പം ചേർന്നു നൃത്തമാടാൻ തുടങ്ങി-ഓമനത്വം തുളുമ്പുന്ന ഒരു കൊച്ചുപെൺകുട്ടി! ചില്ലുജാലകത്തിലൂടെ നിങ്ങൾക്കു സംഗീതവും കേൾക്കാം. തെരുവിൽ നിന്ന കുഞ്ഞാൺകുട്ടി അത്ഭുതത്തോടെ മിഴിച്ചുനോക്കി. അവന്റെ കാൽവിരലുകൾ തീവ്രമായി വേദനിക്കാൻ തുടങ്ങിയിരുന്നെങ്കിലും, അവനും ചിരിച്ചു. കൊടും തണുപ്പിനാൽ അത്ര ചുവന്നു മരവിച്ചു വിറങ്ങലിച്ചിരുന്ന അവന്റെ കുഞ്ഞിക്കൈവിരലുകൾ മടക്കാൻ കഴിയാതെ, അവ അനക്കുന്നതുപോലും അവനെ വ്രണപ്പെടുത്തി. വിരലുകൾ എങ്ങനെയാണു തന്നെ മുറിപ്പെടുത്തുന്നതെന്നു ഓർമ്മയുദിച്ചപ്പോൾ കരഞ്ഞുകൊണ്ട് അവൻ ഓടാൻ തുടങ്ങി. എന്നാൽ അവിടെ, അതാ വീണ്ടും മറ്റൊരു ജാലകം. അതിനുപുറക്ല മുറിയിൽ മറ്റൊരു മരം. ബദാം ചേർത്ത, മഞ്ഞയും ചുവപ്പും നിറത്തിൽ വിവിധതരം കേക്കുകൾ അവിടെ മേശകളിൽ ഒരുക്കിവെച്ചിരിക്കുന്നു. ഇടവിടാതെ വാതിൽ തുറന്ന് തെരുവിൽ നിന്ന് അകത്തു പ്രവേശിച്ചുകൊണ്ടിരുന്ന ആളുകൾക്കെല്ലാം കേക്കുകൾ പങ്കുവെച്ചുകൊണ്ട്, ധനാഢ്യവേഷഭൂഷകളിൽ നാലു ചെറുപ്പക്കാരികൾ ഇരുപ്പുണ്ടായിരുന്നു അവിടെ. ആ കൊച്ചുകുഞ്ഞ് വാതിൽവരെ പതുങ്ങിച്ചെന്ന് പൊടുന്നനെ വാതിൽ തുറന്ന് അകത്തു പ്രവേശിച്ചു. ഓ, ദൈവമേ! കൈകൾകൊണ്ടു പേപ്പിടി കാട്ടി, ഒച്ചയിട്ട് എങ്ങനെയാണവർ അവനെ പുറത്തേക്കു ആട്ടിയോടിച്ചത്! തിടുക്കത്തിൽ ഒരു സ്‌ത്രീ അവന്റെയടുത്തേക്ക് ഓടിയടുത്ത്, ഒരു ചെമ്പുതുട്ട് അവന്റെ കൈകളിലേയ്‌ക്കിട്ടു കൊടുത്തശേഷം അവനു പുറത്തേയ്‌ക്കുപോകാൻ അവൾതന്നെ സ്വയം വാതിൽ തുറന്നുകൊടുത്തു. എന്തുമാത്രം ഭയപ്പെട്ടന്നോ പാവം അവൻ! അവന്റെ പിടിവിട്ട്, കിലുക്കമുണ്ടാക്കി, നടകളിലൂടെ നാണയം താഴേയ്‌ക്കുരുണ്ടുപോയി. അതു പിടിക്കുവാൻ ചുവന്നു വിറങ്ങലിച്ചു വടിപോലിരുന്ന അവന്റെ കുഞ്ഞുവിരലുകൾ അവനു മടക്കാനായില്ല. എവിടേയ്‌ക്കാണു ഓടുന്നതെന്നു യാതൊരു രൂപവുമില്ലാതെ, കഴിയുന്നത്ര വേഗത്തിൽ അവൻ ഓടി. അവനു കരച്ചിൽ വന്നെങ്കിലും, ഭയങ്കരമായി ഭയപ്പെട്ടിരുന്നതിനാൽ, ഓടാൻ മാത്രമേ അവനു കഴിഞ്ഞുളളു; അതേസമയം ചൂടുപകരുവാൻ കൈകളിലേയ്‌ക്കവൻ ശ്വാസമൂതിവിട്ടുകൊണ്ടിരുന്നു. അവൻ കൊടിയ ദുരവസ്ഥയിലകപ്പെട്ടു. എല്ലാം അവന് അജ്ഞാതമായിരുന്നു. താൻ ഏകാകിയും അത്ര നിസ്സഹായനുമാണെന്ന് അവന് അനുഭവപ്പെട്ടു.
പെട്ടെന്ന്.. ഓ..ദൈവമേ, എന്താണതിപ്പോൾ? ഒരു ജാലകത്തിനു മുന്നിൽ വിസ്‌മയം പൂണ്ട ഒരു ജനക്കൂട്ടം. ജാലകച്ചില്ലിനപ്പുറം, ചുവപ്പും പച്ചയും നിറത്തിൽ മേലങ്കി ധരിച്ചു നോക്കുന്ന മൂന്നു കളിപ്പാവകൾ; അവയ്‌ക്കു ജീവനുളളതുപോലെ! ഒന്നാമത്തേത്, അവിടെ ഇരുന്നിട്ട്, വളരെ വലിയൊരു ഫിഡിൽ മീട്ടുന്ന വൃദ്ധനും, തൊട്ടടുത്തുനിന്നു ചെറുഫിഡിലുകളിൽ ഈണമുതിർക്കുന്ന മറ്റു രണ്ടെണ്ണവും. അവരുടെ ചുണ്ടുകൾ അനങ്ങുന്നനേരം പരസ്പരം തലകുലുക്കി അവർ ആദരവുകാട്ടിയിരുന്നു. അവർ സംസാരിച്ചിരുന്നത് ചില്ലുജാലകത്തിലൂടെ ഒരാൾക്കും കേൾക്കുവാൻ കഴിയുമായിരുന്നില്ല. യഥാർത്ഥത്തിൽ അവയ്‌ക്കു ജീവനുണ്ടെന്ന ആ കൊച്ചുകുഞ്ഞ് ആദ്യം വിചാരിച്ചു. എന്നാൽ അവ വെറും കളിപ്പാവകളായിരുന്നുവെന്നു തിരിച്ചറിഞ്ഞപ്പോൾ അവൻ ചിരിച്ചുപോയി. അത്തരം കളിപ്പാവകൾ അവൻ ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. അത്തരത്തിലുളള കളിപ്പാവകൾ ഉണ്ടായിരിക്കുമെന്ന് അവൻ ഒരിക്കലും നിനച്ചിരുന്നില്ല! കരയണമായിരുന്നെങ്കിലും, അവൻ ചിരിച്ചു-പാവകൾ അത്രയേറെ അവനെ സന്തോഷഭരിതനാക്കി! പുറകിൽനിന്ന് ആരോ അവനെ പിടിക്കുന്നതായി ആ നിമിഷം അവനു തോന്നി. അവന്റെ പുറകിൽ നിന്നിരുന്ന-ദുഷ്‌ടനായ വലിയൊരു കുട്ടി, പൊടുന്നനെ അവന്റെ തലയ്്ക്കടിച്ച്, അവന്റെ തൊപ്പി തട്ടിപ്പറിച്ചെടുത്ത്, അവനെ ഇടങ്കോലിട്ടു വീഴ്‌ത്തി. ചെറിയ ചങ്ങാതി കാലിടറി തറയിൽ വീണു. ആളുകൾ ആർത്തുവിളിച്ചു. അർദ്ധ അബോധാവസ്ഥയിലാകും വരെ ഭ്രാന്തമായി ഓടിയോടി ഒരു പടിപ്പുരവീഥിയിലേയ്‌ക്കു തെന്നിമാറിയ അവൻ ഒരു മുറ്റത്തെത്തിയതായി സ്വയം കണ്ടെത്തി. അവിടെ ഒരു വിറകുകൂനയുടെ പുറകിൽ ഭയം ബാധിച്ച് അവൻ പതുങ്ങി. അവിടം സുരക്ഷിതമായി അവന് അനുഭവപ്പെട്ടു. ഇരുട്ടു കട്ടപിടിച്ചു നിന്നതിനാൽ “അവർ” അവനെ കണ്ടുപിടിക്കില്ല.
ചുരുണ്ടുകൂടിയിരുന്ന അവനു ഭയത്താൽ ശ്വാസം കഴിക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന്, വളരെപ്പെട്ടെന്ന് അവനു സുഖപ്രദമായി തോന്നിച്ചു. കൈകാലുകളുടെ വേദന നിലച്ച്, ഒരു നെരിപ്പോടിനരികിൽ ഇരിക്കുന്നതുപോലെ ചൂടാകാൻ തുടങ്ങി. പിന്നെ അവൻ ഞടുങ്ങി ഒന്നു ഞെട്ടിത്തെറിച്ചു. എന്ത്, മിക്കവാറും ഉറക്കത്തിലേയ്‌ക്ക് അവൻ ആണ്ടുപോയി! എത്ര ഹൃദ്യമാണിവിടെയിരുന്നുറങ്ങുന്നത്. “അല്പനേരം ഇവിടെയിരുന്നു വിശ്രമിച്ചിട്ട് വീണ്ടും ആ പാവകളെ കാണാൻ ഞാൻ പോകും.” സ്വയം പുഞ്ചിരി തൂകി കുഞ്ഞ് ആലോചനയിലാണ്ടു. “അവയ്‌ക്കു ജീവനുളളതുപോലെ!” പിന്നെ തന്റെ അമ്മ പാടുന്നതു കേട്ടതായി അവനു തോന്നിച്ചു. “അമ്മേ, ഞാനുറങ്ങുകയാണ്. ഇവിടെയിരുന്നുറങ്ങുവാൻ നല്ല രസം!”
“കൊച്ചുകുഞ്ഞേ എന്റെ ക്രിസ്‌തുമസ് മരത്തിനടുത്തേക്കു വരൂ!” ഒരു മൃദുലശബ്‌ദം അവനരികിൽ മന്ത്രിച്ചു. അതവന്റെ അമ്മയായിരിക്കുമെന്ന് അവൻ ആദ്യം കരുതി; എന്നാൽ അത് അവളായിരുന്നില്ല. പിന്നെ ആരായിരിക്കും അവനെ വിളിച്ചിരിക്കുക? അവനു കാണാൻ കഴിഞ്ഞില്ലെങ്കിലും, ഇരുളിൽ ആരോ ഒരാൾ അവനു മുകളിലൂടെ കുനിഞ്ഞ് അവനെ വാരിപ്പുണർന്നു. അയാൾ തന്റെ കൈകൾ മുന്നോട്ടു നീട്ടി… നോക്കൂ! തീവ്രപ്രകാശത്തിന്റെ എന്തൊരു മഹാശ്രോതസ്സ്! … ഓ! എന്തൊരു മരം! എന്നാൽ അല്ല, അതായിരിക്കുവാൻ വഴിയില്ല; അത്തരം മരങ്ങൾ അവൻ ഒരിക്കലും കണ്ടിട്ടില്ല.
എവിടെയാണ് അവനിപ്പോൾ? എല്ലായിടത്തും പ്രകാശം സ്‌ഫുരിക്കുന്ന തേജസ്സിൽ അനേകം ചെറുപാവകൾ അവനുചുറ്റും…. എന്നാൽ അല്ല! അവ പാവകളായിരുന്നില്ല. കൊച്ചുകൊച്ചു ആൺകുട്ടികളും പെൺകുട്ടികളുമായിരുന്നു അവരെല്ലാം, ഓമനത്വം നിറഞ്ഞ് പ്രസന്നരായി, പാറിപ്പറന്ന് നൃത്തം ചെയ്‌ത് അവനുചുറ്റും തടിച്ചുകൂടി, അവനെ ഉമ്മവെച്ചു. അവൻ തുറിച്ചുനോക്കിയപ്പോൾ, അവനെ നോക്കി ഉല്ലാസത്തോടെ ചിരിച്ചുനിൽക്കുന്ന അമ്മയെ അവൻ കണ്ടു.
“അമ്മേ, അമ്മേ! ഓ, എന്തുരസമാണിവിടം!” വീണ്ടും കുട്ടികളെ ഉമ്മവെച്ച്, കടയുടെ ചില്ലുജാലകത്തിലൂടെ താൻ കണ്ട പാവകളെക്കുറിച്ചു പറയുവാൻ തിടുക്കപ്പെട്ട് അവൻ മൊഴിഞ്ഞു. സ്‌നേഹത്തോടെ അവരെയൊക്കെ നോക്കി ചിരിച്ചുകൊണ്ട് അവൻ ആരാഞ്ഞു. “ചെറുബാലന്മാരേ, ബാലികമാരേ നിങ്ങളൊക്കെ ആരാണ്?”
“ഇതു ക്രിസ്‌തുവിന്റെ ക്രിസ്‌തുമസ് മരമാണ്”, അവർ പ്രത്യുത്തരമേകി. “ഈയൊരു ദിവസം ക്രിസ്‌തുദേവന് എപ്പോഴും ഒരു മരമുണ്ടായിരിക്കും, സ്വന്തമായി മരമില്ലാത്ത ഇത്തരം കുഞ്ഞുകുട്ടികൾക്കുവേണ്ടി….”
ബാലന്മാരും ബാലികമാരുമടങ്ങുന്ന ഈ എല്ലാ കുട്ടികളും തന്നെപ്പോലുളളവരാണെന്ന് അവൻ കണ്ടുപിടിച്ചു. പടിവാതുക്കൽ ഉപേക്ഷിക്കപ്പെട്ടു തണുത്തു വിറങ്ങലിച്ചു മരിച്ച കുട്ടികൾ. അനാഥശിശുക്കളുടെ ആതുരാലയങ്ങളിൽ നിന്നു പുറം തളളപ്പെട്ട്, ദരിദ്രക്കൂരകളിൽവെച്ചു മരിച്ച കുഞ്ഞുങ്ങൾ. തങ്ങളുടെ അമ്മമാരുടെ ഉണങ്ങിവരണ്ട മുലകളാൽ പട്ടിണിക്കൊണ്ടു മരിച്ച പൈതങ്ങൾ. മൂന്നാംക്ലാസ് റെയിൽവേ കമ്പാർട്ടുമെന്റിൽ ദുർഗന്ധം മൂലം ശ്വാസം മുട്ടി മരിച്ച കുഞ്ഞുക്കിടാങ്ങൾ. ഇവിടെയിപ്പോൾ ക്രിസ്‌തുദേവന്റെ അതിഥികളായ മാലാഖമാരാണ് അവർ. ക്രിസ്‌തുദേവൻ സ്വയം അവരുടെ നടുവിൽനിന്ന് അദ്ദേഹത്തിന്റെ കരങ്ങൾ അവർക്കു നേരെ നീട്ടി, അവരേയും, പാപം പുരണ്ട പാവം അമ്മമാരേയും ആശീർവദിക്കുന്നു…അല്പം മാറിനിന്നു കണ്ണീരുതിർക്കുന്ന അവരുടെ അമ്മമാർ ഓരോരുത്തരും സ്വന്തം കുഞ്ഞുമകനെയോ അഥവാ മകളെയോ തിരിച്ചറിയുന്നുണ്ട്. കുഞ്ഞുങ്ങൾ പറന്നെത്തി അവരെ ചുംബിച്ച്, തങ്ങളുടെ കുഞ്ഞിക്കൈകളാൽ, അവരുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരു തുടച്ചുമാറ്റി, വിതുമ്പി കരയാതിരിക്കുവാൻ അവരോടു കെഞ്ചുന്നു.
അങ്ങുവളരെ താഴെ, ആ ക്രിസ്‌തുമസ് ദിനത്തിന്റെയന്നു പ്രഭാതത്തിൽ, ഒരു വിറകുകൂനയ്‌ക്കു പുറകിൽ മറഞ്ഞിരുന്ന തണുത്തു വിറങ്ങലിച്ചു മരിച്ച ഒരു കുഞ്ഞിന്റെ ജഡം ചുമട്ടുകാരൻ കണ്ടെത്തി. അവനുമുൻപേ മരണം വരിച്ച അവന്റെ അമ്മയേയും കണ്ടെത്തിയിരുന്നു. സ്വർഗ്ഗത്തിൽ ദൈവസന്നിധിയിൽ അവർ സന്ധിച്ചു.
എന്താണ് ഈ ലോകത്തിൽ ഞാൻ ഈവിധമൊരു കഥ മെനഞ്ഞത്? സത്യത്തിൽ എന്റെ ഡയറിയിൽ യഥാർത്ഥ സംഭവങ്ങൾ മാത്രമേ പ്രതിപാദിക്കാനാകൂ? എന്നാൽപ്പിന്നെ, ഒരുപക്ഷെ ഇതെല്ലാം യഥാർത്ഥത്തിൽ സംഭവിച്ചതായിരിക്കുമെന്നു സങ്കല്പിക്കാതിരിക്കുവാൻ എനിക്കു കഴിയുന്നില്ല- വിറകുക്കൂനയ്‌ക്കു പുറകിലും നിലവറയിലും സംഭവിച്ചതൊക്കെ എന്നാണു ഞാൻ അർത്ഥമാക്കുന്നത്. ക്രിസ്‌തുവിന്റെ ക്രിസ്‌തുമസ് മരത്തെ സംബന്ധിച്ച്, യഥാർത്ഥത്തിൽ അതു സംഭവിച്ചതാണോ അല്ലയോ എന്നു പറയുവാൻ എനിക്കു കഴിയുകയില്ല. എന്നാൽ സൃഷ്‌ടിക്കുകയെന്നത് നോവലെഴുത്തുകാരന്റെ തൊഴിലാകുന്നു.
Generated from archived content: story1_dec21_05.html Author: fayador_destheyavaski
Click this button or press Ctrl+G to toggle between Malayalam and English