ആലിക്കാക്ക, മൊയ്ദക്ക, അദ്രാന്മാക്ക, മൂന്നാളും ഭയങ്കര ചർച്ചയിലും ഉഷാറിലുമാണ്. മൊയ്ദക്ക കൈയിലെ ഖാജാ ബീഡി പാക്കറ്റ് കാലിയാക്കാനുള്ള മത്സരത്തിലാണ്. കല്യാണം തീരുമാനിച്ചിരിക്കുന്നു. പടിയത്ത് തറവാട്ടിലെ രണ്ടാം തലമുറയിലെ ആദ്യത്തെ കല്യാണമാണ്. അടിച്ചു പൊളിക്കണം, എല്ലാ പൗറും പത്രാസും കാണിക്കണം. ഞാനാണെങ്കിൽ പെരുത്ത് ഉഷാറിലും, ഇക്കാക്കാടെ കല്യാണത്തിനു ഈ കൊച്ചനുജനും ഒന്നു വിലസണം. ആലിക്കാക്കാണ് ഭക്ഷണം ഏർപ്പാടാക്കാനുള്ള നറുക്ക് വീണത്. അദ്രാന്മാക്കാക്ക് പന്തലിന്റെയും മറ്റു അനാദി കാര്യങ്ങളുടെയും ചുമലതയാണു വിധിച്ചത്. അദ്രാന്മാക്ക പെരുത്ത് സന്തോഷതിലാണ്. അനാദികാര്യങ്ങളിൽ എന്തെങ്കിലും തടയും. മൊയ്ദക്ക പതിവു തെറ്റിച്ചില്ല. മൂപ്പരാണു ഏരിയയിലെ മിക്ക വീട്ടിലെയും കല്യാണം വിളിക്കാൻ പോകുന്നയാൾ. അള്ളാ മൊയ്ദക്കടെ മോന്ത കണ്ടാൽ കല്യാണം മൊത്തം മൂപ്പരുടെ തലയിലാണെന്നു തോന്നും. ഞാനും മൊയ്ദക്കയും ഭയങ്കര സ്നേഹത്തിലാണ്, കീരിയും പാമ്പും പോലെ. പെണ്ണുങ്ങളുടെയും അടുക്കള ഭാഗത്തിന്റെയും മൊത്തം ചുമലത ആമിനു വെല്ലിമ്മാക്കാണ്. ആമിനു വെല്ലിമ്മ തറവാട്ടിലെ ഞങ്ങളുടെയെല്ലാം വെല്ലിമ്മയാണ്. കുട്ടിക്കാലത്ത് എന്നെ എടുത്ത് കൊണ്ടു നടന്നതും, കഥകളും നാട്ടിലെ പഴയ കാര്യങ്ങളും വിശേഷങ്ങളും എനിക്കു പറഞ്ഞു തന്നിരുന്നതും ഈ വെല്ലിമ്മയാണ്. വെല്ലിമ്മാക്ക് ഞാൻ സ്വന്തം മോനാണ്. ഭൂലോക ചട്ടബ്ബിയായിരുന്ന എന്നെ എന്തു ചെയ്താലും പിന്താങ്ങാൻ വെല്ലിമ്മയുണ്ടാവും. രക്തബന്ധമൊന്നുമില്ലെങ്കിലും അതിനെക്കാളധികം എന്തോ ഒന്ന് എന്നെയും അവരുമായി അടുപ്പിച്ചിരുന്നു. ഉമ്മ അവരെ കുറിച്ച് പറഞ്ഞു തന്നത് വല്ലപ്പോഴും ഓർക്കും. 36 വയസ്സുണ്ടായിരുന്ന ആമിനു വെല്ലിമ്മാടെ മോൻ ബാംഗ്ലൂരിൽ ജോലി ചെയ്യുമ്പോൾ പെട്ടന്നു മരിച്ചു. ഒരെയൊരു മോൻ മരിച്ചതറിഞ്ഞപ്പോൾ വെല്ലിമ്മാടെ സകല നിയന്ത്രണവും തെറ്റി ശരിക്കും ഭ്രാന്തിയായി. ഈ സമയത്ത് എന്നെ ഉമ്മ ആമിനു വെല്ലിമ്മാടെ കയ്യിൽ കൊടുത്തു. പിന്നെ ഞാൻ വെല്ലിമ്മാടെ സ്വന്തം മോനായി. എല്ലായിടത്തും എന്നെ കൊണ്ടു നടക്കും.
അകത്തെ കാര്യങ്ങൾ നോക്കുന്നത് പൊട്ടിത്താത്തയാണ്. വയസ്സായെങ്കിലും പൊട്ടിത്താത്തെയെകാണാൻ നല്ല ചേലാണ്. താത്ത എവിടെ നിന്നാണ് വന്നതെന്നൊന്നും ആർക്കും അറിയില്ല. ചിലർ എന്നോട് പറയാറുണ്ട് എടാ അവർ നിന്റെ വെല്ലിപ്പാന്റെ “സ്റ്റെപ്പിനിയണെന്ന്. എന്താണ് ഈ സ്റ്റെപ്പിനിയന്നത് അന്നൊന്നും പിടികിട്ടിയിരുന്നില്ല.
ഞങ്ങളുടെ സ്വന്തം വെല്ലിമ്മാക്കാണെങ്കിൽ പൊട്ടിത്താത്ത വലം കയ്യാണ്. വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നതുമുതൽ ഒരു ദിവസത്തെ വെല്ലിമ്മാടെ ഭൂരിഭാഗം കാര്യങ്ങളിൽ പൊട്ടിത്താത്തയുണ്ടാവും. വെല്ലിമ്മാടെ മുറുക്കാൻ പെട്ടി എപ്പൊഴും പൊട്ടിത്താത്താടെ കയ്യിലാവും അത് എവിടെയെങ്കിലും വച്ച് പൊട്ടിത്താത്ത മാറുന്നതു ”നോക്കി ഞാനു“ നടക്കാറുണ്ട് അതിന്റെ കള്ളറയിൽ വെല്ലിമ്മ നോട്ടുകൾ അടക്കി വച്ചിണ്ടാവു”. വല്ലപ്പോഴു“ പാലൈസും പഞ്ചാര മിഠായിയും വാങ്ങുന്നത് അതിൽ നിന്നും അടിച്ചു മാറ്റിയ പൈസയിൽ നിന്നാണ്.
മൊയ്ദക്ക കല്ല്യാണം പറയാനുള്ള ലിസ്റ്റ് തയ്യാറാക്കി. ടീം ലീഡറായ മൊയ്തക്ക മൊത്തം നാലു ടീമുണ്ടാക്കി. ഒന്ന് പടിഞ്ഞാറു ഭാഗത്ത് ഉസ്മാൻക്ക, തെക്ക് കൊയാക്ക, വടക്ക് ബാപ്പുക്ക, കിഴക്ക് മൊയ്തക്ക. പടച്ചോനേ ഞാൻ മൊയ്തക്കാടെ ടീമിൽ
ഇളം തരിയായ ഞാനാണെത്രെ കിഴക്കുള്ള എല്ലാ ബന്ധുക്കളുടെയും വീട്ടിൽ കല്യാണം ക്ഷണിക്കേണ്ടത്. രീതിയൊക്കെ മൊയ്ദക്ക പറഞ്ഞു തരും. വൈകുന്നേരം തറവാട്ടിലെ ഹാളിൽ എല്ലാവരുടെയും മുന്നിൽ വെച്ച്. മൊയ്ദക്ക എത്ര വീട്ടിൽ പറഞ്ഞു ഇനി എത്ര ബാക്കിയുണ്ട് എന്ന് കണക്കെടുക്കും. ആദ്യ ദിവസം തന്നെ മൊയ്ദക്ക എന്റെ കുറ്റം വിളമ്പി. ”അവൻ വീടുകളിലെ എല്ലാവരോടുമൊന്നും പറയുന്നില്ല“ ഉടനെ ഉപ്പാടെ ഓർഡർ വന്നു. എടാ നാളെ മുതൽ എല്ലായിടത്തും നന്നായി പറയണം. തറവാടിന്റെ മാനം കളയരുത്. രണ്ടാം ദിവസം തുടങ്ങിയത് വെളിയം കോടുനിന്നാണ്. ഓടിട്ട വലിയ ഒരു തറവാടിന്റെ ഗേറ്റിലെത്തിയപ്പോൾ മൊയ്ദക്ക പറഞ്ഞു എടാ ഇത് മൊഹമ്മദാലിക്കാടെ വീടാണ് നിന്റെ കൂട്ടുകാരുടെ വീടാണ്. നന്നായി കല്യാണം ക്ഷണിക്കണം. എന്തായാലും ഞാനും നന്നായി റഡിയായി. ഇന്നലെ കുറെ കുറ്റം പറഞ്ഞതല്ലെ ഇന്നെന്തായാലും അത് പാടില്ല. ഞാൻ വീടിന്റെ ബെല്ലടിച്ചു. വെളുത്ത് തടിച്ച ഒരു ഉമ്മ വന്ന് വാതിൽ തുറന്നു. ഞാൻ സ്വയം പരിചയപ്പെടുത്തി. ഉമ്മ എന്റെ കവിളിൽ പിടിച്ചു പറഞ്ഞു നിന്നെ വളരെ ചെറുപ്പത്തിൽ കണ്ടതാണ്. ഞാനാവട്ടെ കല്യാണം എങ്ങനെയെങ്കിലും പറയാനുള്ള ബന്ധപ്പാടിലും. ഞാൻ പതുക്കെ പറഞ്ഞു തുടങ്ങി തലേന്നു തന്നെ എല്ലാവരും വരാൻ ഉമ്മ പ്ര്യത്യേകം ഏൽപ്പിച്ചിട്ടുണ്ട് എല്ലാവരും വരണം. മൊഹമ്മദാലിക്കാട് ഉപ്പ പ്ര്യത്യേകം പറയാൻ വരുമ്പോൾ ഓർമിപ്പിച്ചിരുന്നു. ഇതു കേട്ടതും മൊയ്ദക്ക ഒന്നും പറയാതെ വണ്ടിയുടെ അടുത്തേക്ക് പെട്ടന്ന് പോയി ആ ഉമ്മാടെ മുഖത്താണെങ്കിൽ വല്ലാത്തൊരു വിഷമവും. ഞാനും അന്താളിച്ചു പോയി. പെട്ടന്ന് എന്നെ നോക്കി ആ ഉമ്മ പറഞ്ഞുഃ മോനെ മൊഹമ്മദാലിക്ക മരിച്ച് രണ്ട് വർഷമായി സാരമില്ല മോൻ അറിയാതെ പറഞ്ഞതല്ലെ. ഏന്റെ മുഖം അപ്പോൾ ആരെങ്കിലും കണ്ടാൽ എങ്ങനെയിരിക്കുമെന്നൂഹിച്ച് ചമ്മലോടെ വണ്ടിയിൽ കയറി. മൊയ്ദക്കയാണെങ്കിൽ ഇടക്കിടക്ക് എന്റെ മുഖത്തു നോക്കി ഒരു തരം ആക്കിയ ചിരിചിരിക്കും. ബാക്കി സ്‌ഥലത്തൊക്കെ ഒരു വിധം പറഞ്ഞൊപ്പിക്കുംമ്പൊഴുമെന്റെ ചിന്ത വൈകുന്നേരത്തെ സദസ്സാണ്. എന്തായാലും ഇന്നു എല്ലാവരും കൂടി എന്നെ പൊരിക്കും. സദസ്സിന്റെ ഒരു മൂലയിലിരുന്ന എന്നെ നോക്കി എല്ലാവരും ഒരു തരം കള്ളച്ചിരി. സദസ്സ് തുടങ്ങി പല കാര്യങ്ങളും ചർച്ച ചെയ്തു. ഞാൻ സമാധാനിച്ചു ചിലപ്പോ മൊയ്ദക്ക പറഞ്ഞിട്ടുണ്ടാവില്ല. പെട്ടന്നാണ് അമ്മായിയുടെ മോൻ അഷറഫ്‌ക്ക മരിച്ച ആളോട് കല്ല്യാണം പറഞ്ഞ വിരുതനോട് മുന്നിൽ വരാൻ പറഞ്ഞു. എല്ലാവരും ഉറക്കെ ചിരിക്കുന്നതു മാത്രമേ എന്റെ ചെവിയിൽ കേട്ടുള്ളു. മൊയ്ദക്കാടെ മുഖത്തേക്ക് തറപ്പിച്ചു നോക്കി ഞാൻ അവിടെ നിന്നും തടി തപ്പി.
അന്നു മുതൽ എല്ലാവരും പ്രത്യേകിച്ച് മാമാടെ മോൾ – അവൾക്കിത്തിരി കൂടുതലാണ് കളിയാക്കൽ-പോകുംമ്പൊഴെ ചോദിക്കും ഇന്ന് മരിച്ചവരോട് പറയുന്നുണ്ടോ? ഇവൾക്ക് ഞാനൊരു പണി കൊടുക്കും എന്ന് മനസ്സിൽ കരുതി. ചെറിയ ചമ്മലോടെ ഞാൻ പോകും. അങ്ങനെ കല്ല്യാണത്തിന്ന് ഒരാഴ്‌ച ബാക്കി ദൂരെയുള്ള കുടുംബക്കാരൊക്കെ വന്നു തുടങ്ങി. ആകെ ബഹളമയം പെരുമ്പിലാവ് ചന്തയിൽ നിന്ന് ഹുസ്സൈൻക്ക ആടുക്കളെയുമായെത്തി. തലേ ദിവസമായി ഇന്ന് ആടിനെ അറക്കും. ഇറച്ചി മാറ്റിയിടാൻ വാഴയിലവെട്ടാൻ ഞാനും കൂടി. അറവുകാരുടെ ഇടയിൽ തലയിൽ തോർത്ത് കെട്ടി തുപ്പലുപ്പാപ്പുയുണ്ട്. അയാളുടെ പേരു വേറെ എന്തോ ആണത്രെ. മൂപ്പരുമായി വലിയ കമ്പിനിയൊന്നും വേണ്ട എന്ന് പറഞ്ഞു. ഇക്കാക്ക പോയി. ഇക്കാക്ക പോയപ്പോൾ തുപ്പലുപ്പാപ്പ ഞങ്ങൾ കുട്ടികളുടെ അടുത്ത് വന്ന് പറഞ്ഞു ട്രൗസർ ഇട്ട കുട്ടികൾ വാ. കരാട്ടയിലെ സൂചിക്കിരുത്തം പടിപ്പിച്ചുതരാം തുപ്പലുപ്പാപ്പ പോസ് കാണിച്ചു കുട്ടികൾക്കൊക്കെ ഹരമായി അടുത്ത വീട്ടിലെ തടിച്ചു കൊഴുത്ത ഷറഫിനെയാണ് ആദ്യം വിളിച്ചത്. എന്നിട്ട് അവന്റെ തുടയിൽ പിടിച്ച് ഉപ്പാപ്പ കാൽ പതുക്കെ അകത്തിതുടങ്ങി ശരിക്ക്, അങ്ങിനെയല്ല ഇങ്ങനെ എന്നൊക്കെ പറഞ്ഞ് പെട്ടന്നാണ് ഇക്കാക്ക അങ്ങോട്ട് വന്നത് ഇതു കണ്ട ഇക്കാക്ക ഉപ്പാപ്പാനെ ഒരുപാട് ചീത്ത വിളിച്ചു. ഞങ്ങൾ കുട്ടികൾക്കൊന്നും മനിസ്സിലായില്ല. കുറച്ച് വലുതായപ്പോഴാണ് ഉപ്പാപ്പാടെ വീര കഥകൾ അറിഞ്ഞു തുടങ്ങിയത് മൂപ്പർ നാട്ടിലെ ‘ചെക്കൻ’മാരുടെ ആളാണെത്രെ.
എല്ലായിടത്തും ബഹളമയം. കല്യാണത്തലേന്നിന്റെ ബഹളം. ബിരിയാണിക്കുള്ള ഉള്ളി നുറുക്കുന്നത് ഒരു ടീം. അറവിന്റെ അടുത്ത് വേറൊരു ടീം. ചോറു വിളംമ്പുന്ന ആൾക്കാർക്ക് മൊയ്ദക്കാടെ വക തോർത്തുമുണ്ടു വിതരണം. പെണ്ണുങ്ങളുടെ പന്തലിന്റെ ചാർജ് എല്ലാസ്‌ഥലത്തെയും പോലെ ഹംസക്ക കയ്യടക്കി. ചോർ എടുക്കുന്ന സ്‌ഥലത്ത് രണ്ടാൾ പന്തലിൽ. 10 പേർ വെള്ളം കൊടുക്കാൻ. 4 പേർ സർബത് വിതരണം. അടുത്ത വീട്ടിലെ ഷറീഫ്. അങ്ങനെ കല്യാണം അടിപൊളിയായി കഴിഞ്ഞു. കുട്ടികൾ ഷരിക്കും തകർത്തു. രണ്ടാം ദിവസം വിരുന്ന് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു. മാമാടെ മോൾ പോവുംമ്പൊൾ എന്നെ ശരിക്കൊന്ന് പിച്ചി. പെട്ടന്നാണു കയ്യിലെ ‘ബ്ലാക്ക് ബെറി മൊബൈൽ ശബ്ദമുണ്ടാക്കിയത്. അപ്പോഴാണു ഞാൻ പഴയ സ്വപ്നത്തിലായിരുന്നു എന്ന് മനസ്സിലായത്. ദുബായിൽ നിന്ന് ഒരു വിധം ലീവൊപ്പിച്ച് ഇക്കാടെ മോളെ കല്യണത്തിന് ഒരാഴ്‌ച മുന്നേ എത്തിയത് നഷ്ടപ്പെട്ട് ആ പഴയക്കാലം എന്റെ കുട്ടികളിലൂടെ കാണാനാണ്. എന്റെ കല്യാണമാണെങ്കിൽ നാട്ടുകാരുടെ ഭാഷയിൽ തിരുവനന്തപുരത്തു നിന്നും പട്ടത്തി പെണ്ണിനെ അടിച്ചു മാറ്റിയതിലൂടെ കഴിഞ്ഞു. മക്കളാണെങ്കിൽ കല്യാണത്തിനൊന്നും വലിയ താൽപ്പര്യമില്ലാതെ-മോൻ കയ്യിൽ വീഡിയൊ ഗെയിം പിടിച്ചു നടക്കുന്നു. മോളാണെങ്കിൽ ആരോടും വലിയ അടുപ്പമൊന്നുമില്ലാതെ ഒരു സ്‌ഥലത്ത് ചടഞ്ഞു ഇരിക്കുന്നു. ഇക്കാക്കയണെങ്കിൽ ഏത് സമയത്തും മൊബൈൽ ഫോണിൽ. മൂപ്പർ മുക്കാൽ ഭാഗം കല്യാണം ക്ഷണിച്ചത് മൊബ്ലിലാണത്രെ. എനിക്കാണെങ്കിൽ ഒരു തരം വല്ലായ്മയാണ് തോന്നിയത്. പഴയതെല്ലാം നഷ്‌ടപ്പെട്ടിരിക്കുന്നു. നാലഞ്ചു ദിവസം എങ്ങിനെയൊക്കെയോ തള്ളിനീക്കി. കല്യാണത്തലേന്ന് പ്രൊഫെഷണൽ ഗാനമേള. എല്ലാവരും വന്നു പെട്ടെന്നു തന്നെ പോകുന്നു. ഒരുതരം നാടകീയത. ഭക്ഷണ കാര്യങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ ഇക്കാക്ക ഒരു ചിരിയൊടെ പറഞ്ഞു; എടാ പഴയ കാലമൊന്നുമല്ല എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്. പറഞ്ഞു തീർന്നില്ല ഒരു മിനി വാൻ വന്നു നിന്നത് പെട്ടന്നായിരുന്നു. യൂണിഫോമിട്ട കുറെ യുവ കോമളന്മാർ, ഇവരാണ് ഭക്ഷണം വിളമ്പുന്നവർ, അടുത്ത വാനിൽ ഭക്ഷണം ഉണ്ടാക്കുന്നവർ എല്ലാവരും കോളേജിലോ മറ്റു ജോലിയൊ ചെയ്യുന്നു. ഇതു വെറും പാർടൈം. ഞനാലൊചിച്ചു പണ്ട് ഇതൊക്കെ അയൽകാരുടെയും കുടുംബകാരുടെയും ബാധ്യതയായിരുന്നു. ഒരു കാര്യം മനസ്സിലായി പ്രവാസത്തിനിടയിൽ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഏന്തോ ആലോചിച്ച് വെല്ലിപ്പാടെ ചാരു കസേരയിൽ ഇരിക്കുമ്പോൾ മൊബൈൽ വീണ്ടും കുലുകുലാ ബെല്ലടിച്ചു. ഇസ്മായീലാണ് ചെറുപ്പത്തിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ. അമ്മായിടെ മോൻ എന്നതിനേക്കാളും കൂട്ടുകാരൻ എന്ന വിശേഷണമാണ് ഉചിതം. 22 വയസ്സിലേ അവന്റെ കല്യാണം കഴിഞ്ഞു. 12 കിലോമീറ്റർ ദൂരത്ത് താമസിക്കുന്നു. ഫോണിന്റെ ആക്സപ്‌റ്റ് ബട്ടണിൽ അമർത്തിയപ്പോൾ അവന്റെ ഉച്ചത്തിലുള്ള ശബ്ദം എടാ നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണു വിളിച്ചത്. അടുത്ത ആഴ്‌ച മോളുടെ കല്യാണമാണ്. നിന്റെ ജീമൈലിൽ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. നേരിൽ പറയാൻ സമയമില്ല. എല്ലാവരും വരണം. എല്ലാം മൂളിക്കേട്ട് ഞാൻ ഫോൺ വെച്ചതും ബ്ലാക്ക് ബെറിയിലെ മൈൽബോക്സിൽ ക്ഷണക്കത്തിന്റെ രൂപം. തുറിച്ചു നോക്കിയപ്പോൾ അതെന്നെ നോക്കി ആ പഴയ ചിരി ചിരിച്ചോ…. മരിച്ച ആളോട് കല്യാണം പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ച അതേ ചിരി.
Generated from archived content: story1_apr30_10.html Author: faisal_ilayadath
Click this button or press Ctrl+G to toggle between Malayalam and English