വിഷമവും വിനിമയവും

കഥയില്‍ സ്വയം ആവിഷ്ക്കരിക്കണമെന്ന് ഒരാള്‍ക്ക് തോന്നുന്നെതെന്തു കൊണ്ടാകും? പറയാനുള്ള താത്പര്യം മാത്രമല്ല അതിന്റെ കാരണം. ചില പ്രശ്നങ്ങളെ- അത് വ്യക്തിപരമായവയാകാം, സാമൂഹികമാവാം, ദാര്‍ശനികമാവാം, ഇതൊക്കെ കലര്‍ന്നതാവാം, അമൂര്‍ത്ത സ്വഭാവമുള്ളതാവാം- നേരിടാനുള്ള ഭാഷാവൃത്തിയായി കഥാനിര്‍മ്മാണത്തെ കാണാം. ലോകകാഴ്ചകളെ ഒരു ഭാഷാവ്യവസ്ഥയിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് അവയെ കൂടുതല്‍ മനസിലാക്കുന്നതിനായാണ്- ആ കാഴ്ചകളിലെ സമസ്യകളെ എങ്ങനെ നേരിടാനാവും എന്ന ആരായലും അതിലടങ്ങിയിരിക്കുന്നു. കഥനം വഴി ഈ പ്രശ്നങ്ങളിലേക്കും കാഴ്ചകളിലേക്കും തന്റെ ഭാഷയറിയുന്ന സഹജീവികളെ സവിനയം ക്ഷണിക്കുക കൂടിയാണ് ഒരു കഥയെഴുത്തുകാരന്‍.

ടി.സി. വി സതീശനെ ഈ ലേഖകന്‍ ദീര്‍ഘകാലമായി അറിയാം- സൗഹൃദവലയത്തിലില്ല എന്നേയുള്ളൂ. സതീശന്റെ വലിയ കണ്ണുകളാണ് വ്യക്തിമുദ്രയായി മനസ്സില്‍ പതിഞ്ഞിട്ടുള്ളത്. ആ കണ്ണുകള്‍ കൊണ്ട് ജീവിതം കുറെ കണ്ടയാളാണ്/ കാണുന്നയാളാണ് അദ്ദേഹം. ഫാര്‍മസിസ്റ്റു കോഴ്സ് പൂര്‍ത്തിയാക്കി , ദൂരെയുള്ള ഒരു സഥലത്തേക്ക് , അന്യഭാഷാദേശത്തേക്ക് ജോലി കിട്ടിപ്പോകുന്നു. അതുവേണ്ട എന്ന് തീരുമാനിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്നു. തുടര്‍ന്ന് ഒരു ഫാര്‍മസിസ്റ്റ് ചെയ്യുമെന്ന് വിചാരിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങുന്നു. വ്യാപാരവും ശരിയാവുകയില്ല എന്ന് ചില്ലറ കൊല്ലങ്ങള്‍ക്കുള്ളില്‍ തോന്നുന്നു. കടയടക്കുന്നു. തുടര്‍ന്ന് എല്‍. ഐ. സി ഏജന്റാകുന്നു. അതിന്റെ അലച്ചിലിന്റെ അടയാളങ്ങള്‍ ഉണ്ട്- ജീവിതത്തിന്റെയും മരണത്തിന്റെയും ധനതത്വങ്ങള്‍ എത്ര സമര്‍ത്ഥമായി തന്റെ കക്ഷികളെ ഓര്‍മ്മിപ്പിക്കുന്നുവോ അത്രയും നന്നായി ബിസ്സിനസ് ചെയ്യാന്‍ ഒരു ഏജന്റിനു സാധിക്കും. ഇതൊക്കെ സതീശനും ചെയ്യുന്നുണ്ടാകും. ഔഷധപഠനത്തിന്റേയും പ്രവാസത്തിന്റെയും ഉടുപ്പു വില്‍പ്പനയുടേയും ജീവിതം ഇന്‍ഷൂര്‍ ചെയ്യിക്കുന്ന ആളിന്റേയും അനുഭവങ്ങളില്‍ നിന്ന് ഉണ്ടായ സ്വന്തം വ്യക്തിത്വത്തിന്റെ സ്വാധീനമാണ് , ഏറ്റവും സ്വാഭാവികമായ ആവിഷ്ക്കാരമായ , കഥയിലേക്ക് സ്തീശനെ നടത്തിക്കുന്നത്. സതീശന് കഥ വിശ്വാസമോ, ആശ്വാസമോ അല്ല. ജീവിതത്തിന്റെ വിവിധ രംഗങ്ങള്‍ കണ്ടതില്‍ നിന്നുണ്ടാവുന്ന പ്രതീതികളെ ഭാഷാരൂപമാക്കാനുള്ള പ്രേരണയാണ് കഥാരൂപമായിത്തീരുന്നത്. കഥയുടെ നിര്‍മ്മാണനിയമങ്ങളല്ല – ജീവിതത്തിന്റെ നിയമങ്ങളും അതിലേറെ നിയമലംഘനങ്ങളുമാണ് സതീശനെ കഥയ്ക്കായി ഉണര്‍ത്തുന്നത്. ജീവിതക്കുറിപ്പുകള്‍ എന്ന്, ഒരു പക്ഷെ,ഏത് കഥാകാരന്റേയും രചനകളെക്കുറിച്ച് പറയാന്‍ കഴിയുമായിരിക്കും. എന്നാല്‍ സതീശന്റെ കഥകളെക്കുറിച്ച് അങ്ങനെ പറയുന്നത് കുറെക്കൂടി ശരിയായിരിക്കുമെന്ന് തോന്നുന്നു. ഒരു പ്രശ്നത്തിന്റെ അല്ലെങ്കില്‍ ഭാവത്തിന്റെ, ഓര്‍മ്മയുടെ ഉന്മീലനം എന്ന നിലയിലാണ് സതീശന്‍ കഥയെ കാണുന്നത്. ഈ കഥകള്‍ക്ക് വ്യക്തമായ ഒരു കേന്ദ്രം ഉണ്ട്. അതിനു ചുറ്റും നെയ്തു വയ്ക്കുന്ന വാക്യങ്ങളുടെ ഒരു ഘടന. താരതമ്യേന ചെറുതാണ് സതീശന്റെ കഥകള്‍. പ്രശ്നസ്ഥാനം വിതറിപ്പോകരുത് എന്ന താത്പര്യത്തില്‍ നിന്നാ‍ണ‍ ഈ തീരുമാനം ഉണ്ടാകുന്നത് എന്നു വേണം കരുതാന്‍.

‘ കോളാമ്പി‘ എന്ന കഥ നോക്കാം. ഇതില്‍ സതീശന്‍ മറ്റു ചില കഥകളില്‍ പറയുന്ന പ്രവാസത്തിന്റേയും അനുരാഗ(ഭംഗ)ത്തിന്റേയും ശിഖരങ്ങള്‍ ഉണ്ട്. നഷ്ടപ്പെട്ട അനുരാഗവിചാരത്തില്‍ വീണടിഞ്ഞ് ചീയുകയല്ല ആ കഥയിലെ പുരുഷന്‍ ചെയ്യുന്നത്. അനുരാഗവിചാരത്തെ അയാള്‍ ഒരു മരത്തിലേക്ക് സ്ഥലം മാറ്റുന്നു. മരത്തെ കാമുകിയുടെ പേരിട്ട് വിളിച്ച് വ്യക്തീകരിക്കുന്നു. പ്ലാവ് ഒരു കാല്‍പ്പനിക വൃക്ഷമല്ല. ശ്രീനാരായണഗുരു പ്ലാവിന്റെ ഒരു ആരാധകനായിരുന്നു. വര്‍ക്കല ശിവഗിരിയില്‍ ഗുരു തന്നെ പറഞ്ഞിട്ടാണ് ഇത്രയും പ്ലാവുകള്‍ നട്ടത്. ഗുരുവിനെ പ്ലാവിലേക്ക് ആകര്‍ഷിച്ചെന്താണെന്ന് വ്യക്തമല്ല. എങ്കിലും പ്ലാവില്‍ നാടത്തവും ജീവിതപ്രയോജനവും ഉണ്ട്. അത് പ്രവാസി ശേഖരന് ഗ്രാമഭൂതത്തിന്റെ പച്ച പ്രതീകമാണ്. പ്ലാവ് തിന്നാനുള്ള ഒരുപാടു വിഭവങ്ങള്‍ തരുന്നു. പ്ലാവ് ആ നിലക്ക് ഒരു അടുക്കളയാണ്. ചക്കകൊണ്ടു തന്നെ ഒരു സദ്യയാവാം. – അവസാനം കഴിക്കേണ്ട മധുരദ്രവ്യം ആയിപ്പോലും ചക്ക തന്നെ (പഴുത്ത ചക്കയാവാം) . പ്ലാവ് ഒരു കുടുംബബിംബമാണ്. ഇതൊക്കെയും തന്റെ ലഘുവായ കഥാശില്‍പ്പത്തില്‍ നിന്ന് ധ്വനിപ്പിക്കാന്‍ സതീശന് കഴിഞ്ഞിരിക്കുന്നു. മുറ്റത്തെ വരിക്കപ്ലാവിന്റെ ചുവട്ടിലെ പ്രേമഭാഷണത്തിന്റെ ഓര്‍മ്മയിലല്ല ശേഖരേട്ടന്‍ പ്ലാ‍വിനെ ശ്രദ്ധിക്കുന്നത്. പ്ലാവ് ഒരു കാമുകിബിംബം കൂടിയാണ്. വല്ലാത്ത സ്ത്രൈണമാദകത്വമുള്ള വൃക്ഷമാണ് പ്ലാവ്. കഥയിലെ ഒരു വരി:’‘ ശേഖരേട്ടന്റെ ദിവസേനെയുള്ള വിളി കേട്ടാവണം അതിന്റെ കൊമ്പുകള്‍ ഇറയത്തേക്ക് ചാഞ്ഞു വരികയാണ്’‘ വൃക്ഷ- മനുഷ്യസംയോഗസൂചകമായി ഇത്രയും അനാര്‍ഭാട സൗന്ദര്യവും നാടത്തവുമുള്ള ഒരു വരി എഴുതാന്‍ ഈ കഥാകാരന് കഴിഞ്ഞിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. കഥയിലെ പ്ലാവിന്റെ വളര്‍ച്ചയെ ശേഖരേട്ടനുമായി ചേര്‍ക്കുന്ന വിവരണം അതിന്റെ സാങ്കേതികത കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്: ‘’ മനസ്സില്‍ കാറ്റും കോളുമായിരുന്നു ആ നാളുകളില്‍. പിന്നെ വെയിലു വന്നു. … വസന്തം വന്നു… ഇലകള്‍ തളിര്‍ക്കുകയും പൂവുകള്‍ കായ്ക്കുകയും ചെയ്തു. ഇതു പറയുന്നത് ശേഖരേട്ടനെ ക്കുറിച്ചാണ്. സന്ദര്‍ഭവശാല്‍ അത് പ്ലാവിന്റെ ജീവിതക്കുറിപ്പുകൂടിയാവുന്നു. കാല്‍പ്പനികതാവാദം അനുരാഗഭംഗത്തെ ദുരന്തകഥയായി ആവിഷ്ക്കരിച്ച് വ്യവസ്ഥാനുകൂലമായി തീരുവാ‍നുള്ള പ്രവണതയാണ് പ്രദര്‍ശിപ്പിക്കാറ്. സതീശന്റെ ഈ കഥ എതിര്‍ ദിശയിലാണ് നീങ്ങുന്നത്. പ്രണയാതുരതയെ ഊര്‍വ്വരതയുടെ ഹര്‍ഷാനുഷ്ഠാനമാക്കിത്തീര്‍ത്തുകൊണ്ട് , ഒറ്റപ്പെടലിനെതിരെ മന്ദവേഗത്തിലാണെങ്കിലും പൊരുതുകയാണ് ഇതിലെ ശേഖരേട്ടന്‍. വാര്‍ദ്ധ്യക്യത്തെക്കുറിച്ച് ഇങ്ങെനെയൊരു കഥ – നാലും കൂട്ടിയുള്ള മുറുക്കു പോലെയുള്ള ഒന്ന്- ഉണ്ടായിരിക്കുന്നുവെന്നത് സതീശന്റെ പ്രസ്താവ്യമായ നേട്ടമാണ്.

ദൃഢതയുള്ള ( വഴുവഴുപ്പന്‍ അല്ല) കാല്‍പ്പനികതയും നാടത്തവുമല്ല സതിശനെ എപ്പോഴും നയിക്കുന്നത്, സ്നേഹപൂര്‍വ്വം വൃന്ദക്ക് ‘’ എന്ന ഒന്നാം കഥയില്‍ ചില പരമ്പരാഗത കാല്‍പ്പനിക കാഴ്ചകള്‍ ഉണ്ട് കഥാകാരന്‍ തന്നെ ചെറിയ നര്‍മ്മത്തോടെ പറയുന്നതു പോലെ‘’ അത്യാവശ്യം ചില ഫ്യൂഡല്‍ ബിംബങ്ങളെ ആ കഥ ‘’ താലോലിക്കുന്നു”ണ്ട്. പക്ഷെ , കഥയില്‍ നടക്കുന്ന ഫ്യൂഷനാണ് ശ്രദ്ധ നേടുന്നത്. ആഗോളീകരണകാലത്തെ , ‘ഹയര്‍ ആന്റ് ഫയര്‍’ തത്ത്വത്തിന്റെ ഭീഷണിയില്‍ പതറുന്ന ഒരു തൊഴിലാളി ആ കഥയില്‍ യാഥാര്‍ത്ഥ്യത്തിന്റെ ഉടലായി ഉണ്ട്. അയാള്‍ക്ക് പ്രണയം, ഈ ചീത്തയനുഭവത്തില്‍ നിന്നും രക്ഷപ്പെടാനുള്ള , യാന്ത്രികാനുഭവമായിത്തീരുകയാണ്. ‘’ മനസ്സില്‍ മരുഭൂമികള്‍ രൂപം കൊള്ളുമ്പോള്‍ പ്രണയം , രതി, ഇവ ഒരു മനുഷ്യനില്‍ എത്ര ആനന്ദമുണ്ടാക്കുന്നുവെന്ന് ‘’ കഥ’‘ വെറുതെ ഒന്നു സൂചിപ്പി”ക്കുന്നുണ്ട്. “പവര്‍കട്ട്’‘ എന്ന കഥയിലെ അഭിരാമിക്ക് ഭാഷണം തന്നെ ഒരു അതിജീവനോപാധിയായി തീരുന്നു. ഒന്നാം കഥയിലെ പുരുഷന്റെ അതേ തൊഴില്‍ നിലയിലാണ് അഭിരാമി. ഒരു അപകടഘട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ‘’ സംസ്കാരോചിതമായ’‘ ഭാഷണഘടന സ്വരൂപിച്ച് ഒരു ശ്രമം നടത്തുകയാണ് അവള്‍ കഥ ഈ തന്ത്രത്തിന്റെ ആവിഷക്കാരമാണ് അതേ സമയം കഥാവായന അഭിരാമിയെ അങ്ങനെയൊരു ഭാഷണത്തിലേക്ക് നയിക്കുന്ന, വിധ്വംസകമായ സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ചുള്ള ചിന്തയിലേക്കുകൂടി കടക്കുന്നു. ഇതിനായുള്ള വ്യഗ്രതയുടെ വിത്തുകള്‍ വിതക്കാന്‍ കഥാകാരന് കഴിയുന്നുണ്ട്.

വിനിമയത്തിനാ‍യുള്ള തിടുക്കമാണ് ഈ കഥയിലെ ഒരു വിഷയം മരത്തെ പേരിട്ടു വിളിക്കുന്നതും, ചാറ്റിങ്ങിലും സോഷ്യല്‍ നെറ്റ് വര്‍ക്കിലും ഇടപെടുന്നതുമെല്ലാം വിനിമയമോഹത്തിന്റെ തെളിവുകള്‍. കഥ എന്ന മാധ്യമം തന്നെ വിനിമയത്തിന്റെ യന്ത്രമാണ് എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നവയാണ് ഈ രചനകള്‍ സതീശന് തുടര്‍ന്ന് എഴുതാന്‍ കഴിയും- കഴിയട്ടേയെന്ന് ആശംസിക്കുന്നു.

രാത്രിമഴ പെയ്തിറങ്ങുകയാണ് (കഥകള്‍)- ടി.സി.വി സതീശന്‍

പ്രസാധനം :സമയം പബ്ലികേഷന്‍സ്

പേജ് :80

വില: 70

Generated from archived content: vayanayute44.html Author: ep_rajagopalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English