സാഹിത്യവിദ്യാർത്ഥികൾക്കൊരു ഗ്രന്ഥം

പ്രാചീന സാഹിത്യപഠനങ്ങൾ വിരളമായിക്കൊണ്ടിരിക്കുന്ന മലയാള സാഹിത്യത്തിന്റെ ആധുനികദശയിൽ പഴമയിലേയ്‌ക്കു പതിഞ്ഞിറങ്ങി ചർവ്വിതചർവ്വണം ചെയ്യാനുളള സഹജവാസനകളിൽനിന്ന്‌, അനുവാചകന്റെ മനസ്സിൽ പടർന്നു വരുന്ന മുരടിപ്പിനെ നനവാർന്ന ആസ്വാദനരചനയിൽ മുട്ടിക്കാൻ ചില കൃതികളെങ്കിലും ഉപകരിക്കുന്നു എന്നുളളത്‌ പ്രാചീന സാഹിത്യ കുതുകിയായ ഒരു ഭാഷാഗവേഷണ വിദ്യാർത്ഥിയുടെ ആഗ്രഹം സാഫല്യമാകുന്നു. പേരും നാളും കൃതികളുടെ എണ്ണവും പറഞ്ഞുപോകുന്ന സാഹിത്യചരിത്ര ഗ്രന്ഥങ്ങൾ നമുക്ക്‌ ധാരാളമുണ്ട്‌. അതിൽ താത്‌പര്യം കുറഞ്ഞുവരുന്ന പുതിയ ഭാഷാ വിദ്യാർത്ഥികൾക്ക്‌ പ്രാക്തന പാരമ്പര്യത്തിന്റെ മുതൽക്കൂട്ടിലേക്ക്‌ ആഴമുനകളായി തറഞ്ഞിറങ്ങാൻ സഹായിക്കുന്ന സൂചക ഗ്രന്ഥങ്ങൾ അനിവാര്യമായിരിക്കെ അതിനുപകരിക്കുന്ന ഒറ്റപ്പെട്ട ചില ഗ്രന്ഥങ്ങൾ പ്രസിദ്ധീകരണശാലകളുടെ പരസ്യത്തൊലികളിൽ പതിയാതെ ആവശ്യക്കാരെ തേടിനടക്കുന്നു. ഈ ദുര്യോഗം മലയാളസാഹിത്യത്തിലെ പുതുമയല്ല. സംഘടിത ശ്രമങ്ങളുടെ ജീർണ്ണ പ്രചരണം വരുത്തുന്ന ഒരു ഫലമായി കണക്കുക്കൂട്ടിയാലും തീരുന്നില്ല. ഏതുകാലത്തും നെഞ്ചേറ്റിലാളിച്ചുകൊണ്ടു നടക്കുന്നത്‌ പൊളളയായ, അറിഞ്ഞു കളികളിൽ പൊയ്‌ക്കാലുവെച്ച്‌ ധൈഷണികവാഗ്‌വാദനങ്ങളുടെ കപടനാട്യത്തിൽ പൊങ്ങുന്ന കൃതികളാണ്‌. പിൽക്കാലത്ത്‌ അതിന്റെ യാഥാർത്ഥ്യം ചോദ്യം ചെയ്യപ്പെടുമ്പോൾ കാലം ഒരു മാറ്റുരക്കല്ലായി മാറുന്നത്‌ നാമറിയുന്നു.

ഇതാ ഒരു സാഹിത്യയപഗ്രഥനഗ്രന്ഥം. ഇപ്പോൾതന്നെ മലയാളഭാഷയിൽ സാഹിത്യചരിത്ര ഗ്രന്ഥങ്ങൾ വേണ്ടുവോളമുണ്ടെന്ന വാദഗതിയാണ്‌ നിങ്ങൾക്കുന്നയിക്കാനുളളത്‌. ഇതൊരു സാഹിത്യചരിത്ര ഗ്രന്ഥമല്ല. വേണ്ടുവോളം ശ്രദ്ധപതിഞ്ഞിട്ടില്ലാത്തതും അങ്ങുമിങ്ങും മാത്രം മുമ്പ്‌ ഗവേഷകർ കണ്ടു പിടിച്ചിട്ടുളളതും എന്ന്‌ ഏറെക്കുറെ കണ്ടെത്തിയിട്ടുളളതുമായ ചില ഗ്രന്ഥങ്ങളുടെ സമഗ്രപഠനങ്ങളും നാം അറിഞ്ഞുവച്ചിട്ടുളള ചില ഗ്രന്ഥങ്ങളുടെ നേർക്ക്‌ മറ്റാരും പായിച്ചിട്ടില്ലാത്ത വിശകലന ദൃഷ്ടി പതിപ്പിച്ച ആഖ്യാനങ്ങളും അടങ്ങുന്ന ഒരു ഗ്രന്ഥമാണ്‌ ശൂരനാട്ടു കുഞ്ഞൻപിളളയുടെ ‘കൈരളിസമക്ഷം അഥവാ അഗ്രപൂജ’ ഉപനിഷദീപ്തിയുടെ സമ്പാദകനായ ശ്രീവരാഹം ഭാസ്‌കരൻനായർ പ്രസാധനം ചെയ്‌ത ഈ ഗ്രന്ഥം അങ്ങനെയൊരു പ്രാധാന്യം കൂടി അർഹിക്കുന്നുണ്ട്‌.

പുരാണഗന്ധമാർന്ന ചില മേൽ കോയ്‌മകളുടെ ചുറ്റുവട്ടത്തിൽ പരന്നു കിടക്കുന്ന മലയാളസാഹിത്യത്തിന്റെ ആഴം കൃതികളിൽ അലിഞ്ഞുകിടക്കുന്ന കവിയുടെയും കാലത്തിന്റേയും ചോദനകളിലൂടെ അളക്കാനുളള ഭാഷാസാഹിത്യ മൂല്യനിർണ്ണായകന്റെ മാനദണ്ഡങ്ങൾ ഗ്രന്ഥകർത്താവിന്റെ പഴമയിലൂറ്റം കൊളളുന്ന പ്രജ്ഞയ്‌ക്ക്‌ വശമുണ്ടെന്ന്‌ ഇരുപത്തിരണ്ടു അദ്ധ്യായങ്ങളിലായി അടക്കം ചെയ്‌തിരിക്കുന്ന ഈ ഗ്രന്ഥം വ്യക്‌തമാക്കുന്നു. അതിനേക്കാൾ ഒരു സാഹിത്യ വിദ്യാർത്ഥിയെ സന്തോഷിപ്പിക്കുന്നത്‌ സാമൂഹ്യമായൊരടിത്തറയിൽ കാലഘട്ടത്തെ അപഗ്രഥിക്കാനും പുസ്‌തകത്തിന്റെ സമകാലികപ്രസക്‌തിയെപ്പറ്റി പര്യാലോചിക്കാനും ഗ്രന്ഥകർത്താവ്‌ മുതിരുന്നിടന്നത്താണ്‌. കാലഗണന സാഹിത്യാസ്വാദനത്തിന്‌ പ്രശ്‌നമാകുമ്പോഴാണല്ലൊ പുതിയ പഠനങ്ങളുടെ അനിവാര്യതയുണ്ടാകുന്നത്‌.

അനന്തപുരം വർണ്ണന, നളിനിയിലെ നാടകീയത, മഹാകവി കുമാരനാശാന്റെ പ്രരോദനം, ഉളളൂരിന്റെ വ്യക്തിപ്രതിഭ, വളളത്തോൾക്കവിതയിലെ സ്‌ത്രീ തുടങ്ങിയ അദ്ധ്യായങ്ങൾ ഈ കൃതിയുടെ സാഹിത്യാസ്വാദനപരമായ നവ്യബോധത്തെ പ്രകടമാക്കുന്നു.

പ്രാചീനകൃതികളുടെ ഭാഷയെ അടിസ്ഥാനപ്പെടുത്തിയുളള കൈരളീ സമക്ഷകാരന്റെ ചില നിഗമനങ്ങൾ പുതിയ പല പഠനങ്ങൾക്കും വഴിയൊരുക്കുന്നവയാണ്‌. ഭാഷാകുതുകിയുടെ ഗവേഷണ മനസ്സിനെ കുലുക്കിയുണർത്തുന്ന ഒച്ചയുടെ കൂർമ്മുനകൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന പഴയ കാവ്യങ്ങളെക്കുറിച്ചുളള വിവരങ്ങൾ ഒരു ശരാശരി വായനക്കാരനെപ്പോലും തല്പരനാക്കുന്നു.

മലയാളസാഹിത്യത്തിന്റെ പിറവി മുതൽക്ക്‌ സാഹിത്യചരിത്രങ്ങളിൽ സ്ഥാനം പിടിച്ചുപോന്നിട്ടുളള ചില കൃതികൾ വേണ്ട വിധത്തിൽ ശ്രദ്ധപിടിച്ചുപറ്റിയിട്ടില്ലെന്ന ഗ്രന്ഥകർത്താവിന്റെ അഭിപ്രായത്തിന്റെ സാധുത്വം കൈരളി സമക്ഷത്തിലെ അദ്ധ്യായങ്ങളിലൂടെ കണ്ണോടിക്കുന്ന ഒരു വായനക്കാരനു ബോദ്ധ്യപ്പെടും.

‘മലയാളസാഹിത്യത്തിന്റെ കഥ ഒരു പര്യവേഷണം’ എന്ന ആദ്യ അദ്ധ്യായത്തിൽ മലയാള ഭാഷാരംഭം മുതൽ ആധുനിക സാഹിത്യം വരെയുളള സാഹിത്യചലനങ്ങളെ ഏതാണ്ട്‌ അൻപതു പുറങ്ങളിൽ ഒതുക്കി നിർത്തിയിരിക്കുന്നു. ഈ ഒരടിത്തറയിലാണ്‌ മറ്റ്‌ അദ്ധ്യായങ്ങൾ കെട്ടിപ്പൊക്കിയിട്ടുളളത്‌. നിരണം കവികളും കണ്ണശ്ശന്റെ ശിവരാത്രി മാഹാത്മ്യവും, രാമായണ ചമ്പുവും, എഴുത്തച്ഛനും മലയാളികൾക്കു ചെയ്‌ത സംഭാവനകളും രാമപുരത്തുവാര്യരുടെ കുചേലവൃത്തവും, പാറേമ്മാക്കിൽ ഗവർണ്ണദൊരച്ചന്റെ വർത്തമാനപുസ്‌തകവും ഉണ്ണായിയുടെയും ഇരയിമ്മന്റെയും രണ്ടു ദണ്ഡകരണങ്ങട്ടു മാപ്പിളപ്പാട്ടും ശീറവാണിയുടെ ഭത്യൂഹസന്ദേശവും, വില്ലടിപ്പട്ടം അഴകത്തു പത്മനാഭക്കുറുപ്പും…എല്ലാം ഓരോ അദ്ധ്യായങ്ങളിൽ സ്ഥാനംപിടിച്ചിട്ടുണ്ട്‌. ഇവയെല്ലാം ഒഴുക്കൻമട്ടിൽ പറഞ്ഞുപോകുന്ന രീതിയിലല്ല പ്രതിപാദിച്ചിട്ടുളളത്‌.

മറ്റ്‌ സാഹിത്യ ചരിത്രഗ്രന്ഥങ്ങളിൽ നിന്നും ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത മനസ്സിലാക്കാൻ ഇതിലെ പതിനേഴാം അദ്ധ്യായം ഉപകരിക്കും. പ്രരോദനത്തെപ്പറ്റിയുളള പതിനേഴ്‌ പഠനങ്ങൾ ‘മഹാകവി കുമാരനാശാന്റെ പ്രരോദനം’ എന്ന അദ്ധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ‘കാവ്യശിഷ്ട്യ’ മുതൽ ദുഃഖപരിണാമം വിലാപകാവ്യത്തിൽ വരെയുളള കാര്യങ്ങൾ ഈ ഒരദ്ധ്യായത്തിൽ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു. ഈ വിധത്തിൽ ആഴത്തിലേക്ക്‌ തുളഞ്ഞിറങ്ങാനുപകരിക്കുന്ന അപഗ്രഥനോപകരണങ്ങളാണ്‌ ഓരോ അദ്ധ്യായത്തിലെയും തലക്കുറിപ്പുളള വിടരുന്ന പഠനങ്ങൾ. ഈ കുറിപ്പുകൾ എല്ലാ അദ്ധ്യായത്തിന്റെയും കൂടെയുണ്ട്‌.

പഴയ മണിപ്രവാളത്തെപ്പറ്റിയുളള പല ധാരണകളും തിരുത്തുന്ന ഒരു മലയാളകൃതിയായി അനന്തപുരം വർണ്ണനയെ ഗ്രന്ഥകർത്താവ്‌ ചിത്രീകരിക്കുന്നു. തിരുവനന്തപുരം പട്ടണത്തിന്റെ വർണ്ണനയായി എഴുനൂറോളം വർഷംമുമ്പ്‌ നിർമ്മിച്ചിട്ടുളള ഒരു കവിതയാണ്‌ അനന്തപുരം വർണ്ണനം. പഴയ മണിപ്രവാളം ‘മഹിളാളിജനാസ്‌പദമാണെന്ന്‌ പൊതുവെ പരന്നിട്ടുളള ധാരണയെ തിരുത്തിക്കുറിക്കുന്ന ഒരു ഗ്രന്ഥമാണിത്‌. ഉളളൂരിന്റെ കേരള സാഹിത്യചരിത്രത്തിൽ ഇതുമാത്രമെ പറയുന്നുളളു, ക്രി.പി. പതിനാലാം ശതകത്തിന്റെ ആരംഭത്തിൽ അജ്ഞാതനാമാവായ്‌ ഏതോ കവി രചിച്ച ഒരു ലഘുകാവ്യമാണ്‌ അനന്തപുരവർണ്ണന-തിരുവനന്തപുരം നഗരമാണ്‌ വർണ്ണനാവിഷയം. കവിത മുഴുവൻ കിട്ടിയിട്ടില്ല. എല്ലാശ്ലോകങ്ങളും അഷ്ടപു വൃത്തത്തിൽ ഗ്രഥിതങ്ങളായിരിക്കുന്നു….’ പിന്നെ കുറെ ശ്ലോകങ്ങളും ഉദ്ധരിച്ചിട്ടുണ്ട്‌. കൈരളീസമക്ഷത്തിൽ അനന്തപുരവർണ്ണനം സമഗ്രമായി ചർച്ചചെയ്യപ്പെടുന്നു. ‘ഗ്രന്ഥപ്രാധാന്യം മുതൽ ’സാഹിത്യമൂലം‘ വരെയുളള മുപ്പത്‌ തലക്കുറിപ്പുകളിൽ പ്രസ്‌തുത കൃതിയെ പഠന വിധേയമാക്കിയിരിക്കുന്നു.

കൈരളീ സമക്ഷത്തിന്റെ ഒടുവിൽ ഏതാണ്ട്‌ അൻപതോളം പുറങ്ങളിലായി മലയാള സാഹിത്യചരിത്രസംബന്ധമായി പ്രധാന വിവരങ്ങൾ അടങ്ങുന്ന കുറിപ്പുകൾ കൊടുത്തിട്ടുണ്ട്‌. അതിനുശേഷമുളള സൂചികയിൽ ഗ്രന്ഥവിവരങ്ങളും.

സാഹിത്യചരിത്രകാരന്റെ സൂക്ഷ്മതയും ഭാഷ വിശാരദന്റെ അപഗ്രഥന പാടവും സാഹിത്യമർമ്മജ്ഞന്റെ സിദ്ധീസമന്വയവുമാണ്‌ ’കൈരളീസമക്ഷം അഥവാ അഗ്രപൂജ‘. ഒരു സാഹിത്യചരിത്രഗ്രന്ഥം എന്നതിലുപരി അതായത്‌ കാലഘട്ടങ്ങളിലുണ്ടായിട്ടുളള ഗ്രന്ഥങ്ങളിൽ ശ്രദ്ധേയങ്ങളായവയുടെ പഠനങ്ങളാണ്‌. ശൂരനാടു കുഞ്ഞൻപിളള നിർവ്വഹിച്ചിരിക്കുന്നത്‌. പുസ്‌തകത്തിന്റെ പ്രാരംഭത്തിൽ കൊടുത്തിരിക്കുന്ന മുഖക്കുറിപ്പിൽ പ്രസാധകനായ ശ്രീവരാഹം ഭാസ്‌കരൻനായർ എഴുതിയിരിക്കുന്നു. അവഗാഢമായ ഗവേഷണങ്ങളുടെയും അഗാധമായ സാഹിത്യചിന്തകളുടെയും ഫലമാണ്‌ എല്ലാ പഠനങ്ങളും. ഇതിലെ മിക്ക പഠനങ്ങളും ആദ്യമായി അവതരിപ്പിക്കുന്നവയുമാണ്‌.

സാഹിത്യത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ശബ്‌ദബാഹുല്യങ്ങൾക്കിടയിൽ സൗമ്യതയോടെ അനുവാചകരെ തേടിയെത്തുന്ന ഈ ഗ്രന്ഥം സാഹിത്യത്തിലെ ബഹളങ്ങളിലുൾപ്പെടാതെ മാറിനിൽക്കുന്ന കൃതിക്കുണ്ടാകുന്ന ദുര്യോഗത്തെകൂടി ഉദാഹരിക്കുന്നു. പഴമയെ പഴിക്കുന്നവർക്കും പുതുമയെ തൊഴിക്കുന്നവർക്കും ഇടയിലെ ഒരു കണ്ണിയായി, സാഹിത്യചരിത്രഗ്രന്ഥങ്ങൾക്കും സാഹിത്യപഠനഗ്രന്ഥങ്ങൾക്കും ഒരു പുരോഗമന മാതൃകയായി വർത്തിക്കുന്ന ’കൈരളിസമക്ഷം അഥവാ അഗ്രപൂജ‘ പ്രചണ്ഡവാതങ്ങളുടെ അടിപ്പാടിൽ വീണുപോകാതെ പ്രാക്തന കാവ്യാപഗ്രഥന സാഹിത്യശാഖയുടെ നാഴികക്കല്ലായി മലയാളസാഹിത്യത്തിൽ കാലാതിജീവിയായി എണ്ണപ്പെടുമെന്നതിൽ സംശയമില്ല.

Generated from archived content: sahitya_students.html Author: ep_anandam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here