ശോചനീയമായ ഇൻഡ്യൻ വ്യവസ്‌ഥ

നമ്മുടെ ഭരണകൂടം തീർത്തും നിഷ്‌ക്രിയമാവുകയോണോ? അങ്ങനെ സംശയിക്കേണ്ട സാഹചര്യങ്ങളാണ്‌ ഈയിടെയായി ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും കൂടി നമുക്ക്‌ കാണാനും വായിക്കാനുമാവുന്നത്‌.

തിരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികളും കേരളത്തിലെയും കേന്ദ്രത്തിലെയും മന്ത്രിമാരും എപ്പോഴും വിവാദങ്ങൾ സൃഷ്‌ടിക്കുന്നതിലാണ്‌ ശ്രദ്ധ. ഏറ്റവും അവസാനം ഐ.പി.എൽ. വിവാദത്തിൽ കുരുങ്ങി ഒരു കേന്ദ്രമന്ത്രിക്ക്‌ രാജിവെക്കേണ്ടി വന്നിരിക്കുന്നു. ഈ രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും തീർത്തും വിലയില്ലാത്ത ഒരവസ്‌ഥ. ഭൂമികയ്യേറ്റവും തൊഴിൽ നിഷേധവും നടക്കാത്ത പദ്ധതികൾക്ക്‌ വേണ്ടി സർക്കാർ, ജനങ്ങളുടെ ഭൂമി അക്വയർ ചെയ്യുകയും കുടിയൊഴിപ്പിക്കുന്നവർക്ക്‌ പകരം ഭൂമി നൽകാതിരിക്കുകയും – ഇതൊക്കെ സ്‌ഥിരം കാഴ്‌ചകളോ വാർത്തകളോ ആയിമാറുന്നു. ഭക്ഷ്യക്ഷാമവും കുടിവെള്ള ദൗർല്ല്യഭ്യവും രൂക്ഷമായ വിലക്കയറ്റവും മൂലം പൊറുതി മുട്ടിയിരിക്കുന്ന സാധാരണക്കാർക്ക്‌ ആശ്വാസം പകരുന്ന ഒരു നടപടിയും സ്വീകരിക്കാതെ ഒരിക്കലും നടപ്പിൽ വരില്ലെന്നവർക്ക്‌ ബോദ്ധ്യമുള്ള ഏതെങ്കിലും ക്ഷേമപദ്ധതികളുടെ മറവിൽ ഊരുചുറ്റുകയോ ഉദ്‌ഘാടനങ്ങളിലോ സെമിനാറുകളിലോ പങ്കുകൊള്ളുകയോ ചെയ്യുന്നു.

കേന്ദ്രവും സംസ്‌ഥാനവും ജനങ്ങൾക്കുവേണ്ടി വിദ്യാഭ്യാസം, തൊഴിലുറപ്പ്‌, റോഡ്‌നിർമ്മാണം എന്നൊക്കെ പേരുപറഞ്ഞ്‌ ചില നിയമങ്ങൾ പാസ്സാക്കുന്നുണ്ട്‌. പക്ഷേ, ഇവയുടെയൊക്കെ പ്രയോജനം സാധാരണ ജനങ്ങളുടെ ഇടയിലേക്ക്‌ എത്തുന്നില്ലെന്ന്‌മാത്രം. ഛത്തിസ്‌ഖണ്ഡിൽ ഈയിടെയാണ്‌ നക്‌സലാക്രമണത്തില 76 ജവാന്മാരുടെ ജീവൻ ബലികൊടുക്കേണ്ടി വന്നത്‌. ഇഡ്യയിൽ നക്‌സൽബാരി പ്രസ്‌ഥാനം തുടങ്ങിയത്‌ 1967-ലാണ്‌, പശ്ചിമബംഗാളിലെ നക്‌സൽബാരി എന്ന സ്‌ഥലത്ത്‌ ചാരുമജൂംദാരും കനുസന്ന്യാലും തുടക്കമിട്ട ആ പ്രസ്‌ഥാനം വർഗ്ഗശത്രുക്കളെ ഉന്‌മൂലനം ചെയ്‌ത്‌ ജനങ്ങൾക്കുവേണ്ടി നിലകൊള്ളുക എന്ന ലക്ഷ്യമിട്ട്‌ ഒറ്റപ്പെട്ട ചില കൊലപാതകങ്ങളും സർക്കാരാധിപത്യത്തിനും പോലീസ്‌ അതിക്രമത്തിനുമെതിരെ ചില ഒളിയാക്രമണങ്ങളും നടത്തിയിരുന്നെങ്കിലും സാധാരണക്കാർക്കും സമൂഹത്തിൽ താഴെക്കിടയിൽ കഴിയുന്നവർക്കും അധികം ഉപദ്രവമൊന്നും നേരിട്ടിരുന്നില്ല. കാലക്രമേണ പ്രസ്‌ഥാനം പിന്നോക്കപ്രദേശങ്ങളിലും ആദിവാസികളും ഗിരിജനങ്ങളും പാർക്കുന്ന സ്‌ഥലങ്ങളിലും ആധിപത്യമുറപ്പിച്ചെങ്കിലും ലക്ഷ്യം പലപ്പോഴും പാളിപോകുന്നതായിട്ടാണ്‌ കണ്ടുവരുന്നത്‌. പാർലമെന്ററി വ്യാമോഹമുള്ള നേതാക്കന്മാരും വ്യവസായികളെയും അധികാരികളെയും വിറപ്പിച്ച്‌ പെട്ടെന്ന്‌ ധനവാനാകാമെന്ന മോഹമുള്ളവരും തലപ്പത്ത്‌ വന്നതോടുകൂടി, ഭീകരാക്രമണം മുഖമുദ്രയാക്കിയ – ധനാർത്തി ലക്ഷ്യമാക്കിയ ഒരുപറ്റം നേതാക്കന്മാർ ഈ പ്രസ്‌ഥാനത്തിൽ ഇൻഡ്യയിലെ മിക്ക സംസ്‌ഥാനങ്ങളിലും ആധിപത്യമുറപ്പിച്ചതോടുകൂടി വിപ്ലവ പ്രസ്‌ഥാനത്തിന്റെ ഉദ്ദേശശുദ്ധി തന്നെ മാറിപ്പോയി. എങ്കിലും ഇൻഡ്യയിലെ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളായ ഛത്തിഖണ്ഡ്‌, ത്സാർഖണ്ഡ്‌, ഒറീസ്സ, ബീഹാർ, ബംഗാൾ ഇവിടങ്ങളിലെ പിന്നോക്ക പ്രദേശങ്ങളിലും വനങ്ങളോട്‌ ചേർന്ന്‌ കിടക്കുന്ന ഗ്രാമപ്രദേശങ്ങളിലും അവരുടെ സ്വാധീനം വർദ്ധിക്കുകയാണുണ്ടായത്‌. പശ്ചിമബംഗാളിലെ മിഡ്‌നാപൂർ ജില്ലയിലെ ഒരു പിന്നോക്കഗ്രാമം മാസങ്ങളോളം നക്‌സലുകളുടെ അധീനതയിലായിരുന്നുവെന്നു മാത്രമല്ല, അവിടത്തെ പോലീസ്‌ സ്‌റ്റേഷനും സർക്കാർസ്‌ഥാപനങ്ങളും കയ്യടക്കിവച്ചിരിക്കുകയായിരുന്നു. പിന്നീട്‌ കേന്ദ്രസേനയുടെ സഹായത്തോടെയാണ്‌ അവരെ തുരത്തിയത്‌. തെക്കേ ഇൻഡ്യയിലും പ്രത്യേകിച്ച്‌ ആന്ധ്ര, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങളിൽ ചിലയിടത്തും ഇവർക്ക്‌ നിർണ്ണായകമായ സ്വാധീനമുണ്ട്‌.

എന്ത്‌കൊണ്ട്‌ നക്‌സലൈറ്റുകളുടെ സ്വാധീനം ഇവിടെയൊക്കെ വർദ്ധിച്ചുവരുന്നു. ഈയിടെ ഈ പ്രദേശങ്ങളിൽ സാഹസികരായ ചില പത്രപ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞുവരുന്ന കാര്യങ്ങൾ, ഈ വിഷയത്തിൽ വേണ്ടത്ര ഉൾവെളിച്ചം നൽകുന്നുണ്ട്‌. നമ്മുടെ കേന്ദ്രസംസ്‌ഥാന സർക്കാറുകൾ ഈ പിന്നോക്കപ്രദേശങ്ങളിലെ ജനങ്ങൾക്ക്‌വേണ്ടി നേരത്തേ പ്രഖ്യാപിച്ച്‌ നടപ്പിലാക്കിയ ക്ഷേമപദ്ധതികളുടെ പ്രയോജനം ഇവർക്ക്‌ ലഭിച്ചിട്ടില്ലെന്ന്‌ മാത്രമല്ല, അതിന്‌വേണ്ടി ചിലവഴിക്കുന്ന പണവും ധാന്യവും ചെന്നെത്തുന്നത്‌ ഇടനിലക്കാരായി വരുന്ന കോൺട്രാക്‌ടർമാർക്കും ഉദ്യോഗസ്‌ഥർക്കും ആണെന്നതാണ്‌. അതിനെപ്പറ്റി ആരെങ്കിലും ചോദ്യം ചെയ്‌താൽ അവനൊക്കെ ചെന്ന്‌പെടുന്നത്‌ ഏതെങ്കിലും കള്ളക്കേസ്സിൽ പ്രതിയായി പോലീസ്‌ ലോക്കപ്പിലായിരിക്കും. പോലീസിന്റെ അതിക്രമം അവന്റെ കുടുംബത്തോടും അതിനോടടുത്ത താമസക്കാരോടും മാത്രമല്ല, ആ പ്രദേശമാകെതന്നെ മർദ്ദനമഴിച്ചുവിട്ടുകൊണ്ടായിരിക്കും. സ്‌ഥലം വിട്ടുപോകേണ്ടിവരുന്ന ഇവരുടെയൊക്കെ രക്ഷകന്മാരുടെ റോളിലായിരിക്കും നക്‌സലൈറ്റുകളുടെ രംഗപ്രവേശം. തീർച്ചയായും അക്രമത്തിന്റെ ഭാഷയിൽ തന്നെയാവും അവരും പ്രതികരിക്കുക. അതിന്റെ രൂക്ഷമായ പ്രത്യാക്രമണ നടപടിയുടെ ഫലമായിരുന്നു, ഓപ്പറേഷൻഹണ്ട്‌ പ്രോഗ്രാമിൽ പങ്കെടുക്കാൻ പോയ 76 ജവാന്മാർക്ക്‌ നേരിട്ട ദുരന്തം.

നമ്മുടെ ഭരണകൂടം എന്നിട്ടും സമയത്തിനൊത്തുയരുന്നില്ല. അവരുടെ പല പ്രഖാപനങ്ങളും ചെയ്‌തികളും തീർത്തും പരിഹാസ്യമായരീതിയിലാണ്‌ കണ്ടുവരുന്നത്‌. ദേശീയപതാകയിൽ പൊതിഞ്ഞ മരിച്ച ജവാന്മാരുടെ മൃതദേഹത്തിൽ റീത്ത്‌ വച്ചതിന്‌ശേഷം നമ്മുടെ കേന്ദ്രആഭ്യന്തരമന്ത്രി നടത്തിയ രാജിനാടകമാണ്‌ പത്രക്കാരുടെയും നേതാക്കന്മാരുടെയും രൂക്ഷമായ വിമർശനത്തിന്‌ പാത്രമായത്‌. നമ്മുടെ നാട്ടിൽ ഒരു ഭീകരാക്രമണമോ, ട്രെയിൻ ദുരന്തമോ, ഡാം തകർന്ന്‌ ആളപായം ഉണ്ടാവുകയോ, ചെയ്‌താൽ ഉടനെ അതിന്റെ ചുമതല വഹിക്കുന്ന മന്ത്രിമാർ രാജിപ്രഖ്യാപിക്കുക എന്നനടപടി, മുൻപ്രധാനമന്ത്രി ലാൽബഹദൂർശാസ്‌ത്രി നെഹ്‌റു മന്ത്രിസഭയിൽ അംഗമായിരുന്നപ്പോൾ ട്രയിൻ ദുരന്തമുണ്ടായി ആളപായം നേരിട്ടപ്പോൾ നടത്തിയ രാജി പ്രഖ്യാപനത്തോടെ തുടങ്ങിയതാണ്‌. പക്ഷേ ശാസ്‌ത്രി കാണിച്ച ആത്‌മാർത്ഥതയോ സത്യസന്ധതയോ പിന്നീട്‌ വന്ന ഒരു മന്ത്രിമാർക്കും ഉണ്ടായിരുന്നില്ല എന്നതാണ്‌ സത്യം. മന്ത്രി രാജി പ്രഖ്യാപിക്കുകയും പ്രധാനമന്ത്രി അത്‌ നിരസിക്കുകയും ചെയ്യുന്നു എന്നത്‌ ഒരു പതിവ്‌ പ്രക്രിയയായി മാറിയിരിക്കുന്നു. ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ രാജിയും ആ നിലയിലാണ്‌ നോക്കികാണേണ്ടത്‌. മരിച്ച ജവാന്മാരുടെ കുടുംബത്തിന്‌ ഭീമമായ തുക നഷ്‌ടപരിഹാരമെന്ന നിലയിൽ കൊടുക്കുകയും കേന്ദ്ര ആഭ്യന്തരമന്ത്രി പ്രധാനമന്ത്രി നിരസിക്കുമെന്നുറപ്പുള്ള ഒരു രാജികൊടുക്കുകയും ചെയ്‌താൽ എല്ലാം ശാന്തമായിത്തീരുമെന്നാണോ ഇവരൊക്കെ ധരിച്ചിരിക്കുന്നത്‌?

എന്തുകൊണ്ട്‌ നക്‌സലൈറ്റുകളുടെ സ്വാധീനം വർദ്ധിച്ച്‌വരുന്നുവെന്നുള്ളതുപോലെ തന്നെ കൂലങ്കഷമായി അന്വേഷിക്കേണ്ട ഒരു വസ്‌തുതയാണ്‌ എന്ത്‌കൊണ്ട്‌ ഓപ്പറേഷൻഹണ്ട്‌ എന്ന പ്രോഗ്രാം പരാജയപ്പെടുകയും 76 ജവാന്മാരുടെ ജീവനപഹരിക്കപ്പെടുകയും ചെയ്‌തുവെന്നുള്ളതും.

ഈയിടെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പട്ടാള ഉദ്യോഗസ്‌ഥൻ ഒരു പത്രപ്രതിനിധിക്കുകൊടുത്ത വിവരങ്ങൾ ഇവിടത്തെ പട്ടാളമേധാവികളുടെയും ഭരണകൂടത്തിന്റെയും കണ്ണു തുറപ്പിക്കേണ്ടതാണ്‌. കാര്യക്ഷമമായ ട്രെയിനിംഗോ, ഓപ്പറേഷൻ ഹണ്ടിന്‌ വേണ്ടി തിരഞ്ഞെടുത്ത സ്‌ഥലത്തെപ്പറ്റി കൃത്യമായ വിവരമോ ഈ ജവാന്മാർക്കൊന്നും നൽകിയിട്ടില്ലത്രെ. കൊടുങ്കാട്ടിൽ നക്‌സലൈറ്റുകളുടെ താവളം എവിടെയാണെന്ന്‌ പോലും അറിയാതെയുള്ള യാത്ര. പൊടുന്നനെ അവർ ചെന്ന്‌പെടുന്നത്‌ ഭീകരർ മൈനുകൾ വിതറിയിട്ടുള്ള പാതയിലായിരിക്കും. ഛത്തിസ്‌ഗണ്ഡിലേയ്‌ക്കുള്ള യാത്രയിൽ ജവാന്മാരുടെ ജീവാഹൂതിവേണ്ടിവന്നത്‌ അങ്ങനെയാണ്‌. അതിനേക്കാളൊക്കെ ഭീകരവും ഞെട്ടിക്കുന്നതുമായ ഒരു വാർത്തകൂടി പുറത്ത്‌ വന്നിരിക്കുന്നു. ഈ ജവാന്മാർക്കൊന്നും നേരേചൊവ്വേ ഭക്ഷണം പോലും കിട്ടുന്നില്ലത്രെ. പലർക്കും ഒരു നേരം – ഡ്രൈഫുഡ്‌സ്‌ മാത്രമാണ്‌ കഴിക്കാനാവുക. ഇങ്ങനൊരു സാഹസികമായ ഒരു ദൗത്യത്തിന്‌വേണ്ടി ഇവരെ അയക്കുന്ന, മേലധികാരികളോ, ഭരണാധികാരികളോ, ഈ വകുപ്പ്‌ ഭരിക്കുന്ന മന്ത്രിമാരോ – ഇതൊക്കെ അറിയാതെ പോവുകയാണോ? അതോ – ഇവിടെയും ജവാന്മാർക്ക്‌വേണ്ടിമാറ്റിവയ്‌ക്കുന്ന ഭക്ഷണസാധനങ്ങൾ, വഴിതെറ്റി വേറേതെങ്കിലും താവളത്തിലേയ്‌ക്കാണോ പോവുന്നത്‌? നമ്മുടെ കേന്ദ്രത്തിലെയും സംസ്‌ഥാനങ്ങളിലെയും മന്ത്രിമാർ ഇതൊക്കെ അന്വേഷിക്കാമെന്ന പ്രഖ്യാപനവും വേണ്ടിവന്നാൽ ഒരു രാജിനാടകവും (പ്രധാനമന്ത്രി രാജി നിരസിക്കുമെന്നുള്ളത്‌ ഉറപ്പ്‌) എന്നിട്ട്‌ പരസ്‌പരം പഴിചാരിക്കൊണ്ട്‌ വീണ്ടും ഊരുചുറ്റലും അതാണ്‌ കണ്ട്‌ വരുന്നത്‌. വീണ്ടമൊരു തിരഞ്ഞെടുപ്പ്‌ വരുന്നത്‌ വരെ എന്തുമാകാമെന്നുള്ള ധാർഷ്‌ട്യം ഭരണകൂടത്തിലുള്ളവരും അവർക്ക്‌ ഒത്താശ പാടുന്ന ബ്യൂറോക്രസിയും വാർത്തകൾ ചോർത്തിയെടുത്ത്‌ നൽകുക എന്നതോടെ തങ്ങളുടെ ലക്ഷ്യം പൂർത്തികരിച്ചു എന്നുകരുതുന്ന മാധ്യമ പ്രവർത്തകരും കേസന്വേഷണം എത്രയുംകാലം നീട്ടിവയ്‌ക്കാമോ അത്രയും കാലം നീട്ടിയാൽ നീതിനിർവഹണം പൂർത്തിയായി എന്ന്‌ കരുതുന്ന ജുഡീഷ്യറിയും – ഇതെല്ലാം കണ്ടുംകേട്ടും – വീണ്ടും ഇവരെയൊക്കെത്തന്നെ അധികാരത്തിലേറ്റേണ്ടിവരുന്ന പൊതുജനവും ഇന്നത്തെ ഇൻഡ്യയുടെ അവസ്‌ഥയിതാണ്‌.

Generated from archived content: editori1_apr19_10.html Author: editor1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English