കറിയുപ്പും കേരളീയരും

ചരിത്രത്തിന്റെ അനുസ്യൂതപ്രവാഹത്തിനിടയിൽ മനുഷ്യന്റെ ദൈനംദിന ഭക്ഷണശീലവുമായി അഭേദ്യമായലിഞ്ഞുചേർന്ന ഒരുവസ്‌തുവത്രെ ലവണം അഥവാ ഉപ്പ്‌. ഉപ്പുനിർമ്മാണ പ്രക്രിയയുടെ കണ്ടുപിടിത്തം പ്രാചീനമനുഷ്യന്റെ ആഹാര സമ്പ്രദായത്തിന്‌ കൂടുതൽ രുചി പകർന്നു. ലോകത്തെമ്പാടുമുളള ആദിമകൃതികളിൽ ഉപ്പിന്റെ ഉപയോഗത്തെക്കുറിച്ചുളള പരാമർശങ്ങൾ കണ്ടെത്താനാവും. ഉപ്പ്‌ കേരളീയരുടെ തീൻമേശയിലെ ഒരവിഭാജ്യഘടകമായിട്ട്‌ ശതകങ്ങളേറെയായി.

തമിഴകത്തിന്റെ താരുണ്യം തഴച്ചുനിന്ന സംഘകാലകൃതികളിൽ ഐന്തിണകളിലെ ഉപ്പിന്റെ ഉപഭോഗത്തെപ്പറ്റിയുളള വർണ്ണനകൾ ധാരാളം കാണാം. കടൽവെളളം ചാലുകീറിത്തിരിച്ച്‌ പടന്നകളിൽ കെട്ടിനിർത്തി വെയിലത്തു വറ്റിച്ചാണ്‌ പരതവൻമാർ നെയ്‌തൽ നിലത്ത്‌ ഉപ്പുണ്ടാക്കിയിരുന്നതെന്ന്‌ അകനാനൂറിലെ പാട്ടുകൾ പറയുന്നു. വേലിയേറ്റത്തിൽ വരുന്നവെളളം കെട്ടിക്കിടക്കുന്ന കടലോരത്തെ പടന്നകളാണ്‌ ഉപ്പു വാങ്ങുന്നതിനുളള കേന്ദ്രങ്ങൾ. ഉപ്പുവെളളത്തിന്റേയും പടന്നകളുടേയും സാന്നിദ്ധ്യം വ്യക്‌തമാക്കുന്ന കഴി, പടന്ന മുതലായ സംജ്ഞകൾ കേരളത്തിലെ പല കടലോരഗ്രാമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണം കഴിമ്പ്രം, കരൂർപ്പടന്ന. നെയ്‌തൽനിലത്തുനിന്ന്‌ തൊട്ടടുത്ത പ്രദേശങ്ങളിൽ തലച്ചുമടായി കൊണ്ടുചെന്ന്‌ ഉപ്പുകൈമാറ്റം ചെയ്‌തിരുന്നത്‌ ഉമണവിഭാഗത്തിൽപെട്ട സ്‌ത്രീകളായിരുന്നു. കടലുപ്പിനെ ആശ്രയിച്ച്‌ കഴിഞ്ഞിരുന്ന വിദൂരങ്ങളായ മുല്ല, മരുതം നിലങ്ങളിലേയ്‌ക്ക്‌ പടിഞ്ഞാറൻ കടലോരത്തെ പടന്നകളിൽനിന്ന്‌ ഉപ്പുമായി വരുന്ന ഈ കച്ചവടക്കാരെ പ്രതീക്ഷിച്ച്‌ മറ്റു തിണകളിലുളളവർ ആകാംക്ഷാഭരിതരായി നിൽക്കുന്നതിന്റെ ചരിത്രവും പ്രസ്‌തുത പാട്ടുകളിൽ തെളിയുന്നു. ഉപ്പു നിറച്ചുവരുന്ന കാളവണ്ടികൾ മുട്ടി നാട്ടുവഴിയിൽ നാട്ടിയ വീരക്കല്ലുകൾ തകരുന്നതിന്റെ വർണ്ണനകൾ സംഘകാലത്തെ പല പാട്ടുകളിലും കാണാം. തമിഴകത്തു നിലനിന്നിരുന്ന പാരമ്പര്യസാമൂഹ്യ സങ്കല്പങ്ങളുടെ മേൽ വിപണനസംസ്‌കാരത്തിന്റെ കടന്നുകയറ്റത്തെയാണ്‌ ഇവ പ്രതിനിധാനംചെയ്യുന്നത്‌ എന്ന്‌ വ്യാഖ്യാനിക്കാവുന്നതാണ്‌. നെല്ലും ഉപ്പും സമംസമം എന്നായിരുന്നു അന്നത്തെ കണക്ക്‌. ‘നെല്ലും ഉപ്പും നേർകൊളളീരോ’, ‘നെല്ലിൻ നേരെ വെണകൽഉപ്പെന’ എന്നിങ്ങനെയുളള തമിഴ്‌ പാട്ടുകളിലെ പതിവുശീലുകൾ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. മുസിരിസ്‌, ടിണ്ടിസ്‌ തുടങ്ങിയ കേരളത്തിലെ പ്രാചീന തുറമുഖങ്ങളിൽ തകൃതിയായി ഉപ്പുവ്യാപാരം നടന്നിരുന്നു. മണിപ്രവാളകൃതികളിലും അങ്ങാടികളിലെ ഉപ്പുകച്ചവടക്കാരെപ്പറ്റി വർണ്ണനകളുണ്ട്‌.

നമ്മുടെ ഭക്ഷണരീതിയുമായി ഏറെക്കാലത്തെ അടുപ്പമവകാശപ്പെടാവുന്ന ഉപ്പിനോടനുബന്ധിച്ചു പല സവിശേഷമായ വിശ്വാസങ്ങളും ആചാരങ്ങളും ഇവിടെ നില നിൽക്കുന്നു. ചോറൂണിന്‌ കുഞ്ഞിന്റെ നാവിൽ ഉപ്പും അന്നവും തേച്ചുകൊടുക്കുമ്പോൾ തന്നെ സ്വന്തം വിയർപ്പിന്റെ ഉപ്പുകൊണ്ട്‌ നയിച്ചുണ്ടാക്കേണ്ടവനാണ്‌ മനുഷ്യൻ എന്ന സന്ദേശമാണ്‌ പ്രതീകാത്‌മകമായി നാം നൽകുന്നത്‌. ഉപ്പ്‌ നിലത്ത്‌ തൂവിപ്പോകുന്നത്‌ അശുഭസൂചകമായി കണക്കാക്കപ്പെടുന്നു. ഉപ്പ്‌ കൈയിൽ കൊടുക്കാൻ പാടില്ല എന്നും അങ്ങനെ ചെയ്‌താൽ കൊടുത്ത ആളും വാങ്ങിയ ആളും തമ്മിൽ കലഹിക്കും എന്നുമുളള ഒരു വിശ്വാസം നിലവിലുണ്ട്‌. വഴക്കൊഴിവാക്കാനായി കണ്ണടച്ചുകൊണ്ട്‌ ഉപ്പിന്റെ കൊടുക്കൽവാങ്ങൽ നടത്തിയാൽ മതിയെന്ന്‌ ചില പ്രദേശക്കാർ കരുതുന്നു. കണ്ണേറുകിട്ടാതിരിക്കാൻ ഉപ്പും മുളകും കൂട്ടി കുഞ്ഞുങ്ങളുടെ തലയ്‌ക്കു ചുറ്റും ഉഴിഞ്ഞ്‌ ഊതി അടുപ്പിലിടുന്ന അമ്മൂമ്മമാർ ഇന്നും നാട്ടിൻപുറങ്ങളിൽ സുലഭമാണ്‌. സന്ധ്യയ്‌ക്കുശേഷം മോര്‌, തൈര്‌ തുടങ്ങിയ ക്ഷീരോൽപന്നങ്ങൾ മറ്റൊരു വീട്ടിലേയ്‌ക്ക്‌ കൊടുക്കരുതെന്നാണ്‌ വിശ്വാസം. അഥവാ അങ്ങനെ നൽകേണ്ടതായിവന്നാൽ ഒരു നുളള്‌ ഉപ്പുചേർത്ത്‌ നൽകിയാൽ ദോഷം പോകും എന്ന്‌ ഗ്രാമീണരായ വീട്ടമ്മമാർ കരുതുന്നു. മന്ത്രവാദത്തിനും ആഭിചാരപ്രവർത്തനങ്ങൾക്കും ദുർദേവതാരൂപം ഉണ്ടാക്കുന്നതിനും ഉപ്പ്‌ ഉപയോഗിക്കുന്ന പതിവുണ്ട്‌.

ഉപ്പ്‌ നിഷിദ്ധമായ ചില സന്ദർഭങ്ങളും മലയാളികളുടെ ആചാരവ്യവസ്‌ഥയുടെ ഭാഗമായി പ്രത്യക്ഷപ്പെടാറുണ്ട്‌. ക്ഷേത്രങ്ങളിലെ പൂജാവേളകളിലുണ്ടാക്കുന്ന നിവേദ്യങ്ങളിൽ ഉപ്പിന്‌ സ്‌ഥാനമില്ലെന്നുതന്നെ പറയാം. മിക്കവാറും എല്ലാ ആഘോഷവേളകളിലും ആരാധനയ്‌ക്കായുപയോഗിക്കുന്ന ഭക്ഷ്യവസ്‌തുക്കളിൽ ഉപ്പ്‌ കഴിയുന്നതും ചേർക്കാതിരിക്കുക എന്നതാണ്‌ കണ്ടുവരുന്ന രീതി. ഓണത്തിന്‌ തൃക്കാക്കരയപ്പന്‌ നേദിക്കുന്ന തുമ്പപ്പൂചേർത്ത പൂവടയിൽ ഉപ്പിന്റെ അംശം പാടില്ല. പൊതുവേ എല്ലാസന്ദർഭങ്ങളിലും പൂജിക്കുന്ന അടയിലും നിവേദ്യങ്ങളിലും ഉപ്പ്‌ ഒഴിവാക്കുക എന്ന രീതി പിന്തുടർന്നു വരുന്നതായി കാണാം. ഉപനയനം മുതൽ സമാവർത്തനംവരെയുളള കാലത്ത്‌ നമ്പൂതിരി ബാലൻമാർക്ക്‌ ഉപ്പും പപ്പടവും നിഷിദ്ധമാണ്‌. മരണാനന്തരം അടിയന്തിരംവരെയും (പുലയാചരണകാലത്ത്‌) ദീക്ഷാകാലത്തും ബ്രാഹ്‌മണ അമ്പലവാസി വിഭാഗങ്ങൾക്ക്‌ ഉപ്പ്‌ വർജ്ജ്യമത്രേ. നായൻമാർ, ഈഴവർ തുടങ്ങിയ ഇതരജാതിക്കാരിൽ പലരുടേയും മരണാനന്തര അടിയന്തിരസദ്യയ്‌ക്ക്‌ ഇലത്തലയ്‌ക്കൽ ഉപ്പും പപ്പടവും വിളമ്പാറില്ല. ആത്‌മബന്ധമുളള വ്യക്‌തികളുടെ വിയോഗത്തിൽ ഭക്ഷണത്തെ ഏറ്റവും രുചികരമാക്കുന്ന പ്രിയങ്കരമായ ഒരുഘടകം തൃജിച്ചുകൊണ്ട്‌ ദുഃഖമാചരിക്കുക എന്ന ഈ വിശ്വാസം പരേതാത്‌മാവിനോടുളള ബഹുമാനസൂചകമായുറവെടുത്തതാകാം.

സാധാരണ നിലയിൽ ഉപ്പിനെ ഒഴിച്ചുനിർത്തിക്കൊണ്ടുളള ഭക്ഷണരീതി നമുക്ക്‌ അചിന്ത്യമാണ്‌. ഉപ്പേറിയ ഉപദംശമാണല്ലോ ഉപ്പേരി. ഉപ്പേരിയും ഉപ്പിലിട്ടതും ഉപ്പുമാങ്ങയുമൊന്നുമില്ലാത്ത ഭക്ഷണക്രമം മലയാളിക്ക്‌ അന്യമാണ്‌. ഇടയ്‌ക്കിടെ ഉപ്പ്‌ ഉപ്പ്‌ എന്നു മന്ത്രിക്കുന്ന ഉപ്പുതീനിയായ ഒരു പക്ഷിയെക്കൂടി (ഉപ്പൻ) നാം സങ്കല്പിക്കുന്നു. ശുഭശകുനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഉപ്പനും ഉപ്പിനെപ്പോലെത്തന്നെ നമുക്കേറെ പഥ്യമാണ്‌. പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ ഉപ്പുകൊറ്റൻ ഉപ്പുകച്ചവടക്കാരനാണെങ്കിലും തികച്ചും ആദരണീയനായറിയപ്പെടുന്നു. കിളിമാസുപോലുളള വിനോദങ്ങളിൽ ‘ഉപ്പേ….’ എന്നുവിളിച്ചു പറഞ്ഞുകൊണ്ട്‌ കയ്യിലിരിക്കുന്ന സാങ്കല്പികമായ ഉപ്പിനുവേണ്ടി മല്ലടിക്കുന്ന ബാലികാബാലൻമാരും കേരളീയ സമൂഹത്തിന്‌ സുചരിചിതർ തന്നെ. ആയുർവേദത്തിൽ ഉപ്പ്‌ ഒരു അവശ്യവസ്‌തുവെങ്കിലും അവിടെ ഇന്തുപ്പിനാണ്‌ പ്രാധാന്യം. ധനിക ദരിദ്രഭേദമില്ലാതെ കൊട്ടാരത്തിലും കുപ്പമാടത്തിലും ഒരുപോലെ കടന്നുചെല്ലുന്ന ഭക്ഷണപദാർത്‌ഥമാണ്‌ ഉപ്പ്‌. വിദേശീയ മേധാവിത്വത്തിനെതിരായ വിമോചനസമരത്തിൽ ഉപ്പിനെത്തന്നെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട്‌ മഹാത്‌മജി ദണ്‌ഡിയാത്രയും ഉപ്പുസത്യാഗ്രഹവും സംഘടിപ്പിച്ചതും ഉപ്പിന്റെ ജനകീയസ്വഭാവം കൊണ്ടുതന്നെയത്രേ. ഉപ്പ്‌ നമ്മുടെ പഴഞ്ചൊൽ മേഖലയ്‌ക്ക്‌ ഏറ്റവും പ്രിയങ്കരമായ ഒരു വിഷയമാണ്‌. ഉപ്പുമായി ബന്ധപ്പെട്ട അനേകം പഴഞ്ചൊല്ലുകളിൽ ഏതാനും ചിലത്‌ താഴെ ചേർക്കുന്നു.

1. ഉപ്പ്‌ അധികമായാൽ വെളളം, വെളളം അധികമായാൽ ഉപ്പ്‌.

2. ഉപ്പിനോടൊക്കുമോ ഉപ്പിലിട്ടത്‌?

3. ഉപ്പിടാക്കൈ ഉടലോടെ തുലയും.

4. അറുത്തകൈയ്‌ക്കുപ്പു തേയ്‌ക്കാത്തവൻ.

5. ഉപ്പിട്ടവരെ ഉളള കാലം നിനയ്‌ക്ക.

6. ഉപ്പിട്ട കഞ്ഞീം ചെരിപ്പിട്ട കാലും (രണ്ടും ദുശ്ശീലമെന്നു വ്യംഗ്യം).

7. ഉപ്പിരുന്ന കലവും ഉരുട്ടിരുന്ന മനവും പഴക്കത്തിനില്ല.

8. ഉപ്പിലും കയറിയോ അട്ട?

9. ഉപ്പുകേറ്റുമ്പോൾ വെളളംകേറ്റും (പരസ്‌പരവിരുദ്ധമായ സ്വഭാവം).

10. ഉപ്പില്ലാക്കറി കുപ്പയിൽ കളയണം.

11. ഉപ്പുകൂട്ടികൊടുത്താൽ ഉചിതമുണ്ടാകും.

12. ഉപ്പിനേക്കാളേറെ ഉപ്പിലിട്ടത്‌.

13. ഉപ്പിനോടൊക്കുമോ ഉപ്പിലിട്ട വട്ടി?

14. ഉപ്പും വിൽക്കാം ഊട്ടുംകാണാം.

15. ഉപ്പും പുളിയും തട്ടുന്ന നാവല്ലേ, തപ്പുംപിഴയും ഉണ്ടാകും.

16. ഉയിരിരുന്നാൽ ഉപ്പുവിറ്റും കഴിയാം.

17. ഉപ്പുകൊണ്ടുവേണ്ടത്‌ കർപ്പൂരംകൊണ്ടരുത്‌.

18. ഉപ്പുണ്ടെങ്കിൽ പരിപ്പില്ല, പരിപ്പില്ലെങ്കിൽ ഉപ്പില്ല.

19. ഉപ്പുതിന്നവൻ വെളളം കുടിക്കും.

20. ഉപ്പും കൊളളാം വാവും കുളിക്കാം.

21. ഉപ്പുതൊട്ട്‌ ഉരലു വിഴുങ്ങുമോ?

22. ഉപ്പും തിന്ന്‌ ഉച്ചയ്‌ക്കാണ്‌ വരുന്നത്‌ (പ്രതിഫലം മുൻകൂർവാങ്ങിയിട്ട്‌ പണിക്ക്‌ വൈകിവരുന്നത്‌).

23. ഉപ്പുംചിരട്ട തോണ്ടിക്കും (പാപ്പരാക്കും).

24. ഉപ്പും വിൽക്കാം ഊരും കാണാം.

25. ഉപ്പും കർപ്പൂരവും ഒന്നിച്ചു ചേരുമോ?

26. ഉപ്പു വിറ്റുനടക്കുന്നവന്‌ കർപ്പൂരത്തിന്റെ വിലയറിയാമോ?

Generated from archived content: essay1_july6_05.html Author: eh_devi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here