മൂന്നു ദശകങ്ങള്‍ക്കപ്പുറം ഞാനെന്റെ
നാടിന്റെ നീണ്ട നടവഴി പിന്നിട്ടി
ന്നായിരമായിരം കാതങ്ങള്‍ക്കിപ്പുറം
കാണാന്നിലാകിലു മെന്‍ജന്മനാടിന്റെ
പണ്ടത്തെ നാള്‍കള്‍ ഓര്‍ത്തുകൊണ്ടിന്നുമാ
മേച്ചില്‍പ്പുറങ്ങളില്‍ മേയുമെന്‍ മാനസം
ഇന്നെന്റെ നാടിന്‍ മുഖഛായയില്‍പ്പോലും
വന്നു കയ്യാളിപ്പോയ് നാഗരികാദേശം
കേര സമൃദ്ധമാം കേരളമിന്നിപ്പോള്‍
റബ്ബറിന്‍ കൊക്കോയിന്‍ നാടായി മാറിപ്പോയി
കൂറ്റന്‍ മണിമേട, പോര്‍ച്ചില്‍ പുത്തന്‍ കാറ്
റ്റി. വി. , വി. സി. ആര്‍, മിക്സി , ഫ്രിഡ്ജ്, ഓവന്‍,
സര്‍വ്വം റെഡിമെയ്ഡ് പാക്കറ്റു ഭക്ഷണം
സര്‍വ്വത്ര നാഗരം പച്ചപ്പരിഷ്ക്കാരം
കാളവണ്ടിയില്ല , കാല്‍നടക്കാരില്ല
കാലിത്തൊഴുത്തും കരയുന്നു മൂകമായ്
നാട്ടാശാന്മാര്‍ കുടിപ്പള്ളിക്കൂടങ്ങളും
ബാലവാടിക്കു വഴിമാറി മാഞ്ഞു പോയ്
കൊയ്യുവാനാളില്ല പൂട്ടുവാനാളില്ല
പാടങ്ങള്‍ മേടകള്‍ക്കായ് വഴിമാറുന്നു
പാതവക്കത്തെ കരിങ്കല്ലിന്‍ കോലങ്ങള്‍
പണ്ടു പഥികര്‍ക്കത്താണി ചുമട് താങ്ങി
ആര്‍ക്കും വേണ്ടാത്തൊരനാഥരാം വൃദ്ധര്‍ പോല്‍
നോക്കുമരം പോല്‍ വഴിവക്കില്‍ തങ്ങുന്നു
പച്ചരി, കുത്തരി, പച്ചക്കറികളും
പാല്‍ പഴമൊക്കെയും തമിഴ്നാടാശ്രയം
കല്യാണ സദ്യയി ‘ന്നോര്‍ഡറില്‍’ തങ്ങുന്നു
കല്യാണ വീട്ടിനിനെന്തൊരേകാന്തത,
ഓണവു, മുത്സവ മേളവും പേരിന്
ഓണത്തിമിര്‍പ്പും ഊഞ്ഞാലും മറഞ്ഞു പോയ്
കൂട്ടുകുടുംബം അണുകുടുംബങ്ങളായ്
കുട്ടിത്തം കുട്ടിക്കളികളും അന്യമായ്
പെറ്റുവീഴുമ്പോഴെ നേഴ്സറീ നെട്ടോട്ടം
പുസ്തകഭാണ്ഡവും ട്യൂഷന്റെ ഭാരവും
എന്‍ട്രന്‍സിന്‍ തള്ളലും ബാല്യം തളക്കുന്നു
മാതൃഭാഷക്കിന്നു സ്ഥാനം പിന്നാമ്പുറം
ഇംഗ്ലീഷു വേണം കയറ്റുമതിക്കിന്നു
നാട്ടില്‍ നിന്നെങ്ങനേം രക്ഷപെട്ടീടണം
ഉറ്റുനോക്കുന്നതോ ഫോറിന്‍ പണത്തിലും
ചട്ടയും ജമ്പറും റൗക്ക തലപ്പാളയും
പുത്തന്‍ പരിഷ്ക്കാരവേഷത്തില്‍ മാഞ്ഞു പോയ്
വൃദ്ധരാം മാതാപിതാക്കളിന്നേകരായ്
കോണ്‍ക്രീറ്റു പത്തനക്കാരാഗ്രഹത്തിന്റെ
ഉള്ളറക്കുള്ളിലനാഥരായ് ദൂരത്തെ
മക്കളെ സ്വപ്നത്തില്‍ക്കണ്ടു കഴിയുന്നു,
രാഷ്ട്രീയം കൊണ്ടു പൊറുതിമുട്ടി ജനം
രാഷ്ട്രത്തെ ച്ചീന്തുന്ന രാഷ്ട്രീയ പേക്കൂത്ത്,
പാശ്ചാത്യനാടിന്‍ അനുകരണച്ചൂടില്‍
പ്രഛ്ന്നമാകുന്നു കൈരളീകമ്രത
ഇന്നുമെന്‍ ബാല്യത്തില്‍ ഞാന്‍ കണ്ട കേരളം
ധന്യത ചേര്‍ത്തെന്നെ മാടി വിളിക്കുന്നു
Generated from archived content: poem1_feb2_12.html Author: elsi.yohannan_sankarathil