ഗാന്ധിജി ആരെന്നോ എന്തെന്നോ അറിയാതെ ‘ഗാന്ധിജയന്തി’ ആഘോഷിക്കുന്ന നാടായി മാറിയിരിക്കുന്നു ഭാരതം. സ്‌കൂളുകളിലും കോളേജുകളിലും ചില രാഷ്‌ട്രീയ പാർട്ടികളുടെ ഓഫീസുകളിലും അപൂർവ്വം ചില ഗവൺമെന്റ് ഓഫീസുകളിലും ഗാന്ധിജിയുടെ പടത്തിന് മുന്നിൽ ഒരു നിലവിളക്ക് കൊളുത്തി ചർക്കയിൽ നൂൽനൂൽക്കുകയും ‘വൈഷ്‌ണവജനതോ’ എന്ന ഭജന പാടുകയും ചിലപ്പോൾ ആരെങ്കിലും രണ്ട് വാക്ക് സംസാരിക്കുകയും ചെയ്‌താൽ ഗാന്ധിജിയെ ഓർക്കുക എന്ന പരിപാടി അടുത്തവർഷത്തെ ഈ ദിവസത്തേയ്‌ക്ക് വേണ്ടി മാറ്റിവയ്‌ക്കുന്നു.
ഗാന്ധിജിയെ മറന്നാലും ഗാന്ധിജിയെ വാണിജ്യവത്‌കരിക്കുന്നതിൽ ഈ നാട്ടിലെ ഒരു പ്രസ്‌ഥാനവും – അങ്ങനെ കിട്ടുന്ന ഒരവസരവും പാഴാക്കുന്നില്ല. സാഹിത്യത്തിലായാലും രാഷ്‌ട്രീയത്തിലായാലും സിനിമയിലായാലും – എവിടെയും കണ്ടുവരുന്ന ഒരു പ്രവണത അതാണ്. നമ്മുടെ ഗവൺമെന്റ് പോലും ഗാന്ധിജിയുടെ പേരുപയോഗിച്ചുള്ള റോഡുകളും പാലങ്ങളും സ്‌റ്റേഡിയങ്ങളും മാളുകളും നിർമ്മിക്കുകയും പിന്നീട് ഭീമമായ തുക വാടക ഇനത്തിലും ടോൾഫീ ഇനത്തിലും ജനങ്ങളിൽനിന്നീടാക്കുകയും ചെയ്യുന്നു. അച്ചടിക്കുന്ന കറൻസിയിൽ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്‌തിരിക്കുന്നത് വാസ്‌തവത്തിൽ ആ മഹാത്‌മാവിനെ അധിക്ഷേപിക്കുന്നതിന് വേണ്ടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗവൺമെന്റ് ഓഫീസുകളിലും ചില രാഷ്‌ട്രീയ നേതാക്കന്മാർക്കും കാര്യസാദ്ധ്യത്തിന് കൈക്കൂലി കൊടുക്കേണ്ടി വരുമ്പോൾ, എത്ര ഗാന്ധിയെ കൊടുത്തലാണ് കാര്യം നടന്ന് കിട്ടുക‘ എന്ന് സാധാരണക്കാരൻ സങ്കടപ്പെടുമ്പോൾ അവരുടെ മനസ്സിലെ ഗാന്ധിജിയുടെ ചിത്രം ഒരിക്കലും ഒരു മഹാത്മാവിന്റേതായിരിക്കില്ല.
സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷം നമ്മുടെയൊക്കെ സ്‌കൂളുകളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ’തൊഴിൽവാരം‘ (Labour Week) ഒരു പാഠപദ്ധതി പോലെ നടപ്പാക്കിയിരുന്നു. സ്വാശ്രയ ബോധം ജനങ്ങളിൽ വളർത്തുന്നതിനും തൊഴിലിന്റെ മഹത്വം വിദ്യാർത്ഥികളിൽ ബോദ്ധ്യമാവുന്നതിനും ശുചിത്വം ഒരു ജീവിതശൈലിയാക്കണമെന്ന ഗാന്ധിയുടെ ആഹ്വാനം ജനങ്ങളിൽ എത്തിക്കുന്നതിനും ’തൊഴിൽവാരം‘ വളരെ പ്രയോജനം ചെയ്‌തിരുന്നു. നമ്മുടെ ഗവൺമെന്റും നേതാക്കന്മാരും ഗാന്ധിജിയെ മറന്നുവെന്നതിന് ഏറ്റവും വലിയതെളിവ് ’തൊഴിൽവാരം‘ ഇപ്പോൾ നിലവിലില്ല എന്നത് തന്നെയാണ്.
ഗാന്ധിജിയുടെ മഹത്വം ഭാരതത്തിലേക്കാളും കൂടുതലറിയുന്നത് വിദേശരാജ്യങ്ങളിലുള്ളവരാണ്. നെൽസൺമണ്ഡേല ദക്ഷിണാഫ്രിക്കയിൽ നടത്തിയത് ഗാന്ധിജിയുടെ മാതൃക പിൻതുടർന്നുള്ള സ്വാതന്ത്ര്യസമരമാണ്. അഹിംസ ശക്തമായ ഒരായുധമാണെന്ന് ലോകമെമ്പാടുമുള്ള ജനതയെ ബോദ്ധ്യപ്പെടുത്തിയത് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഇൻഡ്യൻ സ്വാതന്ത്ര്യസമരം വിജയപ്രാപ്‌തിയിലെത്തിയതോടെയാണ്.
പക്ഷേ, ഇൻഡ്യയുടെ ഇന്നത്തെ സ്‌ഥിതി, ഗാന്ധിജിയെ നമ്മൾ പാടെ മറന്നുവന്നതിന്റെ തെളിവുകളാണ് കാഴ്‌ചവയ്‌ക്കുന്നത്. സ്വാതന്ത്ര്യലബ്‌ധിയോടെ കാശ്‌മീരിൽ മാത്രം ഒതുങ്ങിനിന്ന വിഭാഗീയ പ്രസ്‌ഥാനം ഇന്ന് ഇൻഡ്യയിലെ മിക്ക സംസ്‌ഥാനങ്ങളിലും വേരൂന്നിയിരിക്കുന്നു. മതതീവ്രവാദികളും തീവ്രരാഷ്‌ട്രീയ പ്രസ്‌ഥാനക്കാരും – എല്ലായിടത്തും തന്നെ പിടിമുറുക്കി ജനാധിപത്യ വ്യവസ്‌ഥയുടെ അന്തസത്ത തന്നെ ചോദ്യം ചെയ്യുന്ന രീതിയിലായിരിക്കുന്നു. അഴിമതി – ഒരാഗോളപ്രതിഭാസമാണെന്ന് പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ പറഞ്ഞ് അതിനെ ലാഘവബുദ്ധിയോടെ കാണാൻ ശ്രമിക്കുന്നത്, ഭരണത്തിൽ തങ്ങളുടെ പിടി അയയുന്നുവെന്നതിന്റെ സൂചനയാണ്.
അഴിമതിക്കാരെന്ന് സ്‌പഷ്‌ടമായി സംശയിക്കേണ്ടുന്ന പലമന്ത്രിമാരെയും ഭരണതലപ്പത്തിരിക്കുന്നവർക്ക് പുറത്താക്കാൻ കഴിയാതെ പോകുന്നത് ഭരണകൂടത്തിൽ കൂട്ടുകക്ഷികളായവരുടെ പിൻതുണ നഷ്‌ടപ്പെടുമോ എന്ന ഭയം മൂലമാണെന്ന് വ്യക്തമായിക്കഴിഞ്ഞു. സ്‌പെക്‌ട്രം അഴിമതിയെ ചൊല്ലിയുള്ള കോലാഹലങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പാണ് അടുത്തുതന്നെ തുടങ്ങാൻ പോകുന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഇനിയും പൂർത്തികരിക്കാത്ത ഒരുക്കങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന കോടികളുടെ കണക്ക് സൂചിപ്പിക്കുന്നത്. ആ ഇനത്തിലും ഭീമമായ ധൂർത്ത് നടക്കുന്നുവെന്നു, ഏറ്റവും ലളിതമായ ഉദാഹരണം ഗെയിംസിന്റെ ഉത്‌ഘാടനച്ചടങ്ങിൽ അവതരിപ്പിക്കേണ്ടുന്ന ’തീം സോങ്ങിന് വേണ്ടി ഇ.ആർ. റഹ്‌മാന് കൊടുക്കുന്ന തുകയാണ്‌ഃ അഞ്ചുകോടി രൂപ. ഇതിന് മുമ്പ് ഇവിടെ നടന്ന ഏഷ്യൻ ഗെയിംസിനും കോമൺ വെൽത്ത് ഗെയിംസിനും ‘തീം സോങ്ങി’ന് വേണ്ടി അന്നത്തെ വിഖ്യാതരായ സംഗീതജ്ഞരൊന്നും ഒരു രൂപപോലും വാങ്ങിയിരുന്നില്ല എന്നതു ഓർക്കുക. ഗാന്ധിജിയെ മറക്കുന്നവരായി മാറിയിരിക്കുന്നു, ഭാരതജനത എന്നത് ശക്തമായി വിളിച്ചോതുന്ന സംഭവപരമ്പരകളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഗാന്ധിജി വിഭാവനം ചെയ്‌ത ഐശ്വര്യ പൂർണ്ണവും അഴിമതിരഹിതവുമായ ഒരു ഭരണകൂടം നിലവിൽ വരണമെന്ന സ്വപ്‌നം ഇപ്പോഴും സ്വപ്‌നമായിത്തന്നെ കിടക്കുന്നു. ഒരു ചടങ്ങുപോലെ എല്ലാവർഷവും നമ്മൾ ഗാന്ധിജയന്തി അനുസ്‌മരണം നടത്തുന്നു. ഗാന്ധിജിയെ നാം അങ്ങനെങ്കിലും ഓർക്കുന്നുവെന്ന സമാധാനം മാത്രമേ സാധാരണക്കാർക്ക് ഉണ്ടാകുന്നുള്ളു.
Generated from archived content: editori1_oct1_10.html Author: editor1