മണ്ഡലത്തിൽ ഏറെ ആവശ്യക്കാരുളള അയ്യപ്പൻമാലകളുടെ നിർമ്മാണത്തിലും വിപണനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുളള ഒരു വിഭാഗമത്രേ തൊട്ടിയാൻമാർ. കേരളത്തിൽ ഇന്ന് ലഭ്യമാകുന്ന മണ്ഡലമാലകളിൽ എഴുപതുശതമാനത്തിലേറെ പരദേശത്തുനിന്നും മലയാളക്കരയിലേയ്‌ക്ക് കുടിയേറിയ ഇവരുടെ പ്രധാന ആവാസകേന്ദ്രമായറിയപ്പെടുന്ന ഇരിങ്ങാലക്കുട (തൃശൂർ ജില്ല)യിലാണ് ഉല്പാദിപ്പിക്കുന്നത്.
തിരുമല ദേവസ്ഥാനവുമായി അടുത്തബന്ധം അവകാശപ്പെടുന്ന തൊട്ടിയാൻമാരുടെ കുലനാമം ദാസ് എന്നാണെന്നും ഉത്തരേന്ത്യയിൽനിന്നും വന്നെത്തിയ ജൈനരുടെ പിൻഗാമികളാണവരെന്നും എഡ്‌ഗാർ തഴ്‌സ്‌റ്റൺ അഭിപ്രായപ്പെടുന്നു. തിരുപ്പതിക്ഷേത്രത്തിലെ പരികർമ്മികളും പേരെടുത്ത വ്യാപാരികളും കൂടിയാണ് അവരെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. (ഇവരുടെ പേരിന്റെ കൂടെ ദാസ് എന്ന പദം ചേർക്കുന്ന സമ്പ്രദായം ഇന്നും തുടർന്നുവരുന്നു.) ശ്രീലങ്കയിലും മധുര, രാമനാഥപുരം ജില്ലകളിലും തമ്പടിച്ചിട്ടുളള കമ്പളത്താൻമാരെപ്പറ്റിയുളള പരാമർശങ്ങൾ 1903ലെ ഡബ്ലിയു.ഫ്രാൻസിസിന്റെ സെൻസസ് റിപ്പോർട്ടിൽ കാണാം. പതിനാറാം നൂറ്റാണ്ടിൽ മധുര കീഴടക്കിയ വിജയനഗരരാജാക്കൻമാരായ നായിക്കൻമാരുടെ കീഴിൽ സൈനിക സേവനവും കൃഷിയുംചെയ്‌ത് ഉപജീവനമാർഗ്ഗം കണ്ടെത്തിയവരാണ് പ്രസ്‌തുത വിഭാഗമെന്ന് മുൻചൊന്ന റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.
തൊട്ടിയ നായ്‌ക്കരുടെ ഒമ്പതു കമ്പളങ്ങളിൽ (വിഭാഗങ്ങളിൽ) മുന്തിയ ഒരു കൂട്ടരാണ് തൊട്ടിയാൻമാർ. പൂണുലുളള പൂജാരികളായറിയപ്പെടുന്ന ഇവർക്ക് ഏതു ക്ഷേത്രത്തിലും പ്രവേശനാനുമതിയുണ്ടായിരുന്നു. തെലുങ്ക് മാതൃഭാഷയായി സ്വീകരിച്ചിട്ടുളള തൊട്ടിയാൻമാരുടെ കുലദൈവം തിരുപ്പതി വൈങ്കിടാചലപതിയത്രെ. ജനിക്കുമ്പോഴും വിവാഹസമയത്തും മരണശേഷവും നാമക്കുറിയണമെന്ന നിർബന്ധവും ഇവർക്കുണ്ട്. മാരിയമ്മയാണ് ഇവരുടെ മറ്റൊരു ആരാധ്യദേവത. യാഥാസ്ഥിതിക മനോഭാവം പുലർത്തുന്ന തൊട്ടിയാൻമാർ എണ്ണത്തിൽ വളരെ കുറവാണ്. പുറംനാടുകളിൽ നിന്നും ഇവരെപ്പോലെത്തന്നെ കേരളത്തിലെത്തിച്ചേർന്ന ചെട്ട്യാൻമാർ, നായിഡു തുടങ്ങിയ വർഗ്ഗക്കാരുമായുളള വിവാഹബന്‌ധം നിഷിദ്ധമായതുകൊണ്ടും തങ്ങളുടെ മുറമകളിൽ (ആൺ പെൺ വിഭാഗങ്ങളുടെ വിവിധ ഗ്രൂപ്പുകളിൽ) വേണ്ടത്ര അംഗങ്ങളുടെ അഭാവം കാരണവും വളരെയേറെപ്പേർ അവിവാഹിതരായി നിൽക്കുന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഒരു വിവാഹ സദ്യയ്‌ക്കിടയിൽ ഗോമാംസം വിളമ്പിയതിന്റെ തെളിവായി പശുവിന്റെ തല സദ്യസ്ഥലത്തിനരികിൽ കണ്ടതിനെത്തുടർന്നുണ്ടായ തർക്കം ഇവരിൽ ജാതീയമായ വേർതിരിവുണ്ടാക്കിയെന്നും ഒരുവിഭാഗം മാംസാഹാരികളായ റാവുത്തർമാരും മറ്റേവിഭാഗം സാത്വികസ്വഭാവികളായ തൊട്ടിയാൻമാരുമായി പിരിഞ്ഞു എന്നുമാണ് പരക്കെയുളള വിശ്വാസം.
ഇരിങ്ങാലക്കുടയിൽ നിർമ്മിക്കുന്ന അയ്യപ്പൻമാലയ്‌ക്ക് നാട്ടിനകത്തും പുറംരാജ്യങ്ങളിലും ആവശ്യക്കാരേറെയുണ്ട്. തുളസിക്കുരുമാലകൾ ഇവയിൽ സവിശേഷപ്രാധാന്യം അർഹിക്കുന്നു. ഉഡുപ്പിയിൽ നിന്നു കൊണ്ടുവരുന്ന കൃഷ്‌ണത്തുളസിയുടേയും രാമത്തുളസിയുടേയും തണ്ട് കൊച്ചുകഷണങ്ങളായി മുറിച്ചതിനുശേഷം മദ്ധ്യഭാഗം തുളച്ച് ആദ്യം സാധാരണ നൂലിൽ കോർക്കുന്നു. പിന്നീട് ചെമ്പ്, പിച്ചള തുടങ്ങിയ ലോഹക്കമ്പികളിൽ കോർത്ത് ചവണകൊണ്ട് കെട്ടി മാലയാക്കുന്നു. നേപ്പാൾ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നും കൊണ്ടുവരുന്ന യഥാർത്ഥ രുദ്രാക്ഷം ഉപയോഗിച്ചും മാലകൾ നിർമ്മിക്കാറുണ്ട്. രക്തചന്ദനം, തുളസി, മുത്ത്, രുദ്രാക്ഷം എന്നിവകൊണ്ട് തീർക്കുന്ന മാലകളെല്ലാം ചവണ ഉപയോഗിച്ച് കമ്പിയിൽ കൊരുത്ത് കെട്ടിയുണ്ടാക്കുന്നു. തൊട്ടിയാൻ സമുദായത്തിലുളളവരുടെ നേതൃത്വത്തിൽ നടത്തുന്ന മാലനിർമ്മാണത്തിൽ ഇന്ന് വിവിധ ജാതി മതസ്ഥരായ സ്‌ത്രീകൾ ധാരാളമായി പങ്കാളികളാകുന്നുണ്ട്.
കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി ആവശ്യം വരുന്ന ലക്ഷക്കണക്കിന് അയ്യപ്പൻമാലകൾ നിർമ്മിക്കുന്ന ഈ കുടിൽ വ്യവസായം പൊതുവേ സാമ്പത്തിക പരാധീനതയനുഭവിക്കുന്ന തൊട്ട്യാൻമാരെപ്പോലെത്തന്നെ മറ്റനേകം കുടുംബങ്ങൾക്കും വരുമാനമാർഗ്ഗമായി ഭവിക്കുന്നു.
പറഞ്ഞുതന്നത്‌ഃ 1. പി.കെ.ഷാഹി രാമദാസ്, പ്രസിഡണ്ട്, കേരള തൊട്ട്യാൻ സമുദായോദ്ധാരകസമിതി. 2. പി.ജി.പുരുഷോത്തംദാസ്, പാറേപ്പറമ്പിൽവീട്, ഗാന്ധിഗ്രാം, ഇരിങ്ങാലക്കുട.
Generated from archived content: essay1_may4.html Author: eh_devi
Click this button or press Ctrl+G to toggle between Malayalam and English