കവിയും കവിതയും

മലബാർ ജില്ലയിൽ പൊന്നാനിത്താലൂക്ക്‌ തൃക്കണ്ടിയൂരിൽ ശിവക്ഷേത്രത്തിന്‌ അൽപം പടിഞ്ഞാറുമാറി പൊന്നാനിപുഴയുടെ തീരത്താണ്‌ മലയാളഭാഷയുടെ പിതാവ്‌ എന്നറിയപ്പെടുന്ന എഴുത്തച്ഛൻ ജനിച്ചത്‌. ആ സ്ഥലം ഇന്ന്‌ തുഞ്ചൻപറമ്പ്‌ എന്നറിയപ്പെടുന്നു. തുഞ്ചത്തെഴുത്തച്ഛന്റെ ജീവിതകാലം ക്രി.പി.പതിനാറാം നൂറ്റാണ്ടിലാണെന്നും, പേര്‌ രാമൻ എന്നായിരുന്നുവെന്നും ബഹുഭൂരിപക്ഷ ചരിത്ര പണ്ഡിതന്മാരും വിശ്വസിക്കുന്നു. സാമാന്യവിദ്യാഭ്യാസത്തിനുശേഷം എഴുത്തച്ഛൻ ദേശസഞ്ചാരത്തിനിറങ്ങുകയും, സഞ്ചാരത്തിനിടയിൽ തമിഴിൽ പാണ്ഡിത്യവും, തെലുങ്കുഭാഷാപഠനവും നടത്തിയിരിക്കാമെന്ന്‌ കരുതുന്നു. എങ്കിലും അദ്ദേഹത്തിന്റെ ബാല്യത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും വ്യക്തമായ തെളിവുകളില്ല. രാമൻ എന്ന ജ്യേഷ്‌ഠൻ തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം തന്റെ ഗുരുനാഥനായിരുന്നുവെന്നും അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ എഴുത്തച്ഛൻ സൂചിപ്പിക്കുന്നു.

“അഗ്രജൻ മമ സതാം വിദൂഷാമഗ്രേസരൻ

മൽഗുരുനാഥനേകാന്തേവാസികളോടും

ഉൾക്കുരുന്നിങ്കൽ വാഴ്‌ക രാമനാമാചാര്യനും;

മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുളേളാരും.”

കിളിപ്പാട്ട്‌ ശൈലിയിലുളള രചനാരീതി എഴുത്തച്ഛന്‌ എവിടെനിന്നു ലഭിച്ചു എന്നത്‌ ഏറെ ചർച്ചാവിഷയമായ ഒന്നാണ്‌. കവിക്ക്‌ “അറം” പറ്റാതിരിക്കാൻ കിളിയെക്കൊണ്ട്‌ പാടിച്ചതാണെന്ന അഭിപ്രായം ആദ്യം പ്രകടിപ്പിച്ചത്‌ പി. ഗോവിന്ദപിളളയായിരുന്നു. പിന്നീട്‌ വന്നവർ അവരവരുടെ മനോധർമ്മമനുസരിച്ച്‌ ഇതിന്‌ ഉത്തരം കണ്ടെത്തുകയുണ്ടായി. തമിഴിലിൽ കിളിയെക്കൊണ്ട്‌ പാടിക്കുക എന്നരീതി പ്രചരിച്ചിരുന്നുവെന്നും ക്രി.പി.ഏഴാം ശതകത്തിൽ തിരുജ്ഞാന സംബന്ധമൂർത്തി നായനാരും ക്രി.പി. ഒൻപതാം ശതകത്തിൽ ശൈവ സമയാചാര്യനായ മാണിക്കവാചകരും ഈ രീതിയിൽ സൃഷ്‌ടികൾ നടത്തിയിരുന്നുവെന്ന്‌ ഉളളൂർ വാദിക്കുന്നു. തമിഴിൽ സാമാന്യം പാണ്ഡിത്യം നേടിയ എഴുത്തച്ഛൻ ഈ രീതി അനുകരിച്ചതായിരിക്കാമെന്നും അല്ലെങ്കിൽ സംസ്‌കൃതത്തിൽ സാലഭഞ്ജികയെ കൊണ്ട്‌ കഥ പറയിക്കുന്ന രീതിയിൽ നിന്ന്‌ ചെറിയ മാറ്റം വരുത്തി അനുകരിച്ചതായിരിക്കാനും സാധ്യതയുണ്ട്‌. എങ്ങിനെയായാലും കിളിപ്പാട്ടുകളിൽ ഭൂരിഭാഗവും അദ്ധ്യാത്‌മികവിഷയങ്ങളെ പ്രതിപാദിക്കുന്നവയാണ്‌.

അദ്ധ്യാത്‌മരാമായണം, ഭാരതം എന്നീ രണ്ടു കിളിപ്പാട്ടുകൾ മാത്രമേ സംശയരഹിതമായി എഴുത്തച്ഛന്റെ പേരിൽ അറിയപ്പെടുന്നുളളൂ. ഭാഗവതം കിളിപ്പാട്ട്‌ തുഞ്ചത്തെഴുത്തച്ഛന്റെയാകാൻ സാധ്യതയില്ലെന്നാണ്‌ പല പണ്ഡിതരുടേയും അഭിപ്രായം. എതിർവാദവും ശക്തമായിട്ടുണ്ട്‌. ദശമസ്‌കന്ധത്തിലെ കാളീയമർദ്ദനംവരെയുളള ഭാഗം എഴുത്തച്ഛന്റെയാകാമെന്ന്‌ ഉളളൂർ വിശ്വസിക്കുന്നു.

ചിറ്റൂരിൽ വച്ചായിരുന്നു തുഞ്ചത്തെഴുത്തച്ഛന്റെ സമാധി. ഇദ്ദേഹം അവസാനകാലം കഴിച്ചുകൂട്ടിയത്‌ ചിറ്റൂർ ഗുരുമഠത്തിലായിരുന്നുവെന്ന്‌ കരുതപ്പെടുന്നു. ഇന്നും ധനുമാനത്തിലെ ഉത്രം നക്ഷത്രത്തിൽ ഗുരുമഠത്തിൽവച്ച്‌ മലയാള ഭാഷാപിതാവിന്റെ ശ്രാദ്ധം ആഘോഷിക്കാറുണ്ടെത്രെ.

സുന്ദരകാണ്ഡ (രാമായണം കിളിപ്പാട്ട്‌)ത്തിലെ ഹനുമാന്റെ സീതാസന്ദർശനമാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌ഃ

സീതാസന്ദർശനം

ഉദകനിധിനടുവിൽ മരുവും ത്രികൂടാദ്രിമേ-

ലുല്ലംഘിതേബ്ധൗ പവനാത്മജന്മനാ

ജനകനരപതിവരമകൾക്കും ദശാസ്യനും

ചെമ്മേ വിറച്ചിതു വാമഭാഗം തുലോം,

ജനകനരപതിദുഹിതൃവരനു ദക്ഷാംഗവും;

ജാതനെന്നാകിൽ വരും സുഖം ദുഃഖവും.

തദനു കപികുലപതി കടന്നിതു ലങ്കയിൽ

താനതിസൂക്ഷ്മശരീരനായ്‌ രാത്രിയിൽ.

ഉദിതരവികിരണരുചി പൂണ്ടോരു ലങ്കയി-

ലൊക്കെത്തിരഞ്ഞാനൊരേടമൊഴിയാതെ.

ദശവദനമണിനിലയമായിരിക്കും മമ

ദേവിയിരിപ്പേടമെന്നോർത്തു മാരുതി

കനകമണിനികരവിരചിതപുരിയിലെങ്ങുമേ

കാണാഞ്ഞു ലങ്കാവചനമോർത്തീടിനാൻ.

ഉടമയൊടുമസുരപുരി കനിവിനൊടു ചൊല്ലിയോ-

രുദ്യാനദേശേ തിരഞ്ഞു തുടങ്ങിനാൻ.

ഉപവനവുമമൃതസമസലിലയുതവാപിയു-

മുത്തുംഗസൗധങ്ങളും ഗോപുരങ്ങളും

സഹജസുതസചിവബലപതികൾഭവനങ്ങളും

സൗവർണ്ണസാലദ്ധ്വജപതാകങ്ങളും

ദശവദനമണിഭവനശോഭ കാണുംവിധൗ

ദിക്‌പാലമന്ദിരം ദിക്കൃതമായ്‌വരും.

കനകമണിരചിതഭവനങ്ങളിലെങ്ങുമേ

കാണാഞ്ഞു പിന്നെയും നീളെ നോക്കുംവിധൗ

കുസുമചയസുരഭിയൊടു പവനനതിഗൂഢമായ്‌

കൂടെത്തടഞ്ഞു കൂട്ടിക്കൊണ്ടുപോയുടൻ

ഉപവനവുമുരുതരതരുപ്രവരങ്ങളു-

മുന്നതമായുളള ശിംശപാവൃക്ഷവും

അതിനികടമഖിലജഗദീശ്വരിതന്നെയു-

മാശുഗനാശു കാട്ടിക്കൊടുത്തീടിനാൻ

മലിനതരചികുരവസനം പൂണ്ടു ദീനയാ-

യ്മൈഥിലിതാൻ കൃശഗാത്രിയായെത്രയും

ഭയവിവശമവനിയിലുരുണ്ടും സദാ ഹൃദി

ഭർത്താവുതന്നെ നിനച്ചുനിനച്ചലം

നയനജലമനവരതമൊഴുകിയൊഴുകിപ്പതി-

നാമത്തെ രാമരാമേതി ജപിക്കയും

നിശിചരികൾനടുവിലഴലൊടു മരുവുമീശ്വരി

നിത്യസ്വരൂപിണിയെക്കണ്ടു മാരുതി.

വിടപിവരശിരസി നിബിഡച്ഛദാന്തർഗ്ഗതൻ

വിസ്മയംപൂണ്ടു മറഞ്ഞിരുന്നീടിനാൻ.

ദിവസകരകുലപതി രഘൂത്തമൻതന്നുടെ

ദേവിയാം സീതയെക്കണ്ടു കപിവരൻ.

‘കമലമകളഖിലജഗദീശ്വരിതന്നുടൽ

കണ്ടേൻ കൃതാർത്ഥോസ്മ​‍്യഹം കൃതാർത്ഥോസ്മ​‍്യഹം.

ദിവസകരകുലപതിരഘൂത്തമൻകാര്യവും

ദീനതയെന്നിയേ സാധിച്ചിതിന്നു ഞാൻ.’

Generated from archived content: seetha.html Author: ezhuthachan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English