ഇൻഡ്യയിലെ അഞ്ച് സംസ്‌ഥാനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് അവിടങ്ങളിലെല്ലാം പുതിയ മന്ത്രിസഭകൾ അധികാരത്തിലേറിക്കഴിഞ്ഞു. ഇക്കൂട്ടത്തിൽ അസ്സമിൽ മാത്രമാണ് ഭരണകക്ഷി അധികാരത്തിൽവന്നത്. (കോൺഗ്രസ്സ്) അതും മികച്ച ഭൂരിപക്ഷത്തോടെ. ബംഗാൾ, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ പ്രതിപക്ഷത്തിലിരുന്നവരാണ് ഭരണത്തിലിരുന്നവർക്ക് കനത്ത പ്രഹരം ഏല്‌പിച്ചുകൊണ്ട് അധികാരത്തിലേറിയത്. ഇവിടങ്ങളിലൊക്കെ ജയിച്ച കക്ഷികൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ വന്നത്. കേരളത്തിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികളാണ് അധികാരത്തിലെത്തിയതെങ്കിലും അവകാശവാദങ്ങളെല്ലാം തെറ്റിച്ച്‌കൊണ്ട് അധികാരത്തിൽ വന്നത് നേരിയ ഭൂരിപക്ഷം മാത്രം നേടികൊണ്ടാണ്.
അടുത്തകാലത്തായി ഇൻഡ്യയിൽ ദേശീയ കക്ഷികളുടെ പ്രസക്‌തി കുറഞ്ഞുവരുന്നതായി കാണാം – ബംഗാളിലും തമിഴ്‌നാട്ടിലും ദേശീയകക്ഷിയായ കോൺഗ്രസ് നൂനപക്ഷ കക്ഷിയായി മാറിക്കഴിഞ്ഞു. പോണ്ടിച്ചേരിയിലും പതിറ്റാണ്ടായി അധികാരത്തിലിരിക്കുന്ന കോൺഗ്രസ് ഇപ്പോൾ പ്രതിപക്ഷത്താണ്. ഭരണത്തിലേറിയിരിക്കുന്നത് കോൺഗ്രസ് പാർട്ടിവിട്ട് പുതിയൊരു പാർട്ടി രൂപീകരിച്ച എൻ. രംഗസ്വാമി എന്നയാളുടെ നേതൃത്വത്തിലുള്ള കക്ഷിയാണ്. കൂട്ടുകക്ഷിയായി എ.ഐ.ഡി. എം.കെയുമുണ്ട്. കേരളത്തിൽ ഭരണത്തിലേറിയ കൂട്ടുമന്ത്രിസഭയിൽ കോൺഗ്രസ്സാണ് മുഖ്യകക്ഷിയെങ്കിലും അവരുടെ സീറ്റുകൾ പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്ന് മാത്രമല്ല, ഘടകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടുന്ന അവസ്‌ഥയാണ് വന്നുചേർന്നിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് ഇൻഡ്യയിൽ ഒരോ സംസ്‌ഥാനത്തും പ്രാദേശിക കക്ഷികൾ അധികാരത്തിലെത്തുകയോ, അല്ലെങ്കിൽ ദേശീയകക്ഷികളേതെങ്കിലും ഭരണകക്ഷിയുടെ കൂട്ടത്തിലുണ്ടെങ്കിലും അവർക്ക് വേണ്ടത്ര പ്രാമുഖ്യം കിട്ടാതെ വരിക എന്നതാണ്. ഈ രീതി തുടരുകയാണെങ്കിൽ ദേശീയകക്ഷികളുടെ പ്രസക്‌തി പ്രായേണ നഷ്‌ടപ്പെടാനാണ് സാധ്യത.
കോൺഗ്രസ് കഴിഞ്ഞാൽ ദേശീയകക്ഷികളിൽ അടുത്ത സ്‌ഥാനത്തെത്തി നിൽക്കുന്ന ബി.ജെ.പി.യുടെ സ്വാധീനം ഹിന്ദിമേഖലയിൽ മാത്രമാണ്. ഹിന്ദി മേഖലയ്‌ക്ക് പുറമെയുള്ള ദക്ഷിണേൻഡ്യയിലെ കർണ്ണാടകയിൽ അവർ ഭരണത്തിലുണ്ടെങ്കിലും അവിടെയും ഭരണപരമായ അസ്‌ഥിരതയാണ് നിലനിൽക്കുന്നത്. ഇടതുപക്ഷ കക്ഷികളിൽ പ്രത്യേകിച്ചും കമ്മ്യൂണിസ്‌റ്റ് പാർട്ടികളുടെ സ്വാധീനം രണ്ടോ മൂന്നോ സ്‌റ്റേറ്റുകളിലായി ഒതുങ്ങുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പോടെ അവർക്ക് ബംഗാളിലും കേരളത്തിലും ഭരണം നഷ്‌ടപ്പെട്ട് കഴിഞ്ഞു. ഒരു ചെറിയ സ്‌റ്റേറ്റായ ത്രിപുരയിൽ മാത്രമാണ് അവർക്കിപ്പോൾ അധികാരമുള്ളത്.
പ്രാദേശികക്ഷികളുടെ വളർച്ച ഇൻഡ്യയുടെ അഖണ്ഡതയ്‌ക്ക് ഭീഷണിയാവുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഇവിടെ കൂടുതൽ ഉത്തരവാദിത്വങ്ങളെടുക്കേണ്ടത് ദേശീയകക്ഷികളാണ്. പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചുകൊണ്ട് അധികാരം നിലനിർത്തുമ്പോൾ ദേശീയ കക്ഷിയെന്ന സ്‌ഥാനം നഷ്‌ടപ്പെടാതെ നോക്കുക എന്നത് അവരുടെ ഉത്തരവാദിത്വമാണ്. പക്ഷേ, ബംഗാളിലും തമിഴ്‌നാട്ടിലും ഇനി ഒരുയർച്ച ഉണ്ടാവാൻ പറ്റാത്തവിധമാണ് പ്രാദേശിക കക്ഷികൾ വളർന്നിരിക്കുന്നത്. യു.പി.യിലെ. ബി.എസ്.പി. ഒരു പ്രാദേശിക കക്ഷിയല്ലെങ്കിലും മായാവതി എന്നൊരാളുടെ വ്യക്‌തി പ്രഭാവത്തിലൂന്നിനിൽക്കുന്ന കക്ഷിയാണ്. ഈ ഒരവസ്‌ഥ മഹാരാഷ്‌ട്രയിലെ കോൺഗ്രസിനോട് ചേർന്നു ഭരണം നടത്തുന്ന എൻ.സി.പി.ക്കുമുണ്ട്. ശരത്‌പവാറിന്റെ വ്യക്തിപ്രഭാവത്തിലാണ് ആ കക്ഷിയുടെ നിലനിൽപ്.
വിവിധ ഭാഷയും സംസ്‌കാരവും മതസ്‌ഥരും ഉള്ള നാടാണ് ഇന്ത്യ. എങ്കിലും ഇവിടെയുള്ളത്ര മതസ്വാതന്ത്ര്യവും ഭാഷയിലും സംസ്‌കാരത്തിലും ആചാരത്തിലും വിശ്വാസപ്രമാണങ്ങളിലും ഊന്നിയുള്ള ജനങ്ങളുടെ ജീവിതവും ലോകത്തൊരു രാജ്യത്തും ഇല്ല എന്നതാണ് വാസ്‌തവം. ഈ അഖണ്ഡതയാണ് വ്യക്തി പ്രഭാവത്തിലൂന്നിയുള്ള പ്രാദേശിക പാർട്ടികളുടെ വളർച്ചയോടെ നഷ്‌ടമാകുന്നത്.
ഇൻഡ്യ സ്വതന്ത്രമായതിന് ശേഷം ആദ്യകാലങ്ങളിൽ പ്രത്യേകിച്ചും ജവഹർലാൽ നെഹൃറു പ്രധാനമന്ത്രിയാകുന്ന കാലത്ത് ഇൻഡ്യയുടെ അഖണ്ഡതയ്‌ക്കും ഭാഷയ്‌ക്കും സംസ്‌കാരത്തിനും ഊനം തട്ടാതെ ഭരണം നടത്താൻ വേണ്ടത്ര ശ്രദ്ധിച്ചിരുന്നു. പക്ഷേ ക്രമേണ ഉത്തരേൻഡ്യൻ മേധാവിത്വം എല്ലാ മേഖലകളിലും – വികസനത്തിന്റെ കാര്യത്തിലായാലും സാമൂഹികക്ഷേമപ്രവർത്തനങ്ങളുടെ കാര്യത്തിലും തൊഴിൽമേഖലകളിലും നടപ്പാക്കാൻ ശ്രമിച്ചതോടെയാണ് കുഴപ്പങ്ങൾ തലപൊക്കിത്തുടങ്ങിയത്.
നെഹൃറുവിന്റെ കാലത്തുതന്നെ ദ്രാവിഡമുന്നേറ്റ കഴകം തമിഴ്‌നാട്ടിൽ ഉദയം ചെയ്‌തെങ്കിലും നെഹൃറുവിനു ശേഷം വന്ന പ്രധാനമന്ത്രിമാരുടെ കാലത്താണ് മറ്റ് പല സ്‌റ്റേറ്റുകളിലും പ്രാദേശിക പാർട്ടികളുടെ വളർച്ചയാരംഭിച്ചത്. ഇപ്പോൾ ഇൻഡ്യയിലെ പകുതിയിലേറെ സംസ്‌ഥാനങ്ങളിൽ ഭരണം നടത്തുന്നത് പ്രാദേശിക കക്ഷികൾ – അല്ലെങ്കിൽ അവരെ ആശ്രയിച്ച് മാത്രം ഭരണം നടത്താൻ വിധിക്കപ്പെട്ട ദേശീയകക്ഷികൾ. ഈ പ്രാദേശിക കക്ഷികൾ ചിലതൊക്കെ കേന്ദ്ര ഭരണകൂടത്തിലും കടന്നുകൂടുമ്പോൾ – അവരുടെ സ്വാധീനം ദേശീയകക്ഷികളുടെ ദേശീയ വീക്ഷണത്തിന് വിപരീതമായുള്ള തീരുമാനങ്ങളെടുക്കേണ്ട അവസ്‌ഥയിലേയ്‌ക്ക് കൊണ്ടെത്തിക്കുന്നു. ചില വ്യക്തികളുടെ പ്രഭാവത്തിന് മാത്രം നിൽക്കുന്ന പ്രാദേശിക കക്ഷികളാവുമ്പോൾ പല അഴിമതികൾക്കും കൂട്ടുനിൽക്കുകയോ അല്ലെങ്കിൽ ഘടകക്ഷികൾ നടത്തുന്ന അഴിമതി കണ്ടെന്ന് നടിക്കാതെ അനങ്ങാപ്പാറനയം സ്വീകരിക്കേണ്ട അവസ്‌ഥയിലേയ്‌ക്കെത്തുകയോ ചെയ്യേണ്ടിവരുന്നു. ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിയായ ഒരു ലക്ഷത്തി എഴുപത്താറായിരം കോടിരൂപയുടെ ടെലികോം മേഖലയിലെ 2ജി സ്‌പെക്‌ട്രം അഴിമതി അങ്ങനെ വന്നുഭവിച്ചതാണ്. ഇപ്പോഴെങ്കിലും അഴിമതി നടത്തിയ പ്രാദേശിക കക്ഷിയിൽ പെട്ടമന്ത്രിയുടെ പേരിൽ കേസന്വേഷണവും തുടർന്ന് അഴിമതിനടത്തിയ മന്ത്രിക്ക് രാജിവച്ചു പോകേണ്ടിവന്നതും സുപ്രീംകോടതി ഇടപെട്ടത് കൊണ്ട് മാത്രമാണ്. വിദേശബാങ്കുകളിൽ അക്കൗണ്ടുള്ള ഇൻഡ്യാക്കാരുടെയും കോടികണക്കിന് നികുതി വെട്ടിപ്പ് നടത്തിയവരുടെയും പേരിൽ നടപടികൾ ഇനിയും ശക്തമായ രീതിയിൽ തുടങ്ങിയിട്ടില്ല. ഈ ഘട്ടത്തിലാണ് ലോക്‌ജനപാൽ ബില്ലിന് വേണ്ടി അണ്ണാഹസാരെ എന്ന ഒരു സാധാരണക്കാരന് ഡൽഹിയിൽ നിരാഹാരസമരം അനുഷ്‌ഠിക്കേണ്ടിവന്നതും ഇൻഡ്യയൊട്ടാകെയുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും നിയമപണ്ഡിതന്മാരുടെയും പിന്തുണയാർജ്ജിക്കാനായതും. ഇപ്പോൾ അടുത്ത ആഗസ്‌റ്റോടെ ലോക്‌പാൽ ബിൽ പാർലമെന്റിലവതരിപ്പിക്കാമെന്ന് കേന്ദ്രഭരണകൂടത്തിന് സമ്മതിക്കേണ്ടിവന്നത്, പൊതുജനാഭിപ്രായം ശക്തിപ്പെട്ടത്‌കൊണ്ട് മാത്രമാണ്. നമ്മുടെ ദേശീയകക്ഷികൾ ചെയ്യേണ്ട ജോലി അണ്ണാഹസാരെ എന്ന സാധാരണക്കാരന് ഒരു ഗാന്ധിയൻ സമരത്തിലൂടെ സാധിക്കേണ്ടിവന്നു എന്നത്, അവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. കോൺഗ്രസ്, ബി.ജെ.പി., കമ്യൂണിസ്‌റ്റുകക്ഷികൾ മറ്റ് ജനാധിപത്യ ദേശീയ കക്ഷികൾ ഇവർ ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ, സ്വന്തം താല്‌പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി, വ്യക്തി പ്രഭാവത്തിലൂന്നിനിൽക്കുന്ന പ്രാദേശിക കക്ഷികളുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാവുകയുള്ളു. ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ രാഷ്‌ട്രമെന്ന ഇൻഡ്യയുടെ പദവിയ്‌ക്ക് അടുത്തകാലത്ത് നഷ്‌ടപ്പെട്ട ഖ്യാതി വീണ്ടെടുക്കണമെങ്കിൽ അങ്ങനൊരു നടപടി വരേണ്ടത് അവരുടെയിടയിൽ നിന്നാണ്.
Generated from archived content: edito1_may31_11.html Author: editor1
Click this button or press Ctrl+G to toggle between Malayalam and English