സാക്ഷരതാരംഗത്തും വിദ്യാഭ്യാസരംഗത്തും സാംസ്‌കാരിക രംഗത്തും ഇൻഡ്യയിൽ ഒന്നാമതെത്തി നിൽക്കുന്ന സംസ്‌ഥാനം കേരളമാണ്. രാഷ്‌ട്രീയരംഗത്തും സാഹിത്യരംഗത്തും മേലേക്കിടയിലുള്ള പല പ്രഗൽഭരെയും ഈ നാട് സംഭാവനചെയ്‌തിട്ടുണ്ട്.
ചലച്ചിത്രരംഗത്തും ഒന്നാംസ്‌ഥാനത്തെത്തി എന്ന് പറയാനാവില്ലെങ്കിലും ആ രംഗത്ത് പ്രതിഭാസാന്നിദ്ധ്യംകൊണ്ട് ഒന്നാം സ്‌ഥാനത്തെന്നവകാശപ്പെടുന്ന ബംഗാളിനോടും ഹിന്ദി സിനിമാരംഗത്തോടും കിടപിടിക്കുന്ന പല സിനിമകളും സംവിധായകരും നടീനടന്മാരും കേരളത്തിൽ പിറവിയെടുത്തിട്ടുണ്ട്. ഒരു സത്യജിത്‌റേയോ, റിത്വിക് ഘട്ടക്കിനെയോ പിൻ തള്ളുന്ന ചലച്ചിത്രകാരൻ ഇവിടെയുണ്ട് എന്ന് പറയാനാവില്ലെങ്കിലും അവരോടൊക്കെ അടുത്ത് നിൽക്കുന്ന അടൂർഗോപാലകൃഷ്‌ണൻ, അരവിന്ദൻ, ഷാജി എൻ കരുൺ തുടങ്ങിയ പ്രഗത്‌ഭരുടെ സിനിമകൾ ലോകസിനിമാരംഗത്തേയ്‌ക്ക് ശ്രദ്ധേയമായ ചില ചിത്രങ്ങൾ സംഭാവനചെയ്‌തിട്ടുണ്ട് ഇൻഡ്യയിലെ ഏത് പ്രഗത്‌ഭരെയും കടത്തിവെട്ടുന്ന അഭിനയ ചാതുരിയുള്ളവർ ഇവിടെയുണ്ട്. അമ്പതുകളുടെ അവസാനവും അറുപതുകളിലും – മലയാള സിനിമയുടെ കൗമാര ദശയിൽ തന്നെ എന്ന് പറയാം – സാങ്കേതിക രംഗത്തെ പരിമിതമായ സൗകര്യങ്ങൾ – ശബ്‌ദസന്നിവേശം, ഛായഗ്രഹണം, എഡിറ്റിംഗ്, ഡബ്ബിംഗ് തുടങ്ങിയ രംഗത്തെ അപര്യാപ്‌തതകൾ വച്ചുകൊണ്ട്‌തന്നെ നമ്മുടെ നടീനടന്മാരായ കൊട്ടാരക്കര ശ്രീധരൻ നായർ, സത്യൻ, രാഗിണി, പി.ജെ. ആന്റണി, തുടങ്ങിയവരെല്ലാം ഹോളിവുഡ്‌ഡിനെ വെല്ലുന്ന അഭിനയചാതുരി കാഴ്‌ചവച്ചിട്ടുണ്ട്. (ചെമ്മീൻ, ഓടയിൽ നിന്ന്, ഒരു പെണ്ണിന്റെ കഥ, അനുഭവങ്ങൾ പാളിച്ചകൾ, നിർമ്മാല്യം, എന്നീ ചിത്രങ്ങൾ ഓർക്കുക) ഇൻഡ്യയിലെന്നല്ല, ലോകസിനിമാരംഗത്ത്‌തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായക വേഷം കൈകാര്യം ചെയ്‌ത നടൻ മലയാളിയാണ്. പ്രേം നസീർഃ ലോകസിനിമാരംഗത്ത് നായകസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച് ഗിന്നസ് ബുക്കിൽ സ്‌ഥാനം നേടിയ നടനും പ്രേംനസീറാണ്. നമ്മുടെ തൊട്ടയൽ സംസ്‌ഥാനമായ തമിഴ്‌നാട്ടിൽ താരാധിപത്യം കൊടികുത്തി വാഴുമ്പോഴും കേരളത്തിൽ മാത്രം താരാരാധന ഒരു രോഗമായി ആസ്വാദനരംഗത്ത് പടർന്നിരുന്നില്ല അഭിനയരംഗത്ത് ഒറ്റപ്പെട്ട സംഭാവന ചെയ്‌ത നടീനടന്മാരെയും സംവിധായകരെയും ആദരിക്കാനും ആശീർവദിക്കാനും കേരളത്തിലെ പ്രേക്ഷകർ മടികാണിച്ചിരുന്നില്ല. താരാധിപത്യംകൊണ്ട് മാത്രം തമിഴ്‌നാട്ടിലും ആന്ധ്രയിലും രാഷ്‌ട്രീയരംഗത്ത് തലപ്പത്ത് എത്തിയവരുണ്ടെങ്കിലും കേരളത്തിൽ രാഷ്‌ട്രീയവും സിനിമയും രണ്ടായിത്തന്നെ കാണാനാണ് പ്രേക്ഷകർ താല്‌പര്യപ്പെട്ടത്. എം.ജി.ആറിനും, എൻ.ടി. ആറിനും രാഷ്‌ട്രീയരംഗത്തുള്ള ഊന്നുവടിയായി സിനിമ മാറിയെങ്കിലും കേരളത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ല. കേരളീയ പ്രേക്ഷകരുടെ ഉദ്‌ബുദ്ധതയെക്കുറിച്ച് ഏകദേശധാരണ സിനിമാ താരങ്ങൾക്കുണ്ടായിരുന്നതുകൊണ്ട് അന്ധമായ താരാരാധന ഇവിടെയില്ല എന്ന് ബോദ്ധ്യമുള്ളതുകൊണ്ടും സിനിമ രാഷ്‌ട്രീയരംഗത്തോർത്തുള്ള ഊന്നുവടിയായി താരങ്ങളും കണ്ടില്ല.
ഇതൊക്കെ കഴിഞ്ഞ നൂറ്റാണ്ടിലെ കാര്യങ്ങൾ. പക്ഷേ ഇന്നതല്ല സ്‌ഥിതി. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ തന്നെ ഇവിടെ താരങ്ങളുടെ പേരിലുള്ള ഫാൻസ് അസോസിയേഷനുകൾ രൂപം കൊണ്ടു. പലരും താരങ്ങളായി രംഗത്തുണ്ടെങ്കിലും പ്രധാനമായും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേരിലാണ് നാടൊട്ടുക്ക് ഈ പ്രവണത പടർന്നു പിടിച്ചിരിക്കുന്നത്. ഇപ്പോൾ മലയാള സിനിമയെ നയിക്കുന്നത് ഈ രണ്ടുപേരും അവരുടെ ഫാൻസ് അസോസിയേഷനുകളും ചേർന്നാണെന്നാണ് ആക്ഷേപം. ഇടയ്‌ക്ക് ജയറാം, ദിലീപ്, പൃഥ്വിരാജ് ഇവരുടെ പേരിലും ഫാൻസ് അസോസിയേഷനുകൾ രൂപംകൊണ്ടങ്കിലും അവയ്‌ക്കൊന്നും പിടിച്ച് നിൽക്കാനായില്ല. ഫലത്തിൽ മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമാരംഗം കയ്യടക്കി എന്നാണാക്ഷേപം.
കേരളമൊട്ടാകെയുള്ള ഈ രണ്ട് സൂപ്പർ സ്‌റ്റാറുകളുടെയും പേരിലുള്ള ഫാൻസ് അസോസിയേഷനുകൾ അവരുടെ ഇഷ്‌ടതാരങ്ങളുടെ കട്ടൗട്ടുകളും ഫ്‌ളെക്‌സ് ബോർഡുകളും നാടൊട്ടുക്ക് സ്‌ഥാപിച്ച് അവയിൽ താരങ്ങളെ പ്രകീർത്തിക്കുന്ന അടിക്കുറിപ്പുകളെഴുതി തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കുന്നു. ചിലയിടത്തെങ്കിലും ഫാൻസ് അസോസിയേഷനുകൾ സംഘടിച്ചിരിക്കുന്നത് വർഗീയടിസ്‌ഥാനത്തിലാണെന്ന് ഭാരവാഹികളുടെ പേരുകൾ നോക്കിയാൽ മനസ്സിലാക്കാൻ പറ്റും. പക്ഷേ, സിനിമ നല്ലതല്ലെങ്കിൽ ആദ്യത്തെ രണ്ടാഴ്‌ച കഴിഞ്ഞാൽ തിയ്യേറ്ററുകളിൽ നിന്ന് പടം പിൻവാങ്ങും. കഴിഞ്ഞ വർഷം റിലീസ് ചെയ്‌ത – മലയാളത്തിൽ ഏറ്റവും കൂടിയ മുതൽമുടക്കോടെ നിർമ്മിച്ച ചിത്രം (27 കോടി) പഴശ്ശിരാജപോലും മെയിൻ സെന്ററുകളിലൊഴികേ മറ്റ് പലയിടത്ത് നിന്നും വേഗത്തിൽ പിൻമാറേണ്ടി വന്നുവെന്നതാണ് വാസ്‌തവം. ഏയ്‌ഞ്ചൽ ജോൺ, ഭഗവാൻ, ദ്രോണ, പട്ടണത്തിൽ ഭൂതം തുടങ്ങിയ സൂപ്പർസ്‌റ്റാർ ചിത്രങ്ങൾക്കും ഈ ദുര്യോഗമുണ്ടായി. അതേ സമയം ലോബഡ്‌ജറ്റ് ചിത്രങ്ങളായ പാസഞ്ചർ, ഭാഗ്യദേവത, ടു ഹരിഹരൻ നഗർ, മകന്റെ അച്‌ഛൻ, ഇവർ വിവാഹിതരായാൽ ഈയിടെ റിലീസ് ചെയ്‌ത ഹാപ്പി ഹസ്‌ബൻസ് എന്നീ പടങ്ങളൊക്കെ സാമ്പത്തിക വിജയം നേടുകയുണ്ടായി. ഇവയിലൊന്നിലും മേൽപ്പറഞ്ഞ പ്രധാനപ്പെട്ട സൂപ്പർസ്‌റ്റാറുകളില്ല എന്നു വരുമ്പോൾ ഒരു ചിത്രത്തിന്റെ വിജയത്തിന് സൂപ്പർസ്‌റ്റാറുകളുടെ സാന്നിദ്ധ്യം അനിവാര്യമല്ല എന്ന് തെളിയുന്നു. പിന്നെന്താണീ സൂപ്പർസ്‌റ്റാറുകളുടെ പ്രസക്‌തി.?
പടം നിർമ്മിക്കാൻ നേരം, പണം അഡ്വാൻസ് നൽകാൻ തീയ്യേറ്ററുടമകളും ഡിസ്‌ട്രിബ്യൂട്ടേഴ്‌സും തയ്യാറാവണമെങ്കിൽ ഇവരിൽ രണ്ടുപേരിലാരുടെയെങ്കിലും സാന്നിദ്ധ്യം കൂടിയേ തീരൂ. ചാനലുകൾക്ക് പടം കച്ചവടമാകാണമെങ്കിലും ഗൾഫ് റൈറ്റ് വിൽക്കണമെങ്കിലും പിന്നീട് സി ഡി കമ്പനിക്കാർ മുന്നോട്ട് വരണമെങ്കിലും സൂപ്പർസ്‌റ്റാർ സാന്നിദ്ധ്യം അത്യാവശ്യമാണ്. ഈ ഒരവസ്‌ഥയാണ് സൂപ്പർ സ്‌റ്റാറുകൾ തങ്ങളുടെ നിലനില്‌പിനായി പ്രയോഗിക്കുന്ന തന്ത്രം. കഥ തിരഞ്ഞെടുത്തു കഴിഞ്ഞാൽ (സൂപ്പർസ്‌റ്റാറുകളുടെ ഇഷ്‌ടം അനിവാര്യമാണ്) തിരക്കഥയെഴുന്നവരെയും ക്യാമറമാനെയും കൂടെ അഭിനയിക്കേണ്ടുന്ന നടീനടന്മാരെയും പ്രൊഡ്യൂസറും സംവിധായകരും ചേർന്ന് നിശ്‌ചയിക്കുന്നത് സൂപ്പർസ്‌റ്റാറിന്റെ ഉപദേശം വാങ്ങിയാണ്. നേരത്തെ നിശ്‌ചയിച്ചുറപ്പിച്ച് അഡ്വാൻസ്‌വരെ കൊടുത്ത് കരാറാക്കിയ പലരും ഷൂട്ടിംഗ് തുടങ്ങുമ്പോൾ അപ്രത്യക്ഷരാവുന്നത് ഇങ്ങനെയുള്ള ഉപദേശം കൊണ്ടാണത്രെ.
പക്ഷേ ഇതിനെതിരെ ശബ്‌ദമുയർത്തുന്നവരില്ലെ? അപൂർവ്വമായിട്ടാണെങ്കിലും ഉണ്ട്. പക്ഷേ അങ്ങനെ ഒറ്റയാൻ ശബ്‌ദമുയർത്തുന്നവരും അവരുടെ ഭാഗം കുറ്റമറ്റതാക്കാൻ ശ്രമിക്കണം. അങ്ങനെ ഉണ്ടാവുന്നില്ല എന്നതാണ് സത്യം. ഈയിടെ അഡ്വാൻസ്‌കൊടുത്ത് നിർത്തിയ തിലകനെ അവസാനനിമിഷം ഒഴിവാക്കിയപ്പോൾ, ആദ്യമൊക്കെ ആവേശപൂർവ്വം ആ നടനെ പിന്താങ്ങാൻ ഏറെ പേരുണ്ടായെങ്കിലും തിലകന്റെ സമീപനവും ശരിയായിരുന്നില്ല എന്ന് തെളിഞ്ഞതോടെ അവർ മിക്കവരും പിന്മാറി. ഇപ്പോൾ സാഹിത്യ നിരൂപകനായ അഴിക്കോടും ഏതാനും അനുയായികളും മാത്രമേ തിലകന്‌വേണ്ടി സംസാരിക്കുന്നുള്ളു. പലപ്പോഴും പരസ്‌പര വിരുദ്ധമായി സംസാരിക്കുകയും ജാതിക്കാർഡ് കളിക്കുകയും ചെയ്‌തതാണ് തിലകന് പറ്റിയ പരാജയം. തിലകന്റേത് വ്യക്തിവൈരാഗ്യമാണെന്ന് പറയേണ്ടിയിരിക്കുന്നു. തിലകനെ ഒഴിവാക്കിയ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നില്ലെങ്കിലും തിലകന്റെ ശക്തമായ ആരോപണങ്ങളിലധികവും മമ്മൂട്ടിക്കെതിരെയാണ് തിലകനുവേണ്ടി രംഗത്ത് വന്നനിരൂപക കേസരിയാവട്ടെ മോഹൻലാലിനെതിരെയാണ് ശബ്‌ദമുയർത്തുന്നത്. മലയാള സിനിമയുടെ ഇന്നത്തെ അവസ്‌ഥയെപ്പറ്റി സംസാരിക്കാൻ തീർച്ചയായും അഴിക്കോടിനവകാശമുണ്ട്. പക്ഷേ അതൊക്കെ അതിര് വിട്ട വ്യക്തിഹത്യയായി മാറുമ്പോൾ സ്‌ഥിതിയാകെ മാറുന്നു. മോഹൻലാൽ സ്വർണ്ണക്കടകൾക്ക് വേണ്ടി അഭിനയിക്കുമ്പോൾ ചില നടികളുടെ നേർക്ക് നോക്കിയുള്ള സംസാരം ശരിയല്ലത്രെ. പോരാത്തതിന് ഈയിടെ ഖാദിവസ്‌ത്രത്തിന്‌വേണ്ടി പ്രതിഫലമൊന്നുമില്ലാതെ ലാൽ അഭിനയിക്കാൻ സമ്മതിച്ചതും അഴിക്കോടിനിഷ്‌ടമായില്ല. ലാലിനതിനുള്ള അർഹതയില്ല എന്നുമാത്രമല്ല, അദ്ദേഹത്തിനുകൊടുത്ത ലഫ്‌ടനന്റ് കേണൽ പദവിവരെ എടുത്തു മാറ്റണമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണിയോട് ആവശ്യപെടാനും തയ്യാറായിരിക്കുന്നു. ഇത് മലയാള സിനിമ നന്നാക്കാൻ വേണ്ടിയുള്ള വിമർശനമല്ല വ്യക്തിഹത്യയാണ്. തിലകൻ പറയുന്നത് പിന്നയും വിചിത്രമായ കാര്യങ്ങളാണ്. മമ്മൂട്ടിയോടൊത്ത് അഭിനയിക്കുമ്പോൾ പൊരുത്തപ്പെടാൻ പറ്റാത്തതുകൊണ്ട് അഭിനയ സമയത്തെ ‘കെമിസ്‌ട്രി’ ഇല്ലാതാവുന്നത്രെ. പലപ്പോഴും യാന്ത്രികമായ പ്രകടനമാണത്രെ, മമ്മൂട്ടിയുടേത്, മാത്രമല്ല, ഈ വിവാദത്തിൽ അദ്ദേഹം കപടനാടകമാടുകയാണെന്ന്‌കൂടി തിലകൻ പറയുന്നു. ഇതൊക്കെ കേവലം വ്യക്തി ഹത്യയല്ലെങ്കിൽ പിന്നെന്താണ്.? ഫലത്തിൽ തിലകനും അഴിക്കോടും മലയാള സിനിമയിലെ അരാജകവസ്‌ഥയെപ്പറ്റിയോ, ഫാൻസ് അസോസിയേഷനെതിരെയോ സംസാരിക്കേണ്ടതിന് പകരം വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നതുകൊണ്ട് അവരുടെ ലക്ഷ്യം പാളുന്നു.
ഒരു നടൻ എങ്ങനെ അഭിനയിക്കണമെന്നും അയാളുടെ കൂടെ ആരൊക്കെ ഉണ്ടാവണമെന്നും തീരുമാനിക്കേണ്ടത് സിനിമാ സംവിധായകനാണ്, അഴിക്കോടല്ല. അതുപോലെ തനിക്കിഷ്‌ടമില്ലാത്ത സൂപ്പർ സ്‌റ്റാറിന്റെ കൂടെ അഭിനയിക്കേണ്ടിവരുമ്പോൾ തന്റെ കഴിവ് പുറത്തെടുക്കാൻ പറ്റുന്നില്ലെങ്കിൽ, നടനെ കുറ്റംപറയുകയല്ല, ആ സിനിമയിൽ നിന്ന് മാന്യമായി പിൻവാങ്ങുകയാണ്, തിലകൻ ചെയ്യേണ്ടത്. ഫലത്തിൽ രണ്ട് പേരുടെയും ശ്രമങ്ങൾ വ്യക്തിഹത്യകൾ മാത്രമായി മാറുമ്പോൾ സൂപ്പർസ്‌റ്റാറുകൾ രണ്ടുപേരും രക്ഷപ്പെടുന്നു. ഫാൻസ് അസോസിയേഷനുകളുടെ വിളയാട്ടം പിന്നെയും തുടരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രിസിഡന്റ് ഇന്നസെന്റ് പറഞ്ഞത് ഇവിടെ അന്വർത്‌ഥമാകുന്നു. ‘അമ്മികൊത്താനുണ്ടോ അമ്മികൊത്താനുണ്ടോ’ എന്ന് നാട്ടിൻ പുറത്ത് വിളിച്ചു ചോദിച്ചു നടക്കുന്നചിലരെപ്പോലെയാണ് തനിക്ക് വഴങ്ങാത്ത ഒരു മേഖലയെപ്പറ്റി പറയുന്ന അഴിക്കോടിന്റെ ശ്രമം ഫലത്തിൽ പരിഹാസദ്യോതകമാണ്. മലയാള ഫാൻസ് അസോസിയേഷൻകാർ സൃഷ്‌ടിക്കുന്ന അരാജകത്വത്തെപ്പറ്റി പറയാതെ അപഹാസ്യപ്രസ്‌താവനകൾ നടത്തുന്നതിലൂടെ തന്റെ നിലയും വിലയും കളഞ്ഞുകുളിക്കുകയാണദ്ദേഹം. ജാതിക്കാർഡ് കളിക്കുന്നവരും ഇഷ്‌ടമല്ലാത്തയാളെപ്പറ്റി വിവാദങ്ങളുണ്ടാക്കുന്നവരും എത്രപ്രഗത്‌ഭമതികളാണെങ്കിലും പൊതുജനം അർഹിക്കുന്ന അവജ്ഞയോടൊയാവും നോക്കിക്കാണുക. ഫലത്തിൽ മലയാളസിനിമയുടെ ഭാവി തീരുമാനിക്കേണ്ട ചുമതല പ്രേക്ഷകർക്ക് മാത്രമായി മാറുന്നു.
Generated from archived content: editori1_mar17_10.html Author: editor1