ഇന്റർവ്യൂ

ഗൾഫിലെ ആദ്യ ഇന്റർവ്യൂ കഴിഞ്ഞ്‌ ദേരയിലെ ഫ്ലാറ്റിലെത്തുമ്പോൾ റൂമിലെ ആരും ജോലി കഴിഞ്ഞു എത്തിയിട്ടില്ല. മൂന്ന്‌ നിലകളുള്ള കട്ടിലിലെ രണ്ടാം നിലയിലേക്ക്‌ കയറുമ്പോൾ നാട്ടിലെ രണ്ടാം ക്ലാസ്സ്‌ ട്രെയിനിലെ ബർത്ത്‌ ഉറക്കമാണ്‌ മനസ്സിലോടികേറിയത്‌. വിൻഡോ എസിയുടെ മുരൾഛകേട്ട്‌ മലർന്നുകിടക്കുമ്പോളും മനസ്സിലെ അമ്പരപ്പു മാറിയിരുന്നില്ല. നാട്ടിലെ പേരുകേട്ട കോളേജിൽ നിന്നും മാർക്കറ്റിങ്ങിൽ എം ബി എ കഴിഞ്ഞിറങ്ങുമ്പോൾ ഗൾഫായിരുന്നു മനസ്സുനിറയെ. ഒരു ഫ്ലാഷ്‌ ബാക്ക്‌ പോലെ കുട്ടിക്കാലത്തെ ചില കച്ചോടക്കാരുടെ ഓർമകളിലേക്ക്‌ ഈ ഇന്റർവ്യൂ നിമിത്തമാവുമെന്ന്‌ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

അലുമിനിയം കാൻ തലയിൽ വച്ച്‌ എണ്ണയുമായി വരുന്ന മുരളിയേട്ടന്റെ രൂപമാണ്‌ ആദ്യം മനസ്സിൽ. എണ്ണ അളക്കാൻ മൂപ്പർക്ക്‌ പ്രത്യേക തരം ഒരു അളവു പാത്രം ഉണ്ട്‌. മുരളിയേട്ടൻ ആളൊരു പഞ്ചാരയാണ്‌. വീടുകളുടെ പുറകുവശത്തുകൂടി മാത്രമേ പുള്ളി വരൂ. തൊട്ട വീട്ടിലെ ശാരദേച്ചിക്ക്‌ അളവിലും കുറച്ച്‌ കൂടുതൽ കൊടുക്കും, അവിടെ എത്തിയാൽ പുള്ളി സ്ഥിരം പാട്ടായ “കണ്ണിലാലെന്റെ കരളിലുരുളിയിൽ എണ്ണ കാച്ചിയ നൊമ്പരം” എന്നു മൂളാതെ പോകില്ല. ശാരദേച്ചിയെ എപ്പോഴും കാച്ചിയ എണ്ണയുടെ മണമാണ്‌. എന്തായാലും ഒരു ദിവസം മുരളിയേട്ടൻ ശാരദേച്ചിയുമായി മുങ്ങി.

ബാലേട്ടന്റെ ഹോട്ടൽ ആണ്‌ രണ്ടാമത്‌ മനസ്സിൽ തെളിഞ്ഞത്‌. ബാലേട്ടന്റെ കടയിലെ മുളങ്കുറ്റിയിൽഉണ്ടാക്കുന്ന പുട്ടും, അതിന്റെ കൂടെയുള്ള കടലക്കറിയുടെയും രുചി പിന്നീട്‌ കഴിച്ച ഒരു പഞ്ചനക്ഷത്ര ഭക്ഷണത്തിനും കിട്ടിയിട്ടില്ല. ബാലേട്ടന്റെ കട ഓർക്കുമ്പോൾ രസകരമായ ഒരു സംഭവമാണ്‌ ഓർമ വരുന്നത്‌. ഈ ചേട്ടന്റെ തൊട്ടടുത്ത സ്‌കൂളിലാണ്‌ അഞ്ചാം ക്ലാസ്സിൽ ഇക്ക പഠിച്ചിരുന്നത്‌. വെല്ലിമ്മാടെ പുന്നാര പേരക്കുട്ടിയായിരുന്നു മൂപ്പർ, ഒരു നോമ്പു കാലത്ത്‌ ഇക്ക എല്ലാ നോമ്പും എടുത്തുനോമ്പു തുറക്കുന്ന സമയമായാൽ വെല്ലിമ്മാ പേരക്കുട്ടിയെ സൽക്കരിക്കുന്ന ബഹളമാവും, മുട്ടമാല, ഇറച്ചിപ്പത്തിരി പിന്നെ ഇക്കാക്കാക്ക്‌ ഇഷ്‌ട്ടപ്പെട്ട ഉന്നക്കായ തുടങ്ങിയ വിഭവങ്ങൾ നിരത്തി ഉമ്മാട്‌ മോന്‌ എല്ലാം പെട്ടന്ന്‌ വിളമ്പികൊടുക്കാൻ പറയും. ഏല്ലാവരും ഇക്കാടെ നോമ്പിനെ വലിയ സംഭവമാക്കി. വലിയ ക്ഷീണമൊന്നും ഇല്ലല്ലൊ എന്നു പറയും. അങ്ങനെ 30 നോമ്പും ഇക്കാ എടുത്തു. വെല്ലിമ്മായാണെങ്കിൽ എല്ലാവരോടും 30 നോമ്പെടുത്ത പേരക്കുട്ടിയുടെ മജ പറയും. പെരുന്നാളൊക്കെകഴിഞ്ഞ്‌ ഒരു ദിവസം ബാലേട്ടൻ ഉപ്പാനെ കാണാൻ വരുന്നതു കണ്ടു, ബാലേട്ടനെ കണ്ടപ്പൊഴെ ഇക്ക വലിഞ്ഞു. പുള്ളിക്കാരൻ ഉപ്പാക്ക്‌ ഒരു ബില്ല്‌ കൊടുത്ത്‌ പറഞ്ഞു “മാപ്പളെ ഇതു മോൻ നോമ്പു സമയത്തു 30 ദിവസം ഭക്ഷണം കഴിച്ച ബില്ലാണ്‌ മാപ്പള പറഞ്ഞിട്ടാണെന്നാണ്‌ പറഞ്ഞത്‌. ഉപ്പ ഒന്നും പറയാതെ പൈസ കൊടുത്ത്‌ ബാലേട്ടനെ പറഞ്ഞു വിട്ടു. വെല്ലിമ്മയാണെങ്കിൽ ആകെ ഇളിഞ്ഞു ഇരിക്കുന്നു. ഇക്കാക്കാടെ പൊടി പോലും കുറെ സമയത്തിന്‌ കണ്ടില്ല.

പിന്നെ മനസ്സിൽ തെളിഞ്ഞു വന്ന രൂപം കോഴിക്കാരനായിരുന്നു. വലിയ കൊട്ടയിൽ നല്ല നാടൻ കോഴികളെയുമായി വരുന്ന അയാളുടെ രൂപം ഒരു കാലത്തും മറക്കാൻ സാധിക്കില്ല. അയാളുടെ കോഴി കൊട്ടയിൽ കുറെ കോഴികൾ ഉണ്ടാവും. കുട്ട കയറുകൊണ്ട്‌ പല കള്ളികളാക്കി കെട്ടിവച്ചിരിക്കും. നടുവിലെ കെട്ടഴിച്ചാൽ കോഴികളെ ഒന്നൊന്നായി കൊട്ടയിൽ നിന്നെടുക്കാം. അധികം സംസാരിക്കാത്ത അയാളുടെ കോഴികൾക്ക്‌ നല്ല ഡിമാൻഡാണ്‌. ഒരു ദിവസം കോഴിയുമായി വന്ന അയാൾ ചില്ലറ മാറാൻ തൊട്ടടുത്ത കടയിലേക്ക്‌ പോയപ്പോൾ ഞാൻ ആ കൊട്ടയുടെ കയർ അഴിച്ചു വിട്ടു. അതിലുണ്ടായിരുന്ന എല്ലാ കോഴികളും കരഞ്ഞു കൊണ്ട്‌ നാനാഭാഗത്തേക്കും ഓടി. തിരിച്ചു വന്ന അയാൾ കാലിക്കൊട്ട കണ്ട്‌ വല്ലാതായി ഒരു വിധം കോഴികളെ തിരഞ്ഞു പിടിച്ച്‌ കുട്ടയിലാക്കി. എന്നെ ദേഷ്യത്തോടെ നോക്കി എന്തല്ലാമോ പിറുപിറുത്ത്‌ അവിടെ നിന്നും പോയി.

നാളെയാണ്‌ ഇന്റർവ്യൂ. ഗൾഫിലെ ആദ്യത്തെതാണ്‌. മലയാളിയാണ്‌ ഓണർ ഇവിടുത്തെ തരക്കേടില്ലാത്ത കമ്പനിയാണത്രെ. ഇന്റർനെറ്റിൽ നിന്നും ഇന്റർവ്യൂ ടെക്നിക്സ്‌ ഉള്ള സൈറ്റുകളിൽ മുങ്ങിത്താണു. പല സൈറ്റുകളിൽ നിന്നും ആവശ്യമുള്ളത്‌ ഡൗൺലോഡ്‌ ചെയ്തു. തകൃതിയായ തയ്യാറെടുപ്പ്‌ തന്നെ നടത്തി. രാത്രി ഉറക്കം വരാൻ താമസിച്ചു. രാവിലെ പെട്ടെന്നു തന്നെ റെഡിയായി. റൂമിലുള്ള ഒരു ഇക്ക ഓഫിസിലേക്ക്‌ പോകുന്ന വഴിയിൽ ഇന്റർവ്യൂ ഉള്ള ഓഫിസിന്റെ അടുത്ത്‌ വിട്ടുതന്നു. മൂന്നു നിലകളുള്ള വലിയ കമ്പനി ഓഫിസിന്റെ റിസപ്‌ഷനിൽ പേർ പറഞ്ഞപ്പോൾ മൂന്നാം നിലയിലെ എം ഡി യുടെ മുറിയിൽ ചെല്ലാൻ പറഞ്ഞു. ലിഫ്‌റ്റിലെ കണ്ണാടിയിൽ നോക്കി ടൈ ഒന്നു കൂടി മുറുക്കി. മൂന്നാം നിലയിലെ നന്നായി അലങ്കരിച്ച ലോഞ്ചിൽ എത്തിയപ്പോൾ അവിടെ നിന്നിരുന്ന അറ്റൻഡർ അവിടെ ഇട്ടിരുന്ന സോഫയിൽ ഇരിക്കാൻ പറഞ്ഞു എങ്ങോട്ടോ പോയി. മിനിയാന്ന്‌ ഇന്റർവ്യൂനുള്ള വിവരം അറിയിച്ച സെക്രട്ടറി പറഞ്ഞിരുന്നു എം ഡി യും മാർക്കറ്റിംഗ്‌ മാനേജരും കൂടിയാണ്‌ ഇന്റർവ്യൂ ചെയ്യുന്നതെന്ന്‌. കുറച്ച്‌ സമയം കഴിഞ്ഞപ്പോൾ സെക്രട്ടറിയെ പോലെ തോന്നിച്ച ഫിലിപ്പിനി വന്ന്‌ എം ഡി യുടെ റൂമിൽ ചെല്ലാൻ പറഞ്ഞു. ഇന്നലത്തെ ഇന്റർവ്യൂ ടെക്നിക്സ്‌ മനസ്സിൽ ഉറപ്പിച്ച്‌ റൂമിൽ കയറിയ ഞാൻ അവിടെ എം ഡി യുടെ സീറ്റിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ ശരിക്കും ഞെട്ടി. അതയാളായിരുന്നു….. ആ പഴയ കോഴിക്കാരൻ…… കുറച്ചു പ്രായം തോന്നുമെങ്കിലും ആകെയുള്ള മാറ്റം ചെളി പിടിച്ച ഷർട്ടിനു പകരം സ്യൂട്ടും കോട്ടും ഇട്ടിരിക്കുന്നു. കൂടെയുള്ള മാർക്കറ്റിംഗ്‌ മാനേജരുടെ ചോദ്യങ്ങൾക്ക്‌ എന്തൊക്കെയോ പറഞ്ഞൊപ്പിച്ച്‌ ശീതീകരിച്ച മുറിയിൽ നിന്നും നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുമായി ഇറങ്ങിയോടുമ്പോൾ എനിക്ക്‌ ചുറ്റും പൂവൻ കോഴികളുടെ കരച്ചിൽ ഉയർന്നു കേൾക്കാമായിരുന്നു.

എം.ബി.എ കാരന്റെ ഗുണപാഠം;

1. കമ്പിനിയോടൊപ്പം കസ്റ്റമറുമായും മുങ്ങാം.

2. കിട്ടുമെന്ന്‌ ഉറപ്പുള്ള ക്യാഷ്‌ ബില്ല്‌ ഒരുമാസമായാലും ഒരുവർഷമായാലും ഒന്നിച്ചും കൊടുക്കാം.

3. വ്യവസായ സാമ്രാജ്യം കെട്ടിപ്പടുക്കാൻ എം ബി എ വേണ്ട ”എൽ പി“ – ലോക പരിചയം മതി.

Generated from archived content: story1_sep23_10.html Author: faisal_ilayadath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here