ഏതൊരു പ്രയത്‌നവും വിജയിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള തന്ത്രങ്ങളും ഉപയോഗിക്കേണ്ടി വരും. ഒരു മല്‍സരത്തിലാണെങ്കിലും, സമരത്തിലാണെങ്കിലും, യുദ്ധത്തിലാണെങ്കിലും നമ്മള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് നമ്മുടെ വിജയവും തോല്‍വിയും നിശ്ചയിക്കുന്നത്. ജീവിതത്തിലാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ.
മഹാഭാരത യുദ്ധത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ സൈന്യങ്ങളെ മുഴുവന്‍ കൗരവര്‍ക്ക് കൊടുത്ത് താന്‍ ആയുധം എടുക്കാതെ പാണ്ഡവപക്ഷ ത്തുനിന്ന് അവരെ ജയിപ്പിച്ച കഥ നമുക്ക് എന്നും ഒരു പാഠമാണ്. വില്ലാളിവീരനായ അര്‍ജ്ജുനന്‍ യുദ്ധത്തില്‍ തന്റെ സോദരര്‍ മരിച്ചുവീഴുന്നതു കണ്ട് നിസ്സഹായനായി തേരില്‍ നില്‍ക്കുമ്പോള്‍ ഭഗവാന്‍ ശ്രികൃഷ്ണന്‍ നല്‍കിയ ഗീതോപദേശം മാലോകരെല്ലാം എന്നും ജീവിതമെന്ന യുദ്ധത്തില്‍ വിജയിക്കാന്‍ അവശ്യം മനസ്സിലാക്കേതാണ്. അര്‍ജ്ജുനന്റെ ഓരോ സംശയത്തിനും ഭഗവാന്‍ നല്‍കുന്ന മറുപടികളാണ് ഈ തന്ത്രവും മറുതന്ത്രവുമൊക്കെത്തന്നെ.
ഇന്നലേകളും നാളേകളുമാണ് ഇന്നിനെ നയിക്കുന്നത്; പക്ഷെ ഇന്നില്ലാതെ ഇന്നലേകളും നാളേകളുമില്ല
നാം എന്നും ജീവിക്കുന്നത് ഇന്നില്‍നിന്നുകൊണ്ടാണ്. ഇന്നത്തെ ജീവിതമാണ് നാളെ നമ്മുടെ ഭൂതകാലമാകുന്നത്. ആ ഭൂതകാലംതന്നെ യാണ് നമ്മുടെ ജീവിതത്തിന് മുന്നേറാനുള്ള ഊര്‍ജ്ജം തരുന്നതും. നമ്മുടെ ഓരോ ചലനങ്ങളും ഇന്നലെയില്‍ നിന്ന് പഠിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. അതുപോലെത്തന്നെ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ജീവിക്കാനുള്ള പ്രതീക്ഷ നല്‍കുന്നതും. ഭൂത വും ഭാവിയുമാണ് ഇന്നിനെ കൊണ്ടുനടക്കുന്നത്. ഇന്നലെകളില്‍ ലഭിച്ച വിജയങ്ങള്‍ നമ്മെ മുന്നോട്ട് നടത്തുമ്പോള്‍ത്തന്നെ ഇന്നലെകളുടെ തോല്‍വികള്‍ നമ്മെ പിന്നോട്ട് വലിക്കുകയും ചെയ്യുന്നു. പരാജയങ്ങള്‍ താല്‍കാലികമാണെന്നും അതില്‍നിന്ന് പഠിച്ച അനുഭവങ്ങളുടെ വെളിച്ചത്തില്‍ മുന്നേറാനുമാണ് ശ്രമിക്കേണ്ടത്.
എന്നും സൂര്യന്‍ ഉദിക്കുകയും സായാഹ്നത്തില്‍ അസ്തമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പിറ്റേ ദിവസം വീണ്ടും ഉദിക്കുന്നുണ്ടല്ലോ. അതേ പോലെ നമ്മളും പരാജയങ്ങളില്‍ പതറാതെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാനാണ് ശ്രമിക്കേണ്ടത്. അതോടൊപ്പംതന്നെ നാളേകളുടെ പ്രതീക്ഷകള്‍ നമുക്ക് വേണ്ട പ്രോല്‍സാഹനവും നല്‍കണം. ഇന്നത്തെ ജീവിതം എന്നും സഫലമാക്കാന്‍ ശ്രമിച്ചാല്‍ എന്നും നമ്മുടെ ജീവിതം സഫലമാകുകയും ചെയ്യും.
നമുക്കുള്ളതേ മറ്റുള്ളവരിലും നമുക്ക് ദര്‍ശിക്കാനാവൂ
നമ്മുടെ ജീവിതത്തിലെന്നും എത്ര കിട്ടിയാലും പിന്നെയും ഓരോന്നിനുമായുള്ള നെട്ടോട്ടമാണ്. ആ ഓട്ടത്തിനിടയില്‍ നേട്ടങ്ങളില്‍ അഹങ്കരിക്കുകയും കോട്ടങ്ങളില്‍ നമ്മള്‍ പരിഭവപ്പെടുകയും മറ്റുള്ളവരെ ഒറ്റപ്പെടുത്തുകയും ചെയ്യും. മറ്റൊരാള്‍ക്ക് എന്തെങ്കിലും കിട്ടുമ്പോള്‍ അസൂയ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ നമുക്ക് അത് നേടാനുള്ള അര്‍ഹതയുണ്ടോ എന്ന് സ്വയം ആലോചിക്കാറില്ല. നമുക്ക് മനസ്സില്‍ അസൂയയും ദ്വേഷ്യവുമുള്ളതുകൊണ്ടാണ് മറ്റുള്ളവരും അത്തരക്കാരാണെന്ന് തോന്നുന്നത്. നമ്മുടെ പരിശ്രമത്തിനും കഴിവിനും അര്‍ഹിക്കുന്നത് കിട്ടുമെന്ന് സ്വയം ബോധ്യമുണ്ടാവുമ്പോള്‍ മറ്റുള്ളവരുടെ നേട്ടങ്ങളില്‍ നമുക്ക് അസൂയ തോന്നുകയില്ല. സത്യത്തില്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് നമ്മള്‍ സ്വയം മനസ്സില്‍ കണക്ക് കൂട്ടുകയാണ്. നമ്മുടെ മനസ്സില്‍ നന്മയുണ്ടാകുമ്പോള്‍ മറ്റുള്ളവരിലും അത് ദര്‍ശിക്കാനാവും. അതുപോലെ നമ്മള്‍ മറ്റൊരാളെ സഹായിക്കുമ്പോള്‍ മറ്റൊരാള്‍ നമ്മളേയും സഹായിക്കാനെത്തുമെന്നുള്ള വിശ്വാസമാണ് എപ്പോഴും പുലര്‍ത്തേണ്ടത്. അപ്പോള്‍ മാത്രമെ നമുക്ക് ഏതൊരു കാര്യവും ശുഭാപ്തിവിശ്വാസത്തോടെ ഏറ്റെടുത്ത് നടത്താന്‍ കഴിയൂ.
മനഃസാക്ഷിയുണ്ടെങ്കില്‍ മനഃശാന്തി
നാമെല്ലാം എപ്പോഴും ശാന്തിയും സമാധാനവും സന്തോഷവും ലഭിക്കാനാണ് ആഗ്രഹിക്കുന്നത്. നമ്മുടെ പ്രവര്‍ത്തനങ്ങളും അതിനുവേണ്ടിത്തന്നെ. എന്നാല്‍ നമ്മുടെ വിചാരവികാരങ്ങള്‍ പ്രലോഭനങ്ങള്‍ക്ക് വിധേയനായി പല വിപത്തുകളിലും ചെന്ന് പെടാറുണ്ട്. ആഗ്രഹസാദ്ധ്യങ്ങളെയും അത് നമുക്ക് ലഭ്യമാക്കുന്ന ഉന്നതികളേയും ലൗകികസുഖങ്ങളേയും സ്വപ്നം കണ്ട് അല്‍പനേരത്തെക്കെങ്കിലും മനഃസാക്ഷിയെമറന്ന് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭങ്ങളും ഉണ്ടായേ ക്കാം. അപ്പോഴുണ്ടാകുന്ന ഉള്‍ഭയം നമ്മുടെ മനഃസാക്ഷിയെമറന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ആ നിമിഷം മുതല്‍ നമ്മുടെ മനഃശാന്തിയും നഷ്ടപ്പെടുന്നു. ഔദ്യോഗികരംഗത്തെ ഉന്നതസ്ഥാനത്തുള്ളവര്‍ക്ക് മേലുദ്യോഗസ്ഥന്മാരുടേയും രാഷ്ട്രീയക്കാരുടെയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ചിലപ്പോള്‍ പ്രവര്‍ത്തിക്കേണ്ടി വന്നേക്കാം. ആപ്പോഴും ആദ്യം നഷ്ടമാകുന്നത് മനഃസാക്ഷിയും തുടര്‍ന്ന് മനഃശാന്തിയും. ക്ഷിപ്ര കാര്യസാദ്ധ്യത്തിനാണ് മനഃസാക്ഷിയെ മറന്നതെങ്കിലും മനഃശാന്തി നഷ്ടപ്പെടുന്നത് എന്നെന്നേക്കുമാണ്. അതിന് ജീവിതത്തില്‍ വലിയ വിലയും കൊടുക്കേണ്ടിവരും.
Generated from archived content: essay1_july27_15.html Author: ek_rajavarma