ഉളളിൽ

അന്യരെയും അവരുൾച്ചേർന്ന സമൂഹത്തെയും നേരിടുകയെന്നതേക്കാൾ എത്രയോ ആയാസകരമാണ്‌ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം തന്നെത്തന്നെ അഭിമുഖീകരിക്കുകയെന്നത്‌. ഓരം ചേർന്നു നിന്നു നോക്കുമ്പോൾ ഒത്തിരിയൊത്തിരി നിരപ്പുകേടുകൾ, അസഹ്യത ചേർക്കുന്ന അഭംഗികൾ, അസഹ്യത ചേർക്കുന്ന അഭംഗികൾ. ഇതൊക്കെ കാൺകെ ഉറക്കനെപ്പറയാതെ വയ്യ. പറയാനോങ്ങുമ്പോൾ പലതിന്റെയും പറ്റുവേരുകൾക്കിടയിൽ തന്റെയും പാപമൂല സാന്നിധ്യം. ഈ അവസ്ഥയിൽ അമർഷപ്രകടനവും വെളിപ്പെടുത്തലും എത്രത്തോളമാകാമെന്ന തേങ്ങലും സന്ദേഹവും മിക്കയിടത്തും എഴുത്തുകാരനെ ഉൾവലിയാനും ഏറെയേറെ അന്തർമുഖനാകാനും ചിലപ്പോൾ പ്രേരിപ്പിച്ചേക്കാം.

ഇത്തരം ധർമ്മസങ്കടസങ്കീർണ്ണതകൾക്കിടയിലും ആത്മഹാരിയായ നേരുകളെ ഏറെയുറക്കെ രമ്യപരുഷസ്വരത്തിൽ വിളിച്ചു പാടാൻ കഴിയുന്നിടത്താണ്‌ കവിയുടെ വിജയം. ഈ വിജയവഴിയിലൂടെ ആവുന്നത്ര കരുത്തോടെ എയ്‌തും പെയ്‌തും നിറയാനുളള പ്രാണത്രാസങ്ങളാണ്‌ യുവകവികളായ ഷൈജു അലക്‌സ്‌, വിനോദ്‌ വിക്രമാദിത്യൻ എന്നിവർ പ്രകടിപ്പിക്കുന്നത്‌. മിന്നൽക്കൊടിയെ തനതാക്കാനുളള തത്രപ്പാടിൽ ഇല്ലാതായ പെങ്ങളും സ്വന്തം ശവക്കുഴിതോണ്ടാൻ പുറപ്പെടേണ്ടിവരുന്ന സമകാല വ്യഥകളും, തന്നെത്തുറിച്ചു നോക്കുന്ന നാലുകണ്ണടകളും ദൈവങ്ങൾ നിശ്ശബ്‌ദരാകുന്ന രാത്രികളും പെരുപ്പിച്ച്‌ മാറിൽത്തൂക്കുന്ന യാറോപ്യൻ പൊങ്ങച്ചങ്ങളും ബാലനിലവിളികൾ ഉറഞ്ഞു നിറയുന്ന ശിവകാശിയും എല്ലാം സമൂഹത്തിനു നേരെ തങ്ങളുടെ ദുരന്ത നേത്രങ്ങൾ തുറന്നുവെച്ചു നേടിയ കറുത്ത കാഴ്‌ചകളാണ്‌.

കുന്നും കടലും സമതലവും വയലും മരുഭൂമിയും ചതുപ്പും നെറികേടും രതിയും ചവർപ്പും ഖ്യാതിയും കൈച്ചേർന്നൊരു ചപല സംസ്‌കൃതിയുടെ കരാളഭീകരത രാകി നീറ്റുന്ന കനൽത്തേറ്റകൾ അരുമയായ പലതിനെയും കുത്തിയുടച്ചും മണത്തു വിഷമിറ്റിയും സഞ്ചരിക്കെ അരികിലൊതുങ്ങാൻ വിധിക്കപ്പെട്ടു ശപിക്കപ്പെട്ട ആർദ്രസ്വരൂപിണിയായൊരു നാട്ടുപെണ്ണിനെപ്പോലെയാണ്‌ ചിലപ്പോൾ ഈ കവിതകൾ-വെറുതെ ആരോടെന്നില്ലാതെ നോമ്പുകൾ തോറ്റങ്ങളാകുന്ന വേറെ ചിലപ്പോൾ കരിന്തിരികളെ ഭയരഹിതമായ്‌ വാരിയെറിഞ്ഞ്‌ തീരങ്ങളെ വിറപ്പിക്കുന്ന ജ്വാലാകലാപത്തെ ഓർമ്മിപ്പിക്കുന്നു. ചില നേരങ്ങളിൽ പരാജിതനായ പടയാളികണക്കെ സ്വന്തം മുറിവുകൾ കാണുന്തോറും ക്രൗര്യമിയറ്റി ചാവേർത്തനിമയോടെ പടർന്നു കത്തുന്ന രൗദ്രപ്പെരുമുടി കണക്കെ.

ഈ മൂന്നു ഭാവങ്ങളും സമകാല യുവതയുടെ ഹൃദയഫാലത്തിൽ കാലം ശാപമന്ത്രങ്ങളോടെ വരച്ചിട്ട മുഗ്ഗോപിയാണ്‌. സൂക്ഷ്‌മാവലോകനത്തിൽ അവ മെല്ലെ മെല്ലെ ചുവന്നു പഴുത്ത്‌ കനൽപ്രകൃതിയാകുന്നതു കാണാം. കപടസദാചാരങ്ങൾ, നീചഭക്തികൾ, മൂല്യത്തകർച്ചകൾക്കുമേൽ അടയിരിക്കുന്ന ധനഗർവുകൾ, നിരാലംബയൗവനങ്ങളെ വേട്ടയാടുന്ന ഉദ്യോഗപർവങ്ങൾ തുടങ്ങിയവ ചേർത്താണ്‌ നവയുവതയെ ഇത്തരത്തിൽ ഒരുക്കിയെടുത്തത്‌. ഈ തെമ്മാടി വാഴ്‌വിനെതിരെ സർവശക്തിയും സമാഹരിച്ച്‌ പറയറങ്ങ്‌ പാടാനും മുടിയുലച്ചിത്തുളളാനും കച്ചകെട്ടുന്നവരുടെ പക്ഷത്താണ്‌ ഈ രണ്ടു യുവകവികളും.

രണ്ടുവാക്കുകൾ ചേരേണ്ടുംപടി ചേരുന്നിടത്ത്‌ ഒരു നക്ഷത്രത്തിന്റെ പിറവിയാണ്‌ കാരണവൻമാർ ആഗ്രഹിച്ചതെങ്കിൽ രണ്ടു വാക്കുകളെ മാറ്റി വിളക്കി പുതിയൊരു ബലിപ്പക്ഷിയെ സൃഷ്‌ടിക്കലാണ്‌ യുവകവിത. ആ പക്ഷിയുടെ അഗ്നിത്തൂവലുകൾ തൊടുന്നേടത്തൊക്കെ കറുത്ത പാതാളങ്ങൾ ചുട്ടുപൊളളുന്നതു കാണാം. തിരമാലയോളം സ്‌നേഹം കൊടുക്കാമെന്നു പറഞ്ഞു വന്നവർ മറ്റുചിലതു സമ്മാനിക്കെ ചിതറിവീഴുന്ന വെയിലിനെ മുടന്തി ഭയപ്പെടുന്നത്‌ പുതിയ കാലത്തിന്റെ നേർക്കാഴ്‌ചയാണ്‌.

കൂട്ടുകാരന്റെ കഴുത്തറുക്കുമ്പോൾ നിസ്സഹായതയോടെ സാക്ഷിയാവേണ്ടി വരുന്ന അറവുമാടുകളുടെ കാഴ്‌ചദേശകാലങ്ങളെ പിന്നിട്ട്‌ നവകൊളോണിയലിസത്തിന്റെ ദുഷ്‌ടസ്ഥലികളൊക്കെ പടർന്ന്‌ ഇറാക്കോളമെത്തുന്നതാണ്‌. ഈ കവിതകൾ മാത്രമല്ല സമസ്‌തകവികളും, മുഴുവൻ എഴുത്തുകാരും എല്ലാ കലാകാരൻമാരും യത്‌നിക്കുന്നത്‌ ജീവിത ഭിത്തിമേൽ തന്റേതായ വിരൽമുദ്ര പതിപ്പിച്ചു പിരിയാനാണ്‌. ചിലരത്‌ നേരിയ നഖരേഖകളാൽ, ചിലർ കടും ചായങ്ങളാൽ, ചിലർ വർണരഹിതമായ ഒരൊറ്റ നെടുവീർപ്പിനാൽ. എങ്ങനെയായാലും ഒറ്റയൊറ്റയായ്‌ പൂക്കുന്ന ആകുലികളെ പാടുന്ന വീണകളാവുക തന്നെ ജന്മധർമ്മം.

“ഞാനാരാണെന്നു സ്ഥാപിക്കുന്നതുവരെ

എന്റെ പ്രക്ഷോഭം തുടർന്നുകൊണ്ടിരിക്കും

ഒരുതൂക്കുകയറല്ലേ…

മരണത്തെ ഞാൻ

നേരത്തെ വിലയ്‌ക്കെടുക്കുകയാണ്‌.”

ഈ സത്യവാങ്ങ്‌മൂലവും മുകളിൽപ്പറഞ്ഞ വിരൽമുദ്ര ചാർത്തൽ തന്നെയാണ്‌. ഈയൊരു കടുംപിടുത്തമില്ലാത്തയാൾക്ക്‌ എഴുത്തുകാരനാവാൻ പറ്റില്ല. ഈ സമാഹാരത്തിലെ ഓരോ കവിതയ്‌ക്കും ഓരോ പിഞ്ചുമനസ്സുണ്ട്‌. ഓരോന്നും ഭിന്നരാഗങ്ങളിൽ വ്യത്യസ്‌ത താളങ്ങളിൽ നമ്മോട്‌ ചിലതു സംവദിക്കുന്നു. അവയുടെ പ്രാണസിംഫണിയെ ഒട്ടുമേ അവഗണിക്കുവാനാവില്ല. അതിനാൽ ചിതമായത്‌ ഒന്നുമാത്രം. വായിക്കുക, വീണ്ടും വായിക്കുക കടഞ്ഞുകടഞ്ഞ്‌ ഈ യുവാക്കളുടെ അകം നൊന്തു ചിതറിയ നിലാവിനെയും തീയേയും കണ്ടെത്തുക. ദീപഗോപുരങ്ങൾ പണിയാൻ പുറപ്പെടുന്നവർ ഈ തനതുവെട്ടങ്ങളെയും സ്വീകരിച്ചാലും.

ഉളളിൽ, വിനോദ്‌ വിക്രമാദിത്യൻ, ഷൈജു അലക്‌സ്‌, വില – 45.00, പരിധി പബ്ലിക്കേഷൻസ്‌.

Generated from archived content: book2_june30_06.html Author: ezhacheri_ramachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English