പുരുഷാർത്ഥക്കൂത്ത്‌

പുരുഷാർത്ഥ ചതുഷ്‌ടയത്തിന്റെ ഹാസ്യാനുകരണമെന്ന നിലയിൽ പരിഹാസനിർഭരമായ ഒരു പുതിയ ഘടകം-പുരുഷാർത്ഥക്കൂത്ത്‌.

സംസ്‌കൃതനാടകങ്ങളെ കേരളീയ ശൈലിയിൽ അവതരിപ്പിക്കുന്നതിനു എ.ഡി. 900-​‍ാം ആണ്ടിടയ്‌ക്കു കുലശേഖരവർമ്മ നടത്തിയ പ്രയത്‌നത്തോടൊപ്പം മറ്റൊരു പരീക്ഷണവുംകൂടി നടന്നു. രാജസദസ്സിലെ പണ്ഡിതവിദൂഷകനായിരുന്ന തോലൻ വഴിയാണ്‌ ആ പരീക്ഷണം ഉണ്ടായത്‌. കുലശേഖരവർമ്മ അഭിജ്ഞസമൂഹത്തിന്റെ സുസംസ്‌കൃതാഭിരുചിക്കിണങ്ങിയവിധം നാടകവേദിയെ ഉയർത്തിക്കൊണ്ടുവരുവാൻ ശ്രമിച്ചതോടൊപ്പം, പരിഹാസ ചതുരനായ തോലനെക്കൊണ്ട്‌ സാമാന്യജനതയുടെ ഇഷ്‌ടകലാരൂപമാക്കിത്തീർക്കാനും യത്‌നിച്ചു.

സാമൂഹ്യജീവിതത്തിൽ നാനാമുഖമായ പരിവർത്തനങ്ങൾ വരുത്തുന്നതിനും, ജീർണ്ണമായ സാമൂഹികാചാരങ്ങളെ ശുദ്ധീകരിക്കുന്നതിനും രാജാവു മുതൽ താഴെക്കിടയിലുളളവരുടെ കൊളളരുതായ്‌മകളെ മുഴുവൻ നിശിതമായി വിമർശിക്കുന്നതിനും കല എന്ന മാദ്ധ്യമത്തെ ബോധപൂർവ്വം പ്രയോജനപ്പെടുത്തുവാനുളള ആത്മാർത്ഥമായ ഒരു സംരംഭമായിട്ടാണ്‌ ഈ പരിഷ്‌ക്കരണ പ്രസ്ഥാനം ഉടലെടുത്തത്‌. മലയാള ഭാഷയിലൂടെ വ്യാഖ്യാനവും വിമർശനവും നടത്തുകവഴി ആ കലയെ ജനതാമദ്ധ്യത്തിലിറക്കിക്കൊണ്ടുവരികയെന്ന അടിസ്ഥാന പരിവർത്തനത്തോടൊപ്പം, ജനജീവിതത്തെ പരിഹസിച്ചും വിമർശിച്ചും ഉയർത്തിക്കൊണ്ടുവരികയെന്ന സാമൂഹ്യദൗത്യം കൂടി നിർവഹിക്കാൻ തോലന്റെ സംഭാവനവഴി സാധിച്ചു.

പണ്ഡിതസദസ്സുകളെ മാത്രം ആകർഷിക്കാറുളള കൂടിയാട്ടത്തെ സാധാരണക്കാർക്കും അഭിഗമ്യമാക്കിത്തീർക്കുക; അന്യഥാ ഉന്നതസ്ഥാനീയരുടെ ശത്രുതയ്‌ക്കും പ്രതികാരത്തിനും ഇടയാക്കാവുന്ന സാമൂഹ്യവിമർശനങ്ങൾക്കും ജീവിത വിമർശനങ്ങൾക്കും കലയുടെ പരിരക്ഷ നൽകുക; തുടങ്ങിയ ഒട്ടേറെ ഉദ്ദേശ്യങ്ങൾ അതിനു പിന്നിലുണ്ടായിരിക്കണം. പുരുഷാർത്ഥങ്ങൾക്ക്‌-ജീവിതലക്ഷ്യങ്ങൾക്ക്‌-സംഭവിച്ച ദയനീയമായ അധഃപതനത്തിൽ നിന്നു സമൂഹത്തെ പിടിച്ചുകുലുക്കുന്നത്ര നിശിതോഗ്രമായിട്ടാണ്‌ പുരുഷാർത്ഥക്കൂത്തിലെ ഹാസ്യാനുകരണം സംവിധാനം ചെയ്‌തതെന്നു കാണാം. തകർന്ന ജീവിതമൂല്യങ്ങൾ, ധർമ്മാർത്ഥകാമമോക്ഷങ്ങൾക്കു സംഭവിച്ച അർത്ഥച്യുതി, അതുവഴി ജീവിതത്തിലാകെ നിറഞ്ഞു നിന്ന ഭൗതിക ഭോഗലാലസ, കലയ്‌ക്കും കവിതയ്‌ക്കും സംഭവിച്ച സംസ്‌ക്കാരാലോപം തുടങ്ങി അനന്ത വിവിധമായ ജീവിതമേഖലകളിലാകെ വ്യാപിച്ചിരുന്ന ജീർണ്ണത-അവയെ മുഴുവനും പ്രതിഫലിപ്പിക്കുന്നതും അവയോടു മുഴുവൻ പ്രതിഷേധിക്കുന്നതുമായ സംസ്‌ക്കാരോല്‌ക്കർഷത്തിന്റെ ശബ്‌ദമത്രെ പുരുഷാർത്ഥക്കൂത്തു നടത്തുന്ന ചാക്യാരുടെ ശബ്‌ദം. വിനോദത്തിനും, മാനസോല്ലാസത്തിനും, പാണ്ഡിത്യ സംതൃപ്‌തിക്കും മാത്രമായി ഉദ്ദേശിക്കപ്പെട്ട നാടകകലയും കൂടിയാട്ടവും, സുശക്തവും ഫലപ്രദവുമായ ഒരു സാമൂഹ്യോദ്ധാരണ മാധ്യമമായി, സംസ്‌ക്കാരത്തിന്റെ ജീർണ്ണോദ്ധാരണ ശക്തിയായി, മാറുന്ന കാഴ്‌ച നാമിവിടെ കാണുന്നു.

വിവാദംഃ- അനധീതമംഗലം ഗ്രാമത്തിലെ മേയ്‌ക്കാന്തല, കീഴ്‌ക്കാന്തല എന്നീ രണ്ടു കരപ്രമാണിമാർ തമ്മിലുളള മത്സരവും ആ മത്സരംകൊണ്ട്‌ ഗ്രാമത്തിനു വന്നുചേർന്നിട്ടുളള അനർത്ഥങ്ങളും വിദൂഷകൻ വർണ്ണിക്കുന്നു. അതിനുശേഷം ഒരു മധ്യസ്ഥൻ കവിത നിർമ്മിച്ച്‌ അതിന്‌ ശിവപരമായും വിഷ്‌ണുപരമായും അർത്ഥം വ്യാഖ്യാനിച്ച്‌ അവരുടെ വാദം തീർക്കുന്നു. ഇതുപോലെ ഏതുവാദവും ബുദ്ധിമാന്മാർക്ക്‌ പറഞ്ഞു തീർക്കാവുന്നതാണെന്നും സമന്മാരോടുകൂടി മാത്രമേ വാദിക്കാവൂ എന്നും സത്രം, നദീമധ്യം, മാർഗ്ഗം തുടങ്ങിയ സ്ഥലങ്ങളിൽ വെച്ച്‌ വാദം പാടില്ല എന്നും സമർത്ഥിക്കുന്നു. ദുഷ്‌കവികളെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്‌. അനേകം സംസ്‌കൃത പദ്യങ്ങളും മണിപ്രവാളപദ്യങ്ങളും അതിനുവേണ്ടി ഉദാഹരിക്കുന്നു. അങ്ങനെ രണ്ടുപേരുടെയും വാദം തീർന്നതിനുശേഷം ആ ഗ്രാമക്കാരെല്ലാവരും ഒത്തുചേർന്ന്‌ പുരുഷാർത്ഥങ്ങൾ സാധിക്കണമെന്നും അതിനു പിറ്റേന്നാൾ നേരത്തെ വന്നുചേരണമെന്നും നിശ്ചയിച്ച്‌ എല്ലാവരും പിരിഞ്ഞുപോകുന്നു.

വിനോദം ഃ- അനധീതമംഗലം ഗ്രാമത്തിലെ മേയ്‌ക്കാന്തല കീഴ്‌ക്കാന്തലകളുടെ വാദം മൂലം ശ്രേയസ്സ്‌ ക്ഷയിച്ച ഗ്രാമത്തിൽ വീണ്ടും ശ്രേയസ്സുണ്ടാക്കാൻ പുരുഷാർത്ഥങ്ങൾ സാധിക്കണമെന്ന്‌ ഗ്രാമവാസികൾ നിശ്‌ചയിക്കുന്നു. കലികാലത്ത്‌ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥങ്ങൾക്കു പകരം വിനോദം, വഞ്ചനം, അശനം, രാജസേവ എന്നിവയായാലും മതി എന്ന്‌ സപ്രമാണം സമർത്ഥിച്ച്‌ ആദ്യത്തെ വിനോദപുരുഷാർത്ഥം സാധിക്കുവാൻ ഗ്രാമവാസികളെല്ലാവരുംകൂടി പുറപ്പെടുന്നു. ഈ ദിവസത്തെ അവതരണത്തിൽ ഇന്നിന്ന തരത്തിലുളള വേശ്യകൾ വർജ്ജ്യകളാണെന്നും ഇന്നിന്ന തരത്തിലുളള വേശ്യകളെയേ പ്രാപിക്കാവൂ എന്നും ഉദാഹരണസഹിതം വിവരിക്കുന്നുണ്ട്‌. ക്ഷേത്രോപജീവികളായ അമ്പലവാസികളെ എല്ലാവരെയും ഉപഹസിച്ചുകൊണ്ടുളള അവതരണം സഹൃദയഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടിയിട്ടുണ്ട്‌. എല്ലാവരും കൂടി ‘ഭ്രമരകോലാഹലത്ത്‌’ ഉണ്ണിമഞ്ഞ്‌ജരി എന്ന വേശ്യയെ പ്രാപിച്ച്‌ വിനോദപുരുഷാർത്ഥം സാധിക്കുന്നു. അതിൽ ഒരാൾ അവിടെനിന്ന്‌ സ്വർണ്ണംകൊണ്ടുളള അടപ്പൻ മോഷ്‌ടിക്കുകയും ഇങ്ങനെ വഞ്ചനയും കൂടി സാധിക്കുകയും ചെയ്യുന്നു.

അശനംഃ- മൂന്നാമത്തെ പുരുഷാർത്ഥമായ അശനത്തിൽ ഭക്ഷണത്തിന്റെ വിശേഷഗുണങ്ങൾ, ദോഷങ്ങൾ, ഓരോരോ സദ്യകൾക്കുമുളള പ്രത്യേകതകൾ, ആതിഥേയന്മാരുടെ സ്വഭാവഭേദങ്ങൾ എന്നിവ വിസ്‌തരിക്കുന്നു. തുടർന്ന്‌ എല്ലാവരുംകൂടി ‘ണ്ടിണ്ടീം’ നായ്‌ക്കരപ്പ‘ന്റെ പന്ത്രണ്ടാം മാസം സദ്യ ഉണ്ണുന്ന കഥ വിസ്‌തരിച്ചു പറയുന്നു. ഇതിൽ ഓരോരോ വിഭവങ്ങളുടെയും രുചിയും പാചകവിധിയും എല്ലാം വിസ്‌തരിക്കുന്നു. ’അശന‘ത്തിന്‌ ഏകദേശം 150-ഓളം ഭാഷാശ്ലോകങ്ങൾ ഉപയോഗിക്കുന്നുണ്ട്‌.

രാജസേവഃ- നാലാമത്തെ പുരുഷാർത്ഥമായ രാജസേവയിൽ ’രാജസേവ‘യ്‌ക്കുളള ബുദ്ധിമുട്ടുകളും രാജാക്കന്മാരുടെ ഗുണദോഷങ്ങളും വിസ്‌തരിച്ചു പറഞ്ഞ്‌ വർണ്ണിക്കുന്നു. തുടർന്ന്‌ ഗ്രാമവാസികളെല്ലാവരുംകൂടി പാരാശര്യനെ രാജസേവയ്‌ക്ക്‌ പറഞ്ഞയയ്‌ക്കുന്നു.

(വി.ആർ.കൃഷ്‌ണചന്ദ്രന്റെ പുരുഷാർത്ഥക്കൂത്ത്‌ എന്ന പുസ്‌തകത്തിൽനിന്ന്‌)

ആട്ടത്തിന്റെ വഴിയടയാളങ്ങൾ – മാർഗി മധു

Generated from archived content: essay-jan21.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here