( തയ്യാറാക്കിയത് ഃ മുരളി മങ്കര, കെ.കനകരാജ് )
മനുഷ്യപ്രയത്നത്തിന്റെ ജീവപ്രകൃതിയിൽ ജീവിക്കുന്ന ഒരു ഗാന്ധിയനാണ് ശ്രീ ഭീമൻഗുരുജി. സ്വന്തം ആദർശം നൂറുതവണ പറയുന്നതിനേക്കാൾ നല്ലത് അത് സ്വയം ചെയ്തു കാണിക്കുന്നതാണ് എന്നറിയുന്ന ഇത്തരം ഗാന്ധിയൻ ഇന്നിന് അന്യമാണ്. പഞ്ഞിവാങ്ങിക്കൊണ്ടുവന്ന് സ്വന്തം ചർക്കയിൽ നൂൽക്കുന്ന നൂലുകൊണ്ട് ഇപ്പോഴും വസ്‌ത്രം ധരിക്കുന്ന ഭീമൻ ഗുരുജി ഇന്നു കേൾക്കുന്നത് സത്യത്തിന്റെ മർമ്മരങ്ങളല്ല. സത്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും, സ്വയം പര്യാപ്തതയുടെയും ഗിരിശൃംഗങ്ങൾ തേടി നടന്നവർ ഇന്നിൽ ജീവിക്കാനോ നാളെയിലേക്ക് നോക്കാനോ കഴിയാതെ വ്യർത്ഥതാബോധത്തിന്റെ നടുവിൽപ്പെട്ടിരിക്കുന്നു. ഗുരുജിയും.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് രണ്ടുമുഖങ്ങളുണ്ടായിരുന്നു. ഒന്ന് രാഷ്‌ട്രീയ സമരത്തിന്റെയും, മറ്റൊന്ന് സർഗ്ഗാത്മക സമരത്തിന്റെയും. വിനോബാജിയെപ്പോലെ സർഗ്ഗാത്മക സമരത്തിലായിരുന്നു ഭീമൻഗുരുജിയും. നൂൽനൂല്പിന്റെയും, ഖാദി പ്രചാരണത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും മേഖലയിൽ. ദിനംതോറും പെരുകിവരുന്ന സ്വാതന്ത്ര്യസമര പെൻഷൻകാരിൽ ഈ മനുഷ്യനില്ല. “കാരണം ഞാൻ ജയിലിൽ കിടന്നിട്ടില്ല”-എന്ന് ഗുരുജി സരസമായി പറയുമ്പോഴും അതിന്റെ മുനകൾ പലയിടത്തും കൊളളുന്നുണ്ട്.
പതിനാറാം വയസ്സിൽ പാലക്കാട് ജില്ലയിലെ അത്തിപ്പറ്റ സ്‌കൂളിൽ അധ്യാപകനായ ഭീമൻനായർ ഏതാണ്ട് അഞ്ചു പതിറ്റാണ്ടുകാലത്തെ തന്റെ ഔദ്യോഗിക ജീവിതത്തിൽ കേരളത്തിനകത്തും പുറത്തുമായി ഒരുപാടു പേരുടെ ഗുരുവായി. പേരൂർ ഗാന്ധിസേവാ സദനത്തിലും, പാലിയാടും, നടത്തറ ഖാദി വിദ്യാലയത്തിലും, കാളപ്പെട്ടിയിലും, ഇരിങ്ങാലക്കുടയിലും, നാസിക്കിലും അധ്യാപകനായി അദ്ദേഹം സേവനമനുഷ്‌ഠിച്ചു. കൂടാതെ കേരള സർവ്വോദയസംഘം സെക്രട്ടറിയായും, കാൻഫെഡിന്റെ ജില്ലാ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. കേരളത്തിൽ സർവ്വോദയ പ്രസ്ഥാനത്തെ വ്യാപിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും കേളപ്പജിയോടൊപ്പം പ്രവർത്തിച്ച ഗുരുജി കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന സർവ്വോദയ പ്രവർത്തകരിൽ പ്രമുഖനാണ്.
അധ്യാപക ജീവിതത്തെക്കുറിച്ച് ഗുരുജിഃ- “പത്താം ക്ലാസ്സ് കഴിഞ്ഞ് 16-ാം വയസ്സിൽ അത്തിപ്പറ്റ സ്‌കൂളിൽ ഞാൻ അധ്യാപകനായി. ഇന്നത്തെ കുട്ടികൾ അക്ഷരം കൂട്ടിവായിക്കുന്ന പ്രായത്തിൽ. മൂന്നുവർഷം സർവ്വീസുളളവർക്ക് ‘ഇന്റർമീഡിയറ്റിന്’ അന്നു ചേരാമായിരുന്നു. തരൂർ ചാത്തുവച്ചൻ തന്ന ഒരുറുപ്പികയുമായി തലശ്ശേരിക്കുപോയി. ബ്രണ്ണനിലാണ് പഠിച്ചത്. പിന്നീട് പ്രൈവറ്റായി ബി.എ.യും, തൃശൂരിൽനിന്ന് ബി.എഡ്‌ഡും പാസ്സായി. എച്ച്. എസ്.എ. ആവുന്നതിനായി മദ്രാസ് കോളേജിൽ ആപ്ലിക്കേഷൻ നല്‌കാൻ പോയതാണ്. അവിടത്തെ എഡ്യുക്കേഷൻ ഇൻസ്പെക്ടർ ആണ് സേവാഗ്രാമിൽ പോവാൻ താല്പര്യമുണ്ടോ എന്നു ചോദിച്ചത്. ഗാന്ധിജിയെ കാണുവാനുളള ആഗ്രഹം നിമിത്തം സേവാഗ്രാമിലേക്കുപോവാൻ താല്പര്യമാണെന്ന് അറിയിക്കുകയും ചെയ്തു. സേവാഗ്രാമിൽ വണ്ടി ഇറങ്ങിയ എന്നെ കൂട്ടിക്കൊണ്ടുപോവാൻ ഒരാൾ റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടായിരുന്നു. ഞാൻ ആദ്യമായി അയാളോടു ചോദിച്ചത് ആശ്രമത്തിൽ ഗാന്ധിജി ഉണ്ടോ എന്നായിരുന്നു. ഗാന്ധിജി ഉണ്ടെന്നും ആശ്രമത്തിൽ ചെന്നാൽ കാണാമെന്നും അയാൾ പറഞ്ഞു. ആശ്രമത്തിൽ എത്തിയ അന്നുച്ചയ്‌ക്ക് ഞങ്ങൾക്കു ചോറുവിളമ്പി തന്നത് ആര്യനായകത്തിന്റെ ഭാര്യ ആശാദേവിയായിരുന്നു. അവർ അന്ന് അവിടത്തെ ട്രെയിനിംഗ് വിഭാഗത്തിന്റെ പ്രിൻസിപ്പാളായിരുന്നു. ഏതൊരു മനുഷ്യനെയും പരിശുദ്ധനാക്കാൻ പോന്ന അന്തരീക്ഷമായിരുന്നു അവിടെ. ഞാൻ ആശ്രമത്തിൽ ചെന്നെത്തിയ ആദ്യദിവസം അടുപ്പിലെ ചാരം വാരുന്ന പണിയും രണ്ടാം ദിവസം മുറ്റമടിക്കുന്ന പണിയുമാണ് എനിക്കു ലഭിച്ചത്. 1947 ജൂലായിൽ സേവാഗ്രാമിൽനിന്ന് ട്രെയിനിംഗ് കഴിഞ്ഞ് ഞാൻ പാലിയാട് ബേസിക്ക് ട്രെയിനിംഗ് സ്‌കൂളിൽ അദ്ധ്യാപകനായി. അവിടന്ന് പേരൂർ ഗാന്ധിസേവാസദനത്തിൽ. പേരൂരിൽ നിന്ന് ജോലി വിടുതൽ ചെയ്ത് ഖാദിബോർഡുവക വിദ്യാലയത്തിൽ പ്രിൻസിപ്പാളായി.”
സേവാഗ്രാമിൽവെച്ച് ഗാന്ധിജിയെ കണ്ട സന്ദർഭത്തെക്കുറിച്ച് ഗുരുജി പറയുന്നു. “സേവാഗ്രാമിൽ ചെന്നെത്തിയ രണ്ടാം ദിവസം എനിക്ക് കിട്ടിയത് മുറ്റമടിക്കുന്ന ജോലിയാണെന്ന് പറഞ്ഞുവല്ലോ. ഞാൻ എന്റെ ജോലിയിൽ മുഴുകിക്കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ താമസിക്കുന്ന മുറിയുടെ മുൻപിലുളള ചെറിയ വഴിയിലൂടെ ഗാന്ധിജി നടന്നു പോവുകയായിരുന്നു. ആരോ എന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. ”അതാ ഗാന്ധിജി“. എന്തൊരു തേജോമയമായ രൂപം! എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മുഹൂർത്തമായിരുന്നു അത്. അദ്ദേഹം നടന്നു മറയുന്നതുവരെ ഞാൻ നോക്കിനിന്നു. അങ്ങനെയാണ് ഞാൻ ആദ്യമായി ഗാന്ധിജിയെ കണ്ടത്. അതിനുശേഷം ഞാൻ അദ്ദേഹത്തെ പല പ്രാവശ്യം കണ്ടിരുന്നുവെങ്കിലും നേരിട്ട് സംസാരിക്കാനോ പരിചയപ്പെടാനോ പറ്റിയില്ല.”
1947 ആഗസ്‌റ്റ് 15-ന് നെഹ്‌റു ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയപ്പോൾ പാലിയാട് ദേശീയപതാക ഉയർത്തിയത് ഗുരുജിയായിരുന്നു. അന്ന്, വരാൻപോകുന്ന സമത്വസുന്ദര നാളെകളെക്കുറിച്ച് ഗുരുജി പ്രസംഗിച്ചു. ഓരോ ഗാന്ധിയന്റെയും പ്രതീക്ഷയും വിശ്വാസവുമായിരുന്നു ഗുരുജിയും പ്രസംഗിച്ചത്. ഗുരുജി ഇന്ന് കരച്ചിലിന്റെ വക്കത്താണ്. ഗാന്ധിജിയും ഗാന്ധിയന്മാരും അന്ന് ഭാരതീയരോട് അസത്യം പറയുകയായിരുന്നുവോ? അല്ല. സഫലമാകാതെപോയ, വെടിവെച്ചു വീഴ്‌ത്തപ്പെട്ട സത്യമായിരുന്നു അതെന്ന് ഗുരുജി ഇന്നും വിശ്വസിക്കുന്നു.
ഇരുപത്തഞ്ചോളം കൃതികളിലായി പരന്നു കിടക്കുന്ന അദ്ദേഹത്തിന്റെ ധൈഷണിക-സർഗ്ഗജീവിതം നമ്മുടെ ഒരു നിരൂപകരുടെയും നിരീക്ഷണങ്ങൾക്ക് വിധേയമായിട്ടില്ല. എങ്കിലും അറിയേണ്ടവർ അദ്ദേഹത്തിന്റെ കൃതികളെ അറിയുന്നുണ്ട് എന്നതിന് ഒരു തെളിവാണ് ‘പഞ്ചായത്ത് രാജും ഗ്രാമസ്വരാജും’ എന്ന കൃതിക്ക് ശ്രീ.സി.അച്ചുതമേനോൻ എഴുതിയ അവതാരിക. ആ അവതാരികയുടെ അവസാനത്തിൽ ശ്രീ മേനോൻ ഇങ്ങനെയെഴുതിഃ “സാമാന്യമായ ഒരു മാർഗ്ഗദർശിയും വികേന്ദ്രീകൃതഭരണത്തിന്റെ താത്വിക ന്യായീകരണവുമെന്ന നിലയ്‌ക്ക് ഈ കൊച്ചു പുസ്തകം സർവ്വഥാ ശ്ലാഘനീയമാണ്.” (പഞ്ചായത്ത് രാജും ഗ്രാമസ്വരാജും-അവതാരിക-പുറം-9) അവതാരികയുടെ ഔപചാരികമായ കടമ നിർവ്വഹിക്കുക എന്ന നിലയ്‌ക്കല്ല മറിച്ച് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ച വിഷയത്തോടും ഗ്രന്ഥകാരനോടുമുളള തന്റെ ആത്മബന്ധം കൊണ്ടുകൂടിയാണ് ശ്രീ മേനോന് ഇങ്ങനെയെഴുതാൻ കഴിഞ്ഞത്.
സാഹിത്യമായാലും, സാമൂഹ്യമായാലും, ഗാന്ധിയൻ ചിന്തകളായാലും അദ്ദേഹത്തിന്റെ കൃതികൾ ലളിതവും ഋജുവും ആണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാവുന്നതരത്തിൽ എഴുതപ്പെട്ടവയാണ് അദ്ദേഹത്തിന്റെ ബാലസാഹിത്യകൃതികൾ. നമ്മുടെ കുട്ടികളുടെ മനസ്സിലെ ദയ, കാരുണ്യം, സ്‌നേഹം, സത്യനിഷ്‌ഠ, ബുദ്ധി, ധീരത എന്നിവയെ തൊട്ടുണർത്താൻ കഴിയുന്ന കൃതികളാണിവ. അദ്ദേഹത്തിന്റെ കൃതികൾ ഇവയൊക്കെയാണ് – പഞ്ചായത്ത്‌രാജും ഗ്രാമസ്വരാജും, മക്കളേ നിങ്ങളുടെ മുത്തച്ഛൻ, കുട്ടികളുടെ കേളപ്പൻ, അസത്യത്തിൽനിന്ന് സത്യത്തിലേക്ക്, കേരളത്തിന്റെ കാരണവർ, കരിക്കട്ടയിലെ തീക്കനൻ, സീത പറഞ്ഞ രാമായണം, കുട്ടന്റെ കഥ, കുറച്ച് എഴുത്തുകൾ, കുറച്ചു കഥകളും ആത്മകഥകളും, ഒരു പഞ്ചായത്തുണരുന്നു, നാം നമ്മെ ഭരിക്കുന്നു, ഗാന്ധിജി ഇന്ത്യൻ ഗ്രാമങ്ങളിൽ, ഗാന്ധിജി -നവഖാലിയിൽ, മർദ്ദിതർക്കുവേണ്ടി, ടോൾസ്‌റ്റോയ്‌ഫാം, കുട്ടികളുടെ വിനോബാ, മുത്തച്ഛൻ, ലോകമേ തറവാട് (കവിതകൾ), അച്ഛനും മകനും, കത്തു മുതൽ കറണ്ടുവരെ (സാക്ഷരതാസമിതിയുടെ അവാർഡ് ലഭിച്ചു), ഇരുപത്തൊന്നാം നൂറ്റാണ്ടിനുവേണ്ടിയുളള വിദ്യാഭ്യാസം, മക്കൾക്കൊരു രാമായണം, പുൽതൊട്ടിലിൽനിന്ന് മരക്കുരിശിലേക്ക്.
സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ഗുരുജി കവിതകളെഴുതിത്തുടങ്ങി. ‘മാതൃഭൂമി’യിലും, മൂർക്കോത്തുകുമാരന്റെ ‘സത്യവാദി’യിലും, ‘ചന്ദ്രിക’ ആഴ്‌ചപ്പതിപ്പിലും അദ്ദേഹം അക്കാലത്ത് സ്ഥിരമായി എഴുതിയിരുന്നു. ചങ്ങമ്പുഴയെ ന്യായീകരിച്ചുകൊണ്ട് സഞ്ജയനെതിരായി കവിതയെഴുതി. ആദ്യപുസ്തകം ‘കുറച്ചുകഥകളും ആത്മകഥകളും’ 1952-ൽ പ്രസിദ്ധീകരിച്ചു. രണ്ടാമതായി പ്രസിദ്ധീകരിച്ച കൃതി ‘കുറച്ച് എഴുത്തുകൾ’ ആണ്. അടിസ്ഥാനവിദ്യാഭ്യാസത്തെ കുറിച്ച് എഴുതിയ പുസ്തകം മദ്രാസ് ഗവൺമെന്റ് ഇംഗ്ലീഷിലേയ്‌ക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. 1969-ൽ ഗാന്ധി സ്മാരകനിധിയുടെ ‘ഗാന്ധിമാർഗ്ഗം’ മാസികയിൽ ടോൾസ്‌റ്റോയ്‌ഫാമിനെക്കുറിച്ച് എഴുതി. അതേവർഷം തന്നെ ആ കൃതിയ്‌ക്ക് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു. ഗാന്ധിയൻ എന്ന നിലയ്‌ക്കു മാത്രമല്ല ഒരു സാമൂഹ്യ-വിദ്യാഭ്യാസ ചിന്തകൻ എന്ന നിലയ്‌ക്ക് തീർച്ചയായും ചർച്ചചെയ്യപ്പെടേണ്ട ഒരു വ്യക്തിയാണദ്ദേഹം.
‘പഞ്ചായത്ത്‌രാജും ഗ്രാമസ്വരാജും’ എന്ന കൃതിയിൽ ഗുരുജി ഇങ്ങനെയെഴുതിഃ ‘സ്ഥല-കാല-വർണ്ണ-വർഗ്ഗഭേദങ്ങൾക്കതീതമായി എല്ലാവരും സുഖമായി കഴിയണം എന്നാശിച്ച ദാർശനിക ശൃംഖലയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയായിരുന്നു ഗാന്ധിജി. പലരുടെയും ബുദ്ധിയ്‌ക്കും ഭാവനയ്‌ക്കുമപ്പുറം വികാസം പ്രാപിക്കാതിരുന്ന മഹത്തായ ചിന്തകൾക്ക് പ്രായോഗികരൂപം കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്. അത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് ചരിത്രം തെളിയിക്കുന്നു.“ (പുറം-53)
അംബേദ്‌ക്കറെക്കുറിച്ച് ഗുരുജി പറയുന്നതുനോക്കുകഃ ”അംബേദ്‌ക്കറുടെ ജീവചരിത്രം വായിച്ചപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞുപോയി. ഗാന്ധിജിയേക്കാൾ മഹാനാണ് അംബേദ്‌ക്കർ എന്നു പറയേണ്ടിവരും. കാരണം ഗാന്ധിജിക്ക് ഉയർന്നുവരുവാനുളള എല്ലാ സാമൂഹ്യ-കുടുംബസാഹചര്യങ്ങളുമുണ്ടായിരുന്നു. അംബേദ്‌ക്കർക്ക് അതുണ്ടായിരുന്നില്ല. ഒന്നുമില്ലാത്തിടത്തുനിന്നാണ് അദ്ദേഹം ഇത്രയും ഉയർന്നത്. അംബേദ്‌ക്കറുടെ കൃതികൾ വായിച്ചതിനുശേഷമാണ് ഞാൻ എന്റെ പേരിനുപിന്നിലെ ’നായർ‘ എടുത്തുമാറ്റിയത്. അങ്ങനെ ഗുരുജി അംബേദ്‌ക്കറെക്കുറിച്ച് എഴുതിയ പുസ്തകമാണ് ’കരിക്കട്ടയിലെ തീക്കനൽ‘.
സരസ്വതിയും ലക്ഷ്‌മിയും ഒത്തുപോകുന്ന ഇന്നത്തെ കാലത്ത് എഴുത്തുകാരനെന്ന നിലയ്‌ക്കുളള ഗുരുജിക്ക് ലക്ഷ്‌മീകടാക്ഷം കുറവാണ്. പ്രായം ഗുരുജിയിൽ മറവികൾ ഉണ്ടാക്കിയിരിക്കുന്നു. പാലക്കാട് അകത്തേത്തറയിൽ നിന്നുമാറി ഇപ്പോൾ മകളോടൊപ്പം ആലത്തൂരാണ് അദ്ദേഹം താമസിക്കുന്നത്.
ഈ ലോകത്തിന്റെ ഗതിവിഗതികളെ തന്റെ ദർശനത്തിന്റെ കുഴൽ കണ്ണാടിയിലൂടെ നോക്കിക്കാണുന്ന അദ്ദേഹത്തെ എപ്പോൾ വേണമെങ്കിലും സമീപിക്കാം. സ്‌നേഹത്തിന്റെ മാധുര്യവും, നിഷ്‌ക്കളങ്കതയുടെ നൈർമല്യവും, ജീവിതാനുഭവങ്ങളുടെയും അറിവിന്റെയും കരുത്തുറ്റ വാക്കുകളായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക.
ആരവങ്ങളില്ലാതെ, ആരോരുമറിയാതെ നിശ്ശബ്‌ദവും നിസ്വാർത്ഥവുമായ തന്റെ പ്രവർത്തനങ്ങളിൽ മുഴുകിക്കഴിയുന്ന അദ്ദേഹത്തെ നാം തിരിച്ചറിയേണ്ടതുണ്ട്. കുറച്ചു വർഷങ്ങൾക്കുമുമ്പ് അദ്ദേഹം ആത്മകഥ എഴുതിത്തുടങ്ങിയതാണ്.
“ഞാനാരുമല്ലെന്നു ഞാനറിഞ്ഞു
ഞാനെന്നെ നന്നായിട്ടിന്നറിഞ്ഞു- എന്ന തിരിച്ചറിവിൽ ആത്മകഥ പകുതി നിർത്തിയിട്ട് അദ്ദേഹം ലോകത്തിനുമുൻപിൽ പുറംതിരിഞ്ഞ് നില്‌ക്കുകയാണ്.
Generated from archived content: essay_jan22.html