അരാഷ്‌ട്രീയം
ഇതെന്താണിങ്ങനെ…..
മണ്ണെണ്ണ വാങ്ങാൻ
പുറപ്പെട്ടതാണ്,
വാങ്ങിവന്നത്
മണ്ണുണ്ണിയെ……
ഈയിടെയായി
എന്നുമിങ്ങനെ……
വെള്ളക്കരമടക്കാൻ പോയി
വള്ളംകളി കണ്ടിങ്ങു പോന്നു.
ഭാര്യയെ
പ്രണയാവേശത്താൽ
ചുംബിച്ചതാണ്.
അടിയേറ്റപോലെ
അവൾ പിടഞ്ഞു.
അന്തോം കുന്തോമില്ലാതായി,
എത്ര തുണിചുറ്റിയിട്ടും
നാണം മറയില്ലെന്നായി.
ഇനി
മേലും കീഴും നോക്കാനില്ല
എന്തുവേണേലുമാട്ടെ
ഒരാദർശവും കെട്ടി
ഞെളിയാൻ ഞാനില്ല……
സംസ്‌കാരം
പുസ്‌തകമൊന്നുഞ്ഞാൻ വാങ്ങിച്ചു.
വായിക്കാൻ തൽക്കാലമൊത്തില്ല
ചന്തക്കുപോയപ്പോഴെൻകൈയിൽ
പുസ്‌തകം കണ്ടവർക്കാശ്ചര്യം.
ഓഫീസിലുള്ളവർക്കെൻപക്കൽ
പുസ്‌തകം കണ്ടപ്പോഴാദരവ്.
സിനിമക്ക്, ചർച്ചക്ക്
ജാഥക്ക്, എന്തിന്ന്
കക്കൂസിൽ പോകുമ്പോഴും ഞാൻ
പുസ്‌തകം വീഴാതെ സൂക്ഷിച്ചു.
പുസ്‌തകമില്ലാതെയിക്കാലം
ജീവിച്ചുപോകുവാനൊക്കില്ല
സംസ്‌കാരമില്ലാത്ത വങ്കന്മാർ
വാഴുന്ന കാലമെന്നോർത്തോളൂ.
…………………………………………………….
……………………………………………………
പുസ്‌തകമൊന്നു ഞാൻ വാങ്ങിച്ചു
വായിക്കാനില്ല ഞാൻ തല്‌ക്കാലം.
നടപ്പുദോഷം
അങ്ങേ വഴിക്കുഞ്ഞാൻ
പോയപ്പോൾ
ആരോ പറഞ്ഞു
വഴിതെറ്റി
ഇങ്ങേ വഴിക്കു
തിരിഞ്ഞപ്പോൾ
ആരോ പിടിച്ചു
വഴിമാറ്റി.
ഇടത്തോട്ട്, വലത്തോട്ട്
മുന്നോട്ട്, പിന്നോട്ട്
നീങ്ങുവാൻ
നാലുപുറം മാത്രം.
ഏതുവഴിക്കു നീ
പോയാലും
നിന്റെ വഴികൾ
പിശകുന്നു
എങ്ങനെയൊക്കെ
നടന്നാലും
നിന്റെ നടപ്പുകൾ
തെറ്റുന്നു.
Generated from archived content: poem1_feb20_10.html Author: es_satheesh