വിപണിയായി മാറുന്ന വിദ്യാഭ്യാസമേഖല

സ്‌കൂൾ വിദ്യാഭ്യാസം ഹൈസ്‌കൂൾ തലംവരെ സൗജന്യമാക്കുകയും അതോടൊപ്പം നിർബന്ധിതമാക്കുകയും ചെയ്യുന്ന ഒരു നടപടി ഇപ്പോൾ കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ പട്ടികയിൽ പെടുത്തിയാണ്‌ കേന്ദ്രസർക്കാർ കുറെ വൈകിയാണെങ്കിലും സ്വാഗതാർഹമായ ഇങ്ങനൊരു നടപടി സ്വീകരിച്ചത്‌. കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടെ വളരെ നേരത്തേ മുതൽ ഈ നടപടി പ്രാവർത്തികമാക്കിയിട്ടുള്ളതിനാൽ പുതുമയുള്ളതായി തോന്നില്ലെങ്കിലും ഇത്‌വഴി വിദ്യാഭ്യാസരംഗത്ത്‌ നടമാടുന്ന കോഴ ഇടപാടുകൾക്ക്‌ തടയിടാൻ ഇത്‌ പറ്റുമോ എന്ന്‌ പരിശോധിക്കേണ്ടതാണ്‌. മാനേജ്‌മെന്റ്‌ സ്‌കൂളുകളിൽ ഇപ്പോൾ ഫീസ്‌ പിരിവ്‌ നടത്തുന്നില്ലെങ്കിലും വർഷാദ്യം ഭീമമായ തുക പ്രവേശനഫീസ്‌, ലാബറട്ടറി ഫീസ്‌ ലൈബ്രറി ഫീസ്‌, കോഷൻ മണി തുടങ്ങി ഇനിയും അവർക്ക്‌ യുക്തമെന്ന്‌ തോന്നുന്ന ചില ഇനങ്ങളിലൂടെ തങ്ങളുടെ സ്‌ഥാപനത്തിന്റെ നടത്തിപ്പിന്റെ തുക വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നു. ഗവൺമെന്റിൽ നിന്നും ലഭിക്കുന്ന നിയമാനുസൃതമായ തുകയ്‌ക്ക്‌ പുറമെയാണ്‌ , ഈ നടപടി ഒട്ടുമിക്ക മാനേജ്‌മെന്റ്‌ സ്‌കൂളുകളിലും ഒരുതരത്തിലല്ലെങ്കിൽ വേറൊരു തരത്തിൽ പ്രാവർത്തികമാക്കിയിരിക്കുന്നത്‌. ഇതിനു പുറമെയാണ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകൾ പബ്ലിക്ക്‌ സ്‌കൂളുകൾ ഇവിടങ്ങളിലെ ഭീമമായ ഫീസ്‌ പിരിക്കൽ. നമ്മുടെ പല സ്‌കൂളുകളിലും നിർദ്ധനരായ വിദ്യാർത്ഥികൾക്ക്‌ സൗജന്യമായി പാഠപുസ്‌തകങ്ങളും യൂണിഫോമുകളും ചില സന്നദ്ധസംഘടനകൾ വഴി വിതരണം ചെയ്യുന്നുണ്ട്‌. ഇവിടെയും മാനേജ്‌മെന്റ്‌ സ്‌കൂളുകളിൽ ഇവയൊക്കെ വിതരണം ചെയ്യുന്നത്‌ സ്വന്തം സ്‌ഥാപനത്തിൽ നിന്നാവില്ല, ഏതെങ്കിലും സന്നദ്ധസംഘടനകളുടെ സഹായം സ്വീകരിച്ചുകൊണ്ടാവും.

ഗവൺമെന്റ്‌ തലത്തിൽ നടപ്പിലാക്കിയ ഉച്ചക്കഞ്ഞി സമ്പ്രദായം ചില പരിമിതികളോടു കൂടിയാണെങ്കിലും ഏറെക്കുറെ വിജയകമരായി എല്ലാ സ്‌കൂളുകളിലും നടപ്പിലാക്കുന്നു. ഇതൊക്കെകൊണ്ട്‌, ഇപ്പോൾ കേന്ദ്രസർക്കാർ കൈകൊണ്ട നടപടി. നേരത്തേതന്നെ കേരളത്തിൽ നടപ്പിൽ വരുത്തിയതുകൊണ്ട്‌, മറ്റ്‌ സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ നമുക്ക്‌ കൂടുതലൊന്നും ചെയ്യേണ്ടി വരുന്നില്ല. എങ്കിലും കേരളം മറ്റ്‌ സംസ്‌ഥാനങ്ങൾക്ക്‌ മാതൃകയാകേണ്ട പലകാര്യങ്ങളും ഇനിയും ഇവിടെ ചെയ്യേണ്ടതായിട്ടുണ്ട്‌. എൽ.കെ.ജി., യു.കെ.ജി. സ്‌കൂളുകളിൽ അഡ്‌മിഷൻ കിട്ടുന്നതിന്‌വേണ്ടി ഇന്റർവ്യു ചെയ്യുന്ന സമ്പ്രദായം നിയമാനുസൃതമല്ലെങ്കിൽ കൂടിയും ഇവിടത്തെ മിക്ക മാനേജ്‌മെന്റ്‌ സ്‌കൂളുകളിലും ഇപ്പോഴും നിർബാധം നടന്നുവരുന്നു. മാത്രമല്ല ഭീമമായതുക രക്ഷിതാക്കളിൽ നിന്നും സംഭാവനയായി സ്വീകരിക്കുന്നു. ഒരു വശത്ത്‌കൂടി സൗജന്യ വിദ്യാഭ്യാസം എന്ന്‌ സർക്കാർ ഉച്ചൈസ്‌തരം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്രിപ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം നാമമാത്രാമായി മാത്രമെ ഗവണമെന്റ്‌ സ്‌കൂളുകളിൽ കണ്ടുവരുന്നുള്ളു. അതുകെണ്ട്‌ കുട്ടികളെയുംകൊണ്ട്‌ രക്ഷിതാക്കൾ മാനേജ്‌മെന്റ്‌ സ്‌കൂളുകളിലേക്ക്‌ പരക്കം പായുന്ന സമ്പ്രദായം ഇവിടെ കണ്ടുവരുന്നു. അവർ പറയുന്നതുക ക്യാപിറ്റേഷൻ ഫീസാണെങ്കിലും കണക്കിൽ സംഭാവനയായി മാത്രം കാണിക്കുന്നു.

വിദ്യാഭ്യാസരംഗത്തെ കച്ചവടമനഃസ്ഥിതിക്ക്‌ കൂച്ച്‌വിലങ്ങിടാൻ കേരളത്തിലെ ആദ്യകാല മന്ത്രിസഭകൾ ചില നടപടികൾ സ്വീകരിച്ചെങ്കിലും മതന്യൂനപക്ഷത്തിന്റെ പേരു പറഞ്ഞ്‌ അവർക്ക്‌ തടയിടാൻ മാനേജ്‌മെന്റുകൾക്ക്‌ കഴിഞ്ഞു. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയുടെ പതനത്തിന്‌ കാരണമായ വിമോചനസമരം ശക്തമാകാൻ കാരണം വിദ്യാഭ്യാസ രംഗത്ത്‌ സർക്കാർ കൊണ്ടുവന്ന ചില പുരോഗമനപരമായ നിലപാടുകളായിരുന്നു. പക്ഷേ ഭരണഘടന നൽകുന്ന പരിരക്ഷ ആയുധമാക്കി ഈ നടപടികളെ ചെറുത്ത്‌ നിൽക്കാൻ സൗകര്യം ലഭിച്ചതോടെ മാനേജ്‌മെന്റ്‌ സ്‌കൂളുകളിലും കോളേജുകളിലും ക്യാപിറ്റേഷൻ സമ്പ്രദായം നിർബാധം തുടരാൻ സൗകര്യം കിട്ടി. ആദ്യമൊക്കെ ഈ കോഴസമ്പ്രദായത്തെ എതിർത്തിരുന്ന പുരോഗമനാശയം പറഞ്ഞു നടന്നിരുന്ന പാർട്ടികളിലെ ചില നേതാക്കന്മാരുടെ കുടുംബവകസ്‌കൂളുകളിലും ഇപ്പോൾ അഡ്‌മിഷനുവേണ്ടി പണം വാങ്ങുന്ന സമ്പ്രദായം തുടങ്ങിയിരിക്കുന്നു. ക്യാപിറ്റേഷൻ ഫീസ്‌ വാങ്ങുന്നത്‌ സ്‌കൂൾ-കോളേജ്‌ അഡ്‌മിഷന്‌ മാത്രമല്ല, അദ്ധ്യാപക നിയമനത്തിനും ഭീമമായ തുകകളാണ്‌ വാങ്ങി വരുന്നത്‌, പരീക്ഷകളിലും ടെസ്‌റ്റുകളിലും ഉന്നതമാർക്ക്‌ നേടിയാൽ പോലും മാനേജ്‌മെന്റ്‌ കലാലയങ്ങളിൽ അഡ്‌മിഷൻ നേടാനും നിയമനം ലഭിക്കാനും തുകകൊടുക്കണമെന്നുള്ളത്‌ ഏറെക്കുറെ പരസ്യമായ വസ്‌തുതകളാണ്‌. നീതിതേടി കോടതികളിൽ പോയാൽ പോലും, തീർപ്പ്‌ വരുന്നത്‌ പലപ്പോഴും വർഷങ്ങളുടെ കാത്തിരിപ്പിന്‌ ശേഷമാകുമ്പോൾ അതിന്‌ മിനക്കെടുന്നവർ വളരെ ചുരുക്കമായിട്ടേ ഉണ്ടാവൂ.

ക്യാപിറ്റേഷൻ ഫീസ്‌ നിയമ വിധേയമല്ലാത്തതിനാൽ തുക ഈടാക്കുന്നത്‌ സംഭാവന, കെട്ടിടനിർമ്മാണ ഫണ്ട്‌ തുടങ്ങിയ ഇനങ്ങളിലൂടെയാണ്‌. ഇതിനൊക്കെപുറമെ ആത്‌മീയരംഗത്ത്‌ പ്രവർത്തിക്കുന്ന സംഘടനകൾ നടത്തുന്ന കലാലയങ്ങളിൽ പോലും പലഇനങ്ങളിലായി ഈ തുക കൊടുക്കണമെന്ന്‌ വരുമ്പോൾ, നിയമം ഇവിടെ നിസ്സഹായമായി മാറുകയാണ്‌. ഇവിടെ മാനേജ്‌മെന്റുകളെ മാത്രം കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. മെറിറ്റടിസ്‌ഥാനത്തിൽ അഡ്‌മിഷൻ ലഭിക്കുമെന്നുറപ്പുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾപോലും ഭീമമായ തുകകൊടുത്ത്‌ അഡ്‌മിഷൻ ഉറപ്പാക്കുന്ന സമ്പ്രദായം അപൂർവ്വമായിട്ടെങ്കിലും കണ്ടുവരുന്നു.

പ്രൊഫഷണൽ കോളേജുകൾ പലയിടത്തും വേണ്ടത്ര അടിസ്‌ഥാനസൗകര്യങ്ങൾ – കെട്ടിടങ്ങൾ, ലാബറട്ടറികൾ, അദ്ധ്യാപകർ – ഇവയില്ലെങ്കിലും ഭീമമായ തുക അധികാരികൾക്ക്‌ കൊടുത്താൽ കോളേജ്‌ വിദ്യാഭ്യാസകോഴ്‌സും അനുവദിക്കുമെന്ന കാര്യം ഈയിടെ മെഡിക്കൽ കൗൺസിലിലെ ചെയർമാന്റെ സസ്‌പെൻഷനോടുകൂടി തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. എങ്കിലും കേന്ദ്രസർക്കാർ കുറെ ഉണർന്നു പ്രവർത്തിക്കാൻ തയ്യാറാവുന്നു എന്നുള്ളതാണല്ലൊ ഇപ്പോൾ മെഡിക്കൽ കൗൺസിൽ സമ്പ്രദായം തന്നെ ഇല്ലാതാക്കിയതിലൂടെ തെളിഞ്ഞ്‌ വന്നത്‌. കേന്ദ്രസർക്കാർ ഇപ്പോൾ കൈക്കൊണ്ട നടപടി കുറെകൂടി കാര്യക്ഷമമായി നടപ്പാക്കുകയാണെങ്കിൽ വിദ്യാഭ്യാസരംഗത്തെ കച്ചവട സമ്പ്രദായം കുറയൊക്കെ ഫലപ്രദമായി തടയാൻ കഴിയും. ഈ കൊള്ള സമ്പ്രദായം നിർത്തലാക്കാൻ ഭരണകൂടത്തിന്‌ വേണ്ടത്ര ശക്തിപകരാൻ പൊതുജനങ്ങളും പ്രത്യേകിച്ചും വിദ്യാർത്ഥികളും രക്ഷിതാക്കളും തയ്യാറാവണം.

Generated from archived content: edito1_may18_10.html Author: editor1

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English