പുസ്‌തകങ്ങൾ വായിക്കുക ജീവിതത്തെ പുഷ്‌ടിപ്പെടുത്തുക

ഡി സി ബുക്‌സിന്റെ 30-​‍ാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുവാൻ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌. എന്റെ പുസ്‌തകം Profiles and Letters മലയാളത്തിൽ പ്രസിദ്ധീകരിക്കുകയാണ്‌. അതിലെനിക്ക്‌ സന്തോഷവും ഡി സി ബുക്‌സിനോട്‌ നന്ദിയുമുണ്ട്‌. ഈ പുസ്‌തകത്തിൽ പത്ത്‌ മഹദ്‌വ്യക്തികളുടെ വ്യക്തിത്വവിശകലനങ്ങളാണുളളത്‌. ഒപ്പം അവരുമായുളള ചില കത്തിടപാടുകളും ചേർത്തിരിക്കുന്നു. സി.രാജഗോപാലാചാരി, ഇ.എം.ഫോസ്‌റ്റർ, നീരദ്‌ സി.ചൗധരി, ലോർഡ്‌ ലൂയി മൗണ്ട്‌ ബാറ്റൺ, വിജയലക്ഷ്‌മി പണ്ഡിറ്റ്‌, ആർ.കെ.നാരായൺ, ഹാൻ സുയിൻ, ഇന്ദിരാഗാന്ധി, സിയാ ഉൾ ഹക്ക്‌, നർഗീസ്‌ ദത്ത്‌ എന്നിവരാണ്‌ ആ വ്യക്തികൾ.

ഞാൻ ഒരു പുസ്‌തകഭ്രാന്തനാണ്‌. വളരെയധികം പുസ്‌തകങ്ങൾ വായിക്കുന്നു. വായിക്കുവാൻ ഒന്നും കിട്ടാതെ വരുന്ന അവസരത്തിൽ റെയിൽവെ ടൈംടേബിൾപോലും വായിക്കാറുണ്ട്‌. പതിനായിരത്തോളം പുസ്‌തകങ്ങളുളള ഒരു സ്വകാര്യലൈബ്രറി കഴിഞ്ഞ അറുപതുവർഷം കൊണ്ട്‌ ഞാൻ നിർമ്മിച്ചിട്ടുണ്ട്‌. ഔദ്യോഗിക ചുമതലകളുടെ തിരക്കുകൾക്കിടയിലും ഞാൻ പുസ്‌തകവായനയ്‌ക്കു സമയം കണ്ടെത്തുന്നു.

പുസ്‌തകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്‌ വാദിക്കുവാൻ ഇന്ന്‌ കഴിയുമോയെന്ന്‌ ഞാൻ ചിലപ്പോളെല്ലാം സംശയിക്കാറുണ്ട്‌. കാരണം നാമെല്ലാം നിസ്സാരമായ കാര്യങ്ങൾക്ക്‌ മുൻതൂക്കം നല്‌കുന്ന ലോകത്താണല്ലോ ജീവിക്കുന്നത്‌. സാമ്പത്തികമായ വിഷയങ്ങൾക്ക്‌ മുൻഗണന നല്‌കുന്ന വ്യവസ്ഥയാണ്‌ നമുക്കു ചുറ്റും. നമ്മുടെ മൂല്യസംഹിത ഇന്ന്‌ അപകടത്തിലാണ്‌. ആവശ്യമില്ലാത്ത അറിവുകൾക്ക്‌ ഇന്ന്‌ യാതൊരു പഞ്ഞവുമില്ല. വിജ്ഞാനമില്ലാത്ത അറിവ്‌ നമുക്ക്‌ ഈ ലോകത്തെ മോക്ഷവും മറുലോകത്തെ നിർവാണവും നല്‌കില്ലെന്നതു തീർച്ചയാണ്‌.

നമുക്കെല്ലാം വളരെ പ്രധാനമായൊരു കാര്യം പറഞ്ഞുകൊണ്ട്‌ ഞാൻ അവസാനിപ്പിക്കാം. മിക്കവരും പഠനം കഴിയുന്നതോടുകൂടി വായനയും അവസാനിപ്പിക്കുന്നു. ജീവിതത്തെ പുഷ്‌ടിപ്പെടുത്തുന്ന അറിവും സന്തോഷവുമാണ്‌ നാം വേണ്ടെന്നു വയ്‌ക്കുന്നത്‌. സാഹിത്യവും സംഗീതവും കലയും ഇഷ്‌ടപ്പെടാത്തവരെ അകറ്റിനിർത്തണമെന്നാണ്‌ നമ്മുടെ പാരമ്പര്യം അഭിപ്രായപ്പെടുന്നത്‌. നമ്മുടെ ഒരു പഴമൊഴി ഓർമ്മവരുന്നുഃ വിദ്യ, തപസ്സ്‌, ദാനം, ധ്യാനം, ശീലം, ഗുണം, ധർമ്മം ഇവയില്ലാത്തവർ ഭൂമിക്കുതന്നെ ഭാരമാണ്‌. നാമാരും ഭൂമിക്കു ഭാരമാവാൻ ആഗ്രഹിക്കുന്നില്ലല്ലോ. അതിനാൽ ധാരാളം പുസ്‌തകങ്ങൾ വായിക്കുക.

Generated from archived content: essay2_sep29.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English