വിരിയട്ടെ ഇനിയും നാലുമണിപ്പൂക്കൾ

പ്രവാസികളുടെ മുൻനിരക്കാർക്കിത്‌ അമേരിക്കൻ മണ്ണിൽ നാലു ദശാബ്‌ദത്തിന്റെ തികവ്‌. 1970കളിലെ മലയാളി പ്രവാസിത്തലമുറയ്‌ക്കു ഓർമകളുടെ കൂടുകൂട്ടാനേറെ. ജൻമനാടു വിട്ട്‌ സ്വപ്‌നങ്ങളുടെ കാവൽക്കാരായി അമേരിക്കൻ മണ്ണിലെത്തി സ്വർഗം പണിതുയർത്തുകയായിരുന്നു അവർ. കടന്നു വന്ന പഥങ്ങളിലെ ജിവിതത്തിന്റെ നേർക്കാഴ്‌ചകളിൽ തെളിയുന്നത്‌ അധ്വാനത്തിന്റെ വിയർപ്പു മണികളും കണ്ണീരിന്റെ നനവും ചിരിയുടെ സ്‌നിഗ്‌ദ്ധതയുമാണ്‌.

1970-ൽ ഞാൻ അമേരിക്കയിൽ കാലുകുത്തിയപ്പോൾ മുതലുള്ള ഓർമകൾ എന്നിൽ ചിറകുവിരിക്കുകയാണ്‌. നീണ്ട നാലു ദശാബ്‌ദങ്ങൾ. അമേരിക്കയിലെ മലയാളി സമൂഹം ഏറെ മാറുകയും മാറ്റപ്പെടുകയും ചെയ്‌തു. ഇവിടെയെത്തിയവരിൽ ഭൂരിഭാഗവും ഇവിടുത്തെ പൗരൻമാരായി. അവർക്കു ജനിച്ച കുട്ടികൾ ജൻമംകൊണ്ട്‌ അമേരിക്കയുടെ ഭാഗധേയം നിർണയിക്കുന്നവരായി. ഈ പ്രവാസി സമൂഹം വേർപിരിക്കാനാവാതെ ഇവിടെ ഇഴുകിച്ചേർന്നു കഴിഞ്ഞു.

നാൽപതു വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതം ഇവിടുത്തെ മലയാളി സമൂഹത്തിൽ വരുത്തിയ പരിണാമം അമേരിക്കയുടെ സാംസ്‌ക്കാരിക, സാമൂഹിക ജീവിതത്തിൽ ചെലുത്തിയ സ്വാധീനവുമായി ഇഴ ചേർന്നു പോകുന്നതാണ്‌. മലയാളിക്കുമാത്രമായ പ്രത്യേകതകളും കൂട്ടായ്‌മകളുമുണ്ടെങ്കിലും അവ മൊത്തത്തിൽ അമേരിക്കയുടെ വികാസ പരിണാമങ്ങളിൽ വൻ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ഇക്കാര്യങ്ങളൊക്കെ ഏതാനും വരികളിൽ മാത്രം കുറിപ്പായി ഒതുക്കാനോ കുറേ വാക്കുകളിൽ പറഞ്ഞു തീർക്കാനോ കഴിയുന്നതല്ല.

പരിണാമചക്രം തിരിയുമ്പോൾ പത്‌നിയായ്‌, അമ്മയായ്‌, അമ്മൂമ്മയായ്‌ മാറുന്ന സ്‌ത്രീജൻമത്തെപ്പറ്റി കവി പാടിയത്‌ ഓർമയിലെത്തുന്നു. പുരുഷൻകൂടിയടങ്ങുന്ന സമൂഹത്തിൽ സ്‌ത്രീയുടെ മാറ്റങ്ങളെപ്പറ്റി മാത്രം കവികൾ പാടുന്നതെന്ത്‌ എന്ന്‌ ഞാൻ ആലോചിച്ചിട്ടുണ്ട്‌. കുടുംബ ഭദ്രതയുടെ താക്കോൽ സ്‌ത്രീയിൽ എക്കാലവും നിക്ഷിപ്‌തമായിരുന്നു എന്നതു കൊണ്ടാണിതെന്നു ഞാൻ മനസിലാക്കുന്നു. ഈ സുന്ദര ഭൂമിയിൽ ജീവിക്കാനും പെറ്റുപെരുകാനും പുതുതലമുറയെ പാലൂട്ടി വളർത്താനും പുരുഷനു പിന്നാലെയാണ്‌ ദൈവം സൃഷ്‌ടിച്ചതെങ്കിലും അമേരിക്കയിലെ പ്രവാസികളിലെ ‘പയനിയർ’ സ്‌ത്രീയാണ്‌.

പാലും തേനും ഒഴുകുന്ന നവ കാനാൻ ദേശമായ അമേരിക്കയിലേക്ക്‌ അറുപതുകളുടെ മധ്യത്തോടെ ആതുര സേവനരംഗത്തേക്ക്‌ കുറെ വെള്ളരി പ്രാവുകൾ പറന്നെത്തി. ഭൂമിയിലെ മാലാഖമാരായി ഗണിക്കുന്ന ഈ നഴ്‌സുമാർ ഈ മണ്ണിൽ വിയർപ്പൊഴുക്കി നാട്ടിൽ സമൃദ്ധി നിറഞ്ഞ കുടുംബങ്ങൾ പടുത്തുയർത്തി.

അക്കാലത്ത്‌ ഇവിടെയെത്തിയ മലയാളികളാണ്‌ വിരമിക്കലിനായി കാത്തുനിൽക്കുന്നത്‌. ഇവരനുഭവിച്ച കഷ്‌ടപ്പാടും വേദനകളും അവർ കടുംബത്തിനു വേണ്ടി ഏറ്റെടുത്ത ത്യാഗവും ചിലരെങ്കിലും വിസ്‌മരിക്കുകയോ ഖണ്‌ഡിക്കുകയോ ചെയ്‌തേക്കാം. എന്നാൽ മറവിയുടെ മാറാപ്പുകളിൽ ഒരുക്കിക്കെട്ടാവുന്നതല്ല ആ തലമുറയുടെ സംഭാവനകൾ.

“മറവിതൻ മാറിടത്തിൽ മറയ്‌ക്കാൻ ശ്രമിച്ചാലും

ഓർമ്മകൾ ഓടിയെത്തി ഉണർത്തിടും.”

ഈ ഈരടികൾ അന്വർഥമാണിവിടെ.

പ്രകാശം നിറയുന്ന ഭാവി സ്വപ്‌നം കണ്ടുള്ള അവരുടെ രണ്ടാമത്തെ പ്രവാസിയായിരുന്നു ഇത്‌. ഏഴും എട്ടും മക്കളുള്ള കുടുംബത്തിലെ ആദ്യ ആൺതരികൾ പട്ടാള ബാരക്കുകളിലോ എയർഫോഴ്‌സ്‌ സ്‌റ്റേഷനുകളിലോ ജോലിക്കായി അഭയം തേടിയപ്പോൾ കൗമാരം വിട്ടൊഴിയാത്ത, ഗ്രാമ വിശുദ്ധിയും ശാലീനതയും കൈമുതലാക്കിയ പൊൺകൊടികൾ കയ്യിലൊരു തകരപ്പെട്ടിയിൽ ഉമിക്കരിയും കാച്ചെണ്ണയും ഉപ്പിലിട്ടതും ഉപ്പേരിയുമായി പ്രാർത്ഥനാ മന്ത്രങ്ങളുരുവിടുന്ന മനസുമായി കേരളത്തിന്റെ അതിർത്തികൾപ്പുറം കടന്ന 1950-60 കാലം. ആദ്യപ്രവാസ പ്രയാണമായിരുന്നു അത്‌.

പട്ടാള സേവനത്തിലൂടെ, ആതുര ശുശ്രൂഷാ ശിക്ഷണത്തിലൂടെ പരിപക്വത നേടിയ ആ യുവതലമുറ അമേരിക്കയുടെ വളക്കൂറുള്ള മണ്ണിലേക്ക്‌ ആകർഷിക്കപ്പെട്ടു. ഇവർ സ്വയം പറിച്ചു നടപ്പെട്ട എഴുപതുകളുടെ ആദ്യ പകുതിക്കു മുമ്പുതന്നെ വിവിധ രംഗങ്ങളിൽ ഉപരിപഠനാർഥം കുറച്ചു പേർ ഇവിടെ എത്തിയിരുന്നു. 1968-ൽ അമേരിക്കയിലെ ഇമിഗ്രേഷൻ നിയമം ലാഘവപ്പെടുത്തിയതോടെ എക്‌സ്‌ചേഞ്ചു വീസയിൽ കുറച്ചു പെൺകുട്ടികൾ അമേരിക്കയിലും കാനഡയിലുമെത്തി.

ഒരു സ്‌പോൺസർഷിപ്പ്‌ ലൈറ്ററും ആയിരം ഡോളറിന്റെ ഡ്രാഫ്‌റ്റും ഉണ്ടെങ്കിൽ നേഴ്‌സിങ്ങ്‌ ഉദ്യോഗാർത്ഥികൾക്ക്‌ അമേരിക്കൻ വിസ ലഭിക്കുമെന്നായി നേരത്തെ എത്തിയിരുന്ന ചിലർ വീസായ്‌ക്കുള്ള രേഖകൾ നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തതോടെ കുടിയേറ്റ പ്രവാസത്തിനു ചാലുകീറി.

ജോലി താമസ സൗകര്യമൊരുക്കൽ, പരീക്ഷയെന്ന കടമ്പ ഇതൊക്കയായിരുന്നു ആദ്യമെത്തിയവർ നേരിട്ട പരീക്ഷണങ്ങൾ. ഇവ ക്രമീകരിക്കുന്നതിനിടയ്‌ക്ക്‌ നാട്ടിലെ കുടുംബാഗങ്ങളെക്കുറിച്ചുള്ള കരുതൽ അവർ കൈവിട്ടുമില്ല. അവർ മറന്നത്‌ ഒരു കാര്യം മാത്രം; സ്വന്തം സുഖം. രണ്ടും മൂന്നും ജോലികൾ ചെയ്‌ത മുഴുസമയതിരക്കിൽ ജീവിച്ച ആ അമ്മമാർക്ക്‌ കുഞ്ഞുങ്ങളെ നേരാംവണ്ണം താലോലിക്കാൻ പോലും കഴിഞ്ഞിരുന്നില്ല എന്നതാണ്‌ സത്യം.

ഇന്നത്തെ നിലവച്ചു നോക്കിയാൽ തുലോം തുച്‌ഛമായ വരുമാനത്തിൽ അപ്പാർട്ടുമെന്റുകളുടെ പരിമിതികളിൽ ജീവിച്ച്‌ നാട്ടിലുള്ള സഹോദരങ്ങളെ കരകയറ്റാനുള്ള തത്രപ്പാടിൽ അവരനുഭവിച്ച യാതനകൾ ആർക്കും മറക്കാവുന്നതല്ല. അതിപ്പോൾ പലർക്കും പഴംപുരാണമായി, പറയുന്നതും കേൾക്കുന്നതും അപഹാസ്യദ്യോദകമായി.

സ്വന്തമായി വീട്‌, കാറ്‌, എന്നിവ മനസിൽ താലോലിച്ചാണ്‌ രാവുകൾ പകലുകളാക്കി ആശുപത്രികൾ മാറിമാറി യാത്ര ചെയ്‌ത്‌ ഇക്കാലമത്രയും അവരിൽ പലരും ജീവിതം ഓടിത്തീർന്നത്‌. ഇതിനിടെ അമേരിക്കൻ പൗരത്വമെടുത്തു. നാട്ടിലുള്ള മാതാപിതാക്കളും സഹോദരങ്ങളും ഇക്കരയെത്താൻ അതു കാരണമായി ഒരേ കൂരക്കീഴിൽ ഒരുമിച്ചു ജീവിച്ചു തുടങ്ങിയപ്പോൾ പ്രശ്‌നങ്ങൾ തലപൊക്കി.

“കൂട്ടുകുടുംബത്തിൻ ഭാരം വഹിച്ചിട്ടും

കൂട്ടർക്കു പിറുപിറുപ്പേറി വന്നു

കൂട്ടരു കരയെത്തിയൽപം കഴിഞ്ഞപ്പോൾ

നീയെന്തു ചെയ്‌തെന്ന ചോദ്യം മിച്ചം.”

അത്തരം കൂട്ടുകുടുംബത്തിന്റെ അരക്ഷിതാന്തരീക്ഷത്തിൽ വീർപ്പുമുട്ടിയ പിഞ്ചു കുഞ്ഞുങ്ങൾ ബാല്യം പിന്നിട്ടപ്പോഴാണ്‌ മാതാപിതാക്കൾക്ക്‌ ബോധോദയമുണ്ടായത്‌. സ്വന്തം കുഞ്ഞുങ്ങളുടെ ബാല്യത്തിന്റെ സൗന്ദര്യം, ചാപല്യങ്ങൾ, കൊഞ്ചലുകൾ വികൃതികൾ ഇവയൊന്നും ആസ്വദിക്കാൻ നേരമുണ്ടായില്ലെന്ന്‌. ആ നഷ്‌ട സൗഭാഗ്യത്തെ ഓർത്ത്‌ അവർ പലരും പിന്നീട്‌ ദുഃഖിച്ചു. ജീവിതം സുരക്ഷിതമാക്കാൻ നെട്ടോട്ടമോടിയപ്പോൾ കുഞ്ഞുങ്ങൾ എങ്ങനെയും വളർന്നു കിട്ടിയാൽ മതിയെന്നായിരുന്നു ചിന്ത. അവരെ വളർത്തുകയായിരുന്നില്ല. മറിച്ച്‌ അവർ വളരുകയായിരുന്നു. ബാല്യത്തിൽ ലഭിക്കേണ്ട ശിക്ഷണമോ കളിക്കൂട്ടുകാരോ അവർക്കു ലഭിച്ചില്ല. മുത്തശ്ശിക്കഥകൾ അവർക്കന്യമായിരുന്നു. അമ്മയുടെ വാൽസല്യവും തലോടലും വല്ലപ്പോഴും ലഭിക്കുന്ന സൗഭാഗ്യമായി.

“മമ്മിക്കി ഡ്യൂട്ടിയൊഴിഞ്ഞില്ല നേരം

ഡാഡിക്കു ജോലിയും നാട്ടുകാര്യോം

മക്കൾക്കു കൂട്ടിനു ടിവി മാത്രം

ഭക്ഷണം ഹാംബർഗർ ഹോട്ട്‌ഡോഗ്‌ പീറ്റ്‌സാ

ഡാഡിയേം മമ്മിയേം ഒന്നിച്ചു കാണാൻ

സ്‌നേഹത്തിൻ മാധുര്യം തെല്ലൊന്നു കിട്ടാൻ

മമ്മിയെ കെട്ടിപ്പിടിച്ചൊന്നുറങ്ങാൻ

വേഴാമ്പൽ പോലെ കേഴുന്നു മക്കൾ.”

ആ മാതാപിതാക്കളുടെ ത്യാഗത്തിനും കഠിനധ്വാനത്തിനും ഫലമുണ്ടായത്‌ അടുത്ത തലമുറയിലൂടെയാണ്‌. അവർ കരുത്തുറ്റവരായി വളർന്ന്‌ അമേരിക്കയുടെ ഭാവിക്ക്‌ പൊന്നിഴകൾ തീർക്കുകയാണിപ്പോൾ.

ആദ്യകാലത്ത്‌ കുഞ്ഞുങ്ങൾക്കു മാതൃകയായി വളരാൻ മറ്റു കൂട്ടുകാരോ മതാധ്യാപനം ലഭിക്കാൻ സൗകര്യങ്ങളോ ഇല്ലായിരുന്നു. ഇന്ന്‌ കൊച്ചു മക്കളെ വളർത്താൻ നാട്ടിൽ നിന്ന്‌ വരുന്ന മുത്തച്‌ഛനും മുത്തശ്ശിയും ഉള്ളതിനാൽ കൊച്ചുമക്കളും അമ്മമാരും സംതൃപ്‌തരാണ്‌. സ്വപ്‌നങ്ങൾ ചാലിച്ച മനസുമായി ജീവിതത്തിന്റെ പച്ചപ്പു തേടിയെത്തിയ ആദ്യ തലമുറ അവയുടെ സാക്ഷാത്‌ക്കാരത്തിന്റെ സംതൃപ്‌തിയിലാണിന്ന്‌. നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായിട്ടുണ്ട്‌. അതൊക്കെ ജീവിത വഴിയിൽ വന്നുപെടുന്നവ മാത്രം.

എന്നാൽ നാം ഏറെ ചിന്തിക്കേണ്ടത്‌ ഇനിയുള്ള ജീവിതം പ്ലാൻ ചെയ്യുന്നതിനെക്കുറിച്ചാണ്‌. അത്‌ ഏറെ ഗൗരവത്തോടെ ആലോചിക്കേണ്ടതാണെന്നാണ്‌ എന്റെ അഭിപ്രായം. മുതിർന്ന പ്രവാസികളുടെയിടയിൽ അതൊരു സംവാദ വിഷയംതന്നെയായിത്തീരണം എന്നു ഞാൻ ആഗ്രഹിക്കുന്നു. കാരണം ഇനിയാണ്‌ നമുക്ക്‌ ഈ സമൂഹത്തിനും ജന്‌മ നാടിനും വേണ്ടി ഏറെ ചെയ്യാനുള്ളത്‌. ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിനിടയിൽ നമുക്കു വേണ്ടിയും നമ്മുടെ മനഃസംതൃപ്‌തിക്കു വേണ്ടിയും പലതും ചെയ്യാൻ നമുക്കു കഴിഞ്ഞിട്ടില്ല.

പ്രാരാബ്‌ദങ്ങളൊഴിഞ്ഞപ്പോൾ ഓടിത്തളർന്ന വയസൻ കുതിരയെപ്പോലെയാകാതിരിപ്പാൻ നാം ശ്രദ്ധിക്കണം. ഇനിയും ഏതു പന്തയത്തിനും ഒരു കൈ നോക്കാനുള്ള കരുത്ത്‌ മനസിൽ സൂക്ഷിക്കുന്ന കുതിരകളാവണം വയസനെന്നും വയസിയെന്നും മുദ്രയടിക്കപ്പെട്ട്‌ ജീവിതത്തിന്റെ ഏകാന്ത കോണുകളിലേക്ക്‌ തളളപ്പെടാൻ ഒരിക്കലും അനുവദിക്കരുത്‌. എടുപ്പിലും നടപ്പിലും വേഷവിധാനത്തിലും പ്രായത്തിന്റെ ക്ഷീണം പ്രകടമാക്കേണ്ട ആവശ്യമില്ല. ആത്‌മവിശ്വാസം സ്‌ഫുരിക്കുന്നതാവണം നമ്മുടെ ഓരോ ചുവടുകളും. അതിനായി മോഡേൺ ആകുന്നതിലും തെറ്റില്ല.

ഇതൊക്കെ നമ്മുടെ പുറംമോടിയിൽ തെളിയേണ്ടവയാണ്‌. എന്നാൽ കാതലായ വിഷയം നാം എന്തു ചെയ്യണം. എന്നതുതന്നെയാണ്‌. അതിലുള്ള തീരുമാനം നമ്മുടെ ഓരോരുത്തരുടേതുമാണ്‌. മക്കൾ വളർന്നു ഉന്നതവിദ്യാഭ്യാസവും ജോലിയും നേടിയെടുത്തു. ഭക്ഷണം, വസ്‌ത്രം പണം എന്നിവയ്‌ക്കു മുട്ടില്ല. പക്ഷേ പുതിയ അണു കുടുംബങ്ങളിൽ വൃദ്ധമാതാപിതാക്കൾക്കു സ്‌ഥാനം പുറത്താണ്‌. അതെല്ലാം ഈ നാടിന്റെ പ്രത്യേകതയെന്നു വിചാരിച്ച്‌ നെടുവീർപ്പിട്ടു കഴിയാതെ അതിനെ മറികടക്കാൻ എന്തു ചെയ്യണമെന്ന്‌ ആലോചിക്കണം.

മക്കളുടെയും പേരക്കുട്ടികളുടെയും കൂടെ കഴിയാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവർ ഈശ്വരപൂജയ്‌ക്കു കിട്ടിയ സന്ദർഭമായി കരുതി അതിനെ വിനിയോഗിക്കണം. മദർ ഡോട്ടർ ഹൗസ്‌ അല്ലെങ്കിൽ മക്കളുടെ വീടിനടുത്ത്‌ താമസം ആയിരിക്കും വൃദ്ധ മാതാപിതാക്കൾക്ക്‌ സന്തോഷകരം. മക്കളുടെ സ്വകാര്യതയെയും കുടുംബഭദ്രതയേയും സ്‌പർശിക്കാതെ കിട്ടുന്ന അവസരങ്ങളിൽ പേരക്കുട്ടികൾക്ക്‌ നമ്മുടെ ജന്മനാടിന്റെ നൻമകളെ പറഞ്ഞുകൊടുക്കുക. ആർഷഭാരത നൻമകൾ, നമ്മുടെ കേരളത്തിന്റെ തനതായ പ്രത്യേകതകൾ ഇതൊക്കെ വിദേശിയരെ ആകർഷിക്കാറുള്ളതുപോലെ ഇവിടുത്തെ മലയാളി പുതുതലമുറയേയും ആകർഷിക്കും. സത്യധർമ നീതിബോധജന്യമായ കഥകളും സംഭവങ്ങളും ഉപദേശങ്ങളും പകർന്നു കൊടുക്കുക.

വീടിനു പുറത്തേക്കിറങ്ങി സമപ്രായക്കാരുടെ സദ്‌സംഘങ്ങൾ സംഘടിപ്പിക്കുക, പുതിയ സൗഹൃദങ്ങൾ ഇതിലൂടെ കെട്ടിപ്പടുക്കുക. സുഹൃത്‌ – ബന്ധു സന്ദർശനങ്ങൾ, വിനോദയാത്രകൾ എന്നിവയിൽ സന്തോഷം കണ്ടെത്തുക വായന എഴുത്ത്‌ എന്നിവയിൽ വ്യാപൃതരാകുക. വ്യായാമം, ഇഷ്‌ടഭക്ഷണം ആരോഗ്യ പരിപാലനം, പോഷകാഹാരം എന്നിവയെപ്പറ്റി പരസ്‌പരം അറിവുപകരുകയും പരിശീലനം നൽകുകയും ചെയ്യുക. നഷ്‌ടങ്ങളെപ്പറ്റി ചിന്തിച്ച്‌ മനസ്‌ തളർത്താതിരിക്കുക, ദൈവ സാമിപ്യത്തിൽ സംതൃപ്‌തി കണ്ടെത്തുക ഇങ്ങനെ വിവിധ രീതികളിലുള്ള ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾ മുതിർന്ന തലമുറയെ സന്തുഷ്‌ടിയിലേക്കു നയിക്കാനുതകുന്നവയാണ്‌.

ഒരുകാര്യം ശ്രദ്ധിക്കേണ്ടത്‌, ഇത്‌ കുടുംബത്തിൽ മാത്രം ഒതുക്കിനിർത്തേണ്ട ഒന്നല്ല, മറിച്ച്‌ സമൂഹത്തിലാകെ വളർത്തിയെടുക്കേണ്ടതാണ്‌ എന്നതാണ്‌.

അതിനായി ഓരോരുത്തരും മുന്നിട്ടിറങ്ങണം. കൊച്ചു കൂട്ടായ്‌മകളിലൂടെ പൊതു നന്മയ്‌ക്കായി പദ്ധതികൾ ആസൂത്രണം ചെയ്യണം. അതൊരു മഹാപ്രസ്‌ഥാനമായി വളർന്ന്‌ വിവിധ സംസ്‌ഥാനങ്ങളിലേക്കു പടർന്നേക്കാം. അങ്ങനെ ജീവിതത്തെ സുഖപ്രദവും ആഹ്ലാദകരവും ആക്കുവാനും അതുവഴി പോക്കുവെയിലിലും പൂക്കൾ വിരിയിക്കാനും ശ്രമിക്കാം. വെയിൽ താഴാറാകുമ്പോൾ വിരിയുന്ന നാലുമണിപ്പൂക്കൾ പോലെ വർണാഭമാകട്ടെ ഈ ജീവിതവും.

Generated from archived content: essay1_mar22_10.html Author: elsi.yohannan_sankarathil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English