“ഈ അമ്മയ്‌ക്ക് വേറെ പണിയൊന്നൂല്ലേ… സ്‌കൂളുപൂട്ടിയാലും ഒരു സമാധാനോം തരൂല്ല… കടേല് പോ.. അവടപ്പോ ഇവിടപ്പോ… കളിക്കാൻ സമ്മതീക്കൂല്ലാന്ന് വച്ചാ..”
കണ്ണന്റെ ദേഷ്യം കൂടുകയാണ്. അവധിക്കാലത്തിന്റെ മധുരത്തിൽ അമ്മയുടെ നീട്ടിയ വിളി കണ്ണനെ മാത്രമല്ല കൂട്ടുകാരേയും ദേഷ്യപ്പെടുത്തി. അമ്മയുടെ വീണ്ടും വീണ്ടുമുളള വിളികൾക്ക് ഒടുവിൽ തലചൊറിഞ്ഞ് കണ്ണൻ വീട്ടിലേയ്‌ക്കോടും പിന്നെ അമ്മ പറഞ്ഞത് മനസ്സില്ലാമനസ്സോടെ ചെയ്ത് ശൂർ… എന്ന് പറഞ്ഞ് തിരിച്ചെത്തും. “വാടാ തൊടങ്ങാം”-പിന്നെ കളിയിലേയ്‌ക്ക് വീഴുകയായി കണ്ണനും കൂട്ടരും.
മധ്യവേനലവധി കുട്ടികളുടെ ഉത്സവകാലമാണ്. വിഷുവിന്റെ താളമേളങ്ങൾ കൂടിയാകുമ്പോൾ സംഗതി പൊടിപൂരം. പടക്കം പൊട്ടിക്കൽ, ക്രിക്കറ്റ് കളി, സൈക്കിൾ ചവിട്ടാൻ പഠിക്കൽ, ചെറിയ ചെറിയ തല്ലുപിടുത്തങ്ങൾ അങ്ങിനെ അവധിക്കാലത്തിന്റെ സജീവത ഇന്നും പലയിടത്തും നിലനില്‌ക്കുന്നുണ്ട്.
“വിഷൂന്ന് പറഞ്ഞാ പടക്കം പൊട്ടിക്കല് തന്ന്യാ” ശരത്തിന് ഈക്കാര്യത്തിൽ എതിരഭിപ്രായമില്ല. “കിട്ടിയ കാശിനൊക്കെ പടക്കം മേടിക്കും… കമ്പിത്തിരീം മത്താപ്പൂവുമൊക്കെ കൊച്ചുകുട്ടികൾ കത്തിക്കണതല്ലേ… എനിക്ക് പൊട്ടണ പടക്കാ ഇഷ്‌ടം…” അടുത്ത കൊല്ലം ആറാം ക്സാസ്സിലാകുന്നതിന്റെ ഗമയും വലിപ്പവും ശരത്തിന്റെ വാക്കുകളിലുണ്ട്.
വിഷുദിനത്തിൽ കുട്ടികൾക്കുമുന്നിൽ പടക്കങ്ങളുടെ പ്രലോഭനങ്ങളാണ്. കമ്പിത്തിരി, മത്താപ്പൂ, മേശാപ്പൂ, പിന്നെ തറയിൽ കറങ്ങുന്ന ചക്രവും എന്നിങ്ങനെ കത്തുന്ന പടക്കങ്ങളും, വൈവിധ്യമാർന്ന മാലപ്പടക്കങ്ങളും, റോക്കറ്റും വാണവും, ഗുണ്ടുകളും എല്ലാം കുട്ടികളെ കാത്തിരിക്കുകയാണ്. “ദൈവേ, ഇതൊക്കെ പൊട്ടിച്ച് പിളേളര് കൈപൊളളിക്കാണ്ടിരുന്നാ മതിയാർന്നു.” കുട്ടികളുടെ വികൃതികൾ കണ്ട് മുത്തശ്ശി നാണിത്തളള പ്രാർത്ഥിച്ചു.
“ഈ അവധിക്കാലം പൊളിഞ്ഞ് പാളീസായി, വിഷുവും.” ടിനുവിനും, ജയേഷിനും, കുക്കനും ഇതേ പറയാനൊളളൂ. ഒപ്പം ഇവർ അധ്യാപകരെ മനസ്സറിഞ്ഞ് ശപിക്കുകയും ചെയ്യുന്നുണ്ടാകാം. “അവരുടെ ഒടുക്കത്തെ പണിമുടക്കല്ലേ ഈ വിഷുവിന് പരീക്ഷ വെയ്‌ക്കാൻ കാരണം.” നഷ്‌ടബോധത്തിന്റെ തീക്കനലിൽ വെന്തെരിയുകയാണിവർ. എങ്ങിനെ അധ്യാപകരെ ശപിക്കാതിരിക്കും? പത്താം ക്ലാസ്സ് പരീക്ഷയുടെ ചൂടിൽ നിന്ന് അൽപം ആശ്വാസം തേടി വൈകുന്നേരം ഒത്തുകൂടിയ ഇവരുടെ നിരാശ നമുക്കും മനസ്സിലാകും.
അടുത്ത അധ്യായനവർഷം എൽ.കെ.ജി.യിൽ ചേരാനിരിക്കുന്ന അപ്പുവിനും ജുബിലിനും കഴിഞ്ഞ കാലമെല്ലാം അവധിക്കാലം തന്നെയായിരുന്നു. ഇപ്പോൾ പഠനത്തിനവധികൊടുത്ത ചേട്ടന്മാരുടെ പിറകെയാണ് ഇവർ രണ്ടുപേരും. ഇടയ്‌ക്കൊക്കെ ശല്ല്യമാകാറുണ്ടെങ്കിലും ചേട്ടന്മാർ ഇവരെ തല്ലിയോടിക്കാറില്ല. കാരണം ഇവർ കരഞ്ഞാൽ പ്രശ്‌നമാകുമെന്നറിയാം. ഇതൊക്കെയാണെങ്കിലും ഇടയ്‌ക്കിടെ മുറ്റത്തെ അരണമരത്തിലെ കുരുവിക്കൂടിനെ ശ്രദ്ധിക്കാൻ മറക്കാറില്ല. കല്ലെറിയരുതെന്ന് അടുത്തവീട്ടിലെ ചേച്ചി പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കുന്നുമുണ്ട്; ഇടയ്‌ക്കിടെ കല്ലെറിയണമെന്ന് തോന്നുന്നുണ്ടെങ്കിലും.
“നിന്നോട് പറഞ്ഞിട്ടില്ലേടീ.. ആ പൊട്ടൻ മനുവിന്റെ കൂടെ കളിക്കാൻ പോകരുതെന്ന്”. ചേച്ചി ദിവ്യ അനുജത്തി സൗമ്യയെ ശകാരിക്കുകയാണ്. മനുവിന് കുറുമ്പിത്തിരി കൂടുതലാ. അവൻ സൗമ്യയുടെ കണ്ണിൽ മണ്ണെറിഞ്ഞില്ലെങ്കിലേ അത്ഭുതമുളളൂ. “അല്ലെങ്കീ അവനെന്തിനാ വെറുതെ നിന്നെ മണ്ണെറിയുന്നത്. നീ വല്ല കുണ്ടാമണ്ടീം ഒപ്പിച്ചിട്ടുണ്ടാകും.” ദിവ്യക്ക് സംശയം ബാക്കി. “ഇല്ല ചേച്ചി. ഞാനവടെ വെറ്‌തെ പോയിനിന്നപ്പോ അവനെറിഞ്ഞതാ… അച്‌ഛൻ വരുമ്പോ പറഞ്ഞു കൊടുക്കണം. പൊട്ടൻ മനു.. കുനു..” പിന്നെ നേരിയ കരച്ചിലോടെ ഇരിക്കുന്ന സൗമ്യയുടെ കണ്ണിലെ മണ്ണെടുക്കാനുളള തത്രപ്പാടിലായി ദിവ്യ.
“എടാ കൊരങ്ങച്ചാ.. താഴെയെറങ്ങടാ… ഇനിക്കേറിയാ നിന്റെ നെഞ്ചൊരഞ്ഞു പൊട്ടും.” കൂട്ടുകാരുടെ ഉപദേശം കേൾക്കാതെ ശരത്തിന്റെ അനിയൻ ശ്രീലാൽ തെങ്ങിൽ വലിഞ്ഞു കയറുകയാണ്. ഒടേതമ്പുരാൻ പറഞ്ഞാലും ഈ വക കാര്യങ്ങളിൽ ശ്രീലാൽ പിറകോട്ടു പോകില്ല. കൂട്ടത്തിലെ സാഹസികനാണ് ശ്രീലാൽ. മതിലിന്റെ മുകളിലൂടെ നടക്കുക. വളളിയിൽ തൂങ്ങിയാടി ടാർസനാകുക എന്നിവയാണ് പുളളിയുടെ ഹോബികൾ. സാഹസികന്റെ എല്ലാ അടയാളങ്ങളും ദേഹത്തുണ്ട്. കുളിക്കാനായി പുഴയിലേക്ക് ചാടിയപ്പോൾ കക്കതൊണ്ടുകൊണ്ട് പൊളിഞ്ഞ കാലിലിട്ട എട്ടു സ്‌റ്റിച്ചിന്റെ പാടുകൾ, മതിലിൽ നിന്ന് വീണ് പൊട്ടിയ തലയിലെ പാട് എന്നിങ്ങനെ.. “അയ്യോ… ” നിലവിളി കേൾക്കുന്നു. ശ്രീലാൽ വീണതായിരിക്കും സാരമില്ല. പൊട്ടിയിടത്ത് തെങ്ങിന്റെ ‘പൊരിങ്ങൽ’ വച്ചാൽ ചോര നിന്നോളും.
“ഇനി ഇതീക്കേറാൻ സ്ഥലമില്ലടാ… അടുത്ത ട്രിപ്പിൽ കേറ്റാം.” – ചിണുങ്ങി നില്‌ക്കുന്ന അപ്പുവിനോട് കുക്കൻ പറഞ്ഞു. നാലുപേർ ഇപ്പോൾ തന്നെ സൈക്കിളിലുണ്ട്. കുക്കനാണെങ്കിൽ രണ്ടുദിവസം കഴിഞ്ഞ് പത്താം ക്ലാസു പരീക്ഷയും. എങ്കിലും അപ്പു വിടുവാൻ തയ്യാറല്ല. കരച്ചിലിനോടടുക്കുന്നു. ഈ പ്രശ്‌നം എങ്ങിനെയെങ്കിലും തീർക്കണമല്ലോ… കുക്കൻ ആശയകുഴപ്പത്തിലായി. അപ്പുവിന്റെ കരച്ചിലിന്റെ ശക്തിയും ഏറുന്നു. ഇനി പഠിക്കാൻ പറഞ്ഞ് അമ്മ വിളിക്കേണ്ട താമസമേയുളളു, സൈക്കിളിൽ കയറിയിരുന്ന് ഗമ കാണിക്കുന്നവരുടെ കരച്ചിലും തുടങ്ങും. “ബാ… കേറ് ഇതിനിടയിലെവിടെയെങ്കിലും ഇരുത്താം.” കുക്കൻ അപ്പുവിനെ സമാധാനിപ്പിച്ചു.
“കളിച്ചവശതയായി, ഇനി കുറച്ചുനേരം വിശ്രമിക്കാം.” വെയിലിൽ നിന്നല്പം ആശ്വാസം തേടി തണലുളള പുല്ലിൽ ബെൻസനും അജുവും കിടപ്പായി. “നാളെ രാവിലെതന്നെ സൈക്കിളിൽ ആ വഴി പോകണം. അവളുടെ അച്ഛനെ കണ്ടാൽ നീ പേടിക്കരുത്. അങ്ങോട്ട് നോക്കാതെ നേരെയങ്ങു വിട്ടാൽ മതി.” ബെൻസൻ പറഞ്ഞു. എട്ട് ബി.യിലെ ഗോപികയെ വിരഹദുഃഖത്താൽ ഓർക്കുകയാണ് ബെൻസൻ. “ശരി..” അജുവിനും സമ്മതം. തൊട്ടപ്പുറമാണല്ലോ ഏഴ്.സിയിലെ അനിതാബാബുവിന്റെ വീട്.. കൊച്ചുകൊച്ചിഷ്‌ടങ്ങളുടെ കാലംകൂടിയാകുന്നു അവധിക്കാലം.
പപ്പടം ബാബുവെന്നും മാക്കാൻ അജുവെന്നും കപീഷു കണ്ണനെന്നും ഈർക്കിലി ടിന്റുവെന്നും, വെട്ടൻ ബെൻസനെന്നും, ഉണ്ട രേഷ്‌മയെന്നും ഇടംപേര് വിളിച്ച് കളിയാക്കുന്നതും, പരസ്പരം മാന്തിയും കടിച്ചും പിച്ചിയും തല്ലുപിടിക്കുന്നതും, കൂട്ടത്തിൽ ഒരുത്തനെ ഒറ്റപ്പെടുത്തുന്നതും നമുക്ക് ക്ഷമിക്കാം. കാരണം ബാല്യകാലം അത്ര സുന്ദരമല്ല. മറിച്ച് അതിനെക്കുറിച്ചുളള ഓർമ്മകളാണ് ഏറെ സുന്ദരം.
Generated from archived content: essay1_vishu.html