നവോത്ഥാനത്തിന്റെ നഷ്‌ടപ്പെടലുകൾ

സാമൂഹ്യപരിതസ്ഥിതികൾ തുലോം മാറിക്കഴിഞ്ഞിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ, പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമുണ്ടായ നവോത്ഥാനം ഇനി നമ്മുടെ സമൂഹത്തിൽ ഉണ്ടാകുമോ എന്നത്‌ സംശയകരമായ ചോദ്യമാണ്‌. അതേസമയം തന്നെ നവോത്ഥാനം ഉന്നയിച്ച പ്രശ്‌നങ്ങൾ ഇന്ന്‌ നമുക്ക്‌ അന്യമായി കഴിഞ്ഞോയെന്നും ഇരുത്തി ചിന്തിക്കേണ്ടതാണ്‌. ഇന്ന്‌ നവോത്ഥാനം നമ്മുടെ സമൂഹത്തിന്റെ ഭാഗമല്ലാതിരിക്കുകയും, അന്ന്‌ നവോത്ഥാനം ഉയർത്തിയ പ്രശ്‌നങ്ങൾ ഇന്ന്‌ നിലവിലുണ്ടെങ്കിൽ അതിനെ നാം എങ്ങിനെ നേരിടും എന്ന ചോദ്യവും നമ്മുടെ മുന്നിലുണ്ട്‌.

എഴുതപ്പെട്ട ഗ്രന്ഥങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിൽ സാധാരണമായി രണ്ടുകാര്യങ്ങൾ മാത്രമാണ്‌ നവോത്ഥാനത്തെക്കുറിച്ച്‌ നാം മനസ്സിലാക്കുന്നത്‌. ഒന്ന്‌, സാമൂഹ്യനവീകരണവും, മറ്റൊന്ന്‌ മതപരിഷ്‌ക്കരണവും. എന്നാൽ ഇവയും ഇവയുമായി ബന്ധപ്പെട്ട്‌ അക്കാലത്തുണ്ടായ സാമൂഹ്യപ്രസ്ഥാനങ്ങളെ, മതപ്രസ്ഥാനങ്ങളെ നവോത്ഥാനമായി കാണരുതെന്നും, അവ നവോത്ഥാനത്തിന്റെ പ്രവണതകൾ മാത്രമാണെന്നും, നവോത്ഥാനത്തിന്റെ അടിവേരുകളായി മറ്റു പലശക്തികളും ആശയങ്ങളും ഉണ്ടെന്നും ആദ്യമായി ഞാൻ സൂചിപ്പിക്കട്ടെ.

അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്ന മൂന്നു ഭാഗങ്ങൾ അല്ലെങ്കിൽ ധാരകളായിട്ടാണ്‌ ഞാൻ നവോത്ഥാനത്തെ കാണുന്നത്‌. അവ-

1) നവോത്ഥാനത്തിന്റെ ഭാഗമായി സംഭവിച്ച ജനാധിപത്യവത്‌ക്കരണ പ്രക്രിയ.

2) സമൂഹത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ യുക്തിബദ്ധതയിൽ അടിസ്ഥാനമായ ഒരു കാഴ്‌ചപ്പാട്‌.

3) സാംസ്‌ക്കാരിക-ധൈഷണികമായ ഒരു ചിന്താവിത്ത്‌.

നവോത്ഥാനം എന്ന്‌ നാം കരുതുന്ന സാമൂഹ്യപരിഷ്‌ക്കരണമായാലും, മതനവീകരണമായാലും മറ്റ്‌ എന്തുതന്നെയായാലും അവയൊക്കെയും മുൻപു സൂചിപ്പിച്ച മൂന്നു ധാരകളുടെ ഭാഗങ്ങൾ മാത്രമാണ്‌.

ജനാധിപത്യവത്‌ക്കരണപ്രക്രിയയും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ കാഴ്‌ചപ്പാടുംഃ-

നവോത്ഥാനത്തിന്റെ ഭാഗമായി ജാതി, ജാതീയത, ജാതിയിലടിസ്ഥിതമായ അവബോധം എന്നിവ ചോദ്യം ചെയ്യപ്പെട്ടു. ഇത്‌ ഇന്ത്യൻ സമൂഹത്തിലെ ആദ്യജനാധിപത്യവത്‌കരണമായി കരുതാം. ജാതിയെ ചോദ്യം ചെയ്യുക എന്നതുകൊണ്ടുദ്ദേശിച്ചത്‌ ജാതീയമായ ആചാരങ്ങളെ മാറ്റുക എന്നതുമാത്രമല്ല അർത്ഥമാക്കിയിരുന്നത്‌, മറിച്ച്‌ സമൂഹത്തിലെ ചില അധികാരഘടനകളിൽ നിന്ന്‌ പുറത്തു വന്നുകൊണ്ട്‌, മനുഷ്യനെ മനുഷ്യന്റെ സത്തയിലേക്ക്‌ തിരിച്ചുകൊണ്ടു വരാൻ ശ്രമിച്ചു എന്നതുകൂടിയാണ്‌.

ജാതിക്കെതിരെയുളള പ്രസ്ഥാനങ്ങൾ, ജാതിനവീകരണ പ്രസ്ഥാനങ്ങൾ എന്നിവയൊക്കെ ഇന്ത്യൻ സമൂഹത്തിൽ പുതിയ ആശയസംഹിത മുന്നോട്ടു വയ്‌ക്കുകയാണ്‌ ഉണ്ടായത്‌. ജാതിയെ ആദ്യകാലത്ത്‌ നേരിട്ടത്‌ ജാതിയിൽ ചില പരിഷ്‌ക്കാരങ്ങൾ ഉണ്ടാക്കണം എന്ന ആശയത്തോടുകൂടി വന്നവരാണ്‌. ജാതിയിലെ പല അനുഷ്‌ഠാനങ്ങളെയും സ്വീകരിച്ചുകൊണ്ട്‌ പലരും ജാതിയെയും, ജാതിയുടെ സ്വാധീനത്തെയും ചോദ്യം ചെയ്യാൻ ശ്രമിച്ചു.

ഇതിൽനിന്നും അല്‌പംകൂടി വഴിമാറി മഹാരാഷ്‌ട്രയിലെ മഹാത്മാഫൂലെയും, കേരളത്തിലെ നാരായണഗുരുവും പിന്നെ പലരും ജാതിയെ മറ്റൊരുവിധത്തിൽ സമീപിക്കുകയും, ജാതി എന്നതുതന്നെ സമൂഹത്തിൽ ആവശ്യമില്ല എന്ന നിഗമനത്തിൽ എത്തുകയുമുണ്ടായി. എന്നാൽ ഇതിൽനിന്നൊക്കെ മാറി ഇന്ന്‌ ജാതിപരിഷ്‌ക്കരണ പ്രവർത്തനങ്ങളെന്നാൽ ജാതി ദൃഢീകരണ പ്രവർത്തനങ്ങളായി മാറുകയാണ്‌ ചെയ്യുന്നത്‌. ആദ്യകാല ജാതിവിരുദ്ധ പ്രസ്ഥാനമായ എസ്‌.എൻ.ഡി.പി. ഇന്ന്‌ ജാതി ദൃഢീകരണത്തിനുവേണ്ടി വാദിക്കുന്നത്‌ നാം കാണുന്നുണ്ട്‌. ഇത്തരത്തിൽ എസ്‌.എൻ.ഡി.പിയും, എൻ.എസ്സ്‌.എസ്സും ഇന്ന്‌ ജാതിദൃഡീകരണപ്രസ്ഥാനങ്ങളായി മാറി. അങ്ങിനെ ചരിത്രം നമ്മുടെ ജാതീയ പൈതൃകത്തെ രണ്ടാമത്‌ പുനഃസൃഷ്‌ടിക്കുകയാണ്‌ ഇന്ന്‌ ചെയ്യുന്നത്‌. ഇന്നത്തെ ജാതീയത 19-​‍ാം നൂറ്റാണ്ടിലെ ജാതീയതയിൽനിന്ന്‌ വ്യത്യസ്തമാണെങ്കിലും ഇത്‌ ജനാധിപത്യവത്‌ക്കരണത്തിന്‌ കൂടുതൽ എതിരാണ്‌. ഇത്‌ ഇന്ത്യയിൽ വളരെ വ്യക്തമായി കാണാൻ കഴിയും. നവോത്ഥാന സംബന്ധിയായ ജനാധിപത്യവത്‌ക്കരണമെന്നാൽ സാമൂഹ്യ ജനാധിപത്യവത്‌ക്കരണമാണ്‌ അല്ലാതെ രാഷ്‌ട്രീയ ജനാധിപത്യവത്‌ക്കരണമല്ല.

നവോത്ഥാനത്തിന്റെ ഭാഗമായി ഉണ്ടായ മതപരിഷ്‌ക്കരണങ്ങൾ മുന്നോട്ട്‌ വയ്‌ക്കുന്നത്‌ രണ്ട്‌ ആശയങ്ങളാണ്‌. ഒന്ന്‌, മത സാർവ്വലൗകികത്വമാണ്‌. റാംമോഹൻ റായിയും ശ്രീനാരായണഗുരുവും ഇതിന്റെ പ്രധാന വക്താക്കളായി നമുക്ക്‌ കാണാം. കേശവ ചന്ദ്രസെന്നിന്റെ അഭിപ്രായത്തിൽ മത സാർവ്വലൗകികത്വം എന്നാൽ എല്ലാ മതങ്ങളിലും സത്യമുണ്ടെന്നും എല്ലാ മതങ്ങളും ഒരുപോലെയാകണമെന്നും മാത്രമല്ല. എല്ലാ മതങ്ങളും സത്യമാണെന്നാണ്‌. ഇത്തരത്തിലുളള അടിസ്ഥാനപരമായ കാഴ്‌ചപ്പാടാണ്‌ വിവേകാനന്ദനും, പരമഹംസനും മറ്റെല്ല നവോത്ഥാനനായകരും മുന്നോട്ട്‌ വച്ചത്‌. ഖേദകരമായി പറയട്ടെ ഇന്ന്‌ ആ സാർവ്വലൗകികത്വം നമുക്ക്‌ നഷ്‌ടമായിരിക്കുന്നു.

രണ്ടാമത്തെ ആശയം മതതാരതമ്യപഠനമാണ്‌. മതയാഥാർത്ഥ്യം എന്തെന്നുളള ചോദ്യത്തിൽ നിന്നാണ്‌ മത താരതമ്യപഠനം ഉയരുന്നത്‌. അതിനാൽ ഈ ആശയവും നവോത്ഥാനനായകരിൽ താത്‌പര്യം ഉണ്ടാക്കി. മക്കി തങ്ങൾ എന്ന മൗലവിയാണ്‌ ആദ്യമായി ഈ രീതിയിൽ ചലിച്ചത്‌ എന്നു കരുതേണ്ടിയിരിക്കുന്നു. ‘കഠോരകുടാരം’ എന്ന ഗ്രന്ഥവും മറ്റനേകം ഗ്രന്ഥങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ എഴുത്തിന്റെ എഴുപത്തി അഞ്ചു ശതമാനവും ഉപയോഗിച്ചിരിക്കുന്നത്‌ മറ്റുമത ആശയങ്ങളെക്കുറിച്ച്‌ പറയാനായിരുന്നു. ഒപ്പം അദ്ദേഹം ഇസ്ലാംമതം അടക്കം എല്ലാ മതങ്ങളേയും വിമർശിച്ചുകൊണ്ട്‌ ഒരു പുതിയ മതബോധം എന്ന ആശയം ഉണ്ടാക്കുകയായിരുന്നു. അങ്ങിനെ പുതിയ ഒരു മതത്തിനുവേണ്ടിയുളള ശ്രമമാണ്‌ അദ്ദേഹം നടത്തിയത്‌. ഇത്തരത്തിലുളള മതകാഴ്‌ചപ്പാടിൽ നമുക്കുണ്ടായത്‌ മതസത്യാന്വേഷണമാണ്‌. എന്നാൽ ജാതിയേയും മതത്തേയും വിമർശനാത്മകമായി നേരിട്ടൊരു കാലഘട്ടത്തിൽ നിന്ന്‌ ജാതിയതയേയും മതപരതയേയും വളരെ പ്രകടമായ രീതിയിലുളള സാമൂഹ്യപ്രവണതയാക്കി ഇന്ന്‌ മാറ്റിയിരിക്കുന്നു. ഇന്ന്‌ എല്ലാത്തരം ആളുകളും മത-ജാതി ചിഹ്നങ്ങൾ ഉപയോഗിച്ച്‌ വ്യത്യസ്തമായ സാമൂഹ്യാന്തരീക്ഷം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നു. അതിൽ വിജയം കാണുന്നു. നവോത്ഥാനകാലഘട്ടത്തിൽ നാം ഉപേക്ഷിച്ചവയെല്ലാം തിരികെ കൊണ്ടുവരാൻ നാം ശ്രമിക്കുന്നു. അതുകൊണ്ടൊക്കെ നാം ആധുനികസമൂഹജീവിയാണെന്ന്‌ സ്വയം കരുതുന്നുണ്ടെങ്കിലും വളരെ യാഥാസ്ഥിതിക സാമൂഹ്യജീവിയായി തന്നെ ജീവിക്കുകയാണ്‌.

സാംസ്‌ക്കാരിക-ധൈഷണിക മേഖലഃ-

ഇത്‌ കേരളത്തിൽ ഏറെയൊന്നും എഴുതപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യാത്ത ഒന്നാണ്‌. നവോത്ഥാനത്തിന്റെ ഭാഗമായിതന്നെ പലരും ഇതിനെ കാണുന്നില്ല. യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തിൽ അവിടത്തെ ബുദ്ധിജീവികൾ പ്രധാനമായും ചിന്തിച്ചിരുന്നത്‌ പൈതൃകത്തെ ആധുനിക ജീവിതവുമായി ബന്ധപ്പെടുത്തി, ആ പൈതൃകത്തിൽ നിന്ന്‌ ശക്തിയാർജ്ജിച്ച്‌ എങ്ങിനെ സമൂഹം കെട്ടിപ്പെടുത്താം എന്നായിരുന്നു. 15ഉം 16ഉം നൂറ്റാണ്ടുകളിൽ യൂറോപ്പിൽ മിക്കവാറും എല്ലാവരുംതന്നെ ഈ രീതിയിൽ ചിന്തിച്ചിരുന്നു. ഇവിടെ അങ്ങിനെ വലിയൊരു ചിന്തയും പ്രവൃത്തിയും ഉണ്ടായിരുന്നില്ലെങ്കിലും കേരളത്തിലെ മൂന്നുപേർ ഇക്കാര്യത്തിൽ ചില ചലനങ്ങൾ ഉണ്ടാക്കിയവരാണ്‌. 1) കോട്ടയ്‌ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ച ആയൂർവേദത്തിന്‌ പുതിയ ശക്തി പകർന്ന പി.എസ്‌.വാര്യർ, 2) പരമ്പരാഗത വിജ്ഞാനത്തെക്കുറിച്ച്‌, വിജ്ഞാനത്തിന്റെ പുതിയ കാഴ്‌ചപ്പാടിനെ നോക്കിക്കാണാൻ വേണ്ടി ഒരു സംസ്‌കൃത പാഠശാല തുടങ്ങിവച്ച പുന്നത്തൂർ നമ്പി, 3) പ്രാചീന മലയാളത്തെക്കുറിച്ചും വേദങ്ങളെക്കുറിച്ചും പഠനം നടത്തിയ ചട്ടമ്പിസ്വാമികൾ. ഇവർ മൂന്നുപേരും പാരമ്പര്യതയും ആധുനികതയും പരസ്‌പരം ബന്ധപ്പെടുത്തി പ്രവർത്തിച്ചവരാണ്‌. ഇവരുടെ പ്രവർത്തനങ്ങളെ മാറ്റി നിർത്തി പരിശോധിച്ചാൽ കേരളത്തിലെ ആധുനികതയും നവോത്ഥാനവും പാരമ്പര്യത്തിൽ നിന്നുളള നേർവഴിയിലൂടെയല്ല ഉണ്ടായത്‌. ഇവിടെ കൊളോണിയലിസത്തിന്റെയും പാശ്‌ചാത്യസംസ്‌കാരത്തിന്റെയും ഇടപെടലുണ്ടായിരുന്നു. അതിനാൽ പാരമ്പര്യവും ആധുനികതയും തമ്മിലുളള ബന്ധം ജൈവപരമായ രീതിയിലൂടെ വളർന്നുവരാതെ വളരെ വികലമായ രീതിയിൽ വളർന്നു വന്നു. ഇങ്ങനെ ഇത്തരത്തിൽ ഉരിത്തിരിഞ്ഞ ഇന്ത്യയിലെ മധ്യവർഗ്ഗം വർഗ്ഗീയതയ്‌ക്കും അനാചാരങ്ങൾക്കും കൂട്ടുനില്‌ക്കുന്നതിൽ അത്ഭുതമില്ല.

എന്നാൽ ആയിരത്തിഎണ്ണൂറ്റിഎൺപതുകളിൽ പുന്നത്തൂർ നമ്പിക്ക്‌ സംസ്‌കൃതം എങ്ങിനെ പഠിപ്പിക്കണം എന്നതിനെക്കുറിച്ച്‌ ചില കാഴ്‌ചപ്പാടുകൾ ഉണ്ടായിരുന്നു. ഇത്‌ പാരമ്പര്യത്തെ ആധുനികതയുമായി ബന്ധിപ്പിച്ചുകൊണ്ടുളള കാഴ്‌ചപ്പാടായിരുന്നു. അതുപോലെതന്നെ ധന്വന്തരി എന്ന മാസികയിൽ പി.എസ്‌.വാര്യർ എഴുതിയ പത്തോളം ലേഖനങ്ങൾ “ശാസ്‌ത്രീയം” എന്നത്‌ എന്തെന്ന്‌ വിശകലനം ചെയ്യുന്നവയായിരുന്നു. ആയുർവ്വേദം അശാസ്‌ത്രീയമാണ്‌ എന്ന്‌ പറയുന്ന യൂറോപ്യൻ ചിന്തകരേയും ഡോക്‌ടർമാരെയും പ്രതിരോധിച്ചുകൊണ്ട്‌ ശാസ്‌ത്രീയത എന്തെന്നുളളതിനെക്കുറിച്ച്‌ പുതിയ ചർച്ച അദ്ദേഹം തുടങ്ങിവച്ചു. ഒപ്പം തന്നെ ആയുർവ്വേദ ചികിത്സയ്‌ക്കായി ഒരു സ്ഥാപനം ഉണ്ടാക്കുകയും ആയുർവ്വേദത്തേയും പാശ്‌ചാത്യ ചികിത്സാരീതിയേയും ഒന്നിച്ചു ചേർക്കാനും അദ്ദേഹം ശ്രമിച്ചു. അതുപോലെതന്നെ ചട്ടമ്പിസ്വാമികളുടെ പ്രവർത്തനങ്ങളും പാരമ്പര്യത്തിലധിഷ്‌ഠിതമായ രീതിയിലുളളതായിരുന്നു. എന്നാൽ പഴയകാലത്തിലേയ്‌ക്ക്‌ മടങ്ങിപ്പോകുവാനല്ല ഇവർ പറഞ്ഞത്‌ മറിച്ച്‌ പഴയതിലെ നല്ല ആശയങ്ങൾ ഉൾക്കൊളളുവാനാണ്‌.

അതിനാൽ 1880കളും 1890കളും ചരിത്രത്തെ ഗൗരവപൂർവ്വം വീക്ഷിക്കുന്ന ചരിത്രകാരന്മാർ വളരെ പ്രധാനപ്പെട്ട കാലഘട്ടമായി കാണുന്നു. ഒരു സാധാരണചരിത്ര പാഠപുസ്‌തകത്തിൽ ഈ കാലഘട്ടം ഒന്നും സംഭവിക്കാത്ത ഒന്നായി കാണാം. വാസ്തവത്തിൽ ഇന്ത്യയിൽ നാടകം, സംഗീതം, വൈദ്യം, ഭാഷ തുടങ്ങി എല്ലാ മണ്ഡലങ്ങളിലും ഇന്ത്യക്കാർ ഗവേഷണത്തിന്‌ തയ്യാറാവുകയും നമ്മുടെ പരമ്പരാഗത സംസ്‌കാരത്തിന്റെ ശക്തി എന്തെന്നും, ദൗർബല്യമെന്തെന്നും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്‌ത കാലഘട്ടമാണ്‌. അന്നുളളവർ അങ്ങിനെ പാരമ്പര്യത്തെ ക്രിയാത്മകമായി നേരിട്ടുകൊണ്ട്‌, വിമർശനാത്മകമായി നേരിട്ടുകൊണ്ട്‌, ആധുനിക ആശയങ്ങളെ വേണ്ടുംവണ്ണം ഉൾകൊണ്ടുകൊണ്ട്‌ നവസാമൂഹ്യക്രമത്തിനും പുതിയ ചിന്താപദ്ധതിയ്‌ക്കും രൂപം കൊടുക്കാൻ ശ്രമിക്കുകയുണ്ടായി. മുരളീമനോഹർ ജോഷി ഇന്ന്‌ പറയുന്നതുപോലെ റിവൈവലിസം (പുനരുജ്ജീവനം) ആയിരുന്നില്ല നവോത്ഥാന നായകർ പറഞ്ഞിരുന്നത്‌. അവർ റിവൈവലിസത്തെ തളളിക്കളയുകയാണ്‌ ചെയ്‌തത്‌. പുരാതനകാലഘട്ടത്തെയും പാരമ്പര്യത്തെയും അതുപോലെ പുനർജ്ജീവിപ്പിക്കുകയല്ല വേണ്ടതെന്നും, അതിലെ ശരികളെ ഉൾക്കൊളളുകയാണ്‌ വേണ്ടതെന്നുമാണ്‌ നവോത്ഥാന നായകർ മുന്നോട്ടു വച്ച ആശയം. ഇത്‌ മഹാദേവ ഗോവിന്ദ റാണഡെ അടക്കമുളളവർ ശരിവയ്‌ക്കുന്നുമുണ്ട്‌.

ഇത്തരത്തിൽ വളരെ ക്രിയാത്മകമായ ധൈഷണിക കാഴ്‌ചപ്പാടാണ്‌ നമ്മുടെ നവോത്ഥാനത്തിന്‌ ഉണ്ടായിരുന്നത്‌. ആ ധൈഷണിക അടിത്തറയിൽ മനുഷ്യൻ മനുഷ്യന്റെ എല്ലാവിധത്തിലുളള നല്ല വശങ്ങളെയും പ്രാധാന്യത്തോടെ കാണുന്നുവെന്നുളളതാണ്‌ യാഥാർത്ഥ്യം. ഇതിൽനിന്നാണ്‌ കൊളോണിയലിസത്തെ ചോദ്യം ചെയ്യാൻ ശക്തി ലഭിച്ചതും സ്വാതന്ത്ര്യസമരം വളർന്നതും. ഇത്‌ ഇന്ന്‌ നമുക്ക്‌ നഷ്‌ടമായിരിക്കുന്നു. മുൻപ്‌ സൂചിപ്പിച്ച മൂന്നു ധാരകൾക്ക്‌ ഇന്ന്‌ എന്തു സംഭവിച്ചു എന്ന്‌ പരിശോധിക്കേണ്ടതാണ്‌. ഇന്നത്തെ സാമൂഹ്യപരിസ്ഥിതിയിൽ ഇവ വീണ്ടും സ്വായത്തമാക്കേണ്ടതാണോ എന്നും ചർച്ച ചെയ്യേണ്ടതാണ്‌.

നമ്മുടെ നവോത്ഥാന പ്രസ്ഥാനം ശ്രമിച്ചത്‌ ജനാധിപത്യവത്‌ക്കരണത്തിനാണ്‌. സംവാദങ്ങളിലൂടെ വിവാദങ്ങളിലൂടെ ആശയവിനിമയത്തിലൂടെ ആശയസമന്വയം നടത്താനാണ്‌ നവോത്ഥാനം ശ്രമിച്ചത്‌. എന്നാൽ ഇന്ന്‌ അത്തരം സമന്വയങ്ങളെ തകിടം മറിച്ചുകൊണ്ട്‌ ആശയങ്ങളെയും രാഷ്‌ട്രീയലക്ഷ്യങ്ങളെയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്‌. വാസ്‌തവത്തിൽ ഇത്തരം ഫാസിസ്‌റ്റ്‌ നിലപാടുകൾ നവോത്ഥാന ഭൗതിക പാരമ്പര്യത്തിന്‌ ഏറ്റ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്‌.

* * * * * *

പറവൂരിൽ വച്ച്‌ നടന്ന ഇ.എം.എസ്‌. അനുസ്മരണ സമ്മേളനത്തിൽ വച്ചു കെ.എൻ.പണിക്കർ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗമാണിത്‌. ശ്രീ കെ.എൻ.പണിക്കർ പ്രസിദ്ധനായ ചരിത്രപണ്ഡിതനാണ്‌​‍്‌.

Generated from archived content: essay_navodhanam.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here