ട്രെയിൻ യാത്രയും സ്‌ത്രീ സുരക്ഷയും

ഇന്ത്യമഹാരാജ്യത്ത്‌ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിത്തരുന്ന പൊതുമേഖലാസ്‌ഥാപനമായ ഇന്ത്യൻ റെയിൽവേ കെടുകാര്യസ്‌ഥതയിലും അഴിമതിയിലും പണ്ട്‌ തന്നെ കുപ്രസിദ്ധമാണ്‌. യാത്രക്കാരുടെ സുരക്ഷ പ്രത്യേകിച്ച്‌ സ്‌ത്രീയാത്രക്കാരുമായി ബന്ധപ്പെട്ട്‌ റെയിൽവേയുടെ നിരുത്തരവാദിത്വത്തിനും ഉദാസീനതക്കും ഏറ്റവും വലിയ തെളിവാണ്‌ മലയാള മനസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ ദുരന്തത്തിന്‌ ഇരയായിത്തീരേണ്ടിവന്ന സൗമ്യ എന്നയുവതിയിലൂടെ നമുക്ക്‌ ലഭിക്കുന്ന ചിത്രം.

പണം കൊടുത്ത്‌ യാത്രചെയ്യുന്നവരെ ലക്ഷ്യസ്‌ഥാനത്ത്‌ സുരക്ഷിതമായി എത്തിക്കുക എന്നത്‌ റെയിൽവേയുടെ ഉത്തരവാദിത്വമാകുന്നു. എന്നാൽ ഇന്ന്‌ ട്രെയിൻ യാത്രചെയ്യുന്ന ഏതൊരു വ്യക്തിക്കും കാണാവുന്നകാഴ്‌ച റെയിൽവേയുടെ പിടിപ്പ്‌കേട്‌ വ്യക്തമാക്കുന്നതാണ്‌. പ്‌ളാറ്റ്‌ഫോമുകളിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെ അലയുന്ന നാടോടികളും അല്ലാത്തവരും, പരസ്യമായി മദ്യപിക്കുകയും മയക്കുമരുന്ന്‌ ഉപയോഗിക്കുകയും ചെയ്യുന്നു. പോക്കറ്റടിക്കാർക്കും പിടിച്ച്‌ പറിക്കാർക്കും സർവ്വവിധസ്വാതന്ത്ര്യവുമനുഭവിക്കാവുന്ന ഇടമായി മാറിയിരിക്കുന്നു നമ്മുടെ റെയിൽവേസ്‌റ്റേഷനുകൾ. സ്‌ത്രീകൾക്ക്‌ മാത്രമായുള്ള കംപാർട്ടുമെന്റുകൾ ശാസ്‌ത്രീയമായി സംവിധാനിച്ചെങ്കിൽ മാത്രമേ സ്‌ത്രീ കംപാർട്ടുമെന്റുകളിൽ സുരക്ഷിതമായ യാത്ര സാധ്യമാവുകയുള്ളൂ. ആയിരക്കണക്കിന്‌കോടി പ്രതിവർഷം ലാഭമുണ്ടാക്കുന്ന റെയിൽവേ യാത്രക്കാരുടെ സുരക്ഷക്കാവശ്യമായ പോലീസിനെ നൽകാത്തത്‌ അക്ഷന്തവ്യമായ കുറ്റം തന്നെയാകുന്നു.

മനുഷ്യൻ ഇന്ന്‌ ജീവിക്കുന്നത്‌ കാർഷികയുഗത്തിലോ വ്യവസായ യുഗത്തിലോ അല്ല. വിവരയുഗവും പിന്നിട്ട്‌ ഡിജിറ്റൽ യുഗത്തിലാകുന്നു. ഈ യുഗത്തിന്റെ പ്രത്യേകത എന്ന്‌ പറയുന്നത്‌ തൊഴിലിന്‌ കൃത്യമായ ഒരു സമയം നിർണ്ണയിക്കാനാവില്ല എന്നതാണ്‌. ആഗോളവൽക്കരണഫലമായി ബി.പി.ഒ. കെ.പി.ഒ. മേഖലകളിൽ ലക്ഷക്കണക്കിന്‌ തൊഴിലവസരങ്ങളാണ്‌ ഓരോ വർഷവുമുണ്ടാകുന്നത്‌. ഇതിൽ കൂടുതലും രാത്രിഷിഫ്‌റ്റുകളിൽ മാത്രം ചെയ്യേണ്ടതുമാകുന്നു. സോഫ്‌റ്റ്‌ സ്‌കില്ലുകൾക്ക്‌ പ്രാധാന്യം നൽകുന്ന ഇത്തരം ജോലികളിൽ കൂടുതലായി സ്‌ത്രീകൾ നിയമിക്കപ്പെടുന്നു. അതിനാൽ ജോലിക്ക്‌ പോകുമ്പോഴും വരുമ്പോഴുമുള്ള സ്‌ത്രീകളുടെ യാത്രാ സുരക്ഷിതത്വം വളരെ പ്രധാനപ്പെട്ടതാകുന്നു.

ഇന്ത്യയിൽ മെട്രോ സിറ്റികളിലടക്കം യാത്രക്കാർ പ്രത്യേകിച്ച്‌ സ്‌ത്രീ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത്‌ ട്രെയിനാണ്‌. കുറഞ്ഞ യാത്രാക്കൂലിയും സുഖകരമായ യാത്രയും ട്രെയിൻ യാത്രയെ ആകർഷകമാക്കുന്നു. എന്നാൽ കഴിഞ്ഞ അഞ്ച്‌ വർഷത്തെ കണക്കുകൾ പ്രകാരം ആയിരക്കണക്കിന്‌ ആക്രമണങ്ങൾ സ്‌ത്രീകൾക്കു നേരെയുണ്ടായിരിക്കുന്നു. കേരളത്തിൽ തന്നെ ട്രെയിൻ യാത്രയിൽ മോഷണശ്രമത്തിനിടെ ഒരു കന്യാസ്‌ത്രീക്ക്‌ നേരെ ആക്രമണമുണ്ടാവുകയും അവരുടെ കൈകാലുകൾ നഷ്‌ടമാവുകയും ചെയ്‌തത്‌ ഈ അടുത്തകാലത്താണ്‌.

ട്രെയിൻ യാത്രക്കിടെ അപകടം പറ്റുന്നവർക്ക്‌ മതിയായ നഷ്‌ടപരിഹാരം നൽകാതിരിക്കാൻ സാങ്കേതികതകളുടെ നൂലാമാലകളിൽ അഭയം തൂങ്ങുന്ന ഒരു സമീപനമാണ്‌ റെയിൽവേ പതിവായി സ്വീകരിച്ചു പോരുന്നത്‌. സൗമ്യയുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. എന്നാൽ സംഭവം വിവാദമായപ്പോൾ തുച്ഛമായ തുക പ്രഖ്യാപിച്ച്‌ റെയിൽവേ തടിതപ്പി. സൗമ്യയുടെ കുടുംബത്തിന്‌ മതിയായ നഷ്‌ടപരിഹാരം നൽകുക എന്നത്‌ റെയിൽവേ അവരോട്‌ ചെയ്യുന്ന ഏറ്റവും കുറഞ്ഞ നീതിയായിരിക്കും. മാത്രമല്ല പ്‌ളാറ്റ്‌ ഫോമുകളിലും ട്രെയിൻ യാത്രയിലും യാത്രക്കാർക്ക്‌ മതിയായ സുരക്ഷിതത്വം ഏർപ്പെടുത്തുന്നതോടൊപ്പം റെയിൽവേയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതപകടങ്ങളിലും യാത്രക്കാർക്ക്‌ മതിയായ നഷ്‌ടപരിഹാരം നൽകാൻ റെയിൽവേ സുരക്ഷ ആക്‌ടിൽ മതിയായ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന്‌ ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു.

സൗമ്യയുടെ ദാരുണമായ മരണം റെയിൽവേ പോലീസിന്റെ ഗുരുതരമായ സുരക്ഷാവീഴ്‌ചയിൽ നിന്നുമുണ്ടായതാണെന്ന്‌ നമുക്ക്‌ കാണാം. സൗമ്യയെ അരുംകൊല ചെയ്‌ത ഗോവിന്ദസ്വാമി എന്ന ഒറ്റക്കയ്യൻ സേലം, ചെന്നൈ, കോയമ്പത്തൂർ എന്നീ റെയിൽവേ സ്‌റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, സ്‌ത്രീകളെ ആക്രമിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്‌. മാത്രമല്ല ആറ്‌ കേസുകളിൽ വാറണ്ടുള്ള ഈ പ്രതി പാലക്കാട്‌, ഷോർണ്ണൂർ സ്‌റ്റേഷനുകളിലായി വിലസി നടക്കുകയായിരുന്നു. നിരവധി കേസുകളിൽ വാറണ്ടുള്ള ഒറ്റക്കയ്യനായ ഈ പ്രതിയെ പിടികൂടാനായില്ല എന്നത്‌ അത്യാധുനിക കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളുള്ള ഇന്ത്യൻ റെയിൽവേക്ക്‌ തികച്ചും അപമാനമാകുന്നു. ഇങ്ങനെ ആയിരിക്കണക്കിന്‌ ഗോവിന്ദച്ചാമിമാർ സ്വൈരവിഹാരം ചെയ്യുന്ന റെയിൽവേ സ്‌റ്റേഷനുകളിലാണ്‌ നമ്മുടെ അമ്മപെങ്ങൻമാരടക്കുള്ള സ്‌ത്രീകളും കുട്ടികളും രാപകൽഭേദമന്യേ യാത്ര ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

കേരളം ഇന്ന്‌ അന്യസംസ്‌ഥാനക്കാരുടെ ഒരു കുടിയേറ്റ കേന്ദ്രമായി മാറിയിരിക്കുന്നു. ആകർഷകമായ വേതന നിരക്കുകളും വേഗതയേറിയ നഗരവൽക്കരണവും മൂലം പതിനായിരക്കണക്കിന്‌ അന്യസംസ്‌ഥാനക്കാരാണ്‌ കേരളത്തിലേക്ക്‌ ദിനംപ്രതി ഒഴുകിക്കൊണ്ടിരിക്കുന്നത്‌. അന്യസംസ്‌ഥാനക്കാരുടെ ഈ കടന്നുകയറ്റം കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിൽ ഒട്ടനവധി മാറ്റങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌. ട്രെയിൻ യാത്രക്കാരിൽ നല്ലൊരു പങ്കുള്ള ഇവരിൽ പലരും ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലെ പല ക്രിമിനൽ സ്വഭാവങ്ങളും പ്രകടിപ്പിക്കുന്നവരാണ്‌. ട്രെയിനുകളിൽ ഇനിയുള്ള കാലങ്ങളിൽ ആക്രമണങ്ങളും മോഷണങ്ങളും ക്രമാതീതമായി വർദ്ധിക്കാൻ പല സാഹചര്യങ്ങളും ഇതുവഴി സൃഷ്‌ടിക്കപ്പെടുന്നതിനാൽ ട്രെയിൻയാത്രയിലെ സുരക്ഷാകാര്യത്തിൽ കേന്ദ്ര-സംസ്‌ഥാന ഗവൺമെന്റുകൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌.

ഏതൊരു മേഖലയിലും സ്‌ത്രീ പുരുഷസമത്വത്തിന്‌ നിയമനിർമ്മാണം നടത്തുന്ന ഗവൺമെന്റുകളാണ്‌ ലോകത്തെല്ലായിടത്തുമുള്ളത്‌. അതിനാൽ സ്‌ത്രീ എന്നത്‌ പൊതു സമൂഹത്തിൽ സജീവ സാന്നിധ്യമായ ഈ കാലഘട്ടത്തിൽ തൊഴിലിടങ്ങളിലെന്നപോലെ യാത്രയിലെയും സുരക്ഷിതത്ത്വം തികച്ചും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ ഇവിടെ ചേർത്ത പ്രമുഖരുടെ പ്രതികരണങ്ങൾ ഇത്തരുണത്തിൽ ശ്രദ്ധേയമാകുന്നു.

കടപ്പാട്‌ – മൂല്യശ്രുതി

Generated from archived content: essay1_may2_11.html Author: faisal_thiruvambadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English