കാവ് ! ആലും അരയാലും പാലയും പുന്നയും അത്തിയും ഇത്തിയും ഞാറയും ഇലഞ്ഞിയും പിന്നെ, കുറെ പാഴ്‌മരങ്ങളും വള്ളിയും വള്ളിക്കുടിലും ഒക്കെ കൂടി പകലും ഇരുളിന്റെ ഒരു കൂട്! അതായിരുന്നു വലിയമ്മാമയുടെ വീടിനടുത്തുള്ള കാവ്.
അവധി ദിവസങ്ങളിൽ, ഞാൻ വലിയമ്മാമയുടെ വീട്ടിലേയ്‌ക്കോടും, അവിടെ ആരും കാണാതെ രാധേടത്തിയുടെ കയ്യ് പിടിച്ചും കൊണ്ട് കാവിനുള്ളിലേയ്‌ക്ക് ഒരു നൂണ്ട് കയറ്റമാണ്. ഇരുളിൽ കുറച്ചുനേരം നിന്നു കഴിയുമ്പോൾ പതിയെ കണ്ണുകൾ തെളിയും. അരണ്ട നിലാവെളിച്ചത്തിലെന്നോണം ചുറ്റുപാടും കാണാമെന്നാകും. പിന്നെ, രാധേടത്തിയോടൊപ്പം കാവിലെ വള്ളികളിൽ തൂങ്ങിയാടിയും വള്ളിക്കുടിലുകളിൽ നൂണ്ട് കയറിയും കാവേറുമ്പോൾ സമയം പോകുന്നതേ അറിയില്ല! സമയത്തെ മെരുക്കുവാൻ കാവിന്നോ രാധേടത്തിയ്‌ക്കോ, ആർക്കായിരുന്നു മിടുക്ക്!
കാവിലെ സർപ്പക്കുളത്തിനുമുണ്ട് പ്രത്യേകതകൾ, വേനലിലും വറ്റാത്ത, പായൽ മൂടാത്ത ആ കുളത്തിൽ വെളിച്ചപ്പാടല്ലാതെ മറ്റാരും ഇറങ്ങാറില്ല. അത്ര പവിത്രമായിട്ടായിരുന്നു കാവും കുളവും സംരക്ഷിച്ചിരുന്നത്. ആ തെളിനീരിൽ അണ്ടികള്ളിയും വരാലുമൊക്കെ ഊളിയിട്ടു രസിക്കുന്നത് നോക്കിനിൽക്കുവാൻ തന്നെ എന്തുരസമാണെന്നോ!
കാട്ടുവള്ളികൾക്കിടയിൽ മഞ്ഞച്ചേരകൾ ഇണയാടുന്നത് ഞങ്ങൾ ഒരിക്കലേ കണ്ടു നിന്നിട്ടുള്ളു. അന്നാണ് രാധേടത്തിയുടെ കവിളിൽ കുങ്കുമപ്പൂ വിരിയുന്നത് ഞാൻ കണ്ടത്! പിറ്റേന്ന്, രാധേടത്തി തെരണ്ടു വലിയപെണ്ണായി! തെരണ്ടു കല്ല്യാണത്തിന്റെന്ന് സദ്യയുണ്ടായിരുന്നു. രാധേടത്തി എന്നെ കണ്ടതായി നടിച്ചില്ല. ഞാൻ വലിയമ്മാമയുടെ വീട്ടിലേയ്‌ക്ക് പോകാതായി. കാവും കുളവും അണ്ടികള്ളിയും വരാലുമൊക്കെ എന്റെ സ്വപ്‌നങ്ങളിൽ നിന്നകന്നു. എന്നിട്ടും കുറേക്കാലം രാധേടത്തിയുടെ മണം എന്റെ മൂക്കിൻ തുമ്പത്തുണ്ടായിരുന്നു.!
വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നുപോയത്. രാധേടത്തി പഠിച്ച് നേഴ്‌സായി. എന്റെ പഠനം കഴിയുന്നതേയുള്ളു. സ്വന്തം കാലിൽ നിൽക്കുവാൻ ഇനിയുമെത്ര മഞ്ഞും മഴയും വേനലും കൊള്ളണം!
വഴിക്കുവെച്ച് യാദൃശ്ചികമായാണ് രാധേടത്തിയെ കണ്ടത്. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണോയെന്തോ, കാവിനെക്കുറിച്ചാണ് അവർ സംസാരിച്ചത്. കാവ് ആരോ വാങ്ങിയതും കാവിലെ സർപ്പങ്ങളെ കുടത്തിലാവാഹിച്ച് മണ്ണാറശാലയിൽ കുടിയിരുത്തിയതും കാവ് വെട്ടിത്തെളിച്ച് തീയിട്ടതും കാവിലെ കുളം മണ്ണിട്ട് മൂടിയതുമൊക്കെ ഞാനും അറിഞ്ഞിരുന്നു.
പഴയൊരോർമ്മയിൽ നിന്നുകൊണ്ട് ഞാൻ രാധേടത്തിയോട് കളിയായ് പറഞ്ഞു. ഇനിയവിടെ മഞ്ഞച്ചേരകൾ ഇണയാടില്ല. ഒരാൺകുട്ടിക്കും ഒരു പെൺകുട്ടിയോടൊപ്പം അതു കണ്ടുനിൽക്കുവാനും ഭാഗ്യം കിട്ടില്ല. സുകൃതക്ഷയം!
രാധേടത്തിയുടെ കവിളിൽ ആ കുങ്കുമപ്പൂ വിടർന്നുവോ? അവർ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നുവെങ്കിൽ.!
Generated from archived content: story1_jun4_11.html Author: eramalloor_sanil.kumar