ഒരു പാറാവുകാരൻ

ഒരു പാറാവുകാരൻ……

ദിവസങ്ങളോരോന്നിലും

ഒരറ്റംമുതൽ മറ്റേ അറ്റം വരെ

മിഴികൾകൊണ്ട്‌ വിനാഴികകളെണ്ണി

മൗനം സമയത്തിന്‌ പകുത്ത്‌

മനസ്സ്‌ ജാഗ്രത്തിൽ കൊരുത്ത്‌

ജീവിതത്തിന്റെ തുരുത്തിൽ

ഒരേകാകിയെപ്പോലെ……

ഒരു പാറാവുകാരൻ…..

മരണം കണക്കുപറയുന്നിടത്ത്‌;

ചോരമണം പൂക്കുന്നിടത്ത്‌;

തെരുവിൽ; നിശ്ശബ്‌ദ രാത്രിയിൽ;

നഗരവിലാപങ്ങൾക്ക്‌ നടുവിൽ;

തലവിണ്ടുകീറിയ പകലിന്നോടൊപ്പം

നിലയറ്റ നിലവിളികളിൽ മുങ്ങി

പാതിവെന്ത കബന്ധങ്ങൾക്ക്‌ മുന്നിൽ

ക്രൂശിതകാലത്തിന്റെ ദുഷ്‌ടസന്തതിയെപ്പോലെ….

ഒരു പാറാവുകാരൻ….

മണ്ണിന്റെ ആർദ്രതയുടേയും

സ്‌നേഹത്തിന്റെ ഉർവ്വരതയുടേയും

തിരിച്ചെടുപ്പിന്‌ വേണ്ടിയായിരിക്കണം…

കെട്ടടങ്ങിയ കിനാവുകളുടെ

തിരുശേഷിപ്പിനായിരിക്കണം…

ഈ തീനാളങ്ങൾക്ക്‌ മീതെ

നിലയുറപ്പിച്ച്‌

ജീവിതത്തിന്റെ തുരുത്തിൽ ഒരേകാകിയെപ്പോലെ….,

ക്രൂശിതകാലത്തിന്റെ ദുഷ്‌ടസന്തതിയെപ്പോലെ….

ഓരോ പാറാവുകാരനും

മരിച്ചുകൊണ്ടിരിക്കുന്നു.

കാവൽനഷ്‌ടപ്പെട്ട കോട്ട

മണ്ണടിഞ്ഞുതീരും വരെ.

Generated from archived content: paravukaran.html Author: ev_sujanapal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here