തർക്കം
ഞാൻ കുറിയിട്ടത്
നിന്റെ സീമന്തരേഖയിൽ
ഇപ്പോൾ തർക്കമായി
കുറി
എന്റെയോ, നിന്റെയോ
പാഠം
നിൻലോകം ചെറുതെന്ന്
നിന്നെ ഞാനാക്ഷേപിച്ചു.
ജീവിതം ചെറുതെന്ന്
നീയെന്നെയോർമ്മിപ്പിച്ചു.
വായനക്കാരൻ
ഞാൻ എഴുതിയത്
നിന്നെക്കുറിച്ചായിരുന്നൂ.
നീ
വായിച്ചുകയറീയെന്റെ
രഹസ്യങ്ങളിലേക്ക്.
പട്ടം
ഇതെന്റെ സ്വപ്‌നങ്ങളുടെ
വർണ്ണപ്പട്ടം
പട്ടുചിറകുകൾ വിരിച്ച്
ആകാശപ്പെരുമയിലേക്ക്
പറക്കുകയാണ്
കാറ്റിന്റെതോഴൻ
നൂലിന്റെയിങ്ങേയറ്റത്ത്
ഞാനുണ്ടെന്ന ഭാവമേയില്ല.
സായാഹ്‌നം
എന്തൊരു ശ്രദ്ധയാണയാൾക്ക്
മുമ്പൊന്നുമില്ലാത്ത സൂക്ഷ്‌മത
നരച്ചുവിളർത്ത ഓരോ മുടിയിഴയും
ഒന്നുപോലും വിടാതെ
അതിന്റെ സ്വഭാവികവും
നിഷ്‌കളങ്കവുമായ
വെള്ളിത്തിളക്കങ്ങൾ
കെടുത്തിക്കൊണ്ട്
ബ്രഷിന്റെ ആയിരം നാവുകൾ
കറുത്തമൊഴിയിൽ
വാചാലമായി
എന്തൊരു ശ്രദ്ധയാണയാൾക്ക്
മുമ്പൊന്നുമില്ലാത്ത സൂക്ഷ്‌മത
കറുപ്പ്
അയാളൊരിക്കലും
ഇഷ്‌ടപ്പെട്ടില്ല.
കൂരിരുട്ടിന്റെ
അപാരമായ ഒറ്റപ്പെടൽ
അയാളുടെ ഹൃദയത്തെ
മൂടുന്നുണ്ട്.
മുടിയിൽ കറുപ്പു
വരഞ്ഞു നിറയുമ്പോഴും
വെളുപ്പിന്റെ
തീരാത്ത നൈർമ്മല്യം
അയാളെ ഭയപ്പെടുത്തി.
ചെറുപ്പങ്ങൾ വളഞ്ഞിട്ടു
വാർദ്ധക്യത്തെ
കുത്തി മുറിപ്പെടുത്തി.
കളിചിരികളിൽ നിന്നും
ഉത്സാഹങ്ങളിൽ നിന്നും
തള്ളിയിട്ടു.
സ്‌മൃതികളുടെ
ഒടുങ്ങാത്ത ചാലുകൾ
നീർവറ്റി.
ഉണങ്ങിയ ചുണ്ടുകൾ
പുഞ്ചിരിക്കു വഴങ്ങാതായി.
വാഴ്‌വിന്റെ ഒരുകൂട്ടത്തിലും
അയാൾക്കിടമില്ല.
‘അന്തിചായുന്നു’
പ്രകാശത്തിന്റെ
അവസാനശ്വാസവും
നിലച്ചു.
അസ്‌തമിക്കാത്ത-
രാത്രികളുടെ തോഴാ
ഇരുൾമേഘങ്ങളുടെ
ഏകാന്ത കുടീരത്തിൽ
നിനക്കൊരിടമുണ്ട്,
നിന്റെ മാത്രം.
Generated from archived content: poem1_may18_10.html Author: es_satheesh