ഭൂതകാലം സമ്മാനിക്കുന്ന ദുരന്തവഴികൾ

വിനയംഃ-

പ്രായം സാധാരണരീതിയിൽ ആളുകളിൽ വലിയ അളവിൽ അഹന്തയും ഗർവ്വുമാണ്‌ സൃഷ്‌ടിക്കുക. മറ്റുളളവരേക്കാൾ കൂടുതൽ ലോകത്തെ അറിയാമെന്നും അതിനാൽ അവരെ ഉപദേശിക്കാൻ തനിക്ക്‌ കഴിവുണ്ടെന്നുമുളള ധാരണയായിരിക്കും ഇതിനു കാരണം. ചില കാര്യങ്ങളിൽ ഇത്‌ ശരിയാകാറുണ്ട്‌. എങ്കിലും പ്രായം അപൂർവ്വമായി മാത്രമെ വിനയം കൊണ്ടുവരുന്നതായി കാണാറുളളൂ. പ്രായത്തിന്റെ ഗർവ്വിനും അഹന്തയ്‌ക്കും മുമ്പ്‌ വിനയത്തെ പ്രതിഷ്‌ഠിക്കാൻ ആഗ്രഹിക്കുന്നവനാണ്‌ ഞാൻ.

നാലഞ്ചു കൊല്ലം മുമ്പ്‌ ഞാൻ ഒരു കഥയെഴുതി. ക്രൂശിതനായി, പതിനഞ്ചു നൂറ്റാണ്ടുകൾക്കുശേഷം യൂറോപ്പിലെ ഒരു ശ്മശാനത്തിൽവച്ച്‌ യേശുക്രിസ്‌തു ലോകത്തിന്റെ പുറമ്പോക്കുകളിലും അതിരുകളിലും ജീവിക്കുന്ന ഒരു ജിപ്സിയുമായി സംവാദം നടത്തുന്നതാണ്‌ കഥാസന്ദർഭം. ഇവിടെ ക്രിസ്‌തു ഓർക്കുന്നത്‌ താൻ പ്രവാചകനായി കഴിഞ്ഞിരുന്ന പഴയ കാലത്തെക്കുറിച്ചാണ്‌. അന്ന്‌ യേശു പ്രഖ്യാപിച്ചത്‌ ശിഷ്യൻ ഗുരുവിന്‌ മീതെയല്ലെന്നും ദാസൻ യജമാനന്‌ മീതെയല്ലെന്നുമാണ്‌. പക്ഷെ പതിനഞ്ചു നൂറ്റാണ്ടിനുശേഷം ക്രിസ്‌തു തിരിച്ചറിയുന്നത്‌ താൻ തന്റെ ശിഷ്യന്മാരാലും അനുയായികളാലും വഞ്ചിതനായെന്നാണ്‌; തന്റെ പേരിൽ ഉടലെടുത്ത മതം സ്‌നേഹത്തിനും സൗഹാർദ്ദത്തിനും പകരം വ്യത്യസ്ത അഭിപ്രായങ്ങളും വിശ്വാസങ്ങളുമുളളവരെ വേട്ടയാടുന്ന സംഘമായി മാറിയെന്നാണ്‌. ഒരു പരാജയപ്പെട്ട പ്രവാചകന്റെ സ്ഥാനമാണ്‌ തനിക്കെന്നും ക്രിസ്‌തു തിരിച്ചറിയുന്നു. ഈ സമയം ക്രിസ്‌തു മനസ്സിലാക്കുന്ന കാര്യം പ്രവാചകരല്ല പ്രവർത്തകരാണ്‌ മനുഷ്യരാശിക്ക്‌ ആവശ്യമെന്നാണ്‌. ഒപ്പം ശിഷ്യൻ ഗുരുവിനേക്കാളും, ദാസൻ യജമാനനേക്കാളും മുകളിലാണെന്നുമുളള സങ്കൽപ്പം ക്രിസ്‌തുവിന്റെ മുന്നിലെത്തുന്നു.

ഒരു തലമുറയ്‌ക്കും വരുംതലമുറയെ ആശയപരമായി തടവിലിടാനുളള അവകാശമില്ല. ഓരോ തലമുറയും ഭാവി സ്വയം നിശ്ചയിക്കുവാൻ ബാധ്യസ്ഥരാണ്‌. “എനിക്ക്‌ പിന്നാലെ വരുന്നവൻ എനിക്ക്‌ മുന്നേ നടക്കുന്നവനായിരിക്കും” എന്ന പ്രവാചകനായ യോഹന്നാന്റെ വചനങ്ങൾ മുൻപ്‌ സൂചിപ്പിച്ച കഥാസന്ദർഭത്തിൽ ക്രിസ്‌തു തിരിച്ചറിയുന്നുണ്ട്‌. യോഹന്നാൻ പറഞ്ഞത്‌ തന്റെ വരവിനെക്കുറിച്ച്‌ മാത്രമല്ല എന്നും തനിക്കുവേണ്ടി കൂടിയാണെന്നും ക്രിസ്‌തു മനസ്സിലാക്കുന്നു.

വരും തലമുറ എപ്പോഴും മുമ്പേ നടക്കുന്നവരായിരിക്കും. ഇതായിരിക്കണം ജീവിതത്തിന്റെ ശരിയായ സങ്കൽപ്പം അഥവാ ഫിലോസഫി. തങ്ങൾക്ക്‌ പിന്നാലെ വരുന്ന തലമുറ തന്നെക്കാൾ മെച്ചപ്പെട്ടതായിരിക്കും എന്ന വിശ്വാസമാണ്‌ ഓരോ തലമുറയ്‌ക്കും ഉണ്ടാകേണ്ടത്‌. ഒരു തലമുറയും വരും തലമുറയെ വിശ്വാസത്തിന്റെ പേരിലായാലും ആശയത്തിന്റെ പേരിലായാലും തളച്ചിടാൻ ശ്രമിക്കരുത്‌. പ്രായം കൊണ്ടുണ്ടായ വിനയം എന്നെ മനസ്സിലാക്കിച്ചത്‌ ഇതാണ്‌. അതിനാൽ പുതിയ തലമുറയെ സ്‌നേഹത്തോടെ മാത്രമല്ല ബഹുമാനത്തോടുകൂടിയും നാം സമീപിക്കണം.

ജീവിതംഃ-

ജീവിതം എന്താണെന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരമില്ല. ഉണ്ടാകുന്ന ഉത്തരങ്ങളാകട്ടെ താത്‌കാലികവുമാണ്‌. ഉത്തരങ്ങളെല്ലാം താത്‌കാലികമാണ്‌ എന്നു മനസ്സിലാക്കുന്ന കാലത്തോളം ഓരോ ഉത്തരവും ശരിയാണുതാനും. ചില ഫിലോസഫേഴ്‌സ്‌ പറയുന്നത്‌ ജീവിതം എന്നത്‌ ഉറക്കത്തിനിടയിലുളള ഒരു തടസ്സം മാത്രമാണെന്നാണ്‌. ചിലരാകട്ടെ ജീവിതമെന്നാൽ മരിക്കാൻ വിധിക്കപ്പെട്ട ഒരു രോഗമാണെന്നും വ്യാഖ്യാനിക്കുന്നു. ചലച്ചിത്രകാരനായ ക്രിസ്‌റ്റഫർ സനൂസി ഇതിനെ കൂടുതൽ വ്യക്തമായി നിർവ്വചിച്ചത്‌ ‘Life is a sexually transmitted fatal decease’ എന്നാണ്‌. ഇവിടെ ഞാൻ മനസ്സിലാക്കുന്നത്‌ ഇതെല്ലാം വെറും ഇടുങ്ങിയ അഭിപ്രായങ്ങളാണെന്നും ഇവരെല്ലാം ജീവിതത്തെ വ്യക്തിപരമായി നോക്കിക്കാണുന്നുളളൂവെന്നുമാണ്‌. ജീവിതം തികച്ചും വ്യക്തിപരമായ തലത്തിൽ നോക്കിക്കാണേണ്ട ഒന്നല്ല. അത്‌ വ്യക്തികൾക്കുമപ്പുറത്ത്‌ അതിവർത്തിക്കുന്ന പ്രതിഭാസമാണ്‌.

എന്റെ കാഴ്‌ചപ്പാടിൽ ജീവിതത്തെക്കുറിച്ച്‌ പോസിറ്റീവായ വീഷണം നല്‌കിയത്‌ ബുദ്ധനാണ്‌. അദ്ദേഹം പറഞ്ഞത്‌ ഓരോ ജീവിയും ഓരോ നിമിഷം മരിച്ചുകൊണ്ടിരിക്കുകയും ഓരോനിമിഷം ജനിച്ചുകൊണ്ടിരിക്കുകയുമാണെന്നാണ്‌. രണ്ടായിരത്തി അഞ്ഞൂറ്‌ വർഷങ്ങൾക്കുമുമ്പ്‌ ബുദ്ധൻ പറഞ്ഞ ഈ ആശയം ഇന്ന്‌ ശാസ്‌ത്രം പറയുന്നതിന്‌ സമമാണ്‌. കൗമാരത്തിലുണ്ടായ ഒരാളല്ല യുവാവായ ആൾ. യുവത്വത്തിലെ ആളല്ല അയാൾ വൃദ്ധനായി മാറുമ്പോൾ ഉളളയാൾ. അമ്പതുവർഷങ്ങൾക്ക്‌ മുമ്പുണ്ടായ ഞാനല്ല ഇന്നത്തെ ഞാൻ. അന്ന്‌ എന്റെ ശരീരത്തിലുണ്ടായ കോശങ്ങളെല്ലാം തന്നെ ഇന്ന്‌ എന്റെ ശരീരത്തിലുണ്ടാവില്ല. മിക്കവാറും എല്ലാകോശങ്ങളും മാറ്റപ്പെട്ടിരിക്കും. തലച്ചോറിലെ കോശങ്ങൾവരെ മാറിക്കൊണ്ടിരിക്കുന്നുവെന്ന്‌ ശാസ്‌ത്രം തെളിയിച്ചിരിക്കുന്നു. ചോദ്യം ചോദിക്കുന്ന ആളല്ല ഉത്തരം സ്വീകരിക്കുന്ന ആൾ. ആദ്യയാമത്തിൽ കത്തുന്ന പന്തമല്ല അന്ത്യയാമത്തിൽ കത്തുന്ന പന്തം. നാം മാറിക്കൊണ്ടിരിക്കുന്നു. മരിക്കുകയും വീണ്ടും ജനിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഈ രീതിയിൽ പോകുന്നു ബുദ്ധന്റെ ഫിലോസഫി.

നമ്മളെല്ലാം ഒരു വ്യക്തിയോ വ്യക്തിത്വമോ അല്ലെന്നും ഒരു പ്രയാണമാണെന്നും ഇവിടെ തിരിച്ചറിയുന്നു. ഈ ചിന്ത കൂടുതൽ വ്യക്തമാക്കാൻ ബുദ്ധൻ പറയുന്നത്‌ ഇതാണ്‌. ‘നടക്കുവാൻ വഴിയുണ്ട്‌, നടക്കുക എന്ന ക്രിയയും സംഭവിക്കുന്നുണ്ട്‌, പക്ഷെ നടക്കുന്ന ആളില്ല’. ഇത്‌ വളരെ ആഴത്തിലുളള തത്വചിന്തയാണ്‌. ജീവിതമെന്ന പ്രോഗ്രാം ഒരു കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ ഹാർഡ്‌വെയർ പ്രോഗ്രാമിനുമപ്പുറത്തുളള ഒന്നാണ്‌. അതായത്‌ പുതിയ ഹാർഡ്‌വെയറിനെ ഉണ്ടാക്കുവാൻ കെൽപ്പുളള സോഫ്‌റ്റ്‌വെയറാണ്‌ ജീവജാലങ്ങൾക്കുളളത്‌. ഈ സ്വഭാവഗുണമാണ്‌, അതായത്‌ നിത്യമായി നൂതനവത്‌ക്കരിക്കപ്പെടുകയും ഒരു വിധത്തിലുളള അവസ്ഥയിലും തളച്ചിടപ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ്‌ ജീവിതത്തിന്റെ സവിശേഷമായ സ്വഭാവം. ഇതുതന്നെയാണ്‌ ജീവിതത്തെ നിഷേധാത്മകമല്ലാത്ത ഒന്നാക്കിത്തീർത്ത്‌ അതിനുമപ്പുറം പ്രസാദാത്മകമാക്കി മാറ്റുന്നത്‌. ഈ പ്രസാദാത്മകത നിലനിർത്തേണ്ട ചുമതല മാത്രമാണ്‌ വ്യക്തികൾ എന്ന നിലയിൽ നാം ചെയ്യേണ്ടത്‌.

നാളെഃ-

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ‘ഭാവി’ എന്ന വിഷയത്തെപ്പറ്റി ഒരു കുറിപ്പെഴുതാൻ ഞാൻ നിയോഗിതനായി. സുപ്രസിദ്ധ ചരിത്രകാരിയായ ബാർബറ ടക്ക്‌മാന്റെ ‘The Proud towr’ എന്ന പുസ്തകത്തെ ഉദ്ധരിച്ചാണ്‌ ഞാനാ കുറിപ്പെഴുതിയത്‌. എഡ്‌ഗാർ അലൻവോവിന്റെ ഒരു കവിതയിലെ വരിയിൽ നിന്നുമാണ്‌ ബാർബറ തന്റെ പുസ്തകത്തിന്റെ തലക്കെട്ട്‌ കണ്ടെത്തിയത്‌. ‘While from a proud towr in the town death look gigantically down’ എന്നതായിരുന്നു ആ വരികൾ. ഇരുപതാം നൂറ്റാണ്ടിലെ ഈ അഹന്തതയുടെ ഗോപുരത്തിനുതാഴെ വിതച്ച മരണങ്ങൾ ഇതിനുമുമ്പ്‌ ചരിത്രത്തിലൊരിക്കലും മാനവരാശി കണ്ടിട്ടില്ലാത്തതായിരുന്നു. ഒന്നാംലോക മഹായുദ്ധത്തിൽ ജയിക്കുവാനും തോൽക്കുവാനും കഴിയാത്ത അവസ്ഥയിൽ ട്രഞ്ചുകളിൽ കിടന്ന്‌ ലക്ഷക്കണക്കിന്‌ പടയാളികളാണ്‌ കൊലചെയ്യപ്പെട്ടത്‌. അതിനുശേഷം രണ്ടാംലോക മഹായുദ്ധം. ഗ്യാസ്‌ ചേംബറുകൾ, അണുബോംബുകൾ….പിന്നീട്‌ തുടർച്ചയായി വന്ന സർവ്വാധിപത്യത്തിന്റെ മുന്നിൽ ലക്ഷക്കണക്കിന്‌ ആളുകൾ വെടിയേറ്റു മരിച്ചു. വംശീയ ശുദ്ധീകരണം….അഭയാർത്ഥി പ്രവാഹങ്ങൾ… മനുഷ്യരാശിയ്‌ക്കുമേൽ കൊല്ലുവാനും നശിപ്പിക്കുവാനും സാധ്യമായ എല്ലാവിധ കോപ്പുകളും പ്രയോഗിക്കപ്പെട്ടു. കഴിഞ്ഞ നൂറ്റാണ്ടിൽ ഇതിൽ കൂടുതലൊന്നും അവശേഷിക്കുന്നില്ല.

ഞാൻ ആ കുറിപ്പ്‌ അവസാനിപ്പിച്ചത്‌ ഇങ്ങനെയായിരുന്നു. “മഹായുദ്ധങ്ങളും വിപ്ലവങ്ങളും വംശീയ ശുദ്ധീകരണങ്ങളും അണുബോംബുകളും തരണം ചെയ്‌ത്‌ ഇരുപതാം നൂറ്റാണ്ടിന്റെ പുറംപാതിയിൽ എത്തിയ മനുഷ്യന്റെ മുഖത്തെ മുഖ്യമായ ഭാവം ക്ഷീണത്തിന്റേതായിരുന്നു. അവൻ സൈനികനെന്ന രീതിയിലോ, അഭയാർത്ഥി എന്ന രീതിയിലോ നാവികനെന്ന രീതിയിലോ വ്യത്യാസപ്പെട്ടിരുന്നില്ല. ഭാവിയുടെ മുഖത്ത്‌ നോക്കുവാൻ അവൻ വിമുഖനായിരുന്നു. സ്വപ്നങ്ങളെക്കാൾ അവന്റെ മുഖത്ത്‌ സംശയങ്ങളാണ്‌ തെളിഞ്ഞിരുന്നത്‌.”

ഈ കുറിപ്പെഴുതി ഒരുവർഷം കഴിഞ്ഞതേയുളളൂ, ഏതാണ്ട്‌ ഒരു പ്രവചനംപോലെ ലോകത്തിലെ ഏറ്റവും വലിയ നഗരത്തിൽ ഉയർന്നുനിന്ന രണ്ട്‌ പ്രൗഢഗോപുരങ്ങൾ ഇല്ലാതായി. തകർന്നുവീണ ഈ രണ്ടു ഗോപുരങ്ങൾക്കുമുന്നിൽ ഈ നൂറ്റാണ്ട്‌ പകച്ചു നില്‌ക്കുകയാണ്‌. ഇനി എത്രമാത്രം മരണവും നാശവുമാണ്‌ ഉണ്ടാകുവാൻ പോകുന്നതെന്ന്‌ നമുക്കറിഞ്ഞുകൂടാ.

നമ്മുടെ മുന്നിൽ ഏറ്റവും ശക്തമായി നില്‌ക്കുന്ന സ്വത്വം ഭാവിയല്ല മറിച്ച്‌ ഭൂതകാലമാണ്‌. ഭാവികാലം നാം ഭൂതകാലത്തോട്‌ പൊരുതുവാൻ വേണ്ടി മാത്രം ചെലവഴിക്കേണ്ടിവരും എന്നത്‌ വിസ്‌മയകരമായ യാഥാർത്ഥ്യമാണ്‌. ഭീതിതമായി എഴുന്നേറ്റു വരുന്ന ഓർമ്മകളും വിശ്വാസങ്ങളും ശങ്കിച്ചു നില്‌ക്കുന്ന ഭാവിയുടെ സ്ഥാനത്ത്‌ കയറികൂടിയിരിക്കുന്നു. പുറകോട്ടു പോകുവാനുളള വാസന നമ്മിൽ ആവേശിച്ചിരിക്കുന്നു. ഇതിനെ തടയുക എന്നതാണ്‌ സാംസ്‌കാരികത നിലനിർത്താനുളള ഏക പോംവഴി. സംസ്‌കാരം എന്നത്‌ ചലനാത്‌മകമായ മുന്നോട്ട്‌ പോകലാണ്‌, അല്ലാതെ മരവിച്ച ഭൂതകാലം തേടിയുളള യാത്രയല്ല.

(യൂണിയൻ ക്രിസ്‌ത്യൻ കോളേജിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ച്‌ ആനന്ദ്‌ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണിത്‌.)

Generated from archived content: essay-feb7.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English