കണ്ണീർ പശു

എതിരെ ഇരിയ്‌ക്കുന്നവരുടെ നോട്ടങ്ങളിൽനിന്നും ഒഴിയാനാവാതെ വരുന്നതാണ്‌ ട്രെയിൻ യാത്രക്കാരുടെ ദുര്യോഗം. അയാളുടേയും ഭാര്യയുടേയും മടിത്തട്ടിൽ വിശ്രമിച്ചിരുന്ന ഇരട്ടക്കുട്ടികളുടെ തുണിയിട്ടു മറച്ച വലിപ്പമേറും തലകളുടെ അസാധാരണത്വം കണ്ടറിയാനുളള ആകാംക്ഷ സഹയാത്രികരിൽ കാണാമായിരുന്നു. ഉടലിനു യോജിക്കാത്ത മുഴുത്ത തലകളെ ഒളിപ്പിക്കാനുളള പ്രയാസം കുട്ടികളുമായുളള ആദ്യയാത്രയിൽ അയാൾക്ക്‌ ബോധ്യമായി.

വളർന്നു വലുതാകുന്ന തലയുമായി ഇരട്ടകൾ ഒരു വയസ്സു തികയ്‌ക്കില്ലെന്നായിരുന്നു ഡോക്‌ടർമാർ വിധിയെഴുതിയത്‌. വിധിഹിതം അനുഭവിക്കാൻ മനസ്സില്ലാതെ തന്നെ അവർ ഇരട്ട മരണം കാത്തിരുന്നു. എന്നാൽ, മൂന്നു വർഷം ജീവിച്ച കുഞ്ഞുങ്ങൾ അവർക്കു പ്രതീക്ഷ നൽകുകയായിരുന്നു. എങ്ങനെയും ചികിൽസിച്ചു ഭേദമാക്കണമെന്ന നിശ്ചയം ഏതൊരു മാതാപിതാക്കളേയും പോലെ അവരിലും ഉണ്ടായി. മാറിമാറി പരീക്ഷിച്ച ചികിൽസകൾ ഏറെ പണം ആവശ്യപ്പെടുന്നതായിരുന്നു.

കണ്ണീരുകൊണ്ട്‌ മാറാവ്യാധിയ്‌ക്ക്‌ മരുന്നു നിർമ്മിക്കുന്ന കമ്പനിയിൽ ടിയർ കളക്‌ടറുടെ ജോലിയായിരുന്നു അയാൾക്ക്‌. ശുദ്ധമായ കണ്ണീർ അസംസ്‌കൃതവസ്‌തുവാക്കി, അതുവരെ ഔഷധം കണ്ടുപിടിച്ചിട്ടില്ലാത്ത മഹാരോഗത്തിന്‌ പ്രതിവിധി കണ്ടെത്തിയ ആദ്യ കമ്പനിയായിരുന്നു അത്‌. വിദേശ പങ്കാളിത്തമുളള ആ കമ്പനിയിൽ വലിയ പ്രതീക്ഷകളോടെയായിരുന്നു ഒരു കണ്ണീർ ശേഖരണക്കാരനായി അയാൾ ജോലിയ്‌ക്കു ചേർന്നത്‌. കണ്ണീരൊഴുക്കുന്നവനെ കണ്ടെത്തി, കണ്ണിൽ കണ്ണീർ ശേഖരണയന്ത്രം ഘടിപ്പിക്കുക. യന്ത്രത്തിൽ സംഭരിച്ച അശ്രുകണങ്ങൾ ഭദ്രമായി കമ്പനിയിലെത്തിക്കുക. ഉടമയ്‌ക്ക്‌ കണ്ണീരിന്റെ വില കൊടുക്കുക. ഇത്രമാത്രമാണ്‌ ജോലി.

കണ്ണുനീരിന്‌ തരംതിരിവുണ്ട്‌. കമ്പനിയിൽ അതിനായുളള മീറ്റർ കണ്ണുനീരിന്റെ സാന്ദ്രതയളന്ന്‌ ഗുണ വിശ്ലേഷണം നടത്തി ഗ്രേഡ്‌ തിരിക്കുന്നു. കളളക്കണ്ണീരിനും, ചിരിയിൽ ഉതിരും പൊളള അശ്രു ശ്രവങ്ങൾക്കും, കണ്ണീർ വാതകം സൃഷ്‌ടിക്കും നീരൊക്കിനും മാറ്റുകുറയും. ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും ഉത്ഭവിച്ച്‌ ആത്മനൊമ്പരത്താൽ അറിയാതെ വിതുമ്പിവരും മിഴിനീരിന്‌ ഔഷധമൂല്യം കൂടുമത്രെ! മൂല്യ വർദ്ധനവനുസരിച്ച്‌ പ്രതിഫലവും കൂടുതലുണ്ടാവും.

ആദ്യകാലങ്ങളിൽ കണ്ണീരു ലഭിക്കുവാൻ പ്രയാസമുണ്ടായിരുന്നില്ല. പിന്നെപിന്നെ കണ്ണീരിന്റെ ലഭ്യത കുറഞ്ഞു. കരയുന്നവർ കൂടുതലുണ്ടായിരുന്നെങ്കിലും കരച്ചിലിൽ കണ്ണീരുൽപാദനം കുറവായിരുന്നു എന്ന്‌ സർവ്വേ റിപ്പോർട്ട്‌ പറഞ്ഞു. ഇതു സംബന്ധിച്ച പഠനങ്ങൾ വെളിപ്പെടുത്തിക്കൊണ്ട്‌ മാനേജർ, അശ്രുശേഖരണക്കാരുടെ യോഗത്തിൽ പ്രസംഗിച്ചു.

-റാ മെറ്റീരിയൽ ലഭിക്കാതെ വന്നാൽ പ്രൊഡക്‌ഷൻ ഇല്ലാതെ കമ്പനി പൂട്ടേണ്ടി വരുമെന്ന്‌ നിങ്ങൾക്കറിയാമല്ലോ. മാരക രോഗത്തിന്റെ മരുന്ന്‌ കൂടുതൽ നിർമ്മിക്കാനായാൽ മാറാവ്യാധിയിൽ മരണം പ്രതീക്ഷിക്കുന്ന കൂടുതൽ പേർക്ക്‌ ജീവൻ രക്ഷിക്കാനാവും. നിങ്ങൾ കളക്‌ടു ചെയ്യുന്ന ഓരോ തുളളി കണ്ണീരും ഓരോ ജീവനെ രക്ഷിക്കുകയാണ്‌ എന്നോർക്കുക. അതുകൊണ്ടുതന്നെ ഈ തൊഴിലിനോളം വലിയൊരു സാമൂഹ്യസേവനമില്ല…..

ബിസിനെസ്‌ കലയിൽ അത്യുന്നത ബിരുദങ്ങൾ നേടിയവരെ മാത്രമേ കമ്പനിക്ക്‌ വേണ്ടൂ. അസംസ്‌കൃത വസ്‌തു ശേഖരവകുപ്പിന്റെ മാനേജർ അത്തരമൊരു യോഗ്യനും, പുറമേ, തൊഴിൽവിദ്യയിൽ തന്ത്ര വൈധഗ്‌ദ്ധ്യങ്ങൾ നേടിയവനുമായിരുന്നു.

-നിശ്ചയിച്ചു തന്നിട്ടുളള ടാർജറ്റ്‌ ഒരാളും തികച്ചിട്ടില്ല….ഷെയിംഫുൾ….

നൂറ്റി പതിനാല്‌ കണ്ണീർ ശേഖരിപ്പുകാരെ നോക്കി മാനേജർ പറഞ്ഞത്‌ സ്വരം കടുപ്പിച്ചാണ്‌.

-ഓരോ തുളളികണ്ണീരിനും എണ്ണം പറഞ്ഞ്‌ പ്രതിഫലം അപ്പപ്പോൾ പറ്റുന്നില്ലേ നിങ്ങൾ?

അതായിരുന്നു തൊഴിലിലെ മുഖ്യ ആകർഷണം.

-മനുഷ്യരുടെ കണ്ണീർ ഗ്രന്ഥികൾ വരണ്ടു വരുന്ന യാഥാർത്ഥ്യം കണ്ടറിഞ്ഞ്‌ നിങ്ങൾ കൂടുതൽ അദ്ധ്വാനിക്കേണ്ടിയിരിക്കുന്നു, ദുരന്തദിക്കുകളിൽ ഓടി എത്തണം. ഏറ്റവും വേഗത്തിൽ കൂടുതൽ പേരെ കണ്ട്‌ കണ്ണീർ സമാഹരിക്കുന്നതാണ്‌ കഴിവ്‌. എത്ര വലിയ നഷ്‌ടദുഃഖവും, ദുരന്ത സംഭവവും പെട്ടെന്ന്‌ വിസ്‌മൃതമാകും. ദുരന്തത്തിന്റെ ആദ്യ മുഹൂർത്തങ്ങളിൽ മാത്രമേ കണ്ണീരുളളൂ എന്നോർക്കുക…

എത്രയെത്ര യാത്രകൾ… അയാൾ ഓർത്തു. യാതനകളും വേദനകളും നൊമ്പരങ്ങളും തേടിയുളള തീർത്ഥയാത്രകൾ…. ചുടുകണ്ണീർ കണങ്ങൾ ഭൂമിയിൽ വീണുപോകാതെ സസൂക്ഷ്‌മം യന്ത്രക്കൂട്ടിലാക്കി വിൽപന…. ദുഃഖഭൂമിയെ മാത്രം അന്വേഷിക്കുന്ന കണ്ണീർ വിൽപനക്കാരന്റെ ഒരിക്കലും നിറയാത്ത കളളക്കണ്ണ്‌ തിരയുന്നതൊന്നുമാത്രം…. എവിടെ നിറമിഴികൾ?

മഹാദുരിതങ്ങളിലും നഷ്‌ടദുഃഖങ്ങളിലും നരകവേദനകളിലും പെട്ട്‌ വെന്തെരിയുന്നവരുടെ അശ്രുബിന്ദുക്കൾ സംഭരിക്കുമ്പോൾ ഒരു ഹുണ്ടിക കച്ചവടക്കാരന്റെ നിർവ്വികാരത അയാൾ പരിശീലിച്ചു. അങ്ങനെ അന്നത്തെ അപ്പത്തിനു വേണ്ടിയുളള അലച്ചിലിൽ അയാൾ വികാരങ്ങൾ ഉപേക്ഷിക്കാൻ പഠിച്ചു.

-വെശക്ക്‌ണു….

ഭാരിച്ച ശിരസ്സുയർത്താൻ പാടുപെട്ട്‌ ഇരട്ടകളിൽ ഒന്നാമൻ ചിണുങ്ങി.

ഭാര്യ അയാളെ നോക്കി. ട്രെയിൻ യാത്രയിൽ കരുതിയിരുന്ന പഴങ്ങൾ തീർന്നിരുന്നു.

-അടുത്ത സ്‌റ്റേഷനെത്തട്ടെ മോനെ….

അയാൾ പറഞ്ഞു.

തലയുടെ അതിഭാരം താങ്ങാനാവാതെ രണ്ടാമൻ അയാളുടെ മടിയിൽ വീണു കിടന്നു.

മുഴുത്ത തലയിൽ നെറയെ ബുദ്ധിയാണ്‌… ഭാര്യ എപ്പോഴും പറയും. കുഞ്ഞുങ്ങൾക്ക്‌ പ്രായത്തിൽ കവിഞ്ഞ ബുദ്ധിശക്‌തിയുണ്ടെന്ന്‌ ഡോക്‌ടർ പറഞ്ഞതു മുതൽക്കാണ്‌ ഭാര്യയുടെ ഈ സ്‌ഥിരം പല്ലവി. അതുമുതൽ അവർ ഇരുവരും സ്വപ്‌നം കാണാനും തുടങ്ങിയിരുന്നു….

-വികസിച്ചുവരുന്ന തലകൾ വലുതായി വലുതായി ഒരുനാൾ… ഇത്തരക്കാരുടെ വിധിയാണത്‌….

ഡോക്‌ടർ ഒരിക്കൽ പറഞ്ഞത്‌ അവർ മറന്നു തുടങ്ങിയിരുന്നു. ശിരസ്സുകളുടെ വളർച്ചാതോത്‌ കുറഞ്ഞു വരുന്നത്‌ അവരുടെ പ്രതീക്ഷ വളർത്തുകയും ചെയ്‌തു.

-മരുന്നിന്റെ ശക്‌തി കൊണ്ടാ ഈ വെശപ്പ്‌… എത്ര ഗുളിക്യാ ഒരൂസം കഴിക്കണത്‌..

കിട്ടുന്നതിൽ പാതി മരുന്നിന്‌.

കണ്ണീരിനു ക്ഷാമം വന്നപ്പോൾ യാത്രകൾ ഏറെ ആവശ്യമായി, അയാൾക്ക്‌. ദീർഘയാത്രയ്‌ക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയ ഒരുനാളാണ്‌ അമ്മ ‘അൽഷിമേഴ്‌സ്‌’ രോഗിയായി മാറിയെന്ന്‌ അയാൾ അറിയുന്നത്‌. ഓർമ്മശക്‌തി വീണ്ടെടുക്കുക പ്രയാസമെന്നറിഞ്ഞിട്ടും കടമയുടെ പൂജയായി അയാൾ അമ്മയ്‌ക്കും വിലകൂടിയ ചികിൽസ നൽകി.

കണ്ണീരു കിട്ടാതെ വലഞ്ഞ ടിയർ കളക്‌ടേഴ്‌സിനെ വിളിച്ചു ചേർത്ത്‌ മാനേജർ കമ്പനിയുടെ പുതിയ നയം പ്രഖ്യാപിച്ചു.

-കണ്ണീരുതേടി പോകുന്നത്‌ തീരെ ഫലപ്രദമല്ലാതായിരിക്കുന്നു. അതുകൊണ്ട്‌ ഇനി മുതൽ കമ്പനിയിൽതന്നെ കണ്ണീരുൽപാദിപ്പിക്കാനാണ്‌ തീരുമാനം. അതിനായി പ്രവർത്തനക്ഷമമായ അശ്രു ഗ്രന്ഥികൾ നമുക്കു വേണം. നിങ്ങൾ ചെയ്യേണ്ടത്‌, നിരന്തരമായ കണ്ണീരുൽപാദനത്തിന്‌ കഴിവുളള മനുഷ്യരെ കമ്പനിയിലെത്തിക്കുകയാണ്‌. ഒരു വർഷമോ രണ്ടുവർഷമോ… മിഴിനീരുൽപാദനക്ഷമത നോക്കി അവരെ കമ്പനി ചെലവിൽ ഇവിടെ താമസിപ്പിക്കും. ഇവിടെയാവുമ്പൊ പ്രൊഡക്‌ഷൻ കൂട്ടാൻ കണ്ണുകളിൽ സമയാസമയം മരുന്നെഴുതാം… നിറയും മിഴികളിൽനിന്നും പലവട്ടം കണ്ണീരെടുക്കാം…. കണ്ണീരൊഴുക്കിനു തുടക്കമിടാൻ നിമിത്തങ്ങളൊരുക്കാം. കണ്ണീർക്കഥകളുടെ വി.ഡി.ഓ കളി കാണിക്കാം…. ദുഃഖരാഗങ്ങളുടെ സംഗീതമൊഴുക്കാം.. സദാ കരച്ചിലുണ്ടാക്കും പ്രേരകങ്ങൾ തയ്യാറാക്കാം.

മാനേജർ ഒരു നിമിഷം നിർത്തി. പിന്നെ, പകച്ച ഇരുനൂറ്റി ഇരുപത്തെട്ടു കണ്ണുകളുടെ ചോദ്യങ്ങൾക്ക്‌ ഉത്തരമായി പറഞ്ഞു.

-അവരെ തൽക്കാലം നമുക്ക്‌ കണ്ണീർ പശുക്കളെന്നു വിളിക്കാം. നിങ്ങളോരോരുത്തരും ക്യാൻവാസ്‌ ചെയ്‌തുകൊണ്ടുവരേണ്ട കണ്ണീർ പശുക്കളുടെ ടാർജറ്റ്‌ ഇപ്പോൾ തരും. എണ്ണം വെച്ച്‌ ആകർഷകമായ പ്രതിഫലമുണ്ട്‌. എന്നാൽ നിശ്ചിത സമയത്ത്‌ ടാർജറ്റ്‌ തികയ്‌ക്കാനാവാതെ വന്നാൽ.. പിറ്റേന്നുതന്നെ പിരിഞ്ഞു പോകേണ്ടിവരും. അതിലൊരു ദാക്ഷിണ്യവുമുണ്ടാവില്ല.

ഇനിയൊരു ചോദ്യം വേണ്ടെന്നമട്ടിൽ മാനേജർ യോഗം അവസാനിപ്പിച്ചു.

ചെലവും പ്രതിഫലവും വാഗ്‌ദാനം ചെയ്‌തപ്പോൾ കണ്ണീർ പശുക്കളാകാൻ തയ്യാറായി വന്ന പലരും മെഡിക്കൽ ടെസ്‌റ്റിൽ നിരാകരിക്കപ്പെട്ടു. കണ്ണീർ ഗ്രന്ഥികളുടെ ഉൽപാദനക്ഷമതയായിരുന്നു പ്രധാനം. നിശ്ചിത ദിവസത്തിനുളളിൽ എണ്ണം തികയ്‌ക്കുവാൻ കഴിയാതെ വന്നാൽ ഉണ്ടാകുന്ന തൊഴിൽ നഷ്‌ടത്തെ ഓർത്ത്‌ കണ്ണീർ പശുക്കളെ തേടി നൂറ്റി പതിനാലുപേർ ഓടാൻ തുടങ്ങി.

ഓട്ടത്തിൽ അയാൾ ഒട്ടും പിറകിലല്ലായിരുന്നു. കുടുംബപ്രാരാബ്‌ധങ്ങളുടെ ഓർമ്മ അയാളുടെ കാലുകൾക്ക്‌ ഇല്ലാത്ത ബലവും കിട്ടാത്ത വേഗതയുമുണ്ടാക്കി. അത്‌ അയാളെ എത്തിച്ചത്‌ ലക്ഷ്യത്തി ഒന്നു കുറവ്‌ എന്ന സ്‌ഥിതിയിലാണ്‌.

നൽകിയിരുന്ന ദിവസപരിധി തീരാറായതോടെ അവസാനത്തെ ഇരയ്‌ക്കായി അയാൾ ഭ്രാന്തു പിടിച്ചോടി. ഒടുവിൽ നിരാശനായി വീട്ടിൽ തിരിച്ചെത്തിയ അയാൾ ഉണ്ണാതെ ഉറങ്ങാതെ മനസ്സിന്റെ സമനില നഷ്‌ടപ്പെട്ടവനെപ്പോലെ അസ്വസ്ഥമായി പുലമ്പിക്കൊണ്ടിരുന്നു. ഭാര്യ അയാളെ സമാശ്വസിപ്പിക്കാൻ ശ്രമിച്ചു.

-താൻ എന്തു പറഞ്ഞിട്ടെന്താ… ഇനി ഒന്നിനേക്കൂടി എവിടന്നു കണ്ടെത്താൻ? രണ്ടുദിവസം കഴിഞ്ഞാ… തീർന്നില്ലേ എല്ലാം…

-എനിക്കൊന്നു തോന്നണു…..

അയാൾ ഭാര്യയെ ചോദ്യഭാവത്തിൽ നോക്കി.

-തികക്കേണ്ട ആ ഒരാൾ…. ഞാനാവാം….

അയാൾ ഒന്നു ഞെട്ടി.

-നിങ്ങക്കറീല്യേ ഞാനിവിടെ എത്ര കണ്ണീരൊഴുക്കുന്നു. എല്ലാം ഇപ്പോ പാഴായി പോവ്വല്ലേ… ഓരോ തുളളിക്കും കാശു കിട്ട്വാന്ന്വച്ചാ…

-വേണ്ട മോളേ അതുവേണ്ട.

-വേണം. എനിക്കു മാത്രേ നിങ്ങളുടെ ജോലി സംരക്ഷിക്കാനാവൂ. പിന്നെ… ഒരായുസ്സിലേയ്‌ക്കുളള കണ്ണീർ എന്റെ പക്കൽ സ്‌റ്റോക്കുണ്ട്‌. അതു പണമാക്കി മാറ്റിയാൽ പിന്നെ നമുക്കൊരിക്കലും കഷ്‌ടപ്പെടേണ്ടിവരില്ല. നമ്മുടെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താം.. അമ്മേടെ രോഗം ചികിത്സിച്ചു ഭേദപ്പെടുത്താം….

ട്രെയിനിറങ്ങി, കുട്ടികൾക്ക്‌ ഭക്ഷണം വാങ്ങിക്കൊടുത്ത്‌, ഓട്ടോറിക്ഷയിൽ അവർ കമ്പനി പടിക്കൽ വന്നിറങ്ങി. അത്‌ അയാൾക്ക്‌ ലക്ഷ്യം നിറവേറ്റുന്നതിന്‌ നിശ്ചയിച്ചിരുന്ന അവസാന ദിവസമായിരുന്നു.

ആദ്യ പുറം യാത്രയുടെ ആഹ്ലാദത്തിലായിരുന്നു ഇരട്ടകൾ. ഭാരംകൊണ്ട്‌ കുനിഞ്ഞുപോയ തലകൾ ഉയർത്താതെതന്നെ അവർ ചിരിച്ചു രസിച്ചു. ചുറ്റുപാടും കാണുന്നവയേക്കുറിച്ച്‌ ചോദ്യങ്ങളേറെ ചോദിച്ചുകൊണ്ടിരുന്നു, അവർ.

പ്രാഥമിക പരിശോധനയ്‌ക്കുശേഷം സ്‌കാനിംങ്ങിനും മറ്റു ടെസ്‌റ്റുകൾക്കുമായി ഭാര്യയെ കൊണ്ടുപോയപ്പോൾ, തെരഞ്ഞെടുക്കപ്പെടും എന്ന്‌ ഏതാണ്ട്‌ ഉറപ്പായി അയാൾക്ക്‌. ടാർജറ്റിലെ അവശേഷിച്ച കുറവും നികത്തുന്നതോടെ തൊഴിൽ സ്ഥിരപ്പെടുകയായി.

തൊട്ടപ്പുറത്ത്‌ ജയിലറകൾ പോലുളള മുറികളിൽ കണ്ണീർപശുക്കൾ പ്രതിമകൾ കണക്കെ നിൽക്കുന്നത്‌ അയാൾക്ക്‌ കാണാമായിരുന്നു. കരയാനായുന്ന, ഒരേ മുഖഭാവമായിരുന്നു അവർക്കെല്ലാം. അവരിൽ താൻ കൊണ്ടുവന്ന്‌ ഏൽപ്പിച്ചവരുമുണ്ടാകുമെന്ന്‌ അയാൾ നിശ്ചയിച്ചു. ദേശത്തെ ദുഃഖങ്ങളെ മുഴുവൻ തേടിപ്പിടിച്ച്‌ ജയിലറയിലാക്കുകയായിരുന്നു താനും കൂട്ടുകാരും. വ്യസനങ്ങളെ തടവിലാക്കി കണ്ണീർ മുഴുവനായി ചോർത്തിയെടുത്ത്‌ തീരുമ്പോൾ…. സുഖവും സന്തോഷവും മാത്രം നാട്ടിൽ അവശേഷിക്കുമല്ലോ എന്നും അയാൾ വെറുതെ ആശിച്ചു.

അൽപം കഴിഞ്ഞ്‌ അവൾ വന്നു. കണ്ണീർ പശുക്കൾക്കുളള കമ്പനി വസ്‌ത്രം ധരിച്ച്‌, ആളകമ്പടിയോടെ. വസ്‌ത്രത്തിൽ പുതിയ അന്തേവാസിയുടെ നമ്പർ പതിച്ചിരുന്നു. അവളുടെ മുഖമാകെ മാറിയിരുന്നു. വിഷാദം നിറഞ്ഞ മുഖം കണ്ണീരു ചുരത്താൻ വെമ്പുന്നു. അയാൾക്കു മുമ്പിൽ നിശ്ശബ്‌ദയായി അവൾ നിന്നു. അയാളുടെ ഇരു തോളിലും കുരുന്നുകൾ തലകുമ്പിട്ടു കിടന്നു. സുഖകരമല്ലാത്ത എന്തോ സംഭവിക്കുന്നുവെന്നു തിരിച്ചറിഞ്ഞ കുഞ്ഞുങ്ങൾ കിണുങ്ങി.

-ഞ്ഞാൻ മടങ്ങി എത്തുമ്പൊ എന്റെ മക്കളുണ്ടാവ്വോ….

ചുണ്ടനങ്ങാതെയുളള ഒരു മന്ത്രണമായിരുന്നു അത്‌.

ഒരു പാവയെപ്പോലെ അവൾ ഇരട്ടകളുടെ തലയിൽ തലോടി.

ഒരാവേശത്തിൽ ഇരട്ടകളിലൊന്ന്‌ സകല ശക്‌തിയുമെടുത്ത്‌ ഭാരിച്ച തല ഉയർത്താൻ ശ്രമിച്ചു. ഒരു നിമിഷം ഉയർന്ന കൊച്ചുകണ്ണുകൾ തന്റെ അമ്മയെ മുഴുവനായി കണ്ടു.

-അമ്മേ… അവൻ വിതുമ്പി.

അവളുടെ ചുണ്ടുകൾ വിറച്ചു. കണ്ണുകളിൽ കണ്ണീർ ഉരുണ്ടു കൂടാൻ തുടങ്ങി.

അകമ്പടിക്കാരി പറഞ്ഞു.

-പോകാം…. കളക്ഷനു സമയമായി.

വീട്ടിനകത്തു പൂട്ടിയിട്ടിരിക്കുന്ന, ഓർമ്മശക്‌തി നഷ്‌ടപ്പെട്ട തന്റെ അമ്മയെ അയാൾ അപ്പോൾ ഓർത്തു.

-പോവാം മക്കളേ… അയാൾ പറഞ്ഞു.

-അൽപം നിന്നാൽ ആദ്യ കളക്ഷന്റെ പണം വാങ്ങി പോകാം.

അകമ്പടിക്കാരി പറഞ്ഞു. എന്നിട്ട്‌, ഭാര്യ ഒപ്പിട്ടുനൽകിയ കരാറിന്റെ പകർപ്പ്‌ അയാൾക്കു നേരെ നീട്ടി.

കണ്ണീർ ഗ്രന്ഥികളിൽനിന്നും അവസാനത്തെ തുളളിയും ഊറ്റി തീരുംവരെ കണ്ണീർ പശുവിന്‌ മടക്കയാത്ര ഇല്ലെന്ന്‌ ഉടമ്പടി വ്യവസ്ഥ വ്യക്തമാക്കി.

അപ്പോൾ, അകമ്പടിക്കാരി കണ്ണീർ പശുവിന്റെ തോളിൽ പിടിച്ച്‌ അകത്തേയ്‌ക്ക്‌ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഗ്ലാസ്സിട്ട ക്യാബിനു വെളിയിൽ അയാൾ, ഭാര്യയുടെ കണ്ണീർ ശേഖരിക്കുന്നത്‌ നോക്കി നിന്നു. ശബ്‌ദമില്ലാതെ കരയുകയായിരുന്നു അവൾ. ഏറെപ്പേരുടെ കണ്ണീരു ശേഖരിച്ച കണ്ണീർ വിൽപനക്കാരൻ പക്ഷേ അതുകണ്ട്‌ പതറിപ്പോയി.

ആദ്യത്തെ മിഴിനീർ വീഴുന്നതുകാത്ത്‌ അകമ്പടിക്കാരും അയാളും നോക്കി നിൽക്കെ, ശേഖരണക്കുപ്പിയിൽ വന്നു വീണത്‌ ചുവന്ന ചോരക്കണ്ണീരായിരുന്നു.

Generated from archived content: story2-comp.html Author: ep-sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകലിംഗത്തുപ്പരണി
Next articleതണൽ
പളളിപ്പുറത്ത്‌ (ചെറായി) ജനിച്ചു. ബി.എസ്‌സി., എച്ച്‌.ഡി.സി. ബിരുദങ്ങൾ. കഥാകൃത്തും നാടകരചയിതാവുമാണ്‌. ഇദ്ദേഹത്തിന്റെ ‘മാറാമുദ്ര’ എന്ന കൃതി കറന്റ്‌ ബുക്‌സ്‌ സുവർണജൂബിലി നോവൽ പുരസ്‌കാരത്തിന്‌ അർഹമായിട്ടുണ്ട്‌. തൃപ്പൂണിത്തുറയിലെ പീപ്പിൾസ്‌ അർബൻ കോ-ഓപ്പറേറ്റീവ്‌ ബാങ്കിൽ ജനറൽ മാനേജരാണ്‌. വിലാസംഃ ഹരിശ്രീ, കനാൽ റോഡ്‌, തൃപ്പൂണിത്തുറ, എറണാകുളം . Address: Post Code: 682 301

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here