നഗരത്തോട് ചേർന്നു കിടക്കുന്ന ഞങ്ങളുടെ ഗ്രാമം, നഗരത്തെപോലെ തന്നെ വളരുകയായിരുന്നു ഞങ്ങൾ ഗ്രാമവാസികൾ പരസ്‌പരമറിയാതെയായത് എത്രപെട്ടന്നാണെന്നോ? മൊബൈലും കമ്പ്യൂട്ടറും ഇന്റെർനെറ്റും റിയൽ എസ്‌റ്റ്കാരുമൊക്കെയായി ഞങ്ങളെയങ്ങ് ആകെ മാറ്റിക്കളഞ്ഞു. ഞങ്ങൾ തിരക്കുള്ളവരായി. ഞങ്ങൾക്ക് ഒന്നിനുമേതിനും നേരമില്ലാതെയായി. ഞങ്ങളുടെ നേരംപോക്കുകൾ ടെലിവിഷനിലെ റിയാലിറ്റി ഷോകൾ മാത്രമായി . അങ്ങനെയുള്ള ഞങ്ങളുടെ ഗ്രാമത്തിലേയ്‌ക്കാണ് ഒരു സന്ധ്യയിൽ അവൻ ചേക്കേറിയത്.
അവന്റെ അലസവേഷം! ആരും ശ്രദ്ധിച്ചു പോകും. ചുണ്ടിലെ മായാത്ത പുഞ്ചിരി! ഏതു മനസ്സിനെയും മയപ്പെടുത്തും. ഗ്രാമം അവനോട് മയപ്പെട്ടുവോ? ഗ്രാമം അവനെ നെഞ്ചിലേറ്റി ലാളിച്ചുവോ? എന്തോ ആ മറുഭാഷക്കാരന്റെ കൊഞ്ചും മലയാളം കേട്ട് വഴിവക്കിൽ ഞങ്ങളിൽ ചിലർ കിറിവക്രിച്ച് ചിരിച്ചിരിക്കാം. ഏതായാലും അതിനപ്പുറം ഞങ്ങളിൽ ആർക്കും സമയമില്ലായിരുന്നു. അവൻ ആരാണ്? എന്താണ്? എന്തിനുവന്നു? ഒന്നും ഞങ്ങൾക്ക് അറിയേണ്ടിയിരുന്നില്ല. ഞങ്ങൾ ഞങ്ങളിലേയ്‌ക്ക് മാത്രം ഒതുങ്ങുകയായിരുന്നുവല്ലോ. ഞങ്ങൾ അത്രമാത്രം തിരക്കിലായിരുന്നുവല്ലോ. ദൈവമേ, അവന്റെ കണ്ണിലെ കനലിന്റെ പൊരുൾ തേടുവാൻ പോലും ഞങ്ങളിൽ ആർക്കും തോന്നിയില്ലല്ലോ!
അങ്ങനെയിരിക്കെ, ഒരു ദിവസം സന്ധ്യയ്‌ക്ക്, അവൻ വന്നതു പോലെ ബാഗും തൂക്കി ഗ്രാമത്തിന് വെളിയിലേയ്‌ക്ക് നടന്നു. ഗ്രാമം അവനോട് സങ്കടപ്പെട്ടുവോ? അവനൊരു പാവം ദേശാടനപ്പക്ഷിയാണെന്ന് ഞങ്ങളിൽ ആർക്കെങ്കിലും തോന്നിയോ? കൊള്ളാം നല്ല കഥതന്നെ. ഞങ്ങളിൽ ആർക്കാണതിനുസമയം. ഞങ്ങൾ, ഞങ്ങളിലേയ്‌ക്ക് മാത്രം തിരിഞ്ഞിരിക്കുമ്പോൾ!
അതെ, എനിക്ക് നല്ല ഓർമ്മയുണ്ട്. ഗ്രാമത്തിൽ നിന്നും അവൻ നടന്നു മറയുമ്പോൾ, അവന്റെ കാല്‌പ്പാടുകൾക്കിപ്പുറം ഞങ്ങളുടെ ഗ്രാമം പൊട്ടിത്തെറിക്കുകയായിരുന്നു! ഗ്രാമം ഒരു തീ ഗോളമായി നിന്നെരിഞ്ഞു! ആ തീയിൽ, ഞങ്ങളിൽ ആരും അവശേഷിച്ചില്ല! ഞങ്ങളിൽ ആരും!
അതെ, ആ അലസവേഷധാരി തിരിഞ്ഞു നോക്കിയില്ല! അവന്റെ ചുണ്ടിൽ അപ്പോഴും ആ മായാത്ത പുഞ്ചിരിയുണ്ടായിരുന്നു! കണ്ണിൽ കനലും! ആ കനലിന്റെ പൊരുൾ എന്താണാവോ? ദൈവമേ, അതിന്റെ ശരിതെറ്റുകൾ തിരിച്ചറിയുവാൻ അവൻ ഇടകൊടുക്കേണമേ…..
Generated from archived content: story1_sep16_10.html Author: eramallor_sanilkumar