അടുത്തകാലത്ത് ഏറെ സജീവമായി നിലകൊണ്ടതും അതോടൊപ്പം സന്തോഷകരമായ പരിസമാപ്തിയിലെത്തിയ രാഷ്ടീയവും ദേശീയവുമായ സംഭവവികാസം, അണ്ണാഹസാരയുടെ 12 ദിവസം നീണ്ടുനിന്ന രണ്ടാം നിരാഹാര സമരം വിജയം വരിച്ച വാര്‍ത്തയാണ്.
43 വര്‍ഷമായി പാര്‍ലമെന്റിനകത്തും പുറത്തുമായി ചര്‍ച്ചാവിഷയമായിരുന്ന- രാഷ്ടീയക്കാരുടെയിടയിലും കോര്‍പ്പറേറ്റ്സ്ഥാപനങ്ങളിലും ഗവണ്‍ മെന്റ് സ്ഥാപനങ്ങളിലും പാര്‍ലമെന്റ് മെംബര്‍മാക്കിടയിലും അര്‍ബുദം പോലെ നിലനിന്നിരുന്ന അഴിമതി തുടച്ചു മാറ്റുന്നതിനു വേണ്ടി അവതരിപ്പിച്ച ലോക്പാല്‍ ബില്‍- അവസാനം അതിന്റെ ലക്ഷ്യം കണ്ടിരിക്കുകയാണ്. ഒന്‍പത് തവണയെങ്കിലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ക്കും പ്രതിപക്ഷത്തിനും താത്പര്യമില്ലാത്തതു മൂലം മൃതപ്രായമായി കിടന്നിരുന്ന ബില്ലിന്, ലളിതമായജീവിതശൈലികൊണ്ടുനടക്കുന്ന -തികച്ചും ഗാന്ധിയനായ 74 വയസ് പ്രായമുള്ള അണ്ണാഹസാരെയുടെ ഗാന്ധിയന്‍ സമരത്തിലൂടെയാണ് ലക്ഷ്യപ്രാപ്തി കൈവരിക്കാനായത്. നിരവധി അഗ്നി പരീക്ഷണങ്ങളാണ് അതിന് വേണ്ടി അണ്ണാഹസാരക്കും സംഘത്തിനും നേരിടേണ്ടി വന്നത്.
രാജ്യമെമ്പാടും അഴിമതിയില്‍ മുങ്ങിക്കുളിക്കുന്ന അവസ്ഥയില്‍ സര്‍ക്കാരാഫീസുകളിലെ പ്യൂണിനേയും വില്ലേജ് ഓഫീസര്‍ തുടങ്ങിയ മദ്ധ്യവര്‍ഗ്ഗ ഉദ്യോഗസ്ഥരേയും മാത്രം വേട്ടയാടുകയും കോടികള്‍ വരെ അടിച്ചു മാറ്റി വിദേശബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷ്ടീയ കക്ഷികളില്‍ പെട്ടവരേയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളേയും അതോടൊപ്പം വന്‍കിട വ്യവസായികളേയും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുമ്പോള്‍ നട്ടം തിരിയുന്നത് സാധാരണക്കാരാണ്. രാജ്യത്ത് ഏതൊരു രംഗത്തും ന്യായയുക്തമായ കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് കൈക്കൂലി കൊടുത്തേ ഒക്കൂ എന്ന അവസ്ഥ വരുമ്പോള്‍ ചൂഷണത്തിനെതിരേ തീവ്രവാദ സംഘടനകളും നക്സലൈറ്റുകളേ പോലുള്ളവരും രംഗത്തു വരുന്നതില്‍ കുറ്റം പറയാനാകില്ല. ഭരണത്തലപ്പത്തിരിക്കുന്നവര്‍ക്ക് ഇതൊക്കെ അറിയാവുന്നകാര്യമാണെങ്കിലും സ്ഥാപിത താത്പര്യക്കാരുടെ സ്വാധീനത്തിന് വഴങ്ങി ഒരു ജനാധിപത്യ രാഷ്ട്രത്തിന് യോജിക്കാത്ത ഭരണ സമ്പ്രദായം നടപ്പിലാക്കാനേ അവര്‍ക്കു കഴിയൂ.
നെഹ്രുവിന്റേയും ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടേയും കാലത്തെ പിന്നിട്ട്, പിന്നീട് വന്ന സര്‍ക്കാരുകളെല്ലാം നിക്ഷിപ്ത താത്പര്യക്കാരുടെ ആഞ്ജാനുവര്‍ത്തികളായി മാറിയപ്പോള്‍ പാര്‍ലമെന്റിലും സംസ്ഥാനനിയമ സഭകളിലും പാസ്സാക്കപ്പെടുന്ന ജനോപകാരപ്രദമായ പല ബില്ലുകളിലേയും- വ്യവസ്ഥകള്‍ പോലും ഭരണകൂടങ്ങള്‍ക്ക് നടപ്പിലാക്കാനാവാതെ പോകുന്നു. ഇവിടെ സര്‍ക്കാരാഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടമാടുന്ന കെടുകാര്യസ്ഥതയും അഴിമതിയും സാരമായ പങ്കുവഹിക്കുന്നുണ്ട്. മറ്റൊരു രാജ്യത്താണെങ്കില്‍ തീര്‍ച്ചയായും ആഭ്യന്തരകലഹങ്ങളും കൂട്ടമരണങ്ങളും കൊലപാതകങ്ങളും പിടിച്ചു പറിയുമെല്ലാം ഉണ്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്. ജനാധിപത്യ സമ്പ്രദായം ശക്തമായി നിലനില്‍ക്കുന്നതു മാത്രമാണ്, സമാധാനാന്തരീക്ഷം കുറേയൊക്കെ ഇവിടെ ഭദ്രമായി നിലനില്‍ക്കുന്നത്. കൂടി വന്നാല്‍ ഒരു ഹര്‍ത്താല്‍ – അല്ലെങ്കില്‍ ബന്ദ്- പണിമുടക്ക് ഇവയൊക്കെയായി ഇവിടത്തെ പ്രക്ഷോഭം ഒതുങ്ങി നില്‍ക്കുന്നു. സാധാരണക്കാരന്റെ അവസാനത്തെ അത്താണിയായി ജനങ്ങള്‍ കാണുന്ന ജുഡീഷ്യറി പോലും പലപ്പോഴും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തുയരാതെ പോയപ്പോള്‍ രാജ്യം അരാജകത്വത്തിലേക്കു വഴുതിപോയില്ലെന്നു മാത്രം. ഡോ. മന്മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ കോമണ്‍ വെല്‍ത്ത് ഗയിംസിന്റെ ഓര്‍ഗനൈയ്സിംഗ് രംഗത്തും ടെലികോം മേഖലയിലെ 2g സ്പെക്ടം ഇടപാടിലും തലപ്പത്തുവന്ന സുരേഷ് കല്‍മാഡി, എ. രാജ എന്നിവര്‍ ഭീമമായ കോടികള്‍ വരെ അടിച്ചു മാറ്റിയ കാര്യത്തില്‍ ഇപ്പോള്‍ പ്രതിസ്ഥാനത്താണ്. അവര്‍ക്കൊക്കെ ഈ അഴിമതി നടത്താനുള്ള സ്വാതന്ത്യം കൊടുത്തതല്ലെങ്കില്‍ പോലും , രാജ്യത്തിന്റെ സമ്പത്താണ് അഴിമതിയിലൂടെ ചില വ്യക്തികളുടെ കയ്യിലേക്ക് ചെന്നു പെട്ടത്. ഇതിനു പുറമേയാണ് അല്‍- ക്വയ്ദ പോലുള്ള തീവ്രവാദ സംഘത്തിലെ ആള്‍ക്കാര്‍ രാജ്യത്തിന്റെ അകത്തേക്കു നുഴഞ്ഞു കയറി മുംബൈ ചത്രപതി ശിവജി സ്റ്റേഷനിലും കൊളാബയിലും ജൂതസംഘടനയുടെ ആസ്ഥാനത്തും ടാജ് ഹോട്ടലിലും ബോംബ് സ്ഫോടനങ്ങള്‍ നടത്തി നിരവധി പേരുടെ അപമൃതുവിന് കാരണമായത്. ഇവിടുത്തെ ആഭ്യന്തര വകുപ്പിന്റെ പിടിപ്പ് കേട് ഇതില്‍ നിന്നും വ്യക്തമാകുന്നു.
കാല്‍ നൂറ്റാണ്ട് മുന്‍പ് ഭോപ്പാല്‍ ദുരന്തത്തിന്റെ കാരണക്കാരനായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സിനെ കോടതി മുഖേനെ ഹാജരാക്കി 25000 രൂപയുടെ ജ്യാമ്യത്തില്‍ നാട് വിടാന്‍ സഹായിച്ചതും, ബോഫോഴ്സ് കോഴക്കേസിലെ ക്വട്റോച്ചിക്ക് യാതൊരു പോറലുമേല്‍ക്കാതെ ഇന്‍ഡ്യ വിടാന്‍ കഴിഞ്ഞതും കേന്ദ്രഭരണകൂടത്തിന്റെ ഒത്താശ ലഭിച്ചതുകൊണ്ടു മാത്രമാണ്. ഇതിന്റെ തുടര്‍ച്ചയായെന്നോണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതതീവ്രവാദ സംഘടനകളുടേയും നക്സ്സലൈറ്റ് പ്രസ്ഥാനത്തിന്റെയും അതിരൂക്ഷമായ ആക്രമണ പരമ്പര മൂലം നിരവധി പേരുടെ ജീവനാണ് ബലി കൊടുക്കേണ്ടി വന്നത്. അതോടൊപ്പം പ്രകൃതി ദുരന്തം മൂലം വന്ന നാശനഷ്ടങ്ങളും രൂക്ഷമായ വിലക്കയറ്റവും ഭക്ഷ്യ ദൗര്‍ല്ലഭ്യവും മൂലം സാധാരണക്കാര്‍ നട്ടം തിരിയുമ്പോഴും കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളിലുള്ളവര്‍ക്കും അവരെ ചുറ്റിപറ്റി നില്‍ക്കുന്നവര്‍ക്കും ബ്യൂറോക്രാറ്റുകള്‍, സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇവര്‍ക്കൊക്കെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിന് യാതൊരു തടസവുമുണ്ടായില്ല. ടെല്‍ക്കോം അഴിമതിയിലൂടെ രാജ്യത്തിന് നഷ്ടമായത് ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപയാണ്. പക്ഷേ പ്രതി സ്ഥാനത്ത് വന്ന എ. രാജയും, കനിമൊഴിയും കോടതിയില്‍ പറഞ്ഞത് വിശ്വസിക്കാമെങ്കില്‍ ഈ ഭീമമായ അഴിമതിക്ക് കാരണമായ ഇടപാടുകള്‍ക്കെല്ലാം പ്രധാനമന്ത്രിയുടെയും കേന്ദ്രആഭ്യന്തരമന്ത്രിയുടെയും സമ്മതമുണ്ടായിരുന്നു- എന്നാണ്. ഇഡോപാക് യുദ്ധത്തില്‍ മരണമടഞ്ഞ ജവാന്മാരുടെ വിധവകള്‍ക്ക് വേണ്ടി മുംബയില്‍ നിര്‍മിച്ച ആദര്‍ശ് ഫ്ലാറ്റ്സമുച്ചയം കൂടുതലും കൈക്കലാക്കിയത് ജവാന്മാരുടെ കുടുംബാംഗങ്ങളായിരുന്നില്ല. – മിലിട്ടറിയുടെ ഉയര്‍ന്ന ഉദ്ധ്യോഗസ്ഥരും മഹാരാഷ്ട്ര ഗവണ്‍ മെന്റിലെ മന്ത്രിമാരുടെ ബന്ധുക്കളും അവരുടെ അഭ്യുദയകാംഷികളുമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു കഴിഞ്ഞു.
അന്താരാഷ്ടതലത്തില്‍ ക്രൂഡോയിലിന്റെ വില ഉയെര്‍ന്നെന്ന കാരണം പറഞ്ഞ് പെട്രോളിന്റെയും ഡീസലിന്റെയും, മണ്ണെണ്ണയുടേയും, പാചക വാതകത്തിന്റെയും വിലകള്‍ ഉയര്‍ത്താന്‍ നിര്‍ബാധം എണ്ണക്കമ്പനികള്‍ക്ക് സഹായം ചെയ്യുന്ന സര്‍ക്കാര്‍ – അതു മൂലം ഉണ്ടാവുന്ന വിലകയറ്റവും ഭക്ഷയദൗര്‍ലഭ്യവും പരിഹരിക്കാന്‍ ഒന്നും ചെയ്യാതെവന്നപ്പോഴാണ് അണ്ണാഹസാരയേപ്പോലുള്ള 74 വയസ്സ് പ്രായം ചെന്ന ഒരു സാധാരണക്കാരന്‍ ഗാന്ധിയന്‍ മാതൃകയിലുള്ള അക്രമരാഹിത്യ സമരം നടത്തി വിജയം കണ്ടത്. ആദ്യ സമരത്തിന്റെ ഫലമായി ജനകീയ സമിതിയും ഭരണതലത്തിലുള്ളവരുടെ ജനപ്രതിനിധികളും കൂടി ഒരു ജനലോക്പാല്‍ ബില്ലിന് രൂപം നല്‍കാന്‍ ശ്രമിച്ചെങ്കിലും അഴിമതി നിവാരണത്തിന് പ്രധാനമന്ത്രിയേയും ജൂഡീഷ്യറിയേയും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ബില്ലിന് വേണ്ടി സര്‍ക്കാര്‍ പ്രനിനിധികള്‍ വാശി പിടിച്ചതു മൂലം രൂപപ്പെട്ട ദുര്‍ലഭമായ ലോക്പാല്‍ ബില്‍ താന്‍ നടത്തിയ സമരത്തിന് യാതൊരു ലക്ഷ്യവും കണ്ടെത്തില്ലെന്നുറപ്പ് വന്നപ്പോഴാണ് ഒരു രണ്ടാം സമരം വേണ്ടി വന്നത്. പക്ഷേ സമരം നേരിടാന്‍ സര്‍ക്കാര്‍ കാണിച്ച മുന്‍ കരുതലുകള്‍- അതും സമരം തുടങ്ങുന്നതിനു മുന്‍പേ ആഗസ്റ്റ് 16 രാവിലെ അണ്ണാഹസാരയെ അറസ്റ്റു ചെയ്തു. തീഹാര്‍ ജയിലേക്ക് മാറ്റിയതോടെ സമരരംഗത്തേക്ക് രാജ്യമെമ്പാടുമുള്ള സാധാരണക്കാരും, തൊഴിലാളികളും വീട്ടമ്മമാരും, വിദ്യാര്‍ഥികളും, സിനിമാരംഗത്തുള്ളവരും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നതോടെ തീഹാര്‍ ജയിലില്‍ നിന്നും അണ്ണാഹസാരയെ മോചിപ്പിക്കാന്‍ ഗവണ്‍ മെന്റ് തയ്യാറായെങ്കിലും ഉപാധികളില്ലാതെയുള്ള മോചനം ഹസ്സാരെ അംഗീകരിക്കില്ലന്നായപ്പോള്‍ ഗവണ്‍ മെന്റ് വീണ്ടും സമ്മര്‍ദ്ദത്തിലായി. ജയിലിനു പുറത്ത് സമര വേദി അനുവദിക്കാന്‍ തയ്യാറായെങ്കിലും ഇന്‍ഡ്യയുടെ വരും പ്രധാന മന്ത്രിയായി ഭരണതലത്തിലുള്ളവര്‍ കൊണ്ടാടപ്പെടുന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശം ‘സമരം 3ദിവസത്തിലൊതുക്കണമെന്നും 3000 -ല്‍ അധികം ആള്‍ക്കാര്‍ തടിച്ച് കൂടാന്‍ പാടില്ലെന്നും’ – ഹസ്സാരയും കൂട്ടരും തള്ളിയതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായി. എല്ലാ നിരോധനാജ്ഞകളേയും ലംഘിച്ചുകൊണ്ട് ഡല്‍ഹിയൊട്ടാകെയും, മുംബയിലും, ചെന്നയിലും , കൊല്‍ക്കട്ടയിലും, ബാംഗ്ലൂരിലും എല്ലാം ജനലക്ഷങ്ങള്‍ തെരുവിലേക്കിറങ്ങിയതോടെ 15 ദിവസത്തേക്ക് മാത്രമായി രാം ലീല മൈതാനത്ത് സമരം ചെയ്യാനുള്ള സൗകര്യം സര്‍ക്കാര്‍ തന്നെ ചെയ്തുകൊടുക്കാന്‍ നിര്‍ബന്ധിതരായി. ഹസാരെ ജയില്‍ മോചിതനായെങ്കിലും രാംലീലാ മൈതാനത്തിലെ സമരപന്തലില്‍ 25000 -ല്‍ പരം ആള്‍ക്കാരില്‍ കൂടാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും കൂടെ ഉണ്ടായിരുന്നു.
പക്ഷേ ഓരോ ദിവസവും പാര്‍ലമെന്റിനു പുറത്തും ജെ പി പാര്‍ക്കിലും രാംലീലാ മൈതാനത്തും ഇന്‍ഡ്യാഗേറ്റിന് മുന്നിലുമായി തടിച്ചു കൂടിയ ജനങ്ങളുടെ എണ്ണം കോടികളും കഴിഞ്ഞുവെന്നാണ് വിദേശചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ കൂടി കാണാനായത്. ജനരോഷമിരമ്പിയപ്പോള്‍ വളരെ വൈകി മാത്രമാണ് അണ്ണാഹസാരെ ഉള്‍പ്പെട്ട ജനകീയസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റിനു മുന്‍പില്‍ വയ്ക്കാമെന്നും അതിനു വേണ്ടി മാത്രം ഒരു പ്രത്യേക സെഷന്‍ വിളിച്ചു കൂട്ടാമെന്നും പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയും ധനകാര്യ മന്ത്രിയും ഉള്‍പ്പെട്ട ഉന്നത സര്‍ക്കാര്‍ സമിതി അംഗീകരിച്ചത്. ഈ നിര്‍ദ്ദേശം ഹസാരയെ അറിയിച്ചതോടെയാണ് രാജ്യം കണ്ട രണ്ടാം സ്വാതന്ത്ര്യസമരം- 12 ദിവസം നീണ്ടുനിന്ന് അണ്ണാഹസാരയുടെ നേതൃത്വത്തിലുള്ള ഗാന്ധിയന്‍ സമരം അവസാനിച്ചത്. സമരം അവസാനിപ്പിച്ച് ഹസാരെ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. ‘യുദ്ധം ഇവിടെ തീരുന്നില്ല തുടങ്ങിയിട്ടേ ഉള്ളു. അഴിമതി പടര്‍ന്ന് കയറിയ രാജ്യത്തെ എല്ലാ മേഖലകളേയും ശുദ്ധീകരിക്കുന്ന നടപടികളുണ്ടാകുമ്പോഴേ ഈ യുദ്ധം തീരുകയുള്ളു’. ഇങ്ങിനെയൊരു ഇതിഹാസസമരത്തിന് കാരണക്കാരനായ അണ്ണാഹസാരക്കും സംഘത്തിനും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടാണ് ലോകമെമ്പാടുമുള്ള പുഴ.കോമിന്റെ പരസഹസ്രം വായനക്കാര്‍ക്ക് ഓണാശംസകള്‍ നേരുന്നത്.
Generated from archived content: edito1_sep6_11.html Author: editor1