പുനത്തിൽ കുഞ്ഞബ്‌ദുളള വിചാരണ ചെയ്യപ്പെടുന്നു.

നോവലെറ്റുകൾ എന്ന പേരിൽ മലയാളത്തിൽ സാർവ്വത്രിക പ്രചാരം നേടിയ നീണ്ടകഥകൾ എഴുതിയവരുടെ കൂട്ടത്തിൽ പുനത്തിൽ കുഞ്ഞബ്‌ദുളളയുടെ സ്‌ഥാനം അനിഷേദ്ധ്യമാണ്‌. ഈ പ്രത്യേക ശാഖ ഏറെ വായനക്കാരെ ആനുകാലികങ്ങളിലേക്ക്‌ ആകർഷിക്കുക മാത്രമല്ല ചെറുകഥയ്‌ക്കും നോവലിനുമിടയിലൊരു ചാൽ കീറുകയും ചെയ്‌തു. ദൈർഘ്യത്തിന്റെ അടിസ്‌താനത്തിൽ മാത്രമല്ല നോവലെറ്റുകൾ വേറിട്ടു നിൽക്കുന്നത്‌; അതിൽ ആവിഷ്‌കൃതമാകുന്ന ജീവിതത്തിന്റെ ക്യാൻവാസ്‌കൂടി പ്രസക്തമായിവരുന്നു. കുഞ്ഞബ്‌ദുളളയെ സംബന്ധിച്ചിടത്തോളം ചെറുകഥയ്‌ക്കോ നോവലിനോ ഉൾകൊളളാനാവാത്ത ജീവിതാഖ്യാനത്തിന്‌ ഒരു മാദ്ധ്യമമാണ്‌ നോവലെറ്റ്‌.

ഒമ്പത്‌ നോവലെറ്റുകളുടെ സമാഹാരമാണ്‌ ഇരുനൂറ്റിഅൻപത്തേഴ്‌ പേജുകളിലായി എഴുതപ്പെട്ടിട്ടുളള ‘വളരെ പ്രാകൃതം’ ഓരോ നോവലെറ്റും വിചിത്രമായ ഓരോ ലോകം തുറന്നിടുന്നവയാണ്‌. പ്രമേയപരമായ വൈചിത്ര്യം ഇവയിലെല്ലാം കണ്ടെത്താം. ജീവിതത്തിന്റെ പച്ചപ്പുകളിലേയ്‌ക്കും കാട്ടുപൊന്തകളിലേയ്‌ക്കും വെയിൽ തിളയ്‌ക്കുന്ന മണൽപരപ്പിലേയ്‌ക്കും മടികൂടാതെ കഥാകൃത്ത്‌ നമ്മെ ആനയിക്കുന്നു. അഗാധമായ ജിവിതപരിജ്ഞാനത്തിന്റെ ഫലമായിട്ടാകാം ഈ നോവലെറ്റുകൾ പിറവികൊണ്ടത്‌. പക്ഷേ കലാപരമായ സവിശേഷതകൾ എത്രത്തോളം ഇവ ആർജ്ജിക്കുന്നു എന്നു പരിശോധിക്കുന്നതിനുമുമ്പ്‌ എടുത്തു പറയേണ്ടുന്ന ഒരു വസ്‌തുത പുനത്തിൽ കുഞ്ഞബ്‌ദുളളയുടെ കഥാപാത്രസൃഷ്‌ടിയിലെ വൈദഗ്‌ധ്യമാണ്‌. മറ്റു കഥാകാരന്മാരിൽ നിന്നും കുഞ്ഞബ്‌ദുളളയെ വേർതിരിക്കുന്നതും ഈ ഒരു സവിശേഷതയാണ്‌. ‘വെറും പ്രാകൃതം’ എന്ന ഈ സമാഹാരത്തിലെ നോവലെറ്റുകൾ പലപ്പോഴും കഥാപാത്രപ്രധാനമായി മാറുന്നതു കാണാം. വക്കീൽ ഗുമസ്‌തനായ ശങ്കരൻനായർ, ഗവേഷകനായ മക്‌ബൂൽ അഹമ്മദ്‌, എൻ.ജി.ഒ.യായ ഭാഗ്യനാഥൻ… ഇങ്ങനെ കഥാപാത്രങ്ങളുടെ നിര നീളുകയാണ്‌. ഇവരെല്ലാം അതിമാനുഷന്മാരോ വ്യക്തി പ്രഭാവത്തിന്റെ പ്രകാശഗോപുരങ്ങളോ അല്ല. ഒരു വേള ‘സ്‌മാരകശിലകൾ’ പോലുളള കൃതികൾ എഴുതിയ നോവലിസ്‌റ്റിന്റെ കൈത്തഴക്കമാവാം കഥാപാത്രസൃഷ്‌ടിയിൽ ഈ നോവലെറ്റുകളുടെ രചനാകാലത്ത്‌ കുഞ്ഞബ്‌ദുളളയെ തുണച്ചത്‌.

കഥാപാത്രങ്ങൾ ചെന്നു വീഴുന്ന ദശാസന്ധിയിലാണ്‌ കഥാകൃത്ത്‌ വായനക്കാരെ കൊണ്ടു ചെന്നെത്തിക്കുന്നത്‌. ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളിൽ പിടയുന്ന മനുഷ്യരുടെ ആർത്തനാദങ്ങൾ കാണുന്നതല്ലാതെ സഹാനുഭൂതിയോ പ്രതികരണമോ അതിനോടു പുലർത്തുന്നില്ല. ഈ ഭാവം കുഞ്ഞബ്‌ദുളളക്കഥകളിൽ കയറികൂടിയതിനു കാരണമെന്താകാം? ഒരു പക്ഷേ ജീവിതത്തിന്റെ വൈരുദ്ധ്യങ്ങൾ അവതരിപ്പിക്കാനുളള എഴുത്തുകാരന്റെ കാമനയിൽ നിന്നാകാം ഇത്‌ സംഭവിക്കുന്നത്‌. ‘ഘടികാരം’ എന്ന നോവലെറ്റ്‌ നോക്കൂ. ഭാഗ്യനാഥന്റെ പ്രശ്‌നസങ്കുലിതമായ കുടുംബജീവിതത്തിന്റെ മരവിപ്പിനപ്പുറം ഒരു കുളിയുടെ ഒടുവിൽ അയാൾ ശാന്തിയെന്ന സുന്ദരിയായി പരിണമിച്ചതിനു ശേഷമുളള നിറപ്പകിട്ടും ആർഭാടവും അതിലൂടെ ഉരുത്തിരിയുന്ന പ്രശ്‌നങ്ങളും ചിത്രകാരന്റെ ആത്മഹത്യയും വരും ജീവിതത്തിന്റെ നാനാവിതാനങ്ങളെ കൂട്ടിയിണക്കാനുളള എഴുത്തുകാരന്റെ രചനാതന്ത്രത്തിന്റെ ഭാഗങ്ങളാണ്‌.

യാഥാർത്ഥ്യത്തിന്റെ അതിർത്തികൾ ലംഘിച്ച്‌ കടന്നു പോകുന്നുവെന്ന്‌ തോന്നലുണ്ടാക്കുന്ന ഈ കൃതികൾ മനുഷ്യജീവിതത്തിന്റെ ദുരൂഹസമസ്യയെ അപഗ്രഥിക്കാനുളള ശ്രമമാണ്‌. മൃദുലമായ മനസ്സിന്റെ കോണുകളെക്കാൾ കുഞ്ഞബ്‌ദുളളയെ സ്വാധീനിക്കുന്നത്‌ ഇരുണ്ടതും ദൃഢതരവുമായ പ്രശ്‌നങ്ങളാണ്‌. ശാസ്‌ത്രജ്ഞന്റെ സൂക്ഷ്മബോധത്തോടെ നിഗൂഢതകളിലേയ്‌ക്ക്‌ ഊളിയിട്ടു പോകുന്നതും അതു കൊണ്ടാണ്‌. ഈ അപഗ്രഥന വേളയിൽ എഴുത്തുകാരന്‌ ചില രചനാരീതികൾ സ്വീകരിക്കാതെ തരമില്ല. അങ്ങനെയാണ്‌ ഈ എഴുത്തുകാരനും ബോധാബോധതലങ്ങൾക്കിടയിലൊരു രചനാ സങ്കേതം കണ്ടെത്തുന്നത്‌.

മറ്റു കഥാകൃത്തുക്കൾ അപൂർവ്വമായി കടന്നു ചെല്ലാറുളള ഭാവവിതാനത്തിലേയ്‌ക്ക്‌ പുനത്തിൽ കുഞ്ഞബ്‌ദുളള അനായാസേന എത്തപ്പെടുന്നു. തിന്മയുടെ വിളനിലമായ മനുഷ്യമനസ്സിന്റെ വിഷഭൂമിയിലേക്ക്‌ ഒരു കൊടുവിന്റെ മൂർച്ചയായി ഈ നോവലിസ്‌റ്റിന്റെ ഭാഷയും ശൈലിയും വകഞ്ഞുപോകുന്നു. അതുകൊണ്ടുതന്നെയാവാം പ്രത്യക്ഷത്തിൽ കാരുണ്യരഹിതമായ അന്തരീക്ഷം കഥയ്‌ക്കു പരിവേഷമാകാത്തതും കഥാപാത്രങ്ങളോടു സഹാനുഭൂതി കാണിക്കാത്തതും. പക്ഷേ ഒന്നുണ്ട്‌ അനുവാചകന്റെ മനസ്സിലേയ്‌ക്കു ചാട്ടുളി പായിക്കാൻ പോരുന്ന ഒരു ജീവിതസ്‌പർശം കൃതികൾ കൈവരിക്കുന്നു. കാട്ടുതീ, അടയുന്ന വാതിലുകൾ, വെറും പ്രകൃതം, നോക്കൂ ഒരു വാതിൽ എന്നീ കൃതികൾ അത്തരത്തിൽപെടുത്താം.

മനുഷ്യരുമായി ഏറെ അടുപ്പിക്കുന്ന ഈ നോവലെറ്റുകളിൽ മനുഷ്യത്വം ഹിംസപ്രായമാകുന്നതു കാണാം. ക്രൂരമായ പ്രവൃത്തികൾ ചെയ്യാൻ കഥാപാത്രങ്ങൾക്കു മടിയില്ല. ഈ ക്രൂരത ജീവിതത്തിന്റെ സ്നേഹത്തിലേയ്‌ക്ക്‌, സാമൂഹ്യമായ അസന്തുലിതാവസ്ഥയിലേയ്‌ക്ക്‌ വഴിവെയ്‌ക്കാം. ‘കാട്ടുതീയിലെ മാനവികതയുടെ അടിസ്ഥാനം ഹിംസയാണെന്ന്‌ ഒറ്റവായനയിൽ ആർക്കും മനസ്സിലാക്കാവുന്നതേയുളളു. പക്ഷെ എന്താണ്‌ അവിടെ ഹിംസ? വിവാഹിതനായി ഏറെ നാൾ കഴിഞ്ഞിട്ടും കുട്ടിയുണ്ടാകാതിരുന്ന ശങ്കരൻനായർ ഒടുവിൽ അച്‌ഛനാകുന്നു. സ്വന്തം കുഞ്ഞ്‌ കുടുംബത്തിൽ തന്നെ പ്രശ്‌നമാകുന്ന അവസ്ഥയിൽ കുഞ്ഞിനെ ഞെരിച്ചു കൊല്ലാൻ തയ്യാറാകുന്നു. ശങ്കരൻനായർ അയാൾ എന്തിന്നതു ചെയ്‌തു? സ്വസ്ഥത തേടുന്ന മനുഷ്യൻ ഹിംസയുടെ പാപബോധത്തിൽ വീഴാൻ കൂട്ടാക്കുന്നില്ല. ഇവിടെ ഹിംസയിലൂടെ അയാൾ മോചനം കാംക്ഷിക്കുകയാണ്‌.

എഴുത്തുകാരന്റെ വ്യക്തിത്വം കുഞ്ഞബ്‌ദുളളയുടെ ഈ കൃതികളിൽ പ്രതിഫലിക്കുന്നുണ്ടോ എന്നുളള അന്വേഷണം ഈ നോവലെറ്റുകളിൽ അപ്രസക്തമാണ്‌. എങ്കിലും എഴുത്തുകാരനെന്ന നിലയിൽ മാറിനിന്നു കാണുന്ന ജീവിതത്തിന്റെ ചിത്രീകരണം അദ്ദേഹം എപ്രകാരമാണ്‌ ആവിഷ്‌കരിക്കുന്നതെന്ന്‌ പരിശോധിക്കാവുന്നതാണ.​‍്‌ കഥ പറയുമ്പോൾ എഴുത്തുകാരന്റെ സ്ഥാനം എവിടെയാണെന്നും എപ്രകാരമാണ്‌ വീക്ഷണസ്ഥാനം ഉറപ്പിക്കേണ്ടതെന്നും ’നോക്കൂ, ഒരു വാതിൽ‘ എന്ന നോവലൈറ്റ്‌ സ്പഷ്ടമാക്കുന്നു. ക്യാൻസർ രോഗിയെ സഹായിക്കാൻ ചെല്ലുന്ന ഒരന്യന്റെ മനോഭാവത്തിലൂടെ കഥ നടക്കുന്നു. അകന്നു നിന്നുളള ആ കാഴ്‌ചയിൽ കാരുണ്യം ചോർത്തിക്കളയാനാവും. എഴുത്തുകാരൻ സന്ദർഭത്തോടു പ്രതികരിക്കാൻ ബാദ്ധ്യസ്ഥനല്ലതാനും. ക്രൂരഫലിതകല്പനയുടെ പിന്നിലെ ഗൗരവസത്യം കുഞ്ഞബ്‌ദുളളകൃതികളുടെ മുഖമുദ്രയായിത്തീർന്നിട്ടുണ്ട്‌. അനിവാര്യമായ ദുരന്തത്തിൽ നിപതിക്കുന്നവന്റെ ചിരി ഒരിടത്ത്‌, ഇതിലൊന്നും താൻ പങ്കാളിയല്ലെന്ന ഭാവത്തിൽ വേറിട്ടു നിൽക്കുന്ന കഥാകാരന്റെ നിർമ്മലത മറ്റൊരു ഭാഗത്ത്‌. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളുടെ സ്വഭാവത്തിൽ നിന്നും എഴുത്തുകാരന്റെ ആത്മസത്ത മാറിനിൽക്കുന്നു. കാവൽക്കാരൻ, തോക്ക്‌, ദുഃഖിതർക്ക്‌ ഒരു പൂമരം, ഘടികാരം വളരെ പ്രാകൃതം, കാട്ടുതീ, കാമപ്പൂക്കൾ അടയുന്ന വാതിലുകൾ തുടങ്ങിയ ഈ സമാഹാരത്തിലെ നോവലെറ്റുകൾ ഈ സവിശേഷതയുടെ തെളിവുകളാണ്‌.

ആയാസ രചനകളായി വായനക്കാർക്ക്‌ ഈ കൃതികൾ തോന്നാമെങ്കിലും ജീവിതനിരീക്ഷണത്തിൽ അവ വിജയിക്കുന്നുണ്ട്‌. രചനാ ശില്പത്തിന്റെ ശൈഥില്യം വാക്കുകൾക്കിടയിലൊളിപ്പിച്ചു വച്ചിരിക്കുന്ന ഫലിതക്കുടുക്കുകളിൽ തട്ടി അനുവാചകന്റെ വായനയെ സുഗമമാക്കുന്നു. ഫലിതത്തിൽ സാമൂഹ്യസൂചനകളും അടങ്ങിയിരിക്കുന്നു എന്നതാണ്‌ കുഞ്ഞബ്‌ദുളളകൃതികളുടെ മറ്റൊരു പ്രത്യേകത. ’വളരെ പ്രാകൃതം‘ എന്ന കഥയിലെ ഒരു ഭാഗം; ടീപ്പോയിൽ കിടക്കുന്ന മാസികകളും ആഴ്‌ചപ്പതിപ്പുകളും അയാൾ ഒന്നൊന്നായി എടുത്തു പേരുകൾ നോക്കി താഴെയിട്ടു. ’വായിക്കാൻ കൊളളാവുന്ന ഒരു സാധനം പോലുമില്ല! ആരൊടെന്നില്ലാതെ അയാൾ പറഞ്ഞു. “ഇവിടെ പത്രങ്ങൾ കടന്നുകൂടുകയാണ്‌; എന്നാൽ സ്‌റ്റാൻഡേർഡുളള ഒരെണ്ണം വേണ്ടേ?”

‘അമ്മായി വന്നിട്ടുണ്ട്‌’ പത്മാവതി പറഞ്ഞു.

‘പുതിയ മാസികയാണോ അതൊ ആഴ്‌ചപ്പതിപ്പോ?’ വിജയൻ നായർ സംശയം തിരക്കി.

പത്മാവതി ചിരിച്ചു.

‘നമ്മുടെ അമ്മായി നാട്ടിൽനിന്ന്‌ ഇന്നു കാലത്തുവന്നു.’

ഇപ്രകാരം വാചാലവും നർമ്മ പരിഹാസങ്ങൾ ഇടകലർന്നതുമാണ്‌ ഈ നോവലിസ്‌റ്റിന്റെ ആഖ്യാനശൈലി. ലളിതമായ വാക്കുകളിലൂടെ മനുഷ്യാസ്‌തിത്വത്തിന്റെ നിസ്സാരതകളിലേയ്‌ക്ക്‌ ചോദ്യചിഹ്നം അവശേഷിപ്പിക്കുന്നുമുണ്ട്‌; മറ്റു ചില കൃതികളിൽ.

നിസ്സാരനായ മനുഷ്യന്റെ ക്രിയകളിലേക്കു ദുരന്തത്തിന്റെ ഭാരം അയാൾ സ്വയം താങ്ങുകതന്നെയാണ്‌. മറ്റൊരാൾ അതു പേറുന്നില്ല. വാചാലനാവുകയും പരസ്പരബന്ധമില്ലാത്ത ചെയ്‌തികളിലൂടെ ഭാരമില്ലായ്‌മയ്‌ക്കു വേണ്ടി ഇച്‌ഛിക്കുകയും ചെയ്യുന്നു. ഫലമോ? ദുരന്തത്തിന്റെ ശാപാഗ്നിയുമായി വിസ്‌മൃതിയിൽ വിലയം കൊളളുന്നു. ഇത്തരം ജീവിത ചിന്തകൾ അവശേഷിപ്പിച്ചു കടന്നു പോകുന്നു. കുഞ്ഞബ്‌ദുളള നോവലൈറ്റുകൾ. ക്ലീനായ തന്റെ മേശക്കരികിലിരിക്കെ ഒരു എം.ഡി.യുടെ സാദ്ധ്യതകളെക്കുറിച്ച്‌ ഓർത്തു തുടങ്ങുന്ന വിജയൻനായരെ നോക്കൂ. ദൈവം പടച്ചു വീഴ്‌ത്തിയ സത്യസന്ധനാണ്‌ വിജയൻനായർ. ലാഭം മുഴുവൻ ടാക്‌സായി അയാൾ അടച്ചുതീർക്കുന്നു. വയസ്സ്‌ നാല്പതു കടന്നു ജീവിതത്തിൽ ഒരു സുഖവും ഇതുവരെ ഉണ്ടായിട്ടില്ല. കാലത്തുണരുന്നു. ഫാക്‌ടറിയിൽ പോകുന്നു. സ്വന്തം ആഫീസിൽ ധൃതഗതിയിൽ ജോലിനോക്കുന്നു. രാത്രിയാവുന്നു വീണ്ടും ഉണരുന്നു. പ്രഭാതം മുതൽ പ്രഭാതംവരെ എന്ന അവസാനിക്കാത്ത ഒരു ഗണിതംപോലെ അയാളുടെ ജീവിതം പിഴച്ചു പോകുന്നു. ചിട്ടയൊപ്പിച്ച ജീവിതത്തിന്റെ സത്താപരമായ അപഗ്രഥനത്തിലേയ്‌ക്കല്ല മറിച്ച്‌ ഒരു മാതൃകയെ മുന്നിലേയ്‌ക്കു നീക്കി വച്ചിട്ട്‌ അതിന്റെ ബാഹ്യചേഷ്‌ടകളെ ശ്രദ്ധയിൽപ്പെടുത്താനാണ്‌ നോവലിസ്‌റ്റിന്റെ ശ്രമം. ധ്വന്യാത്മകമായ ആഖ്യാനമല്ല കുഞ്ഞബ്‌ദുളളയുടേത്‌. ബിംബങ്ങളും കാവ്യഭാഷയും അധികമില്ല.

കഥാപാത്രങ്ങളുടെ സ്വഭാവത്തിനും സംഭവങ്ങളുമായുളള അവരുടെ പ്രതികരണത്തിനും ഈ നോവലെറ്റുകളിൽ സ്ഥാനം നൽകിയിട്ടുണ്ട്‌. പക്ഷേ സൂക്ഷ്‌മഭാവങ്ങളുടെ സാമാന്യവൽക്കരണത്തിൽ ഉദാസീനത പുലർത്തുന്നവയാണ്‌ ഈ കൃതികൾ. കലാപരമായ മേന്മ പൂർണ്ണമായും അവകാശപ്പെടാൻ കഴിയാത്തതിനൊരു കാരണവും ഇതാണ്‌. ഉദയഭാനുവിന്റെ വാക്കുകൾ ഇവിടെ ഉദ്ധരിക്കാം. കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകളുമായി പ്രതികരിക്കുന്ന സംവേദനശീലമുളള ഒരെഴുത്തുകാരനാണ്‌ അദ്ദേഹമെന്നു തെളിയിക്കാനല്ല, മറിച്ച്‌ കഥാപാത്രങ്ങളെ വളരെ അകലെനിന്ന്‌ നോക്കിക്കാണുക മാത്രം ചെയ്യുന്ന, കഥപറയുന്ന ഒരാൾ മാത്രമാണ്‌ കഥാകൃത്ത്‌ എന്നു തെളിയിക്കാനാണ്‌ ഈ കൃതികൾ ഉതകുക, എന്നു തോന്നുന്നു. കഥാപാത്രങ്ങളിൽ തന്റെ ആത്മാംശങ്ങൾ നിക്ഷേപിക്കുകയോ അവരുമായി വൈകാരികൈക്യം നേടുകയോ അവർക്കുവേണ്ടി നെടുവീർപ്പിടുകയോ ചെയ്യുന്ന ഒരു കഥാകൃത്തല്ല അദ്ദേഹം. കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ നാടകീയതയുടെയും സ്‌തോഭത്തിന്റേയും അംശങ്ങൾ ഇല്ലാതെ തന്റെ കഥാശില്പം കെട്ടിയുയർത്തുകയാണ്‌ അദ്ദേഹം ചെയ്യുന്നത്‌. കാലഘട്ടത്തിന്റെ യാഥാർത്ഥ്യങ്ങളുമായി അദ്ദേഹം ചെയ്യുന്നത്‌. കാലഘട്ടത്തിന്റെ യാഥാർത്ഥ്യങ്ങളുമായി പ്രതികരിക്കുന്നവയാണ്‌ ഈ നോവലെറ്റുകൾ എങ്കിലും അവയെ കഥാപരമായൊരനുഭവമാക്കി പ്രതിഷ്‌ഠിക്കാൻ കുഞ്ഞബ്‌ദുളളയ്‌ക്ക്‌ കഴിയുന്നില്ല.

Generated from archived content: punathil_vicharana.html Author: ep_anandam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here