ഗാന്ധിസത്തിന്റെ പ്രസക്തി

അക്രമരാഹിത്യവും അഹിംസയും കാലഹരണപ്പെട്ട തത്വസംഹിതകളാണെന്ന് നമ്മുടെ ഭരണരംഗത്തും പ്രതിപക്ഷത്തുമുള്ളവര്‍ അവരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ കടന്നുപോകുന്നത്. മഹാത്മാഗാന്ധിയുടെ ജന്മദിനം കലണ്ടറില്‍ ഒരു ചുവപ്പ് ദിനമായി അടയാളപ്പെടുത്തുന്നത് കൊണ്ട്മാത്രം ആ ദിനം ഓര്‍ക്കുകയും ഒരു ചടങ്ങിന് വേണ്ടിയെന്നോണം ഗാന്ധിജയന്തി കൊണ്ടാടുകയും ചില പാര്‍ട്ടികളുടെ ഓഫീസുകളില്‍ അദ്ദേഹത്തിന്റെ പടത്തില്‍ ഒരു മാലചാര്‍ത്തി താഴെ ഒരു വിളക്ക് കത്തിച്ച് ‘വൈഷ്ണവജനതോ’ പാടുകയും അപൂര്‍വ്വം ചില ഓഫീസുകളില്‍ മാത്രം ഒരു വഴിപാട് പോലെ സ്റ്റോര്‍റൂമിലോ തട്ടിന്‍ പുറത്തോ കിടന്ന ചര്‍ക്ക പൊടിതട്ടിക്കളഞ്ഞെടുത്ത് പാടുപെട്ട് നൂല്‍നൂല്‍ക്കുകയും ചെയ്യുന്നു. ചര്‍ക്കയെന്തെന്നറിഞ്ഞുകൂടാത്ത ഒരു പുതു തലമുറ വളര്‍ന്നു വരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇതൊരത്ഭുതകരമായ കാഴ്ചയായിരിക്കും.

പക്ഷെ ഗാന്ധിജിയെ നമ്മുടെ നാട് അറിയുന്നതിനേക്കാള്‍ കൂടുതല്‍ വിദേശരാഷ്ടങ്ങളിലുള്ളവര്‍ അറിയുന്നുണ്ട്. അവിടെ തലമുറകളുടെ വ്യത്യാസമില്ല. യുവാക്കളും വിദ്യാര്‍ഥികളും രാഷ്ടീയക്കാരും ബുദ്ധിജീവികളുമെല്ലാം നമ്മളറിയുന്നതിനേക്കാള്‍ കൂടുതല്‍ മഹാത്മാവിനെ അറിയുന്നു.

ദക്ഷിണാഫ്രിക്കയില്‍ വര്‍ഷങ്ങളോളമായി അടിമത്തത്തിലായിരുന്ന കറുത്തവര്‍ഗക്കാര്‍ ദീര്‍ഘകാലം നീണ്ടുനിന്ന സമരത്തിലൂടെയാണ് വെള്ളക്കാരുടെ ഭരണത്തെ അടിയറ പറയിച്ചത്. അതിനവര്‍ തിരെഞ്ഞെടുത്ത മാര്‍ഗ്ഗം മഹാത്മാഗാന്ധി വിഭാവനം ചെയ്ത അക്രമരഹിത സമരമായിരുന്നു. നെല്‍സണ്‍ മണ്ഡേലയുടെ നേതൃത്വത്തിലുള്ള ആ സമരം ഒരിക്കലും ആയുധമുപയോഗിച്ചുള്ളതായിരുന്നില്ല. 27 വര്‍ ഷക്കാലം മണ്ഡേലയെ ജയിലിലടച്ച് സമരവീര്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും സമരരംഗത്തെ ജനതയുടെ മനോവീര്യം കെട്ടടങ്ങിയില്ല. ഒറ്റപ്പെട്ട സമരരംഗത്തുള്ളവര്‍ തന്നെ അവയെ നിരുത്സാഹപ്പെടുത്തുകയാണ്‍ ചെയ്തത്.

ഏറെക്കുറെ മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്ന സമരത്തിനൊടുവില്‍ ദക്ഷിണാഫ്രിക്ക സ്വതന്ത്രരാഷ്ടമായി മാറിയപ്പോള്‍ അതിനവര്‍ കടപ്പെട്ടത് തങ്ങള്‍ക്ക് അക്രമരഹിത സമരമാര്‍ഗ്ഗത്തിന്റെ വഴികാട്ടിയായിരുന്ന മഹാത്മജിയെയാണ്.

ഈയടുത്തകാലത്ത് ഗള്‍ഫ് രാജ്യങ്ങളിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും നടന്നതും ഈജിപ്ത് തുടങ്ങിയ ചില രാജ്യങ്ങളില്‍ വിജയം കണ്ടതുമായ വിപ്ലവസമരം ഗാന്ധിസത്തിന്റെ മാതൃക പിന്തുടര്‍ന്നുള്ള സമരമായിരുന്നു. മുപ്പതു വര്‍ഷത്തോളം നീണ്ടു നിന്ന മുബാറക്കിന്റെ പട്ടാളഭരണത്തിന് അന്ത്യം കുറിച്ചത് ഗാന്ധിജി വിഭാവനം ചെയ്ത അക്രമരാഹിത്യ സമരത്തിലൂടെയായിരുന്നു. ഈ സമരത്തില്‍ ജീവന്‍ കൊടുക്കേണ്ടിവന്നവരുടെ എണ്ണം സാധാരണ പട്ടാളഭരണം നിലനില്‍ക്കുന്ന രാഷ്ടങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. ടുണീഷ്യയിലും ടര്‍ക്കിയിലും ഗാന്ധിയന്‍ മാതൃകയിലുള്ള സമരമാണ് നടന്നത്. പക്ഷെ ലിബിയയിലും സിറിയയിലും യെമനിലും സമരം അക്രമാസക്തമാകുകയും ഭരണപക്ഷത്തും പ്രതിപക്ഷത്തമായി മരിച്ചവരുടെ എണ്ണം പതിനായിരങ്ങള്‍ വരെ എത്തിനില്‍ക്കുന്നുവെന്നാണ് വാര്‍ത്തകള്‍ കാണിക്കുന്നത്.

ആദ്യം ഗാന്ധിയന്‍ മാതൃകയില്‍ തുടര്‍ന്ന സമരം പിന്നീടാമാര്‍ഗ്ഗം വിട്ട് ആയുധങ്ങള്‍ പരസ്പരം ഉപയോഗിച്ച് തുടങ്ങിയത് കൊണ്ടാണ് ഈ ദുരന്തം വന്നുപ്പെട്ടത്. ലിബിയയില്‍ വിപ്ലവസമരം ഏറെക്കുറെ വിജയം കണ്ടുവെങ്കിലും തോക്കുകളും ടാങ്കുകളും, മിസൈലുകളും രണ്ടുകൂട്ടരും ഉപയോഗിച്ച് തുടങ്ങിയതോടെ മരണസംഖ്യ ഏറുകയായിരുന്നു.

ഗാന്ധിജിയുടെ മഹത്വം വിദേശിയര്‍ നേരത്തേമുതല്‍ അറിഞ്ഞിരുന്നുവെന്നതിന് തെളിവാണ് ഏതാനും വര്‍ഷം മുമ്പ് ഓസ്ക്കാര്‍ അവാര്‍ഡ് നേടിയ ‘ഗാന്ധി’ എന്നസിനിമ. സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയവരും ഡയറക്ടറും വിദേശികളായിരുന്നു. എന്തിന് ഗാന്ധിയുടെ വേഷമിട്ട് അഭിനയത്തിന് ഓസ്ക്കാര്‍ അവാര്‍ഡ് നേടിയ നടന്‍ പോലും വിദേശിയായിരുന്നു: ബെന്‍കിംഗ്സ് ലി, ഡയറക്ടര്‍ ആറ്റന്‍ ബറോയും ഓസ്ക്കാര്‍ അവാര്‍ഡു നേടി. ഗാന്ധിജിയെ മറന്നെങ്കിലും ഗാന്ധിജിയെ വാണിജ്യവല്‍ക്കരിക്കുന്നതില്‍ നമ്മുടെ ഭരണകൂടം മറന്നില്ല എന്ന് പറയേണ്ടതുണ്ട്. നാട്ടിലെ പല പാലങ്ങളും റോഡുകളും സ്റ്റേഡിയങ്ങളും മാളുകളും അറിയപ്പെടുന്നത് ഗാന്ധിജിയുടെ പേരിലാണ്. ഇവയൊക്കെ നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ച പണം പലിശസഹിതം ടോള്‍ പിരിവുകളിലൂടെ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്നുണ്ട്.

ഇതൊക്കെയാണെങ്കിലും പൊതുജനം എക്കാലവും വിഡ്ഡികളായിരിക്കില്ല എന്നതിന് ഉദാഹരണമായിരുന്നു വന്ദ്യവയോധികനായ അണ്ണാഹസാരെ ഈയിടെ ഡല്‍ഹിയില്‍ നടത്തിയ ഗാന്ധിയന്‍ സഹനസമരത്തിലൂടെ നേടിയെടുത്ത ജനപ്രീതി. ഭരണരംഗത്തുള്ളവരും രാഷ്ടീയക്കാരും ഗാന്ധിജിയെ വാണിജ്യവല്‍ക്കരിക്കുന്നതിലൂടെ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ സാധാരണക്കാര്‍ അഴിമതിരഹിത വ്യവസ്ഥിതിക്ക് വേണ്ടിയുള്ള ജനലോക് ജനപാല്‍ബില്‍ തയ്യാറാക്കുന്നതിന് ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതിനു വേണ്ടി സഹനസമരം നടത്തിയ അണ്ണാഹസാരെയുടെ പിന്നില്‍ അണിനിരക്കുകയായിരുന്നു. നിരോധനാജ്ഞയും അറസ്റ്റും തുടര്‍ന്ന് അണ്ണാഹസാരെയേയും കൂട്ടരേയും ജയിലിലടക്കുക മുതലായ മാര്‍ഗങ്ങളിലൂടെ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചങ്കിലും നിരോധനാജ്ഞ നിലനിന്ന പ്രദേശങ്ങളിലെല്ലാം ജനലക്ഷങ്ങള്‍ പ്രകടനമായെത്തിയപ്പോള്‍ അണ്ണാഹസാരെയെ വിട്ടയക്കാനും തുടര്‍ന്ന് നടന്ന 12 ദിവസത്തെ നിരാഹാരത്തിനൊടുവില്‍ ജനകീയ സമിതി വച്ച നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും ഭരണകൂടം തയ്യാറായതോടെ മാത്രമാണ് ആ സമരം താല്‍ക്കാലികമായിട്ടെങ്കിലും അവസാനിച്ചത്. ശക്തമായ ലോക്പാല്‍ ബില്ലല്ല വരുന്നതെങ്കില്‍ ഈ ബില്ലിനെ ദുര്‍ബ്ബലമാക്കാന്‍ കരുനീക്കം നടത്തുന്ന ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മന്ത്രിമാരുടേയും പാര്‍ലമെന്റ്മെമ്പര്‍മാരുടേയും നിയോജകമണ്ഡലങ്ങളിലായിരിക്കും അടുത്ത സമരമുറ എന്ന് അണ്ണാഹസാര പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമരമാര്‍ഗ്ഗത്തോടും പ്രഖ്യാപനങ്ങളോടും ജനങ്ങളുടെ ഭാഗത്തുനിന്ന് ലഭിച്ച വ്യാപകമായ ജനപിന്‍തുണ കാണിക്കുന്നത് ഇടക്കാലത്ത് മന്ദീഭവിച്ചു കിടന്ന ജനക്ഷേമത്തെ ഊന്നിയുള്ള ഗാന്ധിയന്‍ മാര്‍ഗ്ഗം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നുവെന്നാണ്. തീര്‍ച്ചയായും ഇത് ശുഭദോര്‍ക്കമായ ഒരു പ്രക്രിയയാണ്. ഗാന്ധി മാര്‍ഗ്ഗം വീണ്ടും ശക്തി പ്രാപിക്കട്ടെയെന്ന് പ്രത്യാശിക്കാം.

Generated from archived content: edito1_sep29_11.html Author: editor1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here