ഇൻഡ്യയിൽ ജനാധിപത്യം മരണമടഞ്ഞിട്ടില്ല

‘അഴിമതി ഇന്ന്‌ ലോകവ്യാപകമായ ഒരു പ്രതിഭാസമാണ്‌. അതിന്റെ, പ്രതിഫലനം ഇൻഡ്യയിലും കുറെയൊക്കെ കണ്ടെന്ന്‌ വരാം.’ ഇൻഡ്യൻ പ്രധാനമന്ത്രിമാരിൽ നിശ്ചയദാർഢ്യമുണ്ടായിരുന്ന ഏകപ്രധാനമന്ത്രിയെന്ന പേര്‌ സമ്പാദിച്ച ഇന്ദിരാഗാന്ധിയിൽ നിന്നാണ്‌ ഈ പ്രസ്‌താവം. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിരുന്ന ഇ.ആർ. ആന്തുലേ, സിമന്റ്‌ കുംഭകോണത്തിലൂടെ കോടികളുടെ സമ്പാദ്യം അവിഹിതമായി നേടി എന്ന വാദകോലാഹലം പാർലമെന്റിലും പത്രമാദ്ധ്യമങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്ന എൺപതുകളുടെ ആരംഭത്തിലാണ്‌ വിവാദമുയർത്തിയ ഈ പ്രസ്‌താവന. (അന്ന്‌ ദൃശ്യമാധ്യമങ്ങൾ എന്ന്‌ പറയാവുന്നത്‌ ദൂരദർശൻ മാത്രമായിരുന്നു. പ്രധാനമായും ഗവൺമെന്റ്‌ നയങ്ങളോട്‌ ഒട്ടിനിന്നായിരുന്നു ദൂരദർശൻ പ്രവർത്തിച്ചത്‌ എന്നത്‌കൊണ്ട്‌ ഇന്നത്തെപ്പോലെ ഇൻഡ്യയൊട്ടാകെ ഈ അഴിമതിയാരോപണം വാദകോലാഹലമുയർത്തിയിരുന്നില്ല.)

പത്തിലധികം എഡിഷനുകളുണ്ടായിരുന്ന ഇൻഡ്യൻ എക്‌സ്‌പ്രസ്സ്‌ വഴിയാണ്‌ രാജ്യമൊട്ടാകെ ഈ അഴിമതിക്കഥ പുറത്തുവന്നത്‌. അഴിമതിയോട്‌ നമ്മുടെ ഭരണകൂടം എങ്ങനെ അനുവർത്തിക്കുന്നുവെന്നതിന്റെ മുഖ്യദൃഷ്‌ടാന്തമായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്‌താവന. പിന്നീട്‌ രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തുയർന്ന ബോഫോഴ്‌സ്‌ കേസ്‌ ഉയർത്തിയ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഒരു പ്രധാന മന്ത്രി നേരിട്ടിടപെട്ട്‌ നടത്തിയ അഴിമതി എന്ന ആരോപണവും അതിനെതുടർന്നുണ്ടായ കേസുകളും ഇപ്പോഴും നിലനിൽക്കുന്നു. അഴിമതിക്കഥ സർവത്ര വിവാദമാക്കാൻ കാരണമായ ഇൻഡ്യൻ എക്‌സ്‌പ്രസ്സ്‌ സാരഥി ഗോയങ്കയും ആരോപണവിധേയനായ രാജീവ്‌ ഗാന്ധിയും മൺമറഞ്ഞിട്ടും കോടതി നടപടികളിലൂടെയും മാധ്യമങ്ങളിലൂടെയും ഇപ്പോഴും അവ സജീവമാകാറുണ്ട്‌. ആരോപണമുയർത്താൻ കാരണക്കാരനന്ന്‌ അന്നത്തെ ഭരണകക്ഷി സംശയിച്ച കേന്ദ്രമന്ത്രി സഭയിലെ സീനിയർ അംഗം വി.പി. സിംഗിന്‌ രാജിവച്ച്‌ പുറത്ത്‌ പോവേണ്ടി വന്നു. കൂടാതെ പ്രതികാരമെന്നോണം അദ്ദേഹത്തെ അഴിമതിയിൽ കുടുക്കാൻ അന്ന്‌ കേന്ദ്രമന്ത്രിയായിരുന്ന നരസിംഹറാവു ഭരണകക്ഷിയുടെ ഒത്താശയോടെ, വി.പി.സിംഗിന്റെ മക്കൾക്ക്‌ വിദേശനിക്ഷേപമുണ്ടെന്ന്‌ കണ്ടെത്താൻ വേണ്ടി നടത്തിയ ഗൂഢാലോചനയും അതിനെത്തുടർന്നുണ്ടായ പരിഹാസ്യമായ പരിസമാപ്‌തിയും എതിരാളികളെ കുടുക്കാൻ വിവാദമുയർത്തുന്ന രാഷ്‌ട്രീയ നേതാക്കൾക്കും മന്ത്രിമാർക്കും സാധനപാഠമാവേണ്ടതാണ്‌. ഇന്ദിരഗാന്ധി മുമ്പ്‌ പ്രസ്‌താവിച്ചത്‌ പോലെ അഴിമതി ഇന്ന്‌ സമസ്‌ത മേഖലകളിലേയ്‌ക്കും വ്യാപിച്ചിരിക്കുന്നു. ഭരണപ്രതിപക്ഷഭേദമെന്യേ മിക്ക വൻതോക്കുകളും ഇതിൽ പങ്കാളികളാണ്‌. ആയുധങ്ങൾ വാങ്ങുന്നിടത്തും, ആശുപത്രികളിൽ മരുന്നു സപ്‌ളൈ ചെയ്യുന്നിടത്തും പെട്രോൾ പമ്പുകളും ഗ്യാസ്‌ ഏജൻസി തുടങ്ങിയവയുടെ വിതരണത്തിലും ഗവൺമെന്റ്‌ ഭൂമി അലോട്ട്‌ ചെയ്യുന്നിടത്തും ടെലികോം മേഖലയിലും ബാങ്കിംഗ്‌ വ്യവസായത്തിലും എന്നുവേണ്ട അഴിമതി വ്യാപകമല്ലാത ഒരുമേഖലപോലും ഇൻഡ്യയിലൊരിടത്തും നിലവിലില്ല എന്നതാണ്‌ വാസ്‌തവം. നേരിട്ടോ പരോക്ഷമായോ അഴിമതി നടത്താത്ത പ്രധാനമന്ത്രിമാർ എന്ന്‌ വിശേഷിപ്പിക്കാവുന്നവരുടെ എണ്ണം ലാൽബഹദൂർശാസ്‌ത്രി, വാജ്‌പേയ്‌, ഡോ.മൻമോഹൻസിംഗ്‌ എന്നിവരിൽ ഒതുങ്ങി നിൽക്കുന്നു. പക്ഷേ ഭരണപക്ഷത്തെ ഘടകക്ഷികളിൽപെട്ട ചിലർ അഴിമതി നടത്തുമ്പോൾ, അവരെ പിണക്കിയാൽ ഭൂരിപക്ഷം നഷ്‌ടപ്പെടുമെന്ന ഭയം മൂലം, ഘടകക്ഷികളോട്‌ മൃദുസമീപനം കൊള്ളുന്നുവെന്നതാണ്‌ ഇവരുടെ പേരിലുള്ള ആക്ഷേപം.

വാജ്‌പേയിയുടെ കാലത്തെ കാർഗിൽയുദ്ധത്തിൽ മരണമടഞ്ഞ ജവാന്മാരുടെ മൃതദേഹസംസ്‌കാരത്തിന്‌ വേണ്ടി സമാജ്‌വാദിജനതപാർട്ടി മന്ത്രി ജോർജ്‌ ഫെർണാണ്ടസിന്റെ മന്ത്രാലയം വാങ്ങിയ ശവപ്പെട്ടികളുടെ പേരിൽ ഉയർന്ന്‌വന്ന വിവാദം ഇപ്പോഴും നിലനിൽക്കുന്നു. പക്ഷേ, ഇൻഡ്യയിൽ ഇന്നേവരെ നടന്നതിൽ വച്ചേറ്റവും വലിയ അഴിമതി നടന്നിരിക്കുന്നത്‌ ഇക്കഴിഞ്ഞ ഒരു വർഷക്കാലത്താണ്‌. കോമൺവെൽത്ത്‌ ഗയിംസ്‌ നടത്തിപ്പിന്‌ വേണ്ടി സുരേഷ്‌കൽമാഡിയും കൂട്ടരും നേരിട്ടും പരോക്ഷമായും നടത്തിയ അഴിമതി 7500 കോടി രൂപയായിക്കഴിഞ്ഞു. ഇപ്പോൾ സി.ബി.ഐ. അന്വേഷണത്തിൽ പ്രതികളായി സംശയിക്കപ്പെടുന്ന വരെ ചോദ്യം ചെയ്യുമ്പോൾ, ഈ സംഖ്യ വീണ്ടും ഉയർന്നേക്കാം. പക്ഷേ സുപ്രീം കോടതിയുടെ നിശിത വിമർശനത്തിന്‌ കാരണമായ ടെലകോം മേഖലയിൽ മന്ത്രിയായിരുന്ന രാജയുടെ മന്ത്രാലയം നടത്തിയ അഴിമതി 1.76 ലക്ഷം കോടി രൂപയിൽ എത്തിനിൽക്കുന്നു. അതിന്റെ പേരിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഉയർന്ന വിവാദം ഇൻഡ്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചുകൂടാത്തവിധം ദിവസങ്ങളോളം നീണ്ടുനിൽക്കുന്നു. തുടർച്ചയായി പന്ത്രണ്ട്‌ ദിവസത്തിലേറെ പാർലമെന്റിൽ ഒരു നിയമനിർമ്മാണമോ ചർച്ചയോ നടക്കുന്നില്ല. സംയുക്ത പാർലമെന്റ്‌ സമിതിയെക്കുറഞ്ഞരന്വേഷണവും സാദ്ധ്യമല്ല എന്ന നിലയിൽ കക്ഷിഭേദമന്യേ പ്രതിപക്ഷത്തെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി നീങ്ങുമ്പോൾ സഭകൾ സമ്മേളിച്ച ഉടനെതന്നെ ബഹളമുണ്ടാകുകയും സഭാദ്ധ്യക്ഷന്മാർ സഭ പിരിച്ചു വിടുകയും ചെയ്യുന്ന നടപടികൾ ഒരു ജനാധിപത്യ രാഷ്‌ട്രത്തിന്‌ ഒരിക്കലും ഭൂഷണമല്ല.

അഴിമതിക്കഥ അവിടെയും തീരുന്നില്ല. മഹാരാഷ്‌ട്രയിലെ മുൻമുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അടുത്തബന്ധുക്കളും കാർഗിൽ യുദ്ധത്തിൽ മരിച്ച ജവാന്മാരുടെ വിധവകൾക്ക്‌ വേണ്ടി മുംബൈയുടെ കണ്ണായ സ്‌ഥലത്ത്‌ അനുവദിച്ച ഭൂമിയിൽ പടുത്തുയർത്തിയ ആദർശ്‌ അപ്പാർട്ട്‌മെന്റ്‌ കോഴവിവാദം. ഗത്യന്തരമില്ലാതെ കോൺഗ്രസ്സിന്‌ മുഖ്യമന്ത്രിയെ മാറ്റേണ്ടിവന്നെങ്കിലും കോടികൾക്ക്‌ മേൽ വിലമതിക്കുന്ന ഈ അപ്പാർട്ട്‌മെന്റ്‌ വിവാദം ഇനിയും ഏറെനാൾ നിൽക്കും. നിയമവിധേയമില്ലാതെ പടുത്തുയർത്തിയ ഈ അപ്പാർട്ട്‌മെന്റ്‌ കൈക്കലാക്കാൻ മന്ത്രിമാർക്കും രാഷ്‌ട്രീയ നേതാക്കൾക്കും പുറമെ രാജ്യരക്ഷാവകുപ്പിലെ ഉയർന്ന പട്ടാളഉദ്യോഗസ്‌ഥന്മാരും വരെ കൂട്ടുനിന്നുവെന്നതാണ്‌ ദുഃഖകരമായ വസ്‌തുത. തങ്ങളുടെ സഹജീവികളുടെ ദുരന്തം അവർ മുതലെടുക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ലോകത്തെ ഏറ്റവും സുശക്തമായ ജനാധിപത്യരാഷ്‌ട്രമെന്ന പദവിക്ക്‌ ഇൻഡ്യ അർഹമല്ലാതായി മാറിക്കഴിഞ്ഞോ എന്ന സംശയമാണ്‌. ഏറ്റവും അവസാനം ഉയർന്ന്‌ വന്നത്‌ എൽ.ഐസിയും പൊതുമേഖലാ ബാങ്കുകളും ലോൺ അനുവദിക്കുന്നതിലെ- അവിടെയും അഴിമതിയുടെ വ്യാപ്‌തി ലക്ഷങ്ങളിലോ ഏതാനും കോടികളിലോ ഒതുങ്ങുന്നില്ല. പിന്നെയും ഉയർന്നുകൊണ്ടിരിക്കുന്നു.

അഴിമതിയുടെ വ്യാപ്‌തി എല്ലാ സംസ്‌ഥാനങ്ങളിലേയും ഏറ്റക്കുറച്ചിലോടെ കടന്നുവന്നിട്ട്‌ ഏറെ വർഷങ്ങളായി. വ്യാജഏറ്റുമുട്ടലുകളിലൂടെ തീവ്രരാഷ്‌ട്രീയ നേതാക്കളെ കൊന്ന കഥകൾ ഇപ്പോൾ ഇൻഡ്യയിൽ പല സംസ്‌ഥാനത്തും ഉയർന്നുവരുന്നു. നാല്‌പതു വർഷങ്ങൾക്ക്‌ ശേഷമാണ്‌ കേരളത്തിലെ നക്‌സലൈറ്റ്‌ നേതാവ്‌ കൊല്ലപ്പെട്ടത്‌, വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന്‌ തെളിഞ്ഞതും മുൻ ഐജി ശിക്ഷിക്കപ്പെട്ടതും, വ്യാജ ഏറ്റുമുട്ടലുകളിലൂടെ മരണമടയുന്ന വിവാദം ഗുജറാത്തിലും മണിപ്പൂരിലും നാഗാലാന്റിലും ഏറ്റവും അവസാനം ആന്ധ്രയിലും വരെ എത്തിനിൽക്കുന്നു. ഭൂമി അലോട്ടുമെന്റിലെ അഴിമതിയാണ്‌ കർണ്ണാടകയിലെ മുഖ്യമന്ത്രിയുടെ മേലുയർന്നതെങ്കിൽ, ആദിവാസികളുടെ ഭൂമി തട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ല എന്നതാണ്‌ കേരള സർക്കാരിന്റെമേലുയർന്ന ആക്ഷേപം. ലാവ്‌ലിൻ കേസ്‌ ഇപ്പോൾ സി.ബി.ഐ. അന്വേഷണത്തിലാണ്‌.

കോടതിനടപടികൾവരെ വിമർശനവിധേയമായിക്കൊണ്ടിരിക്കുന്ന ഇൻഡ്യയിൽ ജനങ്ങൾ ഇപ്പോഴും ഏറെക്കുറെ അവസാന ആശ്രയമായി കാണുന്നത്‌​‍്‌ നീതിപീഠത്തെയാണ്‌. വൈകി എത്തുന്ന നീതി പലപ്പോഴും നീതി നിഷേധിക്കുന്നതിന്‌ തുല്യമാകുന്നുണ്ടെങ്കിലും ജനങ്ങൾക്ക്‌ കോടതിയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടിട്ടില്ല.

ഇൻഡ്യയിൽ ജനാധിപത്യത്തിന്റെ പ്രസക്തിനഷ്‌ടപ്പെട്ടിട്ടില്ല എന്നതാണ്‌ ഏറ്റവും അടുത്ത്‌ നടന്ന ബീഹാറിലെ തിരഞ്ഞെടുപ്പ്‌ സൂചിപ്പിക്കുന്നത്‌. ജാതിരാഷ്‌ട്രീയവും കുടുംബവാഴ്‌ചയും പ്രാകൃതമായ സെമിന്ദാരി സമ്പ്രദായത്തിലൂടെ കീഴാളരെ കീഴടക്കുന്ന വ്യവസ്‌ഥയും ആളെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും മുഖമുദ്രയാക്കിയ പണാധിപത്യത്തിലൂന്നിയുള്ള രാഷ്‌ട്രീയ വാഴ്‌ചകളും – എല്ലാം അവിടെ പരാജയപ്പെട്ടുവെന്നതിന്റെ ശക്തമായ സൂചനയാണ്‌ നീതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള മുന്നണിവരിച്ച അത്‌ഭൂതപൂർവ്വമായ ഭൂരിപക്ഷത്തിലൂടെ വീണ്ടും അധികാരത്തിലേക്കുള്ള വരവ്‌. നീതീഷ്‌ ഭരണകൂടം കൈക്കൊണ്ട ഭരണപരിഷ്‌ക്കാരങ്ങൾ കേന്ദ്രത്തിലേയും മറ്റു സംസ്‌ഥാനങ്ങളിലെയും ജനനേതാക്കൾക്കും പാഠമാവട്ടെയെന്ന്‌ പ്രത്യാശിക്കാം.

Generated from archived content: editori1_nov30_10.html Author: editor1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here