ഒരു പിടിയോർമ്മകൾ

ആഴക്കടലിന്റെയക്കരെയെത്തിയീ-

യൈശ്വര്യദേവിതൻ നർത്തന ഭൂമിയിൽ

എത്രയോ നാളുകൾ സ്വപ്‌നം ലാളിച്ചൊരാ

മുഗ്‌ധമോഹങ്ങൾ പൂവിട്ടു വിടരവേ

ഇന്നും സ്‌മരിക്കുന്നു സ്‌നേഹവായ്‌പോടെന്റെ

നിർമ്മലമാം ജന്മനാടിന്റെ മേന്മകൾ

മലരണിക്കാടുകൾ തിങ്ങിവിങ്ങീടുമാ-

മരതകക്കാന്തിയിൽ മുങ്ങിവിളങ്ങീടും

കേരവൃക്ഷങ്ങൾ നിരന്ന്‌വിലസീടു-

മെന്മലനാടിന്റെ ചേലാർന്ന ഗ്രാമങ്ങൾ

കൂടുവിട്ട കിളിയന്തിയണയുമ്പോൾ

ചേലോടുതിർക്കും കളകൂജനങ്ങളും

അസ്‌തമനാർക്കന്റെ മായാവിലാസത്താൽ

ചെമ്മേ തിളങ്ങുന്ന സിന്ദൂരസന്ധ്യയും,

ഈറനടുത്താപ്പുഴയിലെ നീരാട്ടം

ഇന്നുമെന്നാന്മാവിൽ നിർവൃതിയേകവേ

കുളികഴിഞ്ഞീറനുതിർന്ന കാർകൂന്തൽ-

ത്തുമ്പിൽ തിരുകിയ തുളസിക്കതിരിലും

കാനനച്ചോലക്കു കാന്തി കലർത്തുന്ന

കാഞ്ചനച്ചേലുള്ള കുങ്കുമപ്പുവിലും

അമ്മിഞ്ഞപ്പാലിനായാർത്തികൂട്ടുന്നൊരു

കാലിത്തൊഴുത്തിലെ കാളക്കിടാവിലും

ഒന്നര ചുറ്റിയ ഗ്രാമീണ കന്യക

പൊൻപൂവു തേടുന്ന ചെമ്മണിപിന്നിലും

ആത്മവിലാത്മീയ ദീപ്‌തിയുണർത്തുന്ന

ദേവാലയത്തിലെ വൻ മണിനാദവും

ഇന്നുമെൻ ചിത്തം നിറഞ്ഞുകവിയുന്നു

പൊൻകതിർ തൂവുന്നപ്പാവനസൗഹൃദം

സന്ധ്യക്കു കത്തിച്ചാച്ചെപ്പുവിളക്കിന്റെ

മഞ്ഞവെളിച്ചത്തിൽ ലോകം മയങ്ങവേ

അഞ്ജലീബദ്ധയായ്‌, നിർമ്മലഭക്തയായ്‌

പ്രാർത്ഥനാ ഗീതങ്ങൾ പാടിയതോർപ്പു ഞാൻ.

കറപുരളാത്തൊരു കൗമാരമാണെന്റെ

ജന്മനാടേകിയ കൈമുതലെന്നുമേ!

നൂതന മോഹന വർണ്ണചിത്രങ്ങളെൻ

ജീവിതപന്ഥാവു വർണ്ണാഭമാക്കിലും

സ്‌നേഹം വിളയുന്ന, സർഗ്ഗം തെളിയുന്ന

കേരളമാണെന്റെ കൺമുന്നിലെപ്പോഴും

എന്നുമെന്നുള്ളിൽ തെളിഞ്ഞു വിളങ്ങുന്നെൻ

പുണ്യശ്ലോകരാമെൻ മാതാപിതാക്കളേ

നിങ്ങളെ വിസ്‌മരിച്ചൊന്നുമെനിക്കില്ല

നിങ്ങൾതൻ പ്രാർത്ഥനയെൻ മാർഗ്ഗ ദർശനം.

Generated from archived content: poem1_july30_10.html Author: elsi.yohannan_sankarathil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here