വിലക്കയറ്റവും ഭീകരതയും കൊടികുത്തിവാഴുന്ന ഒരു കാലഘട്ടത്തിലാണ് ഇത്തവണത്തെ ഓണം കടന്ന് വന്നത്. ഓണത്തെ വരവേൽക്കുന്ന ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും കാലഘട്ടത്തിനനുസരിച്ച മാറ്റങ്ങൾ വന്നുചേരുക സ്വാഭാവികമാണ്. പക്ഷേ ഇപ്പോഴത്തെ ഓണത്തെ വരവേൽക്കുന്ന ഓണക്കളികളും കടുവാകളികളുമെല്ലാം സാധാരണക്കാർക്ക് വിഭ്രാത്മകമായ കാഴ്‌ചപ്പാടുകളോടെ, നെഞ്ചിടിപ്പോടെ, ഭയസംഭ്രമങ്ങളോടെ മാത്രമേ നോക്കിക്കാണാനാവൂ. വർണ്ണപൂക്കൾക്ക് പകരം വർണ്ണപ്പൊടികൾകൊണ്ട് തീർത്ത പൂക്കളത്തിനരികെ തന്നെ ചോരപ്പാടുവീഴ്‌ത്തിയ ജഢങ്ങളും കത്തിയും തോക്കുമായി അലറിവിളിക്കുന്ന കൊലയാളികളും മത തീവ്രവാദികളും ഭീകരദൃശ്യങ്ങൾ കാഴ്‌ചവയ്‌ക്കുമ്പോൾ മനസ്സിൽ എന്നെന്നും മായാത്ത മുറിപ്പാടുകളാണ് ഉണർത്തുന്നത്.
ഓണപ്പൂക്കളങ്ങളും ഓണക്കളികളും ഇന്ന് പല പല സ്‌ഥാപനങ്ങൾ – ബാങ്കുകൾ, പൊതുമേഖലാസ്‌ഥാപനങ്ങൾ, സർക്കാരോഫീസുകൾ ഏറ്റെടുത്ത് നടത്തുന്നതു മൂലം സ്‌ഥാപനവൽക്കരിപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഈ പൂക്കളങ്ങളെ അലങ്കരിക്കുന്നത് അധികവും സിന്തറ്റിക് പൂക്കളാണ്. മത്സരസ്വഭാവങ്ങൾ വന്നുചേരുകമൂലം സൗഹൃദ മനോഭാവം അകന്നു പോയിരിക്കുന്നു.
നാട്ടിൻ പുറങ്ങളിൽ പോലും ഓണപ്പൂക്കളം തീർക്കുന്ന വീട്ടുമുറ്റങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കോൺക്രീറ്റ് കാടുകളുടെ മുറ്റത്ത് അപൂർവ്വമായി കാണുന്ന പൂക്കളങ്ങൾക്കാകട്ടെ, പഴയതലമുറ പറഞ്ഞുവച്ച – പകർന്നുതന്ന ഒരു കാഴ്‌ചാനുഭവമായിരിക്കില്ല, സാധാരണക്കാർക്ക് ലഭിക്കുക. മുഖത്ത് – പാളയിൽ കരിയും ചുണ്ണാമ്പും കൊണ്ട് വരച്ച് തീർത്ത കടുവകളിക്കുന്നവരില്ല എന്ന് തന്നെ പറയാം. പുലികളി നടത്തുന്നവരിൽ പലരും യഥാർത്ഥ പുലികളേക്കാളും ക്രൂരമായ അക്രമവാസന കൊണ്ടു നടക്കുന്നവരാണോ എന്ന് സംശയിക്കേണ്ടിവരുന്ന അവസ്‌ഥ.
റോഡിലേക്കിറങ്ങുമ്പോൾ കാണുന്ന കാഴ്‌ചകളും പേടിപ്പെടുത്തുന്നവയാണ്. ക്വട്ടേഷൻ സംഘങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങൾ വടിവാളുകളും കഠാരകളും നിറതോക്കുകളുമായി ചീറിപ്പാഞ്ഞുവരുന്നു. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വായിക്കാനും കാണാനുമാവുന്നവ മനസ്സിൽ ഭീതി വളർത്തുന്നവയാണ്. അതോടൊപ്പമാണ് നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും അതിരൂക്ഷമായ വിലക്കയറ്റം. മധുരാനുഭവം ഇന്ന് കയ്‌പ്‌നീരായി മാറിയിരിക്കുന്നു. സാധാരണക്കാരന് ആഘോഷങ്ങൾ ഇന്ന് ദുഃസ്സഹമായ ഒരു സത്യമാണ്.
‘ദൈവത്തിന്റെ സ്വന്തം നാട’് എന്ന് വിദേശികൾ പുകഴ്‌ത്തുമായിരുന്ന കേരളം ഇന്ന് ‘ഭയം വളർത്തുന്ന നാട’് എന്ന പേരിനാണ് അർഹതനേടിയിരിക്കുന്നത്.
എങ്കിലും സാധാരണക്കാരിൽ ഇപ്പോഴും സമയാധിഷ്‌ഠിതമായ പ്രതീക്ഷ ബാക്കി നിൽക്കുന്നുണ്ട്. അക്രമവും കള്ളവും ചതിയുമില്ലാത്ത, പൊളിവചനം എള്ളോളം ഇല്ലാത്ത കാലഘട്ടത്തിന്റെ ഓർമ്മയുണർത്തുന്ന എന്തെങ്കിലും എവിടെയെങ്കിലും ഉണ്ടാവുമെന്ന് പ്രതിക്ഷിക്കുന്നു ഒരു തലമുറയിൽപെട്ട കുറെ പേരങ്ക്ലും ഇപ്പോഴും ഇവിടുണ്ട്. ആ പ്രതീക്ഷതന്നെയാണ് പുഴയുടെ പരസഹസ്രം വായനക്കാർക്ക് ഞങ്ങൾക്ക് നേരാനുള്ളത്. ഇക്കൊല്ലത്തെ പുഴ ചെറുകഥാമത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ച് കഥകൾ താമസിയാതെ തന്നെ ഞങ്ങൾ കാഴ്‌ചവയ്‌ക്കുന്നുണ്ട്. സ്വന്തം ഭാഷപോലും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നവരാണ് മലയാളികൾ. ആ കുറവ് പരിഹരിക്കാൻ പുഴ.കോമിന്റെ ഈ സംരംഭം ഒരളവ് വരെ ഉപകരിക്കുമെന്ന പ്രതീക്ഷയോടെ, പുഴയുടെ ലോകമെമ്പാടുമുള്ള മലയാളി വായനക്കാർക്ക് പുണ്യദിനമായ റംസാനും തുടർന്ന് വരുന്ന നവരാത്രി ആഘോഷങ്ങളും ഞങ്ങൾ നേരുന്നു.
Generated from archived content: editorial14_sep5_09.html Author: editor1
Click this button or press Ctrl+G to toggle between Malayalam and English