നീതിപീഠം നീതിരഹിതമാവുന്നുവോ?

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും അടിത്തറയായി ജനങ്ങൾ കാണുന്നത്‌ നീതിന്യായ പീഠത്തെയാണ്‌. ഭരണകൂടവും മറ്റധികാരസ്‌ഥാപനങ്ങളും കൈവെടിഞ്ഞാലും സാധാരണക്കാർ വിശ്വാസപൂർവ്വം ആശ്രയിക്കാവുന്ന അവസാനത്തെ അത്താണി നീതിന്യായപീഠമാണ്‌. ജനങ്ങളുടെ വിശ്വാസം വാസ്‌തവമാണെന്ന്‌ തെളിയിക്കുന്ന ധാരാളം കോടതി വിധികൾ വന്നിട്ടുണ്ട്‌.

നമ്മുടെ നീതിപീഠത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ആക്ഷേപം കേസ്സുകളുടെ അവസാനവിധി വരാൻ ചിലപ്പോൾ ദീർഘകാലം കാത്തിരിക്കേണ്ടിവരുമെന്നതാണ്‌. വൈകിയെത്തുന്ന നീതി, ഫലത്തിൽ നീതി നിഷേധിക്കുന്നതിന്‌ തുല്യമാണ്‌. കോടതിയിൽ നടന്നുള്ള ആശ്വാസവിധി വന്നാലും നീതി ലഭിക്കേണ്ട ആൾ ചിലപ്പോൾ മരണപ്പെട്ടേക്കാം, അതല്ലെങ്കിൽ വാർദ്ധക്യ ദശയിലെത്തിയിരിക്കാം. എങ്കിലും നീതി എപ്പോഴെങ്കിലും ലഭിക്കും എന്നൊരു വിശ്വാസം ജനങ്ങളുടെ മനസ്സിലുണ്ട്‌.

കോടതികൾ കേസ്‌ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും സാധാരണക്കാരന്‌ നീതിലഭിക്കാൻ വൈകുന്നതിനെക്കുറിച്ചുള്ള ആക്ഷേപം നേരത്തേമുതലുണ്ട്‌. നമ്മുടെ കോടതികളുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യത്തോടെ വിമർശനം നടത്തിയ ആദ്യവ്യക്തി – ഒരു പക്ഷേ കേരളത്തിലെന്നല്ല ഇൻഡ്യയിൽ തന്നെ ആദ്യ വിമർശനമുയർത്തിയ വ്യക്തി – ഇ.എം.എസ്‌. നമ്പൂതിരിപ്പാടാണ്‌. അദ്ദേഹം ശിക്ഷിക്കപ്പെട്ടു. കാരണം അന്നദ്ദേഹം സംസ്‌ഥാന മുഖ്യമന്ത്രിയായിരുന്നു. നീതിപീഠം സാധാരണക്കാരന്റെയും സമൂഹത്തിൽ താഴെതട്ടിൽ നിൽക്കുന്നവന്റെയും പ്രശ്‌നങ്ങളിൽ, കുറെക്കൂടി മാനുഷികമായ സമീപനം സ്വീകരിക്കണമെന്ന നിലപാടായിരുന്നു അദ്ദേഹമുന്നയി ച്ചത്‌. അദ്ദേഹത്തിന്റെ അഭിപ്രായം കോടതിയലക്ഷ്യമായിക്കാണുകയും അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്‌ത സാഹചര്യത്തിൽ – മുഖ്യമന്ത്രിപദം രാജിവയ്‌ക്കണമെന്ന്‌ വരെ പ്രതിപക്ഷമുൾപ്പെടെയുള്ളവർ മുറവിളികൂട്ടുകയുണ്ടായി. പക്ഷേ, ഈ ബഹളം വച്ചവർ തന്നെ, അദ്ദേഹത്തിന്റെ അഭിപ്രായത്തിന്‌ കഴമ്പുണ്ടെന്ന്‌ പിന്നീട്‌ കണ്ടെത്തി. നീതിപീഠം വിമർശിക്കപ്പെടരുതെന്ന കാഴ്‌ചപ്പാട്‌ മാറ്റണമെന്നുള്ളത്‌ ഇപ്പോൾ സുപ്രീംകോടതിവരെ അധികരിച്ചിരിക്കുകയാണ്‌.

ഇപ്പോൾ കോടതികളെപ്പറ്റി ഉയർന്നുവരുന്ന ആക്ഷേപങ്ങൾ ഒറ്റപ്പെട്ടതല്ല. ഒരു സംസ്‌ഥാന ജഡ്‌ജി കണക്കിൽ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്നും, ഗവഃഭൂമിയുൾപ്പെടെ അനധികൃതമായി വസ്‌തുകയേറിയെന്നുമുള്ള അക്ഷേപത്തെ പ്രതി അദ്ദേഹം പാർലിമെന്റിന്റെ ‘ഇംപീച്ച്‌മെന്റ്‌’ നടപടി വരെ നേരിടേണ്ടി വരുമോ എന്ന ഭീക്ഷണിയിലാണ്‌. വേറൊരു ന്യായധിപൻ – അദ്ദേഹം മലയാളിയാണ്‌ – ഈയിടെ പറഞ്ഞ ഒരഭിപ്രായവും ആക്ഷേപാർഹമായതാണ്‌. താനാദ്യം അൽമായക്കാരനാണെന്നും പിന്നീടേ ഇൻഡ്യാക്കാരനാവുന്നുള്ളുവെന്നുമാണ്‌. അദ്ദേഹത്തിന്റെ ബെഞ്ചിൽ അദ്ദേഹം പ്രതിനിധീകരിക്കുന്ന സമുദായവുമായി ബന്ധപ്പെട്ട ഒരു കേസ്‌ വരികയാണെങ്കിൽ അദ്ദേഹത്തിന്റെ നിലപാട്‌ ന്യായയുക്തമാവുമെന്ന്‌ എങ്ങനെയാണ്‌ പ്രതീക്ഷിക്കുക? കേരളത്തിലെയോ മറ്റ്‌ സംസ്‌ഥാനങ്ങളിലെയോ ജഡ്‌ജിമാർ മാത്രമല്ല, സുപ്രീം കോടതി ജഡ്‌ജിമാർ വരെ മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള നിരവധി ആരോപണങ്ങൾക്ക്‌ വിധേയരായിക്കൊണ്ടിരിക്കുന്നു.

ഇൻഡ്യൻ പോലീസ്‌ സേനയിലെ അഴിമതിയും സ്വജനപക്ഷാപാതവും മുമ്പെന്നത്തെക്കാളേറെ ഏറിയിട്ടുണ്ട്‌. കൈക്കൂലിവാങ്ങി, കേസ്‌ കോടതിയിൽ വരാതിരിക്കാനും, വന്നാൽ തന്നെ ശിക്ഷലഭിക്കാതെ കേസ്സിൽ നിന്ന്‌ രക്ഷപ്പെടാനുമുള്ള പഴുതുകളിട്ടുള്ള പ്രഥമവിവരറിപ്പോർട്ടും കേസ്സന്വേഷണവുമാവും ഇവർ നടത്തുക. പലപ്പോഴും പോലീസ്‌ സേനയിലെ തന്നെ മുതിർന്ന പോലീസ്‌ ഉദ്യോഗസ്‌ഥർവരെ കൊടുംപാതകങ്ങൾ ചെയ്‌ത്‌ രക്ഷപ്പെടുന്ന അവസ്‌ഥകൾ – ഇപ്പോൾ വെളിച്ചത്ത്‌ വന്നിരിക്കുന്നു. മഹാരാഷ്‌ട്രയിലെ ഐ.പി.എസ്‌. കേഡറിലുള്ളവർ ഉൾപ്പെട്ട ഏതാനും പോലീസുദ്യോഗസ്‌ഥർ ഏറ്റവും വലിയ അധോലോകനായകന്റെ കൂട്ടാളിയുടെ ക്രിസ്‌മസ്‌ – ന്യൂ ഇയർ ആഘോഷങ്ങളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ചില ചാനലുകളിൽ വന്നത്‌കൊണ്ട്‌ മാത്രം അവർ സസ്‌പെൻസ്‌ ചെയ്യപ്പെടുകയുണ്ടായി. ഹരിയാനയിലെ മുൻ ഡി.ജി.പി. ടെന്നീസ്‌ കളിക്കാരിയായ ഒരു ബാലികയെ പീഢിപ്പിച്ചതിന്റെ പേരിലുള്ള കേസ്സിന്റെ വിധി വന്നത്‌ 19 വർഷങ്ങൾക്ക്‌ ശേഷം ഈയിടെ മാത്രമാണ്‌. കേസ്‌ വന്നതിന്റെ പേരിൽ വീണ്ടും അതിക്രമങ്ങൾക്കും ഭീഷണിക്കും വിധേയയായ ആ പെൺകുട്ടി, കേസ്‌ കോടതിയിലെത്തി മൂന്ന്‌വർഷങ്ങൾക്ക്‌ ശേഷം ആത്‌മഹത്യ ചെയ്യുകയുണ്ടായി. ഇപ്പോൾ വന്ന ശിക്ഷയാകട്ടെ, ഈ മുൻ ഡി.ജി.പി.ക്ക്‌ ലഭിച്ചത്‌ 6 മാസത്തെ തടവ്‌ ശിക്ഷയും നിസ്സാരമായൊരു തുക പിഴകെട്ടണമെന്നതും. രാജ്യത്തെ പ്രമുഖമാധ്യമങ്ങളും ഏതാണ്ടെല്ലാ രാഷ്‌ട്രീയപാർട്ടികളും വനിതാസംഘടനകളും മഹിളാസംഘടനകളും ബഹളം വച്ചതിന്റെ പേരിൽ ആ കേസ്‌ വീണ്ടുമൊരു അന്വേഷണത്തിന്‌ വിധേയമായിരിക്കുകയാണ്‌. ഇപ്പോൾ ശിക്ഷിക്കപ്പെട്ട ഈ മുൻ പോലീസുദ്യോഗസ്‌ഥന്‌, കേസ്സിന്റെ വിചാരണ വേളയിൽ തന്നെ വിശിഷ്‌ട സേവനത്തിനുളള പോലീസ്‌ മെഡലുകളും സ്‌ഥാനക്കയറ്റവും ലഭിച്ചുവെന്നതാണ്‌, ഏറ്റവും വിരോധാഭാസമായി മാറിയ സംഭവം. അങ്ങനെ വരുമ്പോൾ കുറ്റകൃത്യം ഗവൺമെന്റുകൂടി അറിഞ്ഞുകൊണ്ടാണോയെന്ന ചോദ്യമുയരുന്നു.

ഈ കേസ്സിന്റെ വിധിവരാൻ ഇത്രയും വർഷം വൈകിയതെന്ത്‌കൊണ്ടാണ്‌? വളരെ താഴ്‌ന്നവരുമാനക്കാരായ പെൺകുട്ടിയുടെ അച്‌ഛനും അമ്മയും സഹോദരനും കേസ്‌ നീട്ടുകയായിരുന്നില്ലല്ലൊ…… മാത്രമല്ല, പോലീസുദ്യോഗസ്‌ഥന്‌ ബാലികയുടെ കുടുംബത്തെ കായികമായും മാനസികമായും പീഡിപ്പിക്കാനുള്ള അവസരങ്ങൾ പിന്നെയും ലഭിച്ചു. പെൺകുട്ടി പഠിച്ചിരുന്ന സ്‌കൂളിൽ നിന്ന്‌ ഫീസ്‌ കൊടുക്കാത്തതിന്റെ പേരുപറഞ്ഞ്‌ പുറത്താക്കാൻ സ്‌കൂളധികൃതരെ പ്രേരിപ്പിക്കാനും ഈ ഉദ്യോഗസ്‌ഥപ്രഭുക്കൾക്ക്‌ സാധിച്ചു. കേസ്‌ ഇത്രയും നീട്ടിയതിനും പോലീസുദ്യോഗസ്‌ഥന്‌ നാമമാത്രമായ ശിക്ഷ നൽകി കേസ്‌ അവസാനിപ്പിക്കാനും കാരണം കോടതിയും പോലീസ്‌ വകുപ്പും തമ്മിലുള്ള അവിശുദ്ധബന്ധം മൂലമാണെന്ന്‌ ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാൽ അതത്ര നിസ്സാരമായി കാണാവുന്നതല്ല.

പോലീസ്‌ സേനയിൽ ചെറിയൊരു ന്യൂനപക്ഷം മാത്രമേ അതിക്രമങ്ങൾ കാട്ടുന്നവരായി ഉളളുവെങ്കിലും അവർക്കൊക്കെ ജുഡീഷ്യറിയേയും അധികാരവർഗ്ഗത്തേയും സ്വാധീനിക്കാനാവുന്നുവെന്നത്‌ – ഈ രാജ്യത്തെ നിയമവ്യവസ്‌ഥയെത്തന്നെ ബാധിക്കുന്ന മാറാരോഗമാണ്‌. രാജ്യത്തെ സാധാരണക്കാരൻവരെ ഉറ്റുനോക്കുന്ന അവസാനത്തെ അഭയമായി കാണുന്ന ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടാൽ – ഈ നാടിന്റെ ഭാവിയെക്കുറിച്ച്‌ ആശങ്കപ്പെടേണ്ട അവസ്‌ഥയാണുള്ളത്‌.

Generated from archived content: editori1_jan13_10.html Author: editor1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here