കടിഞ്ഞാണുകൾ

ഗദ്യ കവിത

മനസ്സിലെ ഇഷ്ടങ്ങൾക്കെന്നും കടിഞ്ഞാണുകളുണ്ടായിരുന്നു.
സ്‌കൂളിലെ മുന്നിലെ ബെഞ്ചിലിരുന്ന പാവാടക്കാരിയോട്‌…………
അവൾക്കും ഇഷ്ടമായിരുന്നു……പക്ഷേ അവിടെയും ചില കടിഞ്ഞാണുകളുണ്ടായിരുന്നു.
വഴിവക്കിൽ സ്‌ഥിരം കാണുന്ന ഒരു ചേച്ചിയോട്‌- പക്ഷേ അവിടെ പ്രായത്തിന്റെ കടിഞ്ഞാണുകളുണ്ടായിരുന്നു.
ഗൾഫുകാരനായ കൂട്ടുകാരന്റെ ബൈക്ക്‌ എന്നും മോഹമായിരുന്നു, അവിടെ പക്ഷെ രൂപയുടെ കടിഞ്ഞാണുകളുണ്ടായിരുന്നു.
യൗവ്വനം ഉറഞ്ഞു തുള്ളുന്ന പ്രായത്തിൽ മോഹങ്ങളെ ത്രസിപ്പിക്കുന്ന ഒരു പാട്‌ വളകിലുക്കങ്ങൾകിടയിലെ ജോലി, അവിടെ പക്ഷെ ഒരു ജ്യേഷ്ട്ന്റെ ഉപദേശത്തിന്റെ കടിഞ്ഞാണുകളുണ്ടായിരുന്നു.
ചില സ്‌ഥലത്ത്‌, ചില നേരങ്ങളിൽ, മതത്തിന്റെ, സ്നേഹത്തിന്റെ, ബന്ധങ്ങളുടെ കടിഞ്ഞാണുകളുണ്ടായിരുന്നു.
അടുത്ത വീട്ടിലെ കളിക്കൂട്ടുകാരന്റെ ഗൾഫ്‌ കളിപ്പാട്ടങ്ങളോട്‌ എന്നും ഒരു തരം വല്ലാത്ത മോഹമുണ്ടായിരുന്നു.
പക്ഷേ അവിടെ ഗൾഫുകാരനല്ലാത്ത ഒരച്ചന്റെ സ്നേഹത്തിന്റെ കടിഞ്ഞാണുകളുണ്ടായിരുന്നു.
ഒരുപാട്‌ ഇഷ്‌ടട്ടപ്പെട്ടിരുന്ന രണ്ട്‌ ഹ്ര്യദയങ്ങൾക്ക്‌ വ്യത്യസ്‌ത മതത്തിന്റെ, കുടുംബ പശ്ചാത്തലത്തിന്റെ, വിലക്കിന്റെ കടിഞ്ഞാണുകളുണ്ടായിരുന്നു.
ചേർത്തലയിലെ നാടൻ കള്ളുഷാപ്പിലെ ഭക്ഷണത്തിനിടയിൽ തോമസച്ചായൻ കുടിച്ചിരുന്ന നാടൻ കള്ളിനു മനസ്സിൽ അന്തർലീനമായ ദൈവ കോപത്തിന്റെ കടിഞ്ഞാണുകളുണ്ടായിരുന്നു.
നാട്ടിലെ ഗവർമന്റ്‌ ജോലിക്ക്‌ രാഷ്‌ട്രീയത്തിന്റെ കറുത്ത കടിഞ്ഞാണുകളുണ്ടായിരുന്നു.
ഗൾഫ്‌ ജോലിക്കാകട്ടെ തൊലിനിറത്തിന്റെ, ഭാഷയുടെ വെളുത്ത കടിഞ്ഞാണുകളുണ്ടായിരുന്നു.
ചില സുഹൃദ്‌ ബന്ധങ്ങൾക്ക്‌, ഭാര്യ, കുട്ടികൾ, കുടുബം ഇവയുടെ അദൃശ്യമായ കടിഞ്ഞാണുകളുണ്ടായിരുന്നു.
ചില സ്‌ഥലത്ത്‌, ചില നേരങ്ങളിൽ, മോഹങ്ങളിൽ, സ്വപ്നങ്ങളിൽ, സ്നേഹങ്ങളിൽ, കാമങ്ങളിൽ, വിശ്വാസങ്ങളിൽ, വിജയപരാജയങ്ങളിൽ, വാക്കുകളിൽ, നോട്ടങ്ങളിൽ പലതരം കടിഞ്ഞാണുകൾ എന്നെ വരിഞ്ഞു മുറുക്കിയിരുന്നു.
പക്ഷേ കറുത്ത മുടിച്ചുരുളുകളിൽ വെള്ളിക്കീറുകൾ വരഞ്ഞു തുടങ്ങിയപ്പോൾ എനിക്കു മനസ്സിലായി പ്രായത്തിന്ന്‌ കടിഞ്ഞാണില്ലെന്ന്‌.
ഓരോ ദിവസവും പ്രായത്തിന്റെ വെള്ളിവരകൾ കൂടിവരുമ്പോൾ ഞാൻ തിരിച്ചറിഞ്ഞു മരണത്തിന്റെ കടിഞ്ഞാൺ എന്റെ കയ്യിലല്ലെന്ന്‌.

Generated from archived content: poem1_oct28_10.html Author: faisal_ilayadath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English