മൂന്ന്‌ കവിതകൾ

അധിനിവേശം

ഇത്തിൾക്കണ്ണി
തേൻമാവിലേക്ക്‌
നുഴഞ്ഞുകയറി.

എല്ലാം
ആസൂത്രിതമായിരുന്നു.

തൊലിയടരുകളിൽ
ഒളിച്ചും പതുങ്ങിയും
വേരുകളാഴ്‌ത്തി.

മന്ദം മന്ദം
ചരിത്രത്തിലൂടെ
വളർന്നു.

ആപ്‌തവാക്യങ്ങൾ
ചതിച്ചില്ല.

തേന്മാവ്‌
ഞെരിഞ്ഞമർന്ന്‌
നിലംപൊത്തി.

പെരിയാറ്‌

ഒരുവഴിയല്ലാ
കടന്നുവന്നത്‌
ഒരേ കരയല്ലാ
നടന്നുകണ്ടത്‌
ഒരുവാക്കുകൊണ്ട്‌
​‍്പപലവഴികീറി
ഒരേയൊഴുക്കിനാൽ
പലയിടംകേറി
പലതിലുംപെട്ടു
പലതായി തെറ്റി-
പ്പിരിഞ്ഞിട്ടല്ലയോ,
പെരിയൊരാറായി,
മഹാർണ്ണവം തന്നി-
ലറുതിപെട്ടത്‌

നേതൃഗുണം

സർ,
ഒരല്‌പം വഴിതരൂ,
ഞാനൊന്നു കടന്നോട്ടെ
(ഹാവൂ,
ഒരുവിധം കയറിപ്പറ്റി)

സർ,
ഒന്നൊതുങ്ങിയാൽ, എനിക്ക്‌
നിവർന്നു നിൽക്കാമായിരുന്നു.
(ദൈവമേ,
ഒരിടവും കിട്ടി.)

ഹേയ്‌,
നിങ്ങളെത്രനേരമായി ഇരിക്കുന്നു.
എഴുന്നേൽക്കണം മിസ്‌റ്റർ,
മറ്റുള്ളവർക്കും ഇരിക്കണം.
(സംഗതിയേറ്റു..
ഇരപ്പിടവും തരപ്പെട്ടു)

അങ്ങനെയൊക്കെയാണ്‌ സുഹൃത്തെ
ഞാനിങ്ങനെയൊക്കെയായത്‌.

Generated from archived content: poem1_jan14_10.html Author: es_satheesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here