മുളവടികൊണ്ട്‌ രാമഭാരതം അളന്ന്‌ തിട്ടപ്പെടുത്തിയ മനുഷ്യൻ

സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിച്ച ഒരു ജനത, അതിലേക്ക്‌ അവരെ നയിച്ച മഹാത്‌മാവിന്റെ ജന്മദിനം, അഭിമാനത്തോടെ അനുസ്‌മരിക്കുകയും ആഘോഷിക്കുകയും വരും തലമുറയ്‌ക്ക്‌ വേണ്ടി കാത്തുവയ്‌ക്കുകയും ചെയ്‌തു. ഭാരതത്തിന്റെ കലണ്ടർത്താളിൽ ‘ഒക്‌ടോബർ രണ്ട്‌’ ജനിക്കുമ്പോൾ, ഗാന്ധിസ്‌മരണയ്‌ക്ക്‌ മുമ്പിൽ, രാജ്യം ആദരവോടെ നിൽക്കുന്നു. ഈ ആദരവ്‌ വെറും നാട്യങ്ങളിലേക്ക്‌ അധഃപതിക്കുമ്പോൾ, ഒരു തലമുറ ഉയർത്തിപ്പിടിച്ച നന്മയുടെ വിളക്ക്‌ കരിന്തിരി കത്തിതുടങ്ങിയിരിക്കുന്നുവോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

അഹിംസയും, ഉപവാസവും, സഹനസമരങ്ങളും ഒരു വയോധികന്റെ വിവരക്കേടുകൾ എന്ന്‌ ലോകം നിരീക്ഷിച്ചപ്പോൾ, അത്‌ കൊടുങ്കാറ്റായും, അഗ്നിജ്വാലയായും ഭാരതജനതയുടെ ഹൃദയങ്ങളിലേക്ക്‌ പടർന്നുകയറുന്നത്‌ കണ്ട്‌, സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യം പകച്ചുനിന്നു. ‘ഗാന്ധി’ എന്ന നാമം ഒരു കാന്തം പോലെ ഇന്ത്യൻ ജനതയെ ഒന്നിപ്പിച്ച്‌ നിറുത്തി അദ്ദേഹം അവരുടെ സ്വാതന്ത്ര്യമോഹങ്ങളെ വളർത്തി. ഒരു സേനാനായകനെപ്പോലെ മുന്നിൽനിന്ന്‌ നയിച്ച്‌ നമ്മുക്ക്‌ അത്‌ കരഗതമാക്കിത്തന്നു.

അധികാരത്തിന്റെ അകത്തളങ്ങളിൽ, സ്‌ഥാനമാനങ്ങളുടെ അപ്പക്കഷണങ്ങൾക്കുവേണ്ടി നറുക്കെടുക്കുമ്പോൾ, അതിലൊന്നും ഉൾപ്പെടാതെ, നവ്‌ഖാലിയിലെ, അപകടകരമായ സാഹചര്യങ്ങളിൽ, ഹിന്ദു മുസ്ലീം മൈത്രി ഊട്ടിയുറപ്പിക്കാൻ ശാന്തിമന്ത്രവുമായി അദ്ദേഹം കടന്നുചെന്നു. അങ്ങനെ വാക്കും പ്രവൃത്തിയും വിശുദ്ധമായി സമ്മേളിക്കുന്ന ഒരു പുതിയ സ്വർഗ്ഗം അദ്ദേഹം നമുക്ക്‌ കാട്ടിത്തന്നു. പക്ഷെ ഒരു ജനത അതെല്ലാം മറന്ന്‌ പ്രവർത്തിക്കുമ്പോൾ, സ്വാതന്ത്ര്യത്തിനുവേണ്ടി രക്തവും വിയർപ്പുമൊഴുക്കിയ ധീരദേശാഭിമാനികൾ ഒരു പഴങ്കഥയായി ചരിത്രത്താളുകളിൽ നിന്ന്‌, നമ്മെ ദുഃഖത്തോടെ നോക്കുന്നു.

ഖദർ ആഢംബരവും, ഗാന്ധിസം, വിപണിയിൽ വില്‌പനച്ചരക്കാവുകയും ചെയ്യുമ്പോൾ ‘നാടേ ലജ്ജിച്ചു തലതാഴ്‌ത്തുക’!. കക്കുന്നവനും, കൂട്ടിക്കൊടുക്കുന്നവനും, കരിഞ്ചന്തക്കാരനും, പൂഴ്‌ത്തിവയ്‌പുകാരനും, കൈക്കൂലിക്കാരനും, ഗാന്ധിമുദ്ര ആലേഖനം ചെയ്‌തിരിക്കുന്ന കടലാസ്‌ കഷ്‌ണങ്ങൾക്കുവേണ്ടി ആർത്തിപ്പിടിച്ചു പായുമ്പോൾ, അതിനെതിരെ അവിരാമം പോരാടിയ മഹാത്‌മാവിന്റെ വാക്കുകൾ, വനരോദനങ്ങളായി അന്തരീക്ഷത്തിലലയുന്നു.

നീതിയും, സത്യവും, വിശുദ്ധിയുമുള്ള ഒരു ‘രാമഭാരതം’ തന്റെ മുളവടികൊണ്ട്‌, അളന്ന്‌ തിട്ടപ്പെടുത്താമെന്ന്‌ വിശ്വസിച്ച ‘അർദ്ധനഗ്നനായ ഫക്കീർ’ ആധുനിക ഭാരതഹൃദയങ്ങളിലേക്ക്‌ എന്നാണാവോ നടന്നുകയറുക.

Generated from archived content: editorial15_oct1_09.html Author: editor1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here