ഭാഷാവാരാചരണം ആണ്ട്‌ ശ്രാദ്ധമാവരുത്‌

കേരളം പിറന്നിട്ട്‌ ഇപ്പോൾ 54 വർഷം പിന്നിട്ടിരിക്കുന്നു. വർഷങ്ങളായി, കേരള പിറവിയായ നവംബർ1, മലയാള ഭാഷാവാരാചരണമായി പല സാംസ്‌കാരിക സാഹിത്യ കേന്ദ്രങ്ങളും, സംഘടനകളും കൊണ്ടാടുന്നുണ്ട്‌. ഒരാഴ്‌ചക്കാലം നീണ്ടുനിൽക്കുന്ന ഈ ആഘോഷപരിപാടികളിൽ മലയാളഭാഷയുടെ ഉദ്ധാരണത്തിന്‌ വേണ്ടിയുള്ള സെമിനാറുകളും ചർച്ചകളുമാണ്‌ അധികവും നടക്കുന്നത്‌.

വാസ്‌തവത്തിൽ ഈ ഭാഷാവാരാചരണം കൊണ്ട്‌ എന്തെങ്കിലും നേട്ടങ്ങളുണ്ടാകുമെന്ന്‌ ഇവർ കരുതുന്നുണ്ടോ? ഭാഷയെ സമൂഹത്തിൽ നിന്നും അകറ്റി നിർത്തുന്നവർ തന്നെയാണ്‌ ഒരു ജന്മദിനാഘോഷമെന്നോ, അല്ലെങ്കിൽ ആണ്ട്‌ ശ്രാദ്ധമെന്നോ എന്ന നിലയിൽ വർഷംതോറുമുള്ള കലാപരിപാടിയായി ഇങ്ങനെ കൊണ്ടാടുന്നത്‌.

ഇന്ത്യയിലെ മറ്റൊരു സംസ്‌ഥാനത്തും സ്വന്തം ഭാഷയുടെ ഉദ്ധാരണത്തിന്‌ വേണ്ടി ഇങ്ങനൊരു പരിപാടി നടത്തുന്നുണ്ടാവില്ല. കാരണം ഭാഷയെ അവർ ഒരിക്കലും ദൈനംദിന ജീവിതത്തിൽ നിന്നു അകറ്റി നിർത്തുന്നില്ല. നമ്മുടെവിദ്യാഭ്യാസം രംഗം തന്നെ നോക്കുക. രണ്ട്‌തരം പൗരന്മാരെ വാർത്തെടുക്കുന്ന മലയാളം മീഡിയം സ്‌കൂളുകളും ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുമാണ്‌ ഇവിടുളളത്‌. ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലും പബ്ലിക്ക്‌ സ്‌കൂളുകളിലും മലയാളം എന്ന വാക്കുപോലും ഉച്ചരിക്കുന്നത്‌ ശിക്ഷാർഹമാണ്‌. മലയാളം സംസാരിച്ചാൽ കുട്ടികൾക്ക്‌ ഫൈൻചുമത്തുകയോ, അല്ലെങ്കിൽ അവരെ ചൂരൽ പ്രയോഗത്തിലൂടെ നേരയാക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ശിക്ഷാനടപടികളാണ്‌ കണ്ട്‌ വരുന്നത്‌.

പബ്ലിക്ക്‌ സ്‌കൂളുകളും ഇംഗ്ലീഷ്‌ സ്‌കൂളുകളും മറ്റു സംസ്‌ഥാനങ്ങളിലും ഉണ്ടെങ്കിലും അവിടൊന്നും സംസ്‌ഥാനഭാഷയ്‌ക്ക്‌ അയിത്തം കല്‌പിച്ചിട്ടുണ്ടാവില്ല. മാത്രമല്ല ഭാഷയുടെ വളർച്ചയ്‌ക്ക്‌ വേണ്ടി സർക്കാർ തലത്തിൽ പലസഹായങ്ങളും സൗകര്യങ്ങളും ചെയ്യുന്നുണ്ട്‌. ചൂണ്ടിക്കാണിക്കാൻ പറ്റിയ ഉദാഹരണം നമ്മുടെ തൊട്ടയൽസംസ്‌ഥാനമായ തമിഴ്‌നാടാണ്‌. സർക്കാർ ഓഫീസുകളിൽ ഐ.എ.എസ്‌ ഉദ്യോഗസ്‌ഥർ വരെ കൈകാര്യം ചെയ്യുന്ന ഫയലുകൾ തമിഴിലാവണമെന്ന്‌ നിർബന്ധമുണ്ട്‌. പ്രൈവറ്റ്‌ സ്‌കൂളുകളിലോ കോളേജുകളിലോ തമിഴ്‌ ഭാഷയെ അകറ്റി നിർത്തുന്നില്ല. വിദ്യാഭ്യാസം, തൊഴിൽ, ട്രാൻസ്‌പോർട്ട്‌, റവന്യൂ, ജലസേചനം എന്നീ വകുപ്പുകളിൽ ക്ര്യം ചെയ്യുന്ന ഫയലുകൾ ഇംഗ്ലീഷിനോടൊപ്പം തമിഴിലും ആയിരിക്കണമെന്ന്‌ നിർബന്ധമുണ്ട്‌. സർക്കാർ ഓഫീസുകളിലെ ബോർഡുകളിലും നിരത്തുകളിലെ മൈൽക്കുറ്റികളിലും തമിഴിലും ഇംഗ്ലീഷിലുമുള്ള എഴുത്തുകൾ ആ നാട്ടിലൂടെ സഞ്ചരിച്ചിട്ടുള്ള ആർക്കും ബോദ്ധ്യമാവുന്നതാണ്‌. ഈയൊരു സൗകര്യം കേരളത്തിലും നടപ്പിലായിട്ടുണ്ടെങ്കിലും എല്ലായിടത്തും പ്രാവർത്തികമായിട്ടില്ല, ചിലയിടങ്ങളിൽ മലയാളം വാക്കുകളോ, അക്കങ്ങളോ കണ്ടെന്ന്‌ വരില്ല. തമിഴ്‌ ഭാഷ ലോകക്ലാസ്സിക്കുകളിലൊന്നായി മാറിയത്‌ അത്‌കൊണ്ടാണ്‌. നമ്മുടെ സർക്കാർ രണ്ട്‌മാസം മുമ്പ്‌ മാത്രമാണ്‌, മലയാളത്തെ ക്ലാസ്സിക്‌ ഭാഷയായി മാറ്റണമെന്ന നിവേദനവുമായി പ്രധാനമന്ത്രിയെ സമീപിച്ചത്‌. അദ്ധ്യാത്‌മരാമായണം തുടങ്ങി നിരവധി ക്ലാസ്സിക്‌ ഗ്രന്ഥങ്ങളെയും മാർത്താണ്ഡവർമ, ധർമ്മരാജ തുടങ്ങി നിരവധി ചരിത്രാഖ്യായകളുടെയും പിറവി കണ്ട നാടാണ്‌ കേരളം.

എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ചെറുശ്ശേരി, ഇരയിമ്മൻ തമ്പി, വള്ളത്തോൾ, ഉള്ളൂർ, കുമാരനാശാൻ, വൈലോപ്പിള്ളി, ചങ്ങമ്പുഴ, തകഴി, കേശവദേവ്‌, പൊറ്റക്കാട്ട്‌, ബഷീർ, ലളിതാംബിക അന്തർജ്ജനം തുടങ്ങി, എം.ടി., പത്മനാഭൻ, മാധവിക്കുട്ടി, ഒ.എൻ.വി. വയലാർ, ഭാസ്‌ക്കരൻ ഉൾപ്പെടെയുള്ള നിരവധി എഴുത്തുകാർ ലോകനിലവാരത്തിലേയ്‌ക്ക്‌വരെ ഉയർന്ന്‌ നിൽക്കുന്ന കൃതികൾ സംഭാവന ചെയ്‌തിട്ടുള്ള കേരളത്തിനാണ്‌ ഇന്നീ അപചയം നേരിടുന്നത്‌.

കേരളത്തിലെ പത്രപ്രവർത്തകരായി വരുന്നവരധികവും ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിൽ നിന്ന്‌ വരുന്നവരാണ്‌. ദൃശ്യമാധ്യമങ്ങളിലെ അവതാരകരും ഇങ്ങനെ വരുന്നവരാണ്‌. വാസ്‌തവത്തിൽ ഇന്ന്‌ മലയാള ഭാഷയ്‌ക്ക്‌ നേരിട്ട ഈ ദുർഗതിക്ക്‌ കാരണമായിട്ടുള്ളത്‌ ഇവരുടെ എഴുത്തും സംസാരഭാഷയും വരുത്തിവച്ച വിനകളാണ്‌. അവർ എഴുതുന്നതോ പറയുന്നതോ ആയ മലയാളം പലപ്പോഴും ഭാഷയുടെ സൗന്ദര്യവും ഉള്ള ജീവനും നഷ്‌ടപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. മലയാള പത്രങ്ങളിൽ, മലയാളമായി വരുന്ന പലവാക്കുകളും, ഇംഗ്ലീഷ്‌ പദങ്ങൾ അതേപടി മലയാളം ലിപിയിലാക്കി എഴുതുന്നവയാണ്‌. പാചകവാതകം, കുളിമുറി, തീവണ്ടി, പാഠശാല, വാഹനഗതാഗതം, കക്കൂസ്‌, ഖജനാവ്‌ എന്നിങ്ങനെ ആരെങ്കിലും എഴുതുകയോ പറയുകയോ ചെയ്യുകയാണെങ്കിൽ ഇന്ന്‌ പത്രമാധ്യമങ്ങളിലും ടി.വി.ചാനലുകളിലും വരുന്ന പത്രാധിപർമാർക്കും, അവതാരകർക്കും – ഇതേത്‌ ഭാഷയാണ്‌ എന്ന സംശയമാണുണ്ടാവുക.

മലയാള ഭാഷയെ ഇല്ലായ്‌മ ചെയ്യുന്നതിന്‌ നമ്മുടെ ടി.വി. അവതാരകരായി വരുന്നവരുടെ പങ്ക്‌ വലുതാണ്‌. ഈയിടെ ഒരു മലയാളം ചാനലിൽ ഒരു സംഗീതപരിപാടിയുടെ അവതാരക പാടാൻ വന്ന കുട്ടിയോട്‌ പാട്ടിഷ്‌ടപ്പെടാനുള്ള കാരണം ചോദിച്ചപ്പോൾ – കുട്ടി ‘അതൊരു രഹസ്യമാണ്‌’ എന്ന്‌ പറഞ്ഞപ്പോൾ ‘അതെന്താണ്‌ – അത്‌ കേൾക്കാഞ്ഞിട്ട്‌ എനിക്ക്‌ ’ക്യൂരിയോസിറ്റി‘ വരുന്നെ’ന്നാണ്‌. അവിടെ ‘ക്യൂരിയോസിറ്റി’ എന്ന പ്രയോഗം ഫലത്തിൽ ഇംഗ്ലീഷിനെയും വഷളാക്കുന്ന വിധമാണ്‌ ഉച്ചരിച്ചതും – ആ സമയത്തെ ആ അവതാരികയുടെ ഭാവഭേദവും. വേറൊരു സംഗീത പരിപാടിയിൽ ഒരവാതാരക പറയുന്നത്‌ പലപ്പോഴും ഇംഗ്ലീഷുമല്ല, മലയാളവുമല്ലാത്ത ഒരു നപുംസക ഭാഷയാണ.​‍്‌ ‘മംഗ്ലീഷ്‌ എന്നറിയപ്പെടുന്ന ഈ ഭാഷ മലയാളഭാഷയ്‌ക്ക്‌ ശാപമാണ്‌’. മാത്രമല്ല, അവരുടെ വേഷവും നമ്മുടെ സംസ്‌കാരത്തിന്‌ ഒട്ടും യോജിച്ചവയല്ല. കാലത്തിന്റെ മാറ്റമനുസരിച്ച്‌ സംസാരത്തിലും വേഷത്തിലും വ്യത്യാസം വരാമെങ്കിലും അവയൊരിക്കലും നമ്മുടെ സാംസ്‌കാരികത്തനിമയെ ഹനിക്കുന്നവയാകരുത്‌ എന്ന്‌ മനസ്സിലാക്കേണ്ടത്‌ ഇവർ മാത്രമല്ല, ഇവരെ ഈ ചുമതല ഏല്‌പിച്ചിട്ടുള്ളവർകൂടിയാണ്‌.

കോടതികളിലെ വ്യവഹാര ഭാഷ മലയാളത്തിലാക്കിയിട്ടുണ്ടെങ്കിലും കേസ്‌ വാദിക്കുന്നവരും വിധിപ്രസ്‌താവിക്കുന്നവരും കൂടുതലും ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷാണ്‌. അവരതിന്‌ പറയുന്ന ന്യായീകരണം പലസാങ്കേതികപദങ്ങൾക്കും, അവയ്‌ക്ക്‌ പറ്റിയ മലയാളവാക്കുകൾ കിട്ടാനില്ലത്രെ. അതുകൊണ്ട്‌ ആ വാക്കുകൾ തന്നെ മലയാളലിപിയിലാക്കി എഴുതുന്നു. പക്ഷേ, തമിഴർക്കും കന്നടക്കാർക്കും – അതുപോലെ ഉത്തരേൻഡ്യൻ സംസ്‌ഥാനങ്ങളിലും – ഈ മാതിരി സാങ്കേതിക പദങ്ങൾക്ക്‌ അവരുടെ ഭാഷയിലെ തന്നെ പദങ്ങൾ കണ്ടുപിടിക്കാനാവുന്നെങ്കിൽ, കേരളത്തിൽ മാത്രം അത്‌ സാദ്ധ്യമാവുന്നില്ലെന്ന്‌ പറയുന്നതിലെന്തർത്ഥമാണുള്ളത്‌.? ഭാഷാപഠനകേന്ദ്രവും ഭാഷാഗവേഷണകേന്ദ്രവും സർക്കാർതലത്തിൽ നിലവിലുണ്ടെങ്കിലും – അവയുടെ ഒക്കെ ഉദ്ദേശം ലക്ഷ്യം കാണാതെ പോവുന്നുവെന്നല്ലേ, ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്‌? ഒന്നുകൂടി പറയട്ടെ – മലയാള ഭാഷ ഇന്ന്‌ വളരുന്നത്‌ അന്യനാടുകളിലാണ്‌. വിദേശത്ത്‌ ജോലി ചെയ്യുന്നവർ അവധിദിവസങ്ങളിലും സൗകര്യം കിട്ടുമ്പോഴും മലയാളഭാഷയുടെ വളർച്ചയ്‌ക്ക്‌ വേണ്ടി പലതും ചെയ്യുന്നുവെന്നതിന്റെ തെളിവാണ്‌ – അവിടങ്ങളിലെല്ലാം ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്‌മയിലൂടെ പ്രസിദ്ധീകൃതമാകുന്ന പുസ്‌തകങ്ങളും പ്രസിദ്ധീകരണങ്ങളും. അമേരിക്ക, ഇംഗ്ലണ്ട്‌, ജർമ്മനി, ഫ്രാൻസ്‌, ആസ്‌ത്രേലിയ, തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക്‌ ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ എന്നെന്നും നിലനിർത്തുന്ന ഈ സംരംഭങ്ങൾ ഇവിടുള്ള ഭാഷയെ മരിക്കാനായി വിടുന്നവരും, ഇതുപോലെ ഭാഷാചരണത്തിലൂടെ ഓർമ്മപുതുക്കലുമായി നടക്കുന്നവരും കണ്ടുപഠിക്കേണ്ട ഒരു മാതൃകയാണ്‌.

Generated from archived content: editori1_oct30_10.html Author: editor1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here