താമസക്കരിമ്പടക്കെട്ടിനാല്‍പ്പുതച്ചപോല്‍
വിസ്മയം, ഭയം, ശോകം തിങ്ങിടും തുരുത്തുപോല്‍
മൂകമായ് നിലകൊള്ളും ചൈതന്യക്ഷേത്രമേ നീ
ലോകനീതിയുച്ചസ്ഥം ഘോഷിപ്പു ശോകാക്രാന്തം!
ശാരദ സാന്ധ്യ നീലകാന്തിയില്‍ വിഷാദാര്‍ദ്രം
താരകവെളിച്ചത്തില്‍ നില്‍പ്പൂ നീ പരീക്ഷീണം:
പച്ചമേടുകള്‍ താരും പാടവും മേളിക്കുമീ
സ്വച്ഛന്ദ സുന്ദരമാം ഗ്രാമീണ വിശ്രാന്തത്തില്‍
നാലഞ്ചു ദശകങ്ങള്‍ പുഷ്ക്കലപ്രഭങ്ങളായ്
നിഷ്ക്കമ്പം ദീപ്തിച്ചു നീ വാസരരാത്രങ്ങളെ,
സ്നേഹാര്‍ദ്രജീവിതത്താല്‍ ദിവ്യമാം നാളങ്ങളാല്‍
ഗേഹാശ്രമാന്തരീക്ഷം വര്‍ണ്ണാഭമായ് നീ മാറ്റി
ജീവല്‍ സ്പന്ദനങ്ങളില്‍ സപ്ത വര്‍ണ്ണങ്ങള്‍ നീ ചാര്‍ത്തി
ഭൂവിതില്‍ സ്വരരാഗ വീചികള്‍ വിടര്‍ത്തീ നീ
നാടിന്റെ നെടും തൂണായി മേവിയ നിവേശനം
ക്ലാന്തത്വം പടര്‍ന്നിന്നു ജീര്‍ണ്ണമായ് നില്‍പ്പൂ തത്ര
ഹന്ത! മര്‍ത്യ ജീവിതത്താവളം ക്ഷണപ്രഭം
പിഞ്ചിളം കാല്‍പ്പാദങ്ങള്‍ പിച്ചവച്ചൊരങ്കണം
കഞ്ചിത പ്രബുദ്ധരായത്രെ പേരുയര്‍ന്നിതില്‍!
എത്ര ജന്മങ്ങള്‍ നിന്റെ വക്ഷസില്‍ തല ചായ്ചു
പത്രം വിടര്‍ത്തിയങ്ങു ദൂരത്തേക്കകന്നുപോയ്?
കൂടു വിട്ടകന്നാലും കൂട്ടലേക്കണച്ചിടാന്‍
കൂട്ടിലൊട്ടുനാള്‍ രണ്ടു ജനിത്വര്‍ പാര്‍ത്തിരുന്നു.
മാതൃത്വ വക്ഷസിന്റെ ലാളനാപരിമളം
താത സൗഭഗത്തിന്റെ സൗരഭ സംരക്ഷണം
കാലത്തിന്‍ യവനിക മായിച്ചെന്നിരിക്കിലും
ലോലതന്ത്രികള്‍ മീട്ടി നില്‍ക്കുമെന്‍ ഹൃദന്തത്തില്‍!
സ്നേഹപൂര്‍ണ്ണമായെന്നെപ്പൊലിപ്പിച്ചു വളര്‍ത്തൊരെന്‍
ഗേഹമാം സൗചിത്ര്യത്തെയെങ്ങനെ മറക്കും ഞാന്‍?
എത്ര ജന്മങ്ങള്‍ നിന്നിലുയര്‍ന്നു പൊലിഞ്ഞുവോ?
എത്ര ജന്മങ്ങളില്‍ വിടരാനിരിക്കുന്നുവോ?
എങ്കിലുമെന്‍ ജീവിതമെത്ര സമ്പുഷ്ടമാക്കി
എന്നിലെച്ചൈതന്യത്തെ പൂരിച്ച ജന്മക്ഷേത്രം !
എന്നും ഞാന്‍ നിന്നെക്കാണാണ്മതത്യന്ത ഭക്ത്യാദരാല്‍
എന്നും നീ തെളിയുന്നെന്‍ കര്‍മ്മസാക്ഷിയായ് മുന്നില്‍!
Generated from archived content: poem1_nov4_11.html Author: elsi.yohannan_sankarathil