ആറ് പതിറ്റാണ്ടുകളിലേറേക്കാലം കേരളസമൂഹത്തെ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികളെ തൂലികകൊണ്ടും നാവ് കൊണ്ടും നേര്‍വഴി നടത്താന്‍ യത്നിച്ച മലയാള സാഹിത്യ നിരൂപണ കേസരി സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായി.
ഒരു സാഹിത്യകാരന്‍ തൂലികകൊണ്ടു മാത്രമല്ല രാജ്യത്തെവിടെ അനീതി കണ്ടാലും അതിനെതിരെ വേദികളില്‍ പ്രത്യക്ഷപ്പെട്ട് അധികാരകേന്ദ്രങ്ങളെവരെ നിതാന്ത ജാഗരൂകരാകാന്‍ സാധിക്കണമെന്ന് കര്‍മ്മം കൊണ്ട് തെളിയിച്ചു കൊടുത്ത നിരൂപക കേസരിയാണ് സുകുമാര്‍ അഴീക്കോട് . സാഹിത്യ രംഗത്ത് തന്നെ വ്യത്യസ്തത പുലര്‍ത്തിയ ഗ്രന്ഥങ്ങളായിരുന്നു ആദ്യകാല കൃതികളായ ‘ ആശാന്റെ സീതാകാവ്യം ‘ രമണനും മലയാള കവിതയും’ ‘ മഹാത്മാവിന്റെ മാര്‍ഗം’ മലയാള സാഹിത്യ വിമര്‍ശനം’ തുടങ്ങിയവ. തനിക്ക് ശരിയെന്ന് തോന്നിയത് വിളിച്ച് പറയാനും എഴുതാനും അദ്ദേഹം സൗഹൃദബന്ധങ്ങളൊന്നും കണക്കിലെടുത്തിരുന്നില്ല ‘ ജി ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു’ എന്ന കൃതിയിലൂടെ ശങ്കരക്കുറുപ്പിന്റെ കവിതകള്‍ ടാഗോറിന്റെ നിഴല്‍ രൂപങ്ങളാണെന്ന് സ്ഥാപിക്കാന്‍ ശങ്കരക്കുറുപ്പിനോടുള്ള സൗഹൃദം വിലങ്ങു തടിയായില്ല. ശങ്കരക്കുറുപ്പിനെ ഏറെ ആരാധിച്ചവരും അദ്ദേഹത്തിന്റെ ഒരു പറ്റം ശിക്ഷ്യന്മാരും അഴീക്കോടിന് എതിരെ തിരിഞ്ഞെങ്കിലും തന്റെ വാദങ്ങള്‍ തിരുത്താനോ ഉപേക്ഷിക്കാനോ അദ്ദേഹം തയ്യാറായില്ല. ഈയൊരു സമീപനം സാഹിത്യരംഗത്ത് മാത്രമല്ല രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരികരംഗത്തും അദ്ദേഹം അവസാനനിമിഷം വരെയും നിലനിര്‍ത്തിയിരുന്നു. എവിടെ അനീതി കണ്ടാലും അതിനെതിരെ പ്രതികരിക്കാന്‍ അദ്ദേഹത്തിന് മറ്റാരുടേയും ഔദാര്യത്തിന് വേണ്ടി കാത്ത് നിന്നിരുന്നില്ല. മഹാത്മജിയുടെ സ്വാതന്ത്ര്യ സമരത്തിലാകൃഷ്ടനായി കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് വന്നെങ്കിലും ഗാന്ധിജിക്കും നെഹൃവിനും ശേഷം ആ പ്രസ്ഥാനത്തിന് സംഭവിച്ച മൂല്യച്യുതി പില്‍ക്കാലത്ത് അദ്ദേഹത്തെ അതില്‍ നിന്നകറ്റി. പിന്നീട് ഗാന്ധിജിയുടെ കാഴ്ചപ്പാട് ഉള്‍ക്കൊണ്ട ഒരിടതുപക്ഷനയസമീപനമായിരുന്നു സ്വീകരിച്ചത്.
പക്ഷെ , കെ കരുണാകരനേയും , എ. കെ ആന്റണിയേയും വിമര്‍ശിക്കുന്ന മാതിരി തന്നെ വി. എസ്. അച്യുതാനന്ദനെതിരേയും പലപ്പോഴും അദ്ദേഹം രോഷം കൊണ്ടിട്ടുണ്ട്.
രാജ്യത്തെ ക്രിക്കറ്റ് കളിക്കാരും സിനിമാതാരങ്ങളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറുമാരാകുന്നതിനെതിരെയുള്ള അദ്ദേഹത്തിന്റെ പരിഹാസത്തില്‍ പൊതിഞ്ഞ രൂക്ഷ വിമര്‍ശനം ഒട്ടൊരഹിഷ്ണുതയോടെയാണ് അവരൊക്കെ കേട്ടിരുന്നത്. പക്ഷെ ഒരിക്കലും അതു വ്യക്തി ബന്ധങ്ങളെ ഉലക്കുന്ന വിധത്തില്‍ ആയിരുന്നില്ല എന്നതിനുദാഹരണമാണ് , രോഗബാധിതനായി കിടന്നപ്പോള്‍ വിമര്‍ശനശരങ്ങളേറ്റ ആന്റ്ണിയും,അച്യുതാനന്ദനും , വെള്ളാപ്പിള്ളി നടേശനും , മോഹന്‍ലാലും, ടി. പത്മനാഭനും , എം. പി വീരേന്ദ്രകുമാറും ഇന്നസെന്റും അദ്ദേഹത്തിന്റെ അടുക്കല്‍ എത്താന്‍ കാരണമായത്.
അധികാരത്തിന്റെ അന്ത:പുരങ്ങളില്‍ ഒരിക്കലും ഭാഗ്യാന്വേഷിയായി അദ്ദേഹം പോയിരുന്നില്ല . തന്നെത്തേടി വന്ന പല സ്ഥാനലബ്ധികളും ഒരു ബാദ്ധ്യതയായി മാറുമെന്നുറപ്പായപ്പോള്‍ അവയെ വിട്ടൊഴിയാനും അദ്ദേഹം മടിച്ചിരുന്നില്ല. അദ്ദേഹം ഒരിക്കല്‍ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പില്‍ നിന്നത് തന്നെ അന്നത്തെ കെ. പി. സി. സി പ്രസിഡന്റ് സി. കെ ഗോവിന്ദന്‍ നായരും മറ്റ് ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹം പഠിപ്പിക്കുന്ന കോളേജില്‍ ചെന്ന് സ്ഥാനാര്‍ത്ഥിയയി നില്‍ക്കണമെന്നപേക്ഷിച്ചപ്പോഴാണ് . ഒരു തിരെഞ്ഞെടുപ്പ് വരുമ്പോള്‍ പാര്‍ട്ടി ഓഫീസിലും മന്ത്രി മന്ദിരങ്ങളിലും ഭിക്ഷാംദേഹികളേപ്പോലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടിഞ്ഞു കൂടുന്ന ഇന്നത്തെക്കാലത്തേതില്‍ നിന്നുമുള്ള ഒരു വ്യത്യസ്ഥാനുഭവം. തോല്‍ക്കാനായിട്ടാണ് താന്‍ മത്സരിക്കുന്നതെന്നറിഞ്ഞുകൊണ്ട് തന്നെ തലശ്ശേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ എസ്. കെ. പൊറ്റക്കാടിനെതിരെ മത്സരിച്ച് തോറ്റു. തലശ്ശേരിയിലെ ജനങ്ങള്‍ തന്നേക്കാളും ബുദ്ധിമാന്മാരായിരുന്നു എന്നാണ് അഴീക്കോട് പില്‍ കാലത്ത് പറഞ്ഞത്. ഒരു പക്ഷെ മലയാളത്തിന് ഈടുറ്റ ‘ തത്ത്വമസി’ പോലുള്ള വ്യാഖ്യാനഗ്രന്ഥങ്ങളും നിരവധി നിരൂപണഗ്രന്ഥങ്ങളും ലഭിക്കുന്നതിന് ഈ തോല്‍വി ഒരനുഗ്രഹമായി മാറിയിട്ടുണ്ടാകണം.
തിരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മരണം വരെ കേന്ദ്രസംസ്ഥാനങ്ങളുമായി സംവദിക്കാനും പലപ്പോഴും അവരുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ പ്രതികരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ബാബറിമസ്ജിദ് തകര്‍ത്തതിനെതിരെയും പ്ലാചിമട സമരരംഗത്തും അതിരപ്പള്ളി പദ്ധതിക്കെതിരെയും അദ്ദേഹം ഇടം വലം നേക്കാതെ തന്റെ അഭിപ്രായങ്ങള്‍ പ്രകടമാക്കി. പലയിടങ്ങളിലും നിന്ന് വന്ന ഭീക്ഷണികള്‍ക്കെതിരെ അദ്ദേഹം മുട്ടു കുത്തിയില്ല . എസ്. എന്‍. ഡി. പി യുടെ എതിര്‍പ്പ് മൂര്‍ച്ഛിച്ചപ്പോഴും അമൃതാനന്ദമയിയുടെ ശിക്ഷ്യരുടെ ഭീഷണിക്ക് മുന്നിലും അദ്ദേഹം തലകുനിച്ചില്ല.
തനിക്ക് ശരിയെന്നു തോന്നുന്നത് വിളിച്ച് പറയാന്‍ അദ്ദേഹം രാഷ്ട്രീയ ബന്ധങ്ങള്‍ നോക്കിയിരുന്നില്ല. സാഹിത്യ നിരൂപണരംഗത്തായാലും , പ്രഭാഷണരംഗത്തായാലും അദ്ദേഹത്തെ ഒന്നാമനെന്ന് വാഴ്ത്താനാവില്ല . കുട്ടികൃഷ്ണമാരാര്‍ , ജോസഫ് മുണ്ടശ്ശേരി, കേസരി ബാലകൃഷ്ണപിള്ള എന്നിവര്‍ക്കൊപ്പമുള്ള സ്ഥാനം നിരൂപണരംഗത്തുണ്ട്. തത്ത്വമസി ഒരു വ്യാഖ്യാനഗ്രന്ഥമാണ് , സര്‍ഗ്ഗാത്മകമെന്ന് പറയാനാവില്ല എം. പി മന്മഥനേപ്പോലെ വ്യാഖ്യാനപടുവായ , ആലങ്കാരികവും തത്ത്വപരവുമായ ഒരു പ്രഭാഷകനുമായിരുന്നില്ല. പക്ഷെ, ജനങ്ങളെ കോളിളക്കം കൊള്ളിക്കുന്ന പ്രഭാഷണങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഒരു പക്ഷെ, ഇ. എം. എസ് കഴിഞ്ഞാല്‍ കേരളത്തില്‍ വേദികളില്‍ ഏറ്റവും കൂടുതല്‍ പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ളത് അഴീക്കോടാണ്.
ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ ധീരമായി നേരിട്ട അഴീക്കോട് ഒടുവില്‍ മരണത്തിന് കീഴടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളുടെ അലയൊലിയും എഴുത്തിന്റെ ശക്തിയും മലയാള സാഹിത്യമുള്ളയീടത്തോളം കാലം നിലനില്‍ക്കും. അഴീക്കോടിന് പുഴ. കോമിന്റെ ആദരാജ്ഞലികള്‍.
Generated from archived content: edito1_jan28_12.html Author: editor1
Click this button or press Ctrl+G to toggle between Malayalam and English