ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനം പൊതുവേ എല്ലാ ദിവസവും ബഹളമയമായിരുന്നു. പക്ഷെ, ഈ മെമ്പർമാർ അപൂർവം ചില സന്ദർഭങ്ങളിൽ ബഹളമൊന്നുമുണ്ടാക്കാതെ ശാന്തരായിക്കഴിഞ്ഞു. എം.പി.മാരുടെ ശമ്പളം 16,000 രൂപയിൽ നിന്ന് 80,000 ആയി അഞ്ചിരട്ടികണ്ട് വർദ്ധിപ്പിച്ച ദിവസം. ചുരുക്കം പറഞ്ഞാൽ ജനങ്ങളെ കൊള്ളയടിക്കുന്ന ഒരു നടപടി. അവരുടെ അലവൻസും മറ്റ്‌ബത്തകളും എല്ലാംകൂടിയാകുമ്പോൾ മാസം ഏകദേശം ഒരുലക്ഷം രൂപയാണ് വരുമാനം.
ഇൻഡ്യൻ ജനതയുടെ നല്ലൊരു വിഭാഗം ഇന്നും ഒരു നേരത്തെ ആഹാരത്തിന് വേണ്ടി വലയുമ്പോഴാണ് ജനദ്രോഹപരമായ ഈ നടപടി. പാർലമെന്റിൽ ഇവരുടെ പ്രകടനം എത്രമാത്രമുണ്ടെന്ന് ദൃശ്യമാധ്യമങ്ങളിൽകൂടി എന്നും നമ്മൾ കാണുന്നതാണ്. ജനങ്ങളോടുള്ള പ്രതിബദ്ധത പലപ്പോഴും കളഞ്ഞുകുളിക്കുന്ന പ്രകടനങ്ങളാണ് പാർലമെന്റിന്റെ ഇരുസഭകളിലും അരങ്ങേറുന്നത്. ഇൻഡ്യയിൽ കർഷക സമൂഹം – നെല്ലിനും കരിമ്പിനും ന്യായമായ താങ്ങുവില കിട്ടാതെ വലയുക, നക്‌സലൈറ്റുകളുടെ അക്രമം മൂലം ഇൻഡ്യയുടെ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലും ചിലദക്ഷിണസംസ്‌ഥാനങ്ങളിലും എന്നും നിരവധിപേർക്ക് ജീവൻ വെടിയേണ്ടി വരിക, മൈനുകൾ പൊട്ടിത്തെറിച്ചും ചാവേറാക്രമണങ്ങളിലും അതിർത്തിസുരക്ഷാഭടന്മാരുടെ ദുരന്തമരണങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരിക, മതതീവ്രവാദങ്ങളുടെയും ലക്‌ഷറെതോയിബാഭീകരരുടെയും അക്രമം മൂലം സാധാരണക്കാർക്ക് വരെ ജീവനും സ്വത്തിനും സുരക്ഷിതമില്ലാതെ വരിക, ഇതിനിടയിൽ രൂക്ഷമായ വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഇങ്ങനെ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ സമയമില്ലാത്ത നിയമനിർമ്മാണകർ, സ്വന്തം കാര്യം വന്നപ്പോൾ സാരമായ ചർച്ചകളില്ലാതെയും ബഹളങ്ങളില്ലാതെയും അവ പാസ്സാക്കാൻ തയ്യാറായി എന്നത് – ഈ മെമ്പർമാർക്ക് ജനങ്ങളോടുള്ള പ്രതിബദ്ധത എത്രമാത്രമുണ്ടെന്ന് വ്യക്തമാക്കുന്നു. മെമ്പർമാരുടെ ശമ്പളവർദ്ധനവിനെ പേരിനെങ്കിലും എതിർത്തത് ഇടതുപക്ഷം മാത്രമാണ്. തങ്ങളുടെ ദുർബലമായ എതിർപ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു സൂത്രവിദ്യ മാത്രമാണെന്ന് ഏറ്റവും നന്നായറിയാവുന്നത് അവർക്ക് മാത്രമാണ്. നിയമം നടപ്പാക്കുമ്പോൾ വർദ്ധിപ്പിച്ച ഈ ശമ്പളം വാങ്ങില്ല എന്നൊരു തീരുമാനം അവരെടുക്കാത്തതുകൊണ്ട് ഫലത്തിൽ അവരും കൊള്ളയടിക്ക് കൂട്ടുനിൽക്കുന്നവെന്നതാണ് വസ്‌തുത.
ഇനി ഈ പാർലമെന്റ് മെമ്പർമാരുടെ ജനങ്ങളോടുള്ള കടപ്പാട് എങ്ങനെയാണെന്ന് പാർലമെന്റ് നടപടികൾ കൃത്യമായി വീക്ഷിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയും. നമ്മുടെ എം.പി.മാരിൽ മൂന്നിലൊരു ഭാഗം പേരെങ്കിലും പാർലമെന്റിൽ ഒരു വാക്ക് പോലും സംസാരിക്കാത്തവരാണ്. ഡി.എം.കെ. മന്ത്രി അളഗിരി പാർലമെന്റിൽ സംസാരിച്ചത് ഒരിക്കൽ മാത്രം. അതും ഒരു ചോദ്യത്തിനുള്ള മറുപടിയിലൊതുങ്ങിനിന്നവാക്കുകൾ. പക്ഷേ ഈ മിണ്ടാട്ടമില്ലാത്തവർ പലകമ്മറ്റികളിലും കടന്നുകൂടി വിദേശരാജ്യങ്ങൾ വരെ സന്ദർശിക്കുന്നുവെന്ന് വരുമ്പോൾ – അങ്ങനെയും അവരുടെ വരുമാനം വർദ്ധിപ്പിക്കാനും സന്ദർശനം നടത്തി മടങ്ങുമ്പോൾ വിലപിടിപ്പുള്ള പല വസ്‌തുക്കളും സഹായവിലക്ക് സ്വന്തമാക്കുവാനും ഉള്ള അവസരം വിട്ടുകളയുന്നില്ല. ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി എം.പി.മാരിൽ മൂന്നിലൊരു ഭാഗം പേരെങ്കിലും ക്രിമിനൽ സ്വഭാവമുള്ളവരാണ്. കൊലപാതകം, ഭവനഭേദനം, എതിർപാർട്ടിയിലെ പ്രവർത്തകരെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോവുക ഇങ്ങനെ പല കേസുകളിലും പ്രതികളായവരാണ് അധികം പേരും. കോടതികളിൽ കിടക്കുന്ന കേസ്സുകളിൽ അന്തിമവിധി വരാത്തതിനാൽ ജാമ്യമെടുത്തു തിരഞ്ഞെടുപ്പിനെ നേരിട്ട് എത്തിയവരാണിവരെല്ലാം. ബീഹാറിൽ നിന്നുള്ള കഴിഞ്ഞ പാർലമെന്റിലെ ഒരു മെമ്പർ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിലാണ്. അവർ തിരഞ്ഞെടുക്കപ്പെട്ടത് തന്നെ നേർവഴിക്കല്ലെന്ന് ഇത്‌കൊണ്ട്‌തന്നെ ബോദ്ധ്യമാവുന്നു. ഈ എം.പി.മാരിൽ പലരും അവർക്ക് അലോട്ട് ചെയ്‌ത ക്വാർട്ടേഴ്‌സിലെ പലമുറികളും പുറംപാർട്ടിക്ക് വാടകയ്‌ക്ക് കൊടത്ത് ഭീമമായതുക മാസവരുമാനത്തിന് പുറമേ നേടുന്നുണ്ട്.
പാർലമെന്റ് കൂടാത്ത അവസരത്തിൽ നാട്ടിൽ നിന്നാർക്കെങ്കിലും ഡൽഹിയിൽ എന്തെങ്കിലും കാര്യസാദ്ധ്യത്തിനായി പോവേണ്ടതുണ്ടെങ്കിൽ അവരെ സഹായിക്കാനെന്നഭാവേന അടുത്തുകൂടി അവരിൽ നിന്നും സഹായത്തിനായിവരുന്ന മെമ്പറുടെ എയർടിക്കറ്റ്‌കൂടി വസൂലാക്കിയ ഒരാൾ ഈ കേരളത്തിൽ നിന്നുപോലുമുണ്ടായിട്ടുണ്ട്. ഒരുതവണ ഒറ്റയാത്രക്കുവേണ്ടി ഇങ്ങനെ സഹായത്തിനായി വന്ന പലരുടെ കയ്യിൽ നിന്നുമായി ടിക്കറ്റുകളെടുപ്പിക്കുകയും പിന്നീട് ട്രാവൽ ഏജൻസിയുടെ അടുത്ത് ചെന്ന് ഒരു ടിക്കറ്റൊഴികെയുള്ള തുക ക്യാൻസൽ ചെയ്‌ത് സ്വന്തം കീശയിലാക്കുന്ന വിരുതനായ ഈ എം.പി. ഇപ്പോൾ കേന്ദ്രഭരണകൂടത്തിൽ പങ്കാളിയായി മാറിയിട്ടുണ്ട്. മെമ്പർമാരുടെ ഈ അത്യാർത്തിയുടെ ഒരംശമെങ്കിലും തങ്ങളെ തിരഞ്ഞെടുത്തയക്കുന്ന ജനങ്ങളോട് കാട്ടിയിരുന്നെങ്കിൽ. ഇതൊക്കെ കാണുകയും മാധ്യമങ്ങളിൽ കൂടി വായിക്കുകയും ചെയ്യുമ്പോൾ ഇവിടെ നക്‌സലൈറ്റുകളുടെയും തീവ്രാദികളുടെയും വളർച്ചയ്‌ക്ക് കാരണക്കാർ ഈ നിയമനിർമ്മാണകർ തന്നെയാണെന്ന് ബോദ്ധ്യമാവുന്നു. ഭരണതലപ്പത്തിരിക്കുന്നവർ തന്നെയാണ് ഇതിന് തടയിടേണ്ടത്.
Generated from archived content: editori1_sep14_10.html Author: editor1
Click this button or press Ctrl+G to toggle between Malayalam and English